Friday, 20 Sep 2024
AstroG.in

പാർവതിയെ പൂജിച്ചാൽ കുടുംബ സമാധാനം, സമൃദ്ധി

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

ശിവപൂജയ്ക്ക് മാത്രമല്ല പാർവ്വതി ദേവിക്കും പ്രാധാന്യമുള്ള ദിവസമാണ് തിങ്കളാഴ്ച. പാർവ്വതിയെ ഭജിക്കുന്നവർക്ക് കുടുംബത്തിൽ സമാധാനം, ഇഷ്ട വിവാഹം, ഐശ്വര്യം, സമൃദ്ധി എന്നിവ ഫലമായി പറയപ്പെടുന്നു. സന്താനഭാഗ്യത്തിനും പാർവ്വതിയെ സേവിക്കുന്നത് നല്ലതാണ്. ഭർത്തൃലാഭത്തിന് സ്ത്രീകളും പത്നീലാഭത്തിന് പുരുഷന്മാരും സ്വയംവര പാർവതി സങ്കല്പത്തിൽ ദേവിയെ ആരാധിക്കുന്നു.

ചന്ദ്രദശയില്‍ ജനിക്കുന്ന രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാരും വൃശ്ചികക്കൂറിൽ പെട്ട വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരും പതിവായി പാർവതിയെ ഭജിക്കണം. 10 വര്‍ഷത്തെ ചന്ദ്രദശ അനുഭവിക്കുന്നവരും മറ്റു ദശകളിൽ ചന്ദ്രാപഹാരം നടക്കുന്നവരും പാര്‍വ്വതീപൂജ നടത്തുന്നത് നല്ലതാണ്. പൗര്‍ണ്ണമി ദിവസം പൊങ്കാല സമർപ്പിക്കുക, ഐശ്വര്യ പൂജയിൽ പങ്കെടുക്കുക, ഭഗവതി സേവ, പാര്‍വ്വതീ പൂജ, ദുര്‍ഗ്ഗാപൂജ, വെള്ളപ്പട്ട് സമര്‍പ്പണം, ഭാഗ്യസൂക്താർച്ചന എന്നിവയാണ് പാര്‍വ്വതി പ്രീതിക്ക് പൊതുവെ ചെയ്യാവുന്നത്. വൃശ്ചിക കൂറുകാര്‍ ചന്ദ്രദശ അല്ലെങ്കില്‍ ചന്ദ്രാപഹാരം ആരംഭിക്കുന്ന ദിവസം മുതല്‍ പാർവതി ഉപാസന മുടക്കരുത്. സാധാരണ തിങ്കളാഴ്ച, പൗർണ്ണമി, ജന്മ നക്ഷത്രദിവസങ്ങൾ എന്നിവ പാർവതീ ഉപാസനയ്ക്ക് വളരെ നല്ലതാണ്.

പാർവതിയുടെ വാഹനമായി സിംഹത്തെയും ചില സമ്പ്രദായങ്ങളിൽ കടുവയയും കല്പിച്ചിട്ടുണ്ട്. ശംഖ്, ത്രിശൂലം , ചക്രം, താമര എന്നിവ അണിഞ്ഞവളായും പാർവ്വതിയെ സങ്കല്പിച്ചിട്ടുണ്ട്.

പാർവതീ ധ്യാനം
രുദ്ര താണ്ഡവ വിലോകനലോലാം
ഭദ്ര വക്ത്രനയനാം ഭവകാന്താം
അന്നദാന നിരതാം ജനനീം താം
ചിന്തയൻ ജപതു ചിത്രദുകൂലാം

(പരമശിവ താണ്ഡവം കാണുന്നതിൽ തല്പരയും മംഗല്യദായകമായ മുഖവും നയനങ്ങളുമുള്ളവളും എപ്പോഴും അന്നദാനം ചെയ്തുകൊണ്ടിരിക്കുന്നവളും മനോഹരങ്ങളായ വസ്ത്രങ്ങൾ ധരിച്ചവളും ജഗന്മാതാവുമായ ശ്രീപാർവ്വതീദേവിയെ ചിന്തിച്ചു
കൊണ്ടു ജപിക്കണം.)

ഓം ഉമായൈ നമ: എന്ന മൂല മന്ത്രജപം പാർവ്വതി പ്രീതിക്ക് അത്യുത്തമമാണ്. കനകധാരാ സ്തോത്രം, ലളിതാസഹസ്രനാമം, ലക്ഷ്മീ അഷ്ടോത്തരശതം, ശക്തി പഞ്ചാക്ഷരി ഇവയുടെ ജപവും പാർവതി ദേവിയുടെ അനുഗ്രഹം നേടാൻ നല്ലതാണ്.

സൗന്ദര്യലഹരിയിൽ പാർവ്വതിയെ സ്തുതിക്കുന്ന ശ്ലോകം 9 ഇവിടെ ചേർക്കുന്നുണ്ട്. നിഷ്ഠയോടെ ഈ ശ്ലോകം ജപിച്ചാൽ പ്രകൃതി ശക്തികളുടെ മേൽ വരെ ആധിപത്യം സ്ഥാപിക്കാം എന്നാണ് ഫലശ്രുതി. നാടുവിട്ടു പോയവർ മടങ്ങിവരുന്നതിനും ഈ ശ്ലോക ജപം ഉത്തമമാണെന്ന് ആചാര്യൻ രേഖപ്പെടുത്തുന്നു.

ശ്ലോകം 9
മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദി മരുതമാകാശമുപരി
മനോപി ഭ്രൂമദ്ധ്യേ സകലമപി ഭിത്വാ കുളപഥം
സഹസ്രാരേ പദ്മേ സഹരഹസി പത്യാ വിഹരസേ

(കുണ്ഡലിനീ രൂപയായ അല്ലയോ അമ്മേ, സമയ എന്ന ചന്ദ്രകലാശക്തി സ്വരൂപിണീ, അവിടുന്ന് സർവ്വാധാര ഭൂതമായ മുലാധാരചക്രത്തിൽ ജലതത്വത്തേയും, സ്വാധിഷ്ഠാനചക്രത്തിൽ അഗ്നിതത്വത്തേയും, അനാഹതചക്രത്തിൽ വായുതത്വത്തേയും, അതിന് മുകളിൽ വിശുദ്ധിചക്രത്തിൽ ആകാശതത്വത്തെയും, ഭ്രൂമദ്ധ്യത്തിലെ ആജ്ഞാചക്രത്തിലുള്ള, മനസ് തത്വത്തേയും ഇപ്രകാരം സുഷുമ്നാ മാർഗ്ഗത്തെയും ഭേദിച്ച് സഹസ്രാര പദ്മത്തിൽ വിജനപ്രദേശത്തിൽ നിന്തിരുവടി നാഥനായ, പതിയായ പരമശിവനോട് കൂടി ക്രീഡിക്കുന്നു)

പ്രാർത്ഥനാ മന്ത്രങ്ങൾ
1
സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
2
പീതാംബര ധരാമംബാം
നാനാലങ്കാര ഭൂഷിതാം
തേജ: പുഞ്ജധരാം ശ്രേഷ്ഠാം
ധ്യായേദ്ദേവീം സദേശ്വരീം

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി, +91 960 500 20 47

(തിരുവനന്തപുരം ഹനുമാൻ സ്വാമി ക്ഷേത്രം, ചേർത്തല കാർത്യായനി ക്ഷേത്രം, കൊറ്റംകുളങ്ങര മഹാക്ഷേത്രം എന്നിവടങ്ങളിൽ മുൻപ് മേൽശാന്തി ആയിരുന്നു വേദാഗ്നി അരുൺ സൂര്യഗായത്രി )

error: Content is protected !!