പിഞ്ചു കുഞ്ഞിനെ ബാധകളില്‍ നിന്ന് രക്ഷിക്കാന്‍ അന്തിഉഴിയല്‍
മോഹനൻ നമ്പൂതിരി
വീട്ടില്‍ ഒരു കുഞ്ഞു പിറന്നാല്‍ വീട്ടമ്മ ആ കുഞ്ഞിനെ ബാധോപദ്രവങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി ചെയ്യുന്ന അനുഷ്ഠാനമാണ് അന്തിഉഴിയല്‍. വാലായ്മ കഴിഞ്ഞ് പിറ്റേന്ന് മുതല്‍ അന്തി ഉഴിയല്‍ ആരംഭിക്കുന്നു.
രണ്ടു കുഞ്ഞികിണ്ണങ്ങളും ഒരു കിണ്ടിയില്‍ വെള്ളവും ഇലഞ്ഞിമരത്തിന്റെ അഞ്ചു ഇലകളും ഒരുക്കണം. പ്രാദേശികമായി ഇലകള്‍ക്ക് മാറ്റമുണ്ട്. ചില സ്ഥലങ്ങളിൽ പ്ലാവിലയും മറ്റ് ചിലയിടങ്ങളിൽ അരയാല്‍ ഇലകളും ഉപയോഗിക്കുന്നു.
ഒരു കുഞ്ഞി കിണ്ണത്തില്‍ ചുവന്ന ഗുരുതിയും, മറ്റൊരു കിണ്ണത്തില്‍ കറുത്ത ഗുരുതിയും ഉണ്ടാക്കുന്നു. മഞ്ഞളും ചുണ്ണാമ്പും കൂട്ടികലര്‍ത്തി തിരുമ്മി വെള്ളമൊഴിച്ചാല്‍ ചുവന്ന ഗുരുതിയും ഉമിക്കരി പൊടിച്ചു കലക്കി കറുത്ത ഗുരുതിയും ഉണ്ടാക്കാവുന്നതാണ്. ഇലകളില്‍ എണ്ണയില്‍ നനച്ച തിരി കത്തിച്ചുവച്ച് കുട്ടിയെ മുകളില്‍ നിന്ന് കീഴ്പോട്ട് മൂന്നു പ്രാവശ്യം ഉഴിയുക. ഉഴിഞ്ഞു കഴിഞ്ഞാല്‍ ഇലയും തിരിയും ചുവന്ന ഗുരുതിപാത്രത്തില്‍ വയ്ക്കുക. മൂന്ന് ഇലകള്‍ ഉഴിഞ്ഞുവച്ച ശേഷം മറ്റൊരു ഇല എടുത്ത് മേല്‍പ്രകാരം ഉഴിഞ്ഞ് കറുത്ത ഗുരുതിയിലും കിണ്ടിയിലെ വെള്ളത്തിലും (മുരലില്‍) വയ്ക്കുക.
പഞ്ചഭൂതങ്ങളെ സങ്കല്‍പ്പിച്ച് ഓം നമ: ശിവായ, പഞ്ചാക്ഷരം ജപിച്ചാണ് ഉഴിയേണ്ടത്. അഞ്ച് ഇലകളും ഉഴിഞ്ഞു കഴിഞ്ഞാല്‍ കിണ്ണങ്ങളിലും കിണ്ടിയുടെ മുരലിലും തിരി തെളിയിച്ച് മൂന്നു പ്രാവശ്യം കുട്ടിയെ ഉഴിയണം. അതിനുശേഷം ഗുരുതിയും വെള്ളവും പുറത്ത് കൊണ്ടുപോയി കളയാം.
മോഹനൻ നമ്പൂതിരി, +91 6282211540
(ഇടുക്കി, തൂക്കുപാലം ശൂലപ്പാറ ശ്രീ മഹാദേവ – ദേവീ ക്ഷേത്രം മേൽശാന്തിയാണ് മോഹനൻ നമ്പൂതിരി)