Sunday, 22 Sep 2024
AstroG.in

പാമ്പുംമേയ്‌ക്കാട്ടെ കെടാവിളക്കിലെ കരിയും എണ്ണയും ത്വക്ക് രോഗങ്ങൾ മാറ്റും

സർപ്പപൂജയ്ക്ക് പ്രസിദ്ധമായ പാമ്പുംമേയ്‌ക്കാട്‌
ഇല്ലത്തിന് അതി പ്രശസ്തമായ പാരമ്പര്യമുണ്ട്. ഭക്തരും മന്ത്ര, തന്ത്രങ്ങളിൽ നിപുണരുമായിട്ടുംദാരിദ്ര്യദു:ഖം ഇല്ലത്തെ വിട്ടൊഴിഞ്ഞില്ല. ദുഃഖശമനം തേടി ഇവിടുത്തെ കാരണവർ കൊടുങ്ങല്ലുർ തിരുവഞ്ചിക്കുളം മഹാദേവനെ 12 വർഷം ഭജിച്ചു. ഒരു ദിവസം ഈ നമ്പൂതിരി  അത്താഴപൂജ കഴിഞ്ഞ്  ക്ഷേത്രക്കുളത്തിൽ  ചെന്നപ്പോൾ  കടവിൽ തേജ്വസ്വിയായ ഒരാൾ നിൽക്കുന്നത് കണ്ട്  ആരാണെന്നു ചോദിച്ചു:  ആളറിഞ്ഞിട്ട് മേയ്ക്കാടിനെന്ത് വേണം? വെള്ളം വേണമെങ്കിൽ എടുത്തുകൊണ്ട്  പൊയ്ക്കോള്ളൂ  എന്ന് മറുപടി ലഭിച്ചു. 

അപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ തീക്കട്ട പോലെ  എന്തോ  തിളങ്ങുന്നത് കണ്ടിട്ട് നമ്പൂതിരി ചോദിച്ചു: കയ്യിൽ  എന്താണ് ? 

അതിനും ശരിയായ ഉത്തരം പറയാതെ മേയ്ക്കാട് മാണിക്യക്കല്ല് കണ്ടിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചു. ഇല്ല എന്ന് മറുപടിയും പറഞ്ഞു.കാണാൻ ആഗ്രഹമുണ്ടോ?   

നമ്പൂതിരി: കണ്ടാൽ കൊള്ളാമെന്നുണ്ട്.  ഇത് അങ്ങോട്ട് തന്നാൽ മടക്കിത്തരുമെന്ന് നിശ്ചയമുണ്ടോ? 

നമ്പൂതിരി: നിശ്ചയമുണ്ട്. 

അപ്പോൾ ആ മനുഷ്യൻ രത്നം നമ്പൂതിരിയുടെ കയ്യിലേക്കിട്ടുകൊടുത്തു. തിരിച്ചും മറിച്ചും അത് നോക്കിയ നമ്പൂതിരിക്ക് ഒരു ആശ തോന്നി: അത് കൊടുങ്ങല്ലുർ വലിയ തമ്പുരാനെ ഒന്ന് കാണിക്കണം. ദിവ്യനോട്‌ അനുവാദം വാങ്ങി  രത്നം തമ്പുരാനെ കാണിച്ച ശേഷം തിരിച്ചു നൽകി.  നമ്പൂതിരി കയ്യിൽ നിന്നും രത്നം വാങ്ങിയ  ക്ഷണത്തിൽ ദിവ്യൻ അദൃശ്യനായി.ആ രത്നതിന്റെ ശോഭയാൽ അതുവരെ പകൽ പോലെ പ്രകാശിച്ചിരുന്ന ആ സ്ഥലം ഇരുളിലാണ്ടു. 

നമ്പൂതിരി  ഭീതിതനായി. എങ്കിലും തീർത്ഥക്കുളത്തിലിറങ്ങി വെള്ളമെടുത്ത് പോയി. അന്ന് നമ്പൂതിരിക്ക് ഉറക്കം വന്നില്ല. താൻ കണ്ട ദിവ്യൻ ആരെന്ന ചോദ്യം നമ്പൂതിരിയെ മഥിച്ചു. ഇടയ്‌ക്കെപ്പോഴൊ ഉറങ്ങി. വൈകാതെ ഉണർന്ന അദ്ദേഹം പ്രഭാതമായെന്ന് കരുതി കുളത്തിൽ എത്തി. അപ്പോഴും ഒരാൾ  അവിടെയുണ്ടായിരുന്നു. 

നമ്പൂതിരി: ആരാണത്?ആൾ ആരണെന്നും മറ്റും അറിഞ്ഞിട്ടെന്തു വേണം? മേയ്ക്കാടിന്‌ കുളിക്കാൻ നേരമായിട്ടില്ല;  പോയിക്കിടന്നുറങ്ങുക.  ശബ്ദം കേട്ടപ്പാൾ താൻ നേരത്തേ കണ്ട ദിവ്യൻ തന്നെയാണെന്ന്  നമ്പൂതിരിക്ക് മനസ്സിലായി.അദ്ദേഹത്തിന്റെ പാദത്തിൽ വീണുകൊണ്ട്  അവിടുന്ന്‌ ആരാണെന്ന് പറയണം എന്ന് അപേക്ഷിച്ചു. 

”ഞാൻ സാക്ഷാൽ വാസുകിയാന്ന് ”നമ്പൂതിരി: എന്നാൽ അവിടുത്തെ സ്വരൂപം കാണിച്ചു തരുമോ?വാസുകി: എന്റെ സ്വരൂപം കണ്ടാൽ അങ്ങ് ഭയപ്പെടും.  

നമ്പൂതിരിയുടെ നിർബന്ധത്തെത്തുടർന്ന് വാസുകി തന്റെ ദേഹം ചുരുക്കി ശ്രീപരമേശ്വരന്റെ കൈ വിരലിൽ കിടക്കുന്ന മോതിരത്തോളമാക്കി. അതുകണ്ട് നമ്പൂതിരി ബോധം കെട്ട് വീണു. തിരിച്ച് ബോധം വീണപ്പോൾ വാസുകി ചോദിച്ചു: എന്താണ് വരം വേണ്ടത്?  

നമ്പൂതിരി: അവിടുത്തെ സാന്നിധ്യം എന്നും എന്റെ ഇല്ലത്ത് വേണം. എന്റെ ദാരിദ്ര്യ ദു:ഖം തീർത്തു തരണം. 

വാസുകി: അങ്ങനെ ആകട്ടെ.  മേയ്ക്കാടിന്റെ ഭജനം 12 കൊല്ലം തികയുന്നതിന് ഇനി 3 ദിവസം മതിയല്ലോ. അതു കഴിഞ്ഞ് ഇല്ലത്തേക്ക് പോയികൊള്ളൂ.

ഭജനം കഴിഞ്ഞ്‌ നമ്പൂതിരി ഇല്ലത്തെത്തി ഓലകുട കിഴക്കിനിയിൽ വച്ചിട്ട് കുളിയും നിത്യകർമ്മങ്ങളും  കഴിച്ചു വന്നു. കുടമാറ്റി വയ്ക്കാനായി എടുത്തപ്പോൾ അതിൽ ഒരു പാമ്പിനെ കണ്ടു. ഉടൻ ആ പാമ്പ്‌ താഴെയിറങ്ങി ദിവ്യപുരുഷന്റെ രൂപം ധരിച്ചു. ”മേയ്ക്കാട് ഭയപ്പെടേണ്ട, ഞാൻ വാസുകി തന്നെയാണ്. അങ്ങയുടെ സത്യസന്ധതയും ഭക്തിയും നിമിത്തം ഭഗവാൻ ശ്രീപരമേശ്വരൻ അങ്ങയിൽ പ്രസാദിച്ചിരിക്കുന്നു. അഭിഷ്ടം സാധിച്ചു തരുന്നതിനാണ് ഞാൻ വന്നത്. അന്ന് ഞാൻ കാണിച്ച മാണിക്യക്കല്ല്‌ ഇതാ. ഇത് ഇവിടെ ഇരിക്കട്ടെ. സൂക്ഷിച്ചു വയ്ക്കണം. ഇതിരിക്കുന്നിടത് ഒരിക്കലും ദാരിദ്ര്യം ബാധിക്കില്ല. ഇനി ഇവിടെ ഒരു നാഗയക്ഷിയും വന്നുചേരും. അപ്പോഴും മേയ്ക്കാട് ഭയപ്പെടരുത്. 
അപ്പോൾ സ്വഗൃഹത്തിൽ പോയ  അന്തർജ്ജനം തിരിച്ചെത്തി. ആ അന്തർജ്ജനം മറക്കുട ഇറയത് വച്ച് അകത്തേക്ക് കയറി. പെട്ടെന്ന്  കുടയിൽ നിന്ന് ഒരു പാമ്പ് ഇഴഞ്ഞ് കിഴക്കിനിയിലെത്തി  ദിവ്യ സ്ത്രീയുടെ രൂപം ധരിച്ച് വാസുകിയെ സമീപിച്ചു. 

വാസുകി: ഞങ്ങളുടെ രണ്ടുപേരുടെയും പ്രതിമകൾ  ഇവിടെ പ്രതിഷ്‌ഠിച്ച്‌ കുടുംബപരദേവതകളായി സങ്കല്പിച്ച്‌ എന്നും പൂജിക്കണം.അങ്ങനെ ചെയ്താൽ ഇവിടെ ശ്രേയസ്സിന് ഒരിക്കലും കുറവ് വരില്ല. നാഗങ്ങൾ മുറയ്ക്ക് ഇവിടെ വരും. യഥേഷ്ടം ഇവിടെ  താമസിക്കും. അവർക്കാർക്കും പ്രത്യേകം പ്രതിഷ്‌ഠ വേണ്ട. ഈ ഇല്ലവും പറമ്പും സർപ്പങ്ങളുടെ സങ്കേതമാക്കി സങ്കല്‍പ്പിച്ചാൽ  മതി. ഇവിടെ മലമൂത്ര വിസർജ്ജനവും മറ്റ് അശുദ്ധികളും  പാടില്ല. അത്തരം ആവശ്യങ്ങൾക്ക് അടുത്ത പറമ്പിൽ ഭവനമുണ്ടാക്കണം. വിശേഷ അടിയന്തിരാദികൾ അവിടെ  നടത്തണം. പ്രസവം, ആർത്തവം എന്നിവഈ ഇല്ലത്ത്‌ പാടില്ല.അതിന് കാലമടുക്കുമ്പോൾ അന്തർജ്ജനങ്ങൾ അടുത്ത ഭവനത്തിലേക്ക് മാറണം. ഇല്ലതിനകത്തും പുറത്തും മുറ്റത്തും പറമ്പിലും പാമ്പുകളെ കണ്ടാൽ ആരും ഭയപ്പെടരുത്. ഈ ഇല്ലത്തുള്ളവരെ പാമ്പുകൾ,  ചവിട്ടുകയോ ഉപദ്രവിക്കുകയോ ചെയ്യാതെ കടിക്കില്ല. അഥവാ കടിച്ചാലും ഈ ഇല്ലത്തുള്ളവരെ വിഷം ബാധിക്കില്ല. മറിച്ച്‌  വിഷം ആ പാമ്പുകളെ തന്നെ ബാധിക്കും. അങ്ങനെ വന്നാൽ ആ പാമ്പുകളെ വിഷം ഇറക്കി വിട്ടേക്കണം. സർപ്പദംശമേറ്റവരെ ഈ ഇല്ലത്തുള്ളവർ വിഷമിറക്കരുത്. എന്നാൽ സർപ്പകോപം നിമിത്തമുള്ള രോഗങ്ങൾക്കും മറ്റും പ്രതിവിധികൾ ചെയ്യുന്നതിനും വിരോധമില്ല. 

ഞങ്ങളെ  പ്രതിഷ്‌ഠിക്കുന്ന കിഴക്കിനിയിൽ രണ്ടു കെടാവിളക്കുകൾ വേണം. ആ വിളക്കുകളിലെ കരിയും എണ്ണയും സർപ്പകോപം നിമിത്തമുണ്ടാകുന്ന ത്വക്ക് രോഗങ്ങൾക്കും മറ്റും ഔഷധമായിരിക്കും. ഇതെല്ലാം ഈ ഇല്ലത്തുളളവരും ഇനി ഉണ്ടാകുന്നവരും അറിഞ്ഞിരിക്കണം.  അതിനാൽ തലമുറകൾക്ക് ഇത്  ഉപദേശിക്കണം. വേണ്ടതെല്ലാം പറഞ്ഞ ശേഷം ഇനി ആവശ്യപ്പെടുമ്പോൾ കാണാം  എന്ന് പറഞ്ഞിട്ട് വാസുകിയും നാഗയക്ഷിയും മറഞ്ഞു.

നമ്പൂതിരി കിഴക്കിനിയിൽ വാസുകിയെയും നാഗയക്ഷിയെയും പ്രതിഷ്‌ഠിച്ചു. അക്കാലം മുതൽ ഇല്ലത്തിന്റെ  പേര് പാമ്പുംമേയ്‌ക്കാട്ട് ഇല്ലം എന്നായിത്തീർന്നു. നാഗദോഷ പരിഹാരത്തിനുള്ള  മൂന്നാല് സന്നിധികളിൽ ഏറ്റവും പ്രധാനപ്പെട്ട  ഒന്നാകുകയും ചെയ്തു. പ്രസിദ്ധമായ നാഗർകോവിൽ നാഗരാജ ക്ഷേത്രം സ്ഥാപിച്ചത്  പാമ്പുംമേയ്‌ക്കാട്ട് മനയിലെ ഒരു മുതിർന്ന നമ്പൂതിരിയാണത്രേ.  

– വേണു മഹാദേവ്
+91 9847475559

error: Content is protected !!