Monday, 25 Nov 2024
AstroG.in

പഴം നീ … ജ്ഞാനപ്പഴം നീ …..
വേൽമുരുകാ ഹരോ ഹര……..

ജോതിഷരത്നം വേണു മഹാദേവ്
താരകാസുര നിഗ്രഹത്തിന് അവതരിച്ച ശിവപാർവതി പുത്രനായ സുബ്രഹ്മണ്യനെ എത്രയെത്ര പേരുകളിലാണ് ഭക്തർ ആരാധിക്കുന്നത്. ശിവശക്തി സംയോഗത്തിൽ സംഭവിച്ച രേതസ് ഭൂമി ദേവിക്ക് താങ്ങാൻ കഴിഞ്ഞില്ല. ദേവകൾ പറഞ്ഞതനുസരിച്ച് അഗ്നി അത് ഭക്ഷിച്ച് തേജസ് കുറച്ച ശേഷം ഗംഗയുടെ ഉത്ഭവസ്ഥാനമായ ശരവണപൊയ്കയിൽ നിക്ഷേപിച്ചു. ആ രേതസ് ആറുമുഖമുളള ഒരു ശിശുവായി അവിടെ ജന്മമെടുത്തു. അങ്ങനെ സുബ്രഹ്മണ്യൻ ശരവണ ഭവനായി. വിഷ്ണു ഭഗവാന്റെ നിർദ്ദേശാനുസരണം ആറു കൃത്തികമാർ ചേർന്ന് ശിശുവിന് മുലയൂട്ടിയപ്പോൾ മുരുകൻ കാർത്തികേയനായി. ആ ആറു ശിരസിലും പാർവതി ദേവി തന്നെ പാൽ കൊടുത്തപ്പാൾ ഭഗവാൻ ഏക ശിരസ്കന്ദനായി മാറി. തെക്കേയിന്ത്യയിൽ പ്രത്യേകിച്ച് തമിഴ്നാട്ടിൽ ഭക്തർ ഏറ്റവും കൂടുതൽ പേരുകളിൽ ആരാധിക്കപ്പെടുന്ന ദേവനാണ് സുബ്രഹ്മണ്യൻ. ഒരു പക്ഷേ ഇത്രയധികം വ്യത്യസ്ത നാമങ്ങൾ വേറാരു ഭഗവാനും കാണില്ല. അതിൽ ചില പേരുകളും അവയുടെ അർത്ഥവ്യാപ്തിയും നമുക്ക് പരിശോധിക്കാം :

ശരവണഭവ എന്ന ആറ് അക്ഷര മന്ത്രത്തിന്റെ ദേവൻ ആയതുകൊണ്ട് ഷഡാക്ഷരൻ എന്ന് സുബ്രഹ്മണ്യ ഭഗവാനെ വിശേഷിപ്പിക്കുന്നു. മയിലിനെ വാഹനമാക്കിയതുകൊണ്ട് ശിഖിവാഹനൻ എന്ന പേരിൽ വണങ്ങുന്നു.

ശൂരപത്മനെ സംഹരിക്കുന്നതിന് ദേവിയിൽ നിന്നും ശക്തിയുടെ അംശമായ ജ്ഞാനവേൽ നേടിയതിനാൽ ജ്ഞാനശക്തിധരനായി.

പ്രണവത്തിന്റെ പൊരുളറിയാത്ത ബ്രഹ്മാവിനെ തടവറയിലടച്ച് ഗർവ്വ് ശമിപ്പിച്ചതിനാൽ ബ്രഹ്മശാസ്താ എന്ന് വിശേഷിപ്പിച്ച് പൂജിപ്പിക്കുന്നു വള്ളിയെ പ്രണയിച്ച് തിരുമണം ചെയ്ത ദിവ്യരൂപത്തെ വള്ളികല്യാണസുന്ദരൻ എന്ന് കീർത്തിക്കപ്പെടുന്നു.

ദേവേന്ദ്രൻ സമ്മാനിച്ച ഐരാവതം എന്ന വെളുത്ത ആനയുടെ പുറത്തിക്കുന്നതിനാൽ ഗജാരൂഡൻ എന്ന് വണങ്ങുന്നു പ്രണവ മന്ത്രപ്പൊരുൾ അച്ഛൻ ശിവനെ പഠിപ്പിച്ച് തകപ്പൻസ്വാമിയായി.

ശിവന്റെ തൃക്കണ്ണിൽ നിന്നും ചിതറിയ ആറ് അഗ്നി സ്ഥുരണങ്ങൾ ശരവണപൊയ്കയിൽ ആറുതാമരയിൽ വീണ് ആറ് ശിശുക്കളായതിനാൽ ആറുമുഖനായി ആറ് കൃത്തികകന്യകകൾ വളർത്തിയതിനാൽ കാർത്തികേയനായി.

മഹാവിഷ്ണുവിന്റെ അനന്തരവൻ ആയതുകൊണ്ട് മഹാവിഷ്ണുവിന്റെ തമിഴ്‌നാമമായ തിരുമാലിലെ മാൽ ചേർത്ത മാൽമുരുകൻ എന്ന് കീർത്തിക്കുന്നു.

വിനായകന്റെ അനുജൻ ആയതിനാൽ വിഘ്‌നേശ്വരാനുജൻ എന്ന് വിളിക്കുന്നു.

ശൂരപത്മനെ നിഗ്രഹിച്ചതിനുള്ള സമ്മാനമായി ലഭിച്ച ദേവേന്ദ്രന്റെ മകൾ ദേവയാനിയെ വിവാഹം കഴിച്ച് ദേവന്മാരുടെ സേനയ്ക്ക് അധിപനായി ദേവസേനാപതി,
ദേവസേനാധിപതി എന്നീ നാമാങ്ങൾ നേടി.

ഉമാദേവിയായ ഗൗരിയുടെ മകനായി പിറന്നതു കൊണ്ട് ഗൗരീഗർഭജാതനായി.

വിശാഖം നക്ഷത്രത്തിൽ പിറന്നതുകൊണ്ട് വിശാഖൻ എന്ന പേരിൽ ശ്രേഷ്ഠനായി

പൂവൻകോഴിയെ കൊടിയടയാളമാക്കിയതിനാൽ കുക്കുടധ്വജനായി

ദണ്ഡ് എന്ന ആയുധമേന്തി ഭക്തരെ അനുഗ്രഹിച്ച് ദുരിതങ്ങൾക്ക് തീർക്കുന്നതിനാൽ ദണ്ഡായുധപാണി ആയി

സിദ്ധവൈദ്യന്മാരുടെ ആരാധനാമൂർത്തി മുരുകൻ ആണെന്ന് കരുതപ്പെടുന്നു. അതിനാൽ സ്കന്ദബോധിസത്വൻ എന്ന പേരിൽ മുരുകനെ ആരാധിക്കാറുണ്ട്.

പരബ്രഹ്മസ്വരൂപനായ മുരുകനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ ജ്ഞാനപ്പഴം എന്ന് വിളിക്കുന്നു. പഴം നീ ….. ജ്ഞാനപ്പഴം എന്ന പ്രയോഗത്തിൽ നിന്നാണ് പഴനി എന്നേ പേരുണ്ടായത് എന്ന് വിശ്വസിക്കുന്നു.

ജ്ഞാനത്തിനുടമയായതിനാൽ ജ്ഞാനപണ്ഡിതൻ എന്നും കീർത്തിക്കുന്നു.

മനുഷ്യന്റെ മനസാകുന്ന ഗുഹയിലെ ഇരുട്ടിൽ ജ്യോതിയായി പ്രത്യക്ഷപ്പെടുന്നതുകൊണ്ട് ഗുഹനായി ആറുമുഖനായി പന്ത്രണ്ട് കൈകളും പന്ത്രണ്ട് കണ്ണുകളും കൊണ്ട് അനുഗ്രഹിക്കുന്നതിനാൽ ദ്വാദശനേത്രബാഹു എന്നു വിശേഷിപ്പിച്ച് പൂജിക്കുന്നു.

മൂലമന്ത്രം
ഓം വചത്ഭുവേ നമ:

പ്രാർത്ഥനാ മന്ത്രം
ഷഡാനനം കുങ്കുമ രക്തവർണ്ണം
മഹാമതിം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ

ജോതിഷരത്നം വേണു മഹാദേവ്, +91 9847475559

Story Summary: Different Names and it’s Meaning Subramanian

error: Content is protected !!