പാപസാമ്യം നോക്കാത്ത വിവാഹം എൻജിൻ ഗുണം നോക്കാതെ വാഹനം വാങ്ങും പോലെ
ജ്യോതിഷരത്‌നം ആറ്റുകാൽ ദേവീദാസൻ
സന്താനോല്പാദനമോ ലൈംഗിക സംതൃപ്തിയോ മാത്രമല്ല വിവാഹത്തിൻ്റെ ലക്ഷ്യം. വ്യക്തി ജീവിതത്തെ ചിട്ടപ്പെടുത്തുവാനും സുഖദുഃഖങ്ങൾ തുല്യമായി പങ്കിടാനും വിവാഹത്തിലൂടെ കഴിയണം. എന്നാൽ ഓരോരുത്തർക്കും യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കുക പ്രധാനവും പ്രയാസവുമാണ്. ദാമ്പത്യ സുഖ സംതൃപ്തിയെ ആശ്രയിച്ചാണ് ഒരാളുടെ ജീവിതത്തിൻ്റെ ജയപരാജയങ്ങൾ ഒരു പരിധി വരെ കണക്കാക്കുക .
ജാതക ചേർച്ച നോക്കാതെയും ദശാസന്ധി ദോഷങ്ങൾ ചിന്തിക്കാതെയും കേവലം പൊരുത്തം മാത്രം ചിന്തിച്ച് ചിലർ വിവാഹം നടത്താറുണ്ട്. ആധുനിക ജ്യോതിഷത്തിന്റെ പിതാവായ
ഡോ. ബി.വി. രാമൻ്റെ അഭിപ്രായത്തിൽ വിവാഹമാകുന്ന വാഹനത്തിൻ്റെ പെയിൻ്റിങ്ങാണ് പൊരുത്തശോധന. ബോഡിയാണ് ദശാസന്ധി ചിന്ത. എൻജിനാണ് പാപസാമ്യം. എൻജിൻ്റെ ഗുണനിലവാരം നോക്കാതെ വണ്ടിയെടുത്താലുണ്ടാകുന്ന അവസ്ഥ പോലെയാണ് പാപസാമ്യം ചിന്തിക്കാതെ വിവാഹം നടത്തുന്നത്.
സൂക്ഷ്മമായി ഗണിച്ചു തയ്യാറാക്കിയ ജാതകങ്ങൾ വച്ച് പൊരുത്തം പരിശോധിച്ചു തന്നെ വിവാഹം നടത്തേണ്ടതാണ്. പലപ്പോഴും കൃത്യമമായി ജാതകങ്ങൾ ചേർക്കുന്നതും ജ്യോതിശാസ്ത്രത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാതെ ജാതക നിരൂപണം നടത്തുന്നതും തെറ്റാണ്. 27 നക്ഷത്രങ്ങളേയും അത് ഉൾക്കൊള്ളുന്ന 12 രാശികളേയും ആധാരമാക്കിയാണ് പൊരുത്തം ചിന്തിക്കുന്നത്. ലോകത്തുള്ള എല്ലാ സ്ത്രീ പുരുഷൻമാരും ഇതിൽ ഉൾപ്പെടുന്നു. ഓരോ നക്ഷത്രത്തിൽ ജനിച്ച സ്ത്രീക്കോ, പുരുഷനോ അനുകൂല നക്ഷത്രത്തിൽ ജനിച്ച പുരുഷൻമാരും സ്ത്രീകളും ധാരാളമുണ്ടാകും. എന്നാൽ സ്വഭാവം സംസ്കാരം ഇവ കൊണ്ടും ജീവിത സാഹചര്യങ്ങൾ കൊണ്ടും അവർക്ക് ഒന്നിക്കാനാവില്ല. അതുകൊണ്ടാണ് പൊരുത്തങ്ങളെ കൊണ്ടുള്ള അനുകൂല ചിന്ത ഒരു സാമാന്യ നിയമം മാത്രമാണെന്നും യഥാർത്ഥമായ ആനുകൂല്യം സ്ത്രീ പുരുഷൻമാരുടെ ജാതകങ്ങളെ ആധാരമാക്കി ചിന്തിക്കേണ്ടതാണെന്നും പറയുന്നത്.
വിവാഹ പൊരുത്തത്തിനുള്ള ജാതക ചിന്തയിൽ പാപസാമ്യ പരിശോധനയ്ക്കാണ് ഏറ്റവും പ്രാധാന്യം. സ്ത്രീ പുരുഷ ജാതകങ്ങളിൽ പരസ്പരം ദോഷം ചെയ്യാവുന്ന ലക്ഷണങ്ങളാണ് പാപം. അതായത് സ്ത്രീ ജാതകത്തിൽ ഭർത്തൃദോഷത്തിനോ, ദാമ്പത്യ ജീവിതത്തിലെ ദുരിതാനുഭവങ്ങൾക്കോ ഇടയാക്കുന്ന ലക്ഷണങ്ങൾ എത്രത്തോളമുണ്ടോ അത്രത്തോളം തന്നെ ഭാഗ്യദോഷകരമായ ലക്ഷണങ്ങൾ പുരുഷ ജാതകത്തിലും ഉണ്ടായിരിക്കണം. ഈ സാഹചര്യത്തിൽ പാപസാമ്യം തൃപതികരമാകും. മറിച്ച് ഇണയെ നശിപ്പിക്കുന്ന ലക്ഷണങ്ങൾ ഒന്നിൽ കൂടിയിരിക്കുകയും മറ്റേതിൽ കുറഞ്ഞിരിക്കുകയും ചെയ്യുമ്പോൾ രോഗമോ മറ്റു വിപത്തുകളോ ഒരു പക്ഷേ വിയോഗം വരെയോ സംഭവിക്കാം. ഗഹനമായ ഒരു വിഷയമാണ് പാപസാമ്യം നോക്കൽ . ഒരു ജാതകത്തിൽ ദാമ്പത്യ ജീവിതത്തിന് ഹാനികരമായ ദോഷങ്ങളെയാണ് പാപമെന്ന് പറയുന്നത്. അവ എതൊക്കെയാണെന്നും എത്രത്തോളം ശക്തിയുണ്ടെന്നും കണ്ടു പിടിക്കുന്നതാണ് പാപസാമ്യ ചിന്ത. നാല് മാർഗ്ഗത്തിലാണ് പാപം കണ്ടു പിടിക്കേണ്ടത്. പുരുഷ ജാതകത്തിൽ ഭാര്യാനാശകരമായും സ്ത്രീ ജാതകത്തിൽ ഭർത്തൃനാശകരവുമായ ലക്ഷണങ്ങൾ ഉണ്ടോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്.
ഭാര്യാനാശ ലക്ഷണങ്ങൾ
1 കന്നി രാശി ലഗ്നമായി അവിടെ സൂര്യനും മീനത്തിൽ ശനിയും നിൽക്കുക.
2 ശുക്രൻ്റെ നാലിലും എട്ടിലും പാപഗ്രഹങ്ങൾ നിൽക്കുകയും ശുക്രന് ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതിരിക്കുകയും ചെയ്യുക.
3 ലഗ്നാൽ 5, 7, 9 എന്നീ ഭാവങ്ങളിലെവിടെയെങ്കിലും ആദിത്യ ശുക്രൻമാർ ഒന്നിച്ചു നിൽക്കുക
4 ശുഭഗ്രഹങ്ങളുടെ ദൃഷ്ടി യോഗങ്ങൾ ഇല്ലാതെ ശുക്രൻ പാപഗ്രഹ മദ്ധ്യത്തിൽ നിൽക്കുക.
5 ചന്ദ്ര ശുക്രൻമാർ ഒരു രാശിയിലും കുജ ശനി കൾ അവരുടെ ഏഴിലും നിൽക്കുക
6 അഞ്ചാം ഭാവത്തിൽ പക്ഷ ബലമില്ലാത്ത ചന്ദ്രനും ലഗ്നം 7, 12 ഭാവങ്ങളിൽ പാപഗ്രഹങ്ങളും നിൽക്കുക
7 എഴാം ഭാവാധിപൻ അഞ്ചിലും അഞ്ചാം ഭാവാധിപൻ ഏഴിലും നിൽക്കുക.
8 അഷ്ടമാധിപൻ ഏഴിൽ നിൽക്കുക
9 ഏഴാം ഭാവം വൃശ്ചികം രാശിയായി അവിടെ ശുക്രൻ നിൽക്കുക
10 ഏഴാം ഭാവം ഇടവം രാശിയായി അവിടെ ബുധൻ നിൽക്കുക
11 നീചസ്ഥനായ വ്യാഴം ഏഴിൽ നിൽക്കുക
12 ചൊവ്വ ഏഴാം ഭാവത്തിൽ നിൽക്കുക
13 മീനം രാശിയായി ശനി ഏഴാം ഭാവത്തിൽ നിൽക്കുക.
14 ഏഴാം ഭാവാധിപൻ ശത്രു ക്ഷേത്ര സ്ഥിതനോ മൗഢ്യം ഉള്ളവനോ ആയി പാപഗ്രഹങ്ങളുടെ നടുവിൽ നിൽക്കുക
15 രണ്ടിലും ഏഴിലും പാപ ദൃഷ്ടരായ പാപൻമാർ നിൽക്കുക.
16 ഏഴ്, എട്ട് എന്നീ ഭാവങ്ങളിൽ പാപദൃഷ്ടിയുള്ള പാപൻമാർ സ്ഥിതി ചെയ്യുക
17 ചന്ദ്രനും ശനിയും ഏഴാം ഭാവത്തിൽ നിൽക്കുക.
18 നീചമോ മൗഢ്യമോ ശത്രു ക്ഷേത്ര സ്ഥിതിയോ ഉള്ള പാപൻമാർ 2, 7, 8 ഭാവങ്ങളിൽ നിൽക്കുക.
19 ഏഴാം ഭാവാധിപൻ നീചത്തിൽ നിൽക്കുമ്പോൾ ശുക്രൻ ആറിലോ എട്ടിലോ വരിക.
20 ഏഴാം ഭാവാധിപൻ അഷ്ടമത്തിലും പന്ത്രണ്ടാം ഭാവാധിപൻ ഏഴിലും നിൽക്കുക.
21 ശുക്രൻ എട്ടിലും എട്ടാം ഭാവാധിപൻ ശനിയുടെ ക്ഷേത്രത്തിലും നിൽക്കുക
22 രണ്ടാം ഭാവാധിപൻ അഷ്ടമത്തിലും ലഗ്നാധിപൻ നീചത്തിലും നിൽക്കുക
23 മൗഢ്യമോ പാപയോഗ ദൃഷ്ടികളോ ഉളള ശുക്രൻ ഏഴിൽ നിൽക്കുക.
24 ഗ്രഹണത്തിൽപ്പെട്ട സൂര്യനോ ചന്ദ്രനോ കുജദ്യഷ്ടനായി ഏഴാമെടത്ത് നിൽക്കുക .
ഭർത്തൃനാശലക്ഷണങ്ങൾ
1 ചൊവ്വ അഷ്ടമത്തിൽ നിൽക്കുക
2 ഏഴാം ഭാവത്തിൽ പാപ ദൃഷ്ടിയോടെ പാപഗ്രഹം സ്ഥിതി ചെയ്യുക
3 ഏഴാം ഭാവാധിപൻ പാപ ദൃഷ്ടിയോടു കൂടി അഷ്ടമത്തിൽ നിൽക്കുക
4 ഏഴിൽ ചൊവ്വ നിൽക്കുക
5 നീചമോ ,മൗഢ്യമോ, ശത്രുക്ഷേത്ര സ്ഥിതി യോ ഉള്ള പാപഗ്രഹം ഏഴാമെടത്തു നിൽക്കുക
6 ഏഴാം ഭാവാധിപൻ പാപഗ്രഹസ്ഥിതനായി എട്ടിലോ പന്ത്രണ്ടിലോ നിൽക്കുക
7 ഏഴാം ഭാവാധിപൻ നീചമോ മൗഢ്യമോ ആകുക
8 ഏഴാം ഭാവത്തിൻ്റെ ഇരുപുറത്തും പാപഗ്രഹങ്ങൾ നിൽക്കുമ്പോൾ ഏഴിൽ പാപ ദൃഷ്ടി ഉണ്ടാകുക.
9 അഷ്ടമത്തിൽ ചൊവ്വ ദൃഷ്ടി ചെയ്യുകയും ഏഴിലും ഒൻപതിലും പാപൻമാർ നിൽക്കുകയും ചെയ്യുക
10 രണ്ടിൽ ചൊവ്വ പാപദൃഷ്ടനായി നിൽക്കുക.
11 രണ്ടിൽ ശനി ആദിത്യൻ്റെയോ ചൊവ്വയുടേയോ ദ്യഷ്ടിയോടു കൂടി നിൽക്കുക.
12 രണ്ടാം ഭാവത്തിൽ ഏതെങ്കിലുമൊരു പാപഗ്രഹം നീചമോ, മൗഢ്യമോ ഉള്ളവനായി ശുഭഗ്രഹങ്ങളുടെ ദൃഷ്ടി യോഗങ്ങളില്ലാതെ നിൽക്കുക
13 ലഗ്നം, 2, 7, 8 ഇവയിൽ പാപഗ്രഹങ്ങൾ നിൽക്കുക.
14 ഏഴാം ഭാവാധിപൻ അഞ്ചിലും അഞ്ചാം ഭാവാധിപൻ ഏഴിലും നിൽക്കുക
15 എട്ടാം ഭാവാധിപൻ ഏഴിൽ നിൽക്കുക
16 ഏഴാം ഭാവാധിപനും ശുക്രനും ,വ്യാഴവും നീചത്തിലോ, മൗഢ്യത്തിലോ നിൽക്കുക.
സ്ത്രീയുടെ ജാതത്തിൽ ഏഴാമിടം കൊണ്ട് ഭർത്താവിനെയും, അഷ്ടമം കൊണ്ട് വൈധവ്യത്തേയും പുരുഷ ജാതകത്തിൽ ഏഴാമിടം കൊണ്ട് ഭാര്യയേയും അഷ്ടമം കൊണ്ട് സ്വന്തം ആയുസ്സിനെയും ചിന്തിക്കണം.
സ്ത്രീ ജാതകത്തിൽ ഏഴിലോ, എട്ടിലോ നിൽക്കുന്ന പാപൻമാർക്ക് പുരുഷ ജാതകത്തിൽ ഏഴിൽ തത്തുല്യ ബലവാനായ പാപൻ മാത്രമാണ് പരിഹാരം. അല്ലാതെ പുരുഷ ജാതകത്തിൽ അഷ്ടമത്തിലെ പാപികൾ പരിഹാരമല്ല.
സ്ത്രീ ജാതകത്തിൽ സപ്താഷ്ടമങ്ങളിൽ പാപി നിൽക്കുമ്പോൾ ഒൻപതാമിടത്ത് ശുഭഗ്രഹങ്ങളുണ്ടെങ്കിൽ വൈധ്യവാദി ദോഷങ്ങൾ ഉണ്ടാകില്ല.രണ്ടാമിടത്ത് വ്യാഴ മോ, ബുധ നോ ബലവാൻമാരായി നിൽക്കുന്നതും ദോഷം ശമിപ്പിക്കും.
പാപസാമ്യം ലഗ്നാലും ചന്ദ്രാലും ശുക്രാലും നോക്കുമ്പോൾ പാപഗ്രഹങ്ങൾക്ക് ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടാദികൾ ഉണ്ടായിരിക്കുക, സ്വക്ഷേത ബന്ധു ക്ഷേത്ര രാശികളിൽ സ്ഥിതി ചെയ്യുക ഇതെല്ലാം പാപ ശക്തി കുറയ്ക്കും
ലഗ്നാലും ചന്ദ്രാലും ശുക്രാലും 1,2,4,7,8, 12 എന്നീ ഭാവങ്ങളിൽ സൂര്യൻ, ചൊവ്വ, ശനി, രാഹു, എന്നീ ഗ്രഹങ്ങൾ നിൽക്കുന്നുവെങ്കിൽ അതെല്ലാം ഓരോ പാപരായി കരുതണം .ഇരു ജാതകങ്ങളിലും തുല്യമായ പാപരുണ്ടെങ്കിൽ യോജിപ്പിക്കാവുന്നതാണ്. പുരുഷ ജാതകത്തിൽ അല്പം പാപം കൂടിയാലും തെറ്റില്ല. പാപഗ്രഹങ്ങളുടെ ബലാബലങ്ങളെല്ലാം സൂക്ഷ്മമായി വിലയിരുത്തി വേണം പാപസാമ്യം ചിന്തിക്കാൻ.
പാപസാമ്യ ചിന്ത ഗൗരവമുള്ളതാണെന്നു മനസ്സിലാക്കിയാണ് ജ്യോതിശാസ്ത്രത്തിൻ്റെ ഇരുപത്തിരണ്ടാം അദ്ധ്യായമായ സ്ത്രീ ജാതക പ്രകരണത്തിൽ വരാഹമിഹിരാചാര്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ലഗ്നാലും, ചന്ദാലും, ശുക്രാലും ഇവയെ കേന്ദ്രങ്ങളാക്കി ചെയ്യുന്ന പാപഗ്രഹ ചിന്തയാണ് മൂന്നു മാർഗ്ഗങ്ങൾ.
ലഗ്നാലുള്ളത് – ശാരീരികാവസ്ഥ
ചന്ദ്രാലുള്ളത് – മാനസികാവസ്ഥ
ശുക്രാലുള്ളത് – ലൈംഗികാവസ്ഥ
പാപഗ്രഹങ്ങളുടെ ശക്തി എത്രത്തോളമുണ്ടെന്ന്
ഷഡ്വർഗ്ഗ പരിശോധനയിലൂടെ മനസ്സിലാക്കണം
അതുപോലെ സന്താനലബ്ധിക്കുള്ള സാദ്ധ്യത രണ്ട് ജാതക പ്രകാരമുണ്ടോ എന്നും ചിന്തിക്കണം.
ജ്യോതിഷരത്‌നം ആറ്റുകാൽ ദേവീദാസൻ
+91 9847559786