പാപഗ്രഹങ്ങൾ കല്യാണം മുടക്കുമോ ?
ജ്യോതിഷി പ്രഭാസീന സി പി
പാപജാതകം, ദോഷജാതകം, ശുദ്ധ ജാതകം എന്നൊക്കെ പറയാറുണ്ടല്ലോ എന്താണിത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
വിവാഹാലോചനാവേളയിൽ വധൂവരൻമാരുടെ ജാതകപ്പൊരുത്തം നോക്കുമ്പോഴാണ് പലരും സ്വന്തം ജാതകം ഏത് തരത്തിലുള്ളതാണെന്ന് അറിയുന്നത് തന്നെ. പാപ ജാതകത്തോട് ഏറെക്കുറെ അതേ പോലെ ദോഷങ്ങളുള്ള ജാതകം ചേർത്താൽ യോജിക്കും; പക്ഷേ ശുദ്ധജാതകത്തോട് പാപ ജാതകം ചേർക്കാൻ പാടില്ല എന്നാണ് ശാസ്ത്രം പറയുന്നത്.
എന്താണ് ഒരു പാപ ജാതകത്തിന്റെ നിർവ്വചനം?
പാപഗ്രഹങ്ങളിൽ ആരെല്ലാമാണ് പാപന്മാർ?
സൂര്യൻ, ചൊവ്വ, ശനി, രാഹു, കേതു, പക്ഷബലം ഇല്ലാത്തതും പതിനൊന്നാം ഭാവാധിപത്യമുള്ളതുമായ ചന്ദ്രൻ, പാപസംബന്ധം വഹിച്ച് നിൽക്കുന്ന ബുധൻ, ഏഴാം ഭാവാധിപത്യം വഹിച്ച് നീചത്തിൽ നിൽക്കുന്ന വ്യാഴം എന്നിവയെല്ലാം പാപൻമാരാണ്. പാപന്മാർ എന്നത് കൊണ്ട് രവി , കുജൻ , ശനി , രാഹു കേതു, ഗുളികൻ എന്നിവരെയാണ് സാമാന്യേന പറയാറുള്ളത്. എങ്കിലും മേൽപ്പറഞ്ഞ പ്രകാരം സാഹചര്യങ്ങൾക്ക് അനുസരിച്ച് ശുഭനും പാപനായിത്തീരുന്നു. ചന്ദ്രൻ, വ്യാഴം, ബുധൻ, ശുക്രൻ ഇവരെല്ലാം ശുഭൻമാരാണ്. പക്ഷെ ചില സാഹചര്യങ്ങളിൽ ഇവർക്കും പാപത്വം വന്നുപെടാം.
ലഗ്നാലും ചന്ദ്രാലും ശുക്രാലും പാപത്വം
ഒരു ജാതകം ശുദ്ധമാണോ പാപമാണോ എന്ന് ലഗ്നാലും ചന്ദ്രാലും ശുക്രാലും ചിന്തിക്കണം. ലഗ്നം അഥവാ ഒന്ന്, രണ്ട് , നാല് , ഏഴ്, എട്ട് ,പന്ത്രണ്ട് ഭാവങ്ങളിൽ ലഗ്നാലോ ചന്ദ്രാലോ ശുക്രാലോ പാപഗ്രഹങ്ങളായ കുജൻ , കേതു, ശനി, രാഹു, രവി, ഗുളികൻ മുതലായ ഗ്രഹങ്ങൾ നിൽക്കുന്ന ജാതകത്തെ ദോഷജാതകം എന്നു പറയും. കൊടിയ പാപനും ശനി പുത്രനുമായ ഗുളികനെ ദോഷത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താറില്ലെങ്കിലും ഗുളിക ഭവനാധിപത്യം ദോഷം തന്നെയാണ്.
ഒന്ന് രണ്ട്, നാല്, ഏഴ്, എട്ട്, 12 ഇവ ദോഷസ്ഥാനങ്ങൾ ആണെന്ന് പറഞ്ഞു. എന്നാൽ ദോഷത്തിനും പാപത്തിനും ഓരോ ഭാവസ്ഥിതി അനുസരിച്ച് ബലം കൂടും.
സ്ത്രീകൾക്ക് കൂടുതൽ പാപം എട്ടിൽ
സ്ത്രീകൾക്ക് കൂടുതൽ പാപത്വം അഷ്ടമത്തിൽ അതായത് എട്ടിൽ പാപൻ നിൽക്കുന്നതാണ്. അഷ്ടമം സ്ത്രീകൾക്ക് ആയുർസ്ഥാനവും വൈധവ്യദോഷം വരുത്തുന്ന സ്ഥാനവുമാണ്. പക്ഷെ അഷ്ടമത്തിലെ പാപൻ കുജൻ ആയാൽ പോലും ലഗ്നാധിപനോ, സ്വക്ഷേത്ര, മൂലക്ഷേത്ര, ഉച്ചക്ഷേത്ര ബലവാനാണോ ആയാൽ പാപത്വം കുറയും. അഷ്ടമത്തിലെ ശനി പ്രത്യേക സാഹചര്യത്തിൽ ഇഷ്ടവും ചെയ്യും. ആയുസ്സും കൊടുക്കും എന്ന കാര്യം ഓർക്കണം.
അഷ്ടമം കഴിഞ്ഞാൽ പാപത്വം കൂടുതൽ ഏഴാം ഭാവത്തിനാണ്. കാരണം ഏഴാം ഭാവം പുരുഷനും സ്ത്രീക്കും ഭർത്ത്യ – ഭാര്യാ സ്ഥാനമാണ്. ഏഴിനേക്കാൾ പാപത്വം കുറവ് നാലിനാണ്. ജാതകത്തിൽ നാലിൽ പാപബന്ധം കണ്ടാൽ അത് പാപജാതകം തന്നെ. അഷ്ടമത്തെയും ഏഴിനെയും അപേക്ഷിച്ച് പാപശക്തി കുറെ കുറയുമെന്ന് മാത്രം. നാലിൽ പാപനുണ്ടായാൽ വീട്, അമ്മ തുടങ്ങി പല കാര്യങ്ങൾക്കും ക്ഷയമുണ്ടാകും. പന്ത്രണ്ടിലെ പാപനാണ് പിന്നെ വരുക. വ്യയസ്ഥാനമായ പന്ത്രണ്ടിലെ പാപി കഷ്ടപ്പെടുത്തും. രണ്ടിലെ പാപന് നാലിലെ പാപന്റെ അത്ര ശക്തിയില്ല. ധനസ്ഥാനവും മാരകസ്ഥാനവുമായ രണ്ടിലെ പാപി അതാത് കാര്യങ്ങൾക്ക് ദോഷം വരുത്തും. ലഗ്നത്തിലെ പാപനും പ്രസക്തിയുണ്ട്. ലഗ്നം കൊണ്ട് ശരീരം കീർത്തി മുതലായ കാര്യങ്ങളാണല്ലോ ചിന്തിക്കുന്നത്. ലഗ്നത്തിലെ പാപൻ അത്തരം കാര്യങ്ങൾ തടസ്സപ്പെടുത്തും. പാപൻമാർ ദൃഷ്ടി ചെയ്യുന്ന ഭാവങ്ങളെയും ചിന്തിക്കണം.
മേൽപ്പറഞ്ഞതിൽ നിന്നും ഒരു പാപ ജാതകം ഏതാണെന്ന് കണ്ടെത്താൻ പ്രയാസമില്ലല്ലോ ജാതകമെടുത്ത് ഗ്രഹനിലയിൽ ലഗ്നാൽ ചന്ദ്രാൽ ശുക്രാൽ 8, 7 , 4 , 12 , 2 , 1 എന്നീ സ്ഥാനങ്ങളിൽ പാപനുണ്ടോ എന്നു നോക്കുക. 8 ലെ പാപത്വ ത്തിന് ശക്തി കൂടുമ്പോൾ 7,4,12 , 1 എന്നിവിടങ്ങളിൽ ശക്തി യഥാക്രമം കുറഞ്ഞു വരും. പുരുഷ ജാതകത്തിൽ
എട്ടിനേക്കാൾ പാപത്വം ഏഴിനാണ്.
ലഗ്നാൽ പാപബലം കൂടുതൽ
സാധാരണ വിവാഹപ്പൊരുത്തം നോക്കുബോൾ ലഗ്നാലും ചന്ദ്രാലും ശുക്രാലും ചിന്തിച്ചുറപ്പ് വരുത്തണമെന്നാണ് നിയമം. ലഗ്നാൽ ആണ് പാപബലം കൂടുതൽ. ചന്ദ്രാൽ അതിന്റെ പകുതി. ശുക്രാൽ അതിലും പകുതി. അങ്ങനെയാണ് ജാതകത്തിലെ പാപത്വം കണക്കാക്കുക. രണ്ട് ജാതകത്തിലും പാപസ്ഥിതി തുല്യമായിരുന്നാലും പുരുഷ പാപത്വത്തേക്കാൾ സ്ത്രീ പാപത്വം അല്പം കുറഞ്ഞിരുന്നാലും പാപസാമ്യമുണ്ട്. പക്ഷെ ഒരു കാര്യം അഷ്ടമത്തിലോ ഏഴിലോ കുജനുള്ള സ്ത്രീക്ക് അഷ്ടമത്തിൽ കുജനുള്ള പുരുഷനെയല്ല യോജിപ്പിക്കുക. ഏഴിലോ രണ്ടിലോ പന്ത്രണ്ടിലോ കുജനുള്ള ജാതകമാണ് ചേർക്കേണ്ടത്. കടുത്ത ദോഷമുള്ള കുജനാണ് സ്ത്രീജാതകത്തിൽ അഷ്ടമത്തിൽ ഉള്ളതെങ്കിൽ അതിനുതകുന്ന കുജൻ പുരുഷ ജാതകത്തിൽ ഏഴിൽ തന്നെ ഉണ്ടായിരിക്കണം. ഇത് പ്രത്യേകം ഓർക്കണം
മറ്റു ചില പാപൻമാർ
പാപദൃഷ്ടിയും പാപവർഗ്ഗാധിക്യവും ദുർബലതയും ഉള്ള പാപൻ, അഷ്ടമാധിപൻ, ഗുളിക ഭവനാധിപൻ, നപുംസക ഗ്രഹം, പാപ സംബന്ധമുള്ള ശുക്രൻ, മകരത്തിലെ വ്യാഴം, വൃശ്ചികത്തിലെ ശുക്രൻ, ഇടവത്തിലെ ബുധൻ, മീനത്തിലെ ശനി, കന്നിയിലെ വ്യാഴം ഇവർ ഏഴാം ഭാവബന്ധമില്ലാതെ അശുഭ ദൃഷ്ടിയോടെ നിൽക്കുക. ശുക്രന്റെ നാലിലും എട്ടിലും പാപൻമാർ, അഞ്ചിൽ ക്ഷീണ ചന്ദ്രൻ ഇവയെല്ലാം ഒറ്റ നോട്ടത്തിൽ സാധാരണ അത്ര കണ്ട് ശ്രദ്ധിക്കാത്ത പാപത്വം തന്നെയാണ്. ഇതു സ്ത്രീ ജാതകത്തിലായാൽ ഭർത്താവിന് ഹാനിപ്രദവും പുരുഷ ജാതകത്തിലായാൽ മറിച്ചും ദോഷകരവുമാണ്
വിവാഹ കാര്യത്തിലെ ദോഷങ്ങൾ കൂടാതെ പാപ ജാതക ദോഷം മറ്റു പല പ്രകാരത്തിലും വരും. രോഗം, ദുരിതം , ദുഃഖം, ആത്മഹത്യാ പ്രവണത, വ്യഭിചാരപ്രിയം, ദാരിദ്ര്യം സന്ന്യാസം, കളവ് , കൊലപാതകം മുതലായ പല കാര്യങ്ങൾ ഒരു പാപജാതകം വിളിച്ചു പറയും. ഇത്തരം കാര്യങ്ങളെ ആസ്പദമാക്കി ആരും ജാതകത്തെ പാപ ജാതകമെന്ന് വിളിക്കാറില്ല. വിവാഹ സമയത്ത് മാത്രമാണ് നാം ജാതകത്തിലെ പാപചിന്ത നടത്തുന്നത്. എന്നാൽ കുശാഗ്രബുദ്ധിയായ ഒരു ജ്യോതിശാസ്ത്രകാരന് ഒറ്റ നോട്ടത്തിൽ ജാതകത്തിലെ പാപത്വം കണ്ടുപിടിക്കാൻ കഴിയും.
ഇനിയും ഒരു പാട് പാപജാതക ലക്ഷണങ്ങൾ ജ്യോതിഷ നിയമങ്ങളാൽ നിരത്താനാവും. വിസ്താരഭയത്താൽ അതിനു മുതിരുന്നില്ല എന്നാൽ പാപ ജാതകമാണെങ്കിലും യോഗദൃഷ്ടി ഗ്രഹദൃഷ്ടി മുതലായ കാര്യങ്ങൾ കൊണ്ട് പലരും ജീവിതത്തിന്റെ പല ദശകളിലും സൽ ഫലങ്ങൾ അനുഭവിക്കാറുണ്ട്
ജ്യോതിഷി പ്രഭാസീന സി പി, + 91 9961442256
(ഹരിശ്രീ, പി ഒ : മമ്പറം, വഴി: പിണറായി . കണ്ണൂർ ജില്ല
Email : prabhaseenacp@gmail.com )
Story Summary : Importance of Papasamyam in Marriage