Sunday, 29 Sep 2024
AstroG.in

പി.എൻ മഹേഷ് നമ്പൂതിരി പുതിയ ശബരിമല മേൽശാന്തി

ശബരിമല: പാറമേക്കാവ് ക്ഷേത്രത്തിൽ സഹമേൽശാന്തിയായ ബ്രഹ്മശ്രീ പുത്തില്ലത്ത് മന പി.എൻ.മഹേഷ്‌ നമ്പൂതിരിയെ പുതിയ ശബരിമല മേൽശാന്തിയായും തൃശൂർ സ്വദേശിയായ ബ്രഹ്മശ്രീ പൂങ്ങാട് മുരളി നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു.

മൂവാറ്റുപുഴ ഏനാനല്ലൂർ സ്വദേശിയാണ് പി എൻ മഹേഷ് നമ്പൂതിരി. ഗുരുക്കന്മാരുടെ അനുഗ്രഹമാണ് പുതിയ നിയോഗമെന്ന് മഹേഷ്‌ നമ്പൂതിരി പറഞ്ഞു. പതിനൊന്നാം തവണയാണ് ശബരിമല മേൽശാന്തിക്ക് അപേക്ഷ നൽകുന്നത്. 17 പേരായിരുന്നു മേൽശാന്തി നറുക്കെടുപ്പിനായുള്ള അന്തിമ പട്ടികയിൽ ഇടം നേടിയത്. 12 പേർ മാളികപ്പുറം മേൽശാന്തി പട്ടികയിലുൾപ്പെട്ടു. ആദ്യം ശബരിമല മേൽശാന്തി നറുക്കെടുപ്പാണ് നടന്നത്. ആദ്യനറുക്കിൽ തന്നെ മഹേഷിന്റെ പേര് ലഭിച്ചു. പാറമേക്കാവിൽ ഒരു വർഷം തികയാനിരിക്കെയാണ് അയ്യനെ സേവിക്കാനുള്ള പുതിയ നിയോഗം മഹേഷ്‌ നമ്പൂതിരിയെ തേടിയെത്തിയത്. പന്തളം കൊട്ടാരത്തിലെ വൈദേഹ് വർമ്മ എന്ന കുട്ടിയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്.

മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്ത മുരളി നമ്പൂതിരി സംഘക്കളി ആചാര്യനായിരുന്ന തൃശൂർ പൂങ്ങാട് മനയിൽ ഗോവിന്ദൻ നമ്പൂതിരിയുടെയും ഉമാദേവി അന്തർജ്ജനത്തിൻ്റെയും നാലാമത്തെ മകനാണ്. മുപ്പത് കൊല്ലമായി ഹൈദരാബാദ് സോമാജി ഗുഡ അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഏഴാമത്തെ നറുക്കെടുപ്പിലാണ് അദ്ദേഹം മേൽശാന്തിയായത്. പന്തളം കൊട്ടാരത്തിലെ നിരുപമ ജി.വർമ്മ എന്ന കുട്ടിയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്. മുരളി നമ്പൂതിരിയുടെ ഭാര്യ: അങ്കമാലി ഇളവൂർ താന്നിപ്പിള്ളി മനക്കൽ ശ്രീല അന്ത:ർജ്ജനം. മക്കൾ : ആര്യശ്രീ, ഭവപ്രിയ.

വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരു വർഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പാണ് നടന്നത്. ഇരുവരും പുറപ്പെടാ മേൽ ശാന്തിമാരായിരിക്കും. രാവിലെ ഉഷ: പൂജയ്ക്കു ശേഷം നറുക്കെടുപ്പിനുള്ള ചുരുട്ടുകൾ വെള്ളിക്കുടത്തിൽ നിക്ഷേപിച്ചിരുന്നു തുടർന്ന് തന്ത്രി കുടങ്ങൾ ശ്രീലകത്ത് കൊണ്ടുപോയി പൂജിച്ച ശേഷം ശ്രീകോവിലിന് മുന്നിൽ വയ്ച്ചു . അതിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ എസ്. എസ്. ജീവന്‍, ജി സുന്ദരേശന്‍‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ദേവസ്വം സെക്രട്ടറി ജി.ബൈജു, നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ടേയേർഡ് ജസ്റ്റിസ് പത്മനാഭന്‍നായര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്.പി സുബ്രഹ്മണ്യന്‍, പി.ആർ.ഒ സുനിൽ അരുമാനൂർ, ശബരിമല സെൽ അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീകുമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു തുടങ്ങിയവര്‍ നറുക്കെടുപ്പിൽ സംബന്ധിച്ചു. തുലാം മാസം ഒന്നായ ഇന്ന് ശബരീശ ദർശനത്തിനായി വൻ ഭക്തജന തിരക്കായിരുന്നു. 22 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട നവംബര്‍ 10 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.11ന് ആണ് ആട്ട ചിത്തിര. അന്ന് രാത്രി 10 മണിക്ക് നട അടച്ചാല്‍ പിന്നെ മണ്ഡലകാല മഹോല്‍സവത്തിനായി നവംബര്‍ 16 ന് വൈകുന്നേരം 5 മണിക്കാണ് തുറക്കുക. നവംബര്‍ 17 ന് ആണ് വൃശ്ചികം ഒന്ന്.

error: Content is protected !!