Sunday, 6 Oct 2024
AstroG.in

പിതൃദോഷങ്ങൾ എങ്ങനെയെല്ലാം മാറ്റാം ?

തരവത്ത് ശങ്കരനുണ്ണി

മാതാപിതാക്കളെ വേദനിപ്പിക്കരുത്. അവരുടെ മരണശേഷം ശ്രാദ്ധക്രിയകൾ ചെയ്യുകയും വേണം. ഇതു രണ്ടും ചെയ്താൽ പിതൃശാപം ഉണ്ടാകില്ല. ഇനി ജ്യോതിഷ പ്രകാരം പിതൃദോഷം കാണുന്നുണ്ടെങ്കിൽ അതിനുള്ള പരിഹാരം ശ്രാദ്ധം, തർപ്പണം, തിലഹോമം എന്നിവയാണ്.

മൂന്ന് തരത്തിലാണ് പിതൃദോഷം സംഭവിക്കുക. ഒന്ന് : ജാതകത്തിലെ ഗ്രഹനിലയിലെ ദോഷങ്ങൾ. രണ്ട് : മുജ്ജന്മകർമ്മഫലത്തിന്റെ ദോഷങ്ങൾ. മൂന്ന് : ഈ ജന്മത്തിലെ കർമ്മദോഷങ്ങളും സുകൃതക്ഷയവും .
ഇതിൽ ഗ്രഹനിലയിൽ കാണുന്ന ദോഷങ്ങൾ മുജ്ജന്മ കർമ്മങ്ങളുമായി ബന്ധിതമാണ്. പിതൃക്കളെ പരിചരിക്കാത്തതും പിതൃകർമ്മങ്ങൾ മുടക്കുന്നതുമാണ് ഇഹജന്മത്തിലെ കർമ്മദോഷങ്ങൾ. വിധി പ്രകാരം ബലി കർമ്മങ്ങൾ അനുഷ്ഠിക്കുകയും അശരണർക്ക് ദാനം നൽകുകയുമാണ് പിതൃദോഷങ്ങൾ പരിഹരിക്കാൻ ഏറ്റവും ഉത്തമ മാർഗ്ഗങ്ങൾ. ഗായത്രീമന്ത്ര ജപവും ക്ഷേത്ര പ്രദക്ഷിണവുമാണ് മറ്റൊരു വഴി. വിധിപ്രകാരം മരണാനന്തരകർമ്മങ്ങൾ ചെയ്യാതിരുന്നാൽ പരേതാത്മക്കൾ അശാന്തരായി അലഞ്ഞുതിരിയുമെന്നും കുടുംബാഗങ്ങൾക്ക് ദോഷങ്ങൾ സംഭവിക്കുമെന്നുമാണ് പറയുന്നത്. ഇതിനുള്ള പരിഹാരം തിലഹോമമാണ്.

പിതൃവിന്റെ മക്കൾ ശ്രാദ്ധകർമ്മം മുടക്കരുത്. ഇളയ സഹോദരങ്ങൾക്കും ശ്രാദ്ധമൂട്ടാം. പ്രത്യേകമായ ചില സാഹചര്യങ്ങളിൽ പിതൃകർമ്മമോ ശ്രാദ്ധമോ നടത്താൻ കഴിയാതെ വന്നാൽ പിതൃശാപത്തിൽ നിന്നും രക്ഷപ്പെടാൻ പ്രായശ്ചിത്തമായി അന്നദാനം, ഗോപൂജ എന്നിവ നടത്തിയാൽ മതി.

ശാപം, കുടുംബവഴക്ക്, വംശനാശം, മംഗളകർമ്മ തടസം, മന:ശാന്തിക്കുറവ്, രോഗം തുടങ്ങിയവ സംഭവിക്കുന്നത് പിതൃദോഷം കൊണ്ടും കർമ്മത്തിലെ പിഴവു കൊണ്ടും ആകാം. ബുദ്ധിസ്വാധീനമില്ലാതെയും മാനസിക വളർച്ച ഇല്ലാതെ കുഞ്ഞുങ്ങൾ ജനിക്കുന്നതിനു കാരണവും പിതൃ കോപമാണ്. അത് പരിഹരിക്കാനും ദാനധർമ്മാദികൾ നല്ലതാണ്.

പിതൃബലിയും കാക്കയും തമ്മിൽ വലിയ ബന്ധമുണ്ട്. കാക്ക യമലോകത്തിന്റെ പടിവാതിൽക്കൽ എപ്പോഴുമുണ്ടാകും എന്നാണ് വിശ്വാസം. യമന്റെ ദൂതനാണ് കാക്കയെന്നും പറയന്നുണ്ട്. അതുകൊണ്ട് കാക്കയ്ക്ക് ചോറു കൊടുത്താൽ യമലോകത്ത് ജീവിക്കുന്ന പിതൃക്കൾക്ക് സമാധാനമുണ്ടാകുമെന്നും അവരുടെ അനുഗ്രഹമുണ്ടാകുമെന്നും വിശ്വസിക്കുന്നു. ബലിച്ചോറ് കാക്കതൊടാതിരുന്നാൽ പിതൃക്കൾക്ക് നീരസം ഉള്ളതായി കരുതാം. പൊതുവെ കാക്കയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഓരോ കാക്കയും ഭക്ഷണം പ്രത്യേകം പ്രത്യേകം കഴിക്കാറില്ല. കൂട്ടത്തെ വിളിച്ചുവരുത്തിയാണ് ഭക്ഷിക്കുക. അതുകൊണ്ട് നാം കഴിക്കുന്നതിന് മുമ്പ് കാക്കയ്ക്ക് ഭക്ഷണം നൽകുന്നതിലൂടെ പിതൃശാപം നീങ്ങുകയും പിതൃക്കളുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

തരവത്ത് ശങ്കരനുണ്ണി,

+ 91 9847118340

Story Summary: Impact, Effects Of Pitru Dosha and It’s Remedies


error: Content is protected !!