പുത്രനില്ലാത്തവർക്ക് സന്തതിയെയും ധനമില്ലാത്തവർക്ക് ധനവും നൽകുന്ന ദേവി
ജോതിഷി പ്രഭാസീന.സി.പി
കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കുന്ന ദേവിയാണ് ഷഷ്ഠിദേവി. ദേവസേന എന്ന പേരോടു കൂടിയ ഈ ദേവി കുഞ്ഞുങ്ങൾക്ക് അർത്ഥവും ആയുസ്സ് കൊടുത്ത് സദാ പെറ്റമ്മയെപ്പോലെ സംരക്ഷിക്കും. കുട്ടികളുടെ അടുത്ത് ഈ ദേവിയുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകുമെന്ന് പറയുന്നു. യോഗസിദ്ധിയുള്ള ഈ ഭഗവതി സുബ്രഹ്മണ്യന്റെ ഭാര്യയും കുട്ടികളുടെ അധിഷ്ഠാന ദേവിയുമാണെന്ന് പുരാണത്തിൽ പറയുന്നു. എല്ലാ
സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ഭഗവാൻ്റെ ഇടതുവശത്ത് ഷഷ്ഠിദേവിയുടെ അദൃശ്യ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഷഷ്ഠി ദേവിക്ക് പ്രത്യേകം പ്രതിഷ്ഠയുള്ള ക്ഷേത്രം ഇല്ലെന്നതാണ് അറിവ്. ആദിപരാശക്തിയുടെ, മൂലപ്രകൃതിയുടെ ആറിലൊന്നു ഭാഗം കൊണ്ടുണ്ടായ ദേവിയാണ് ഷഷ്ഠിദേവി. ആറിലൊന്നു ഭാഗം കൊണ്ട് ഉണ്ടായതിനാലാണ് ഷഷ്ഠിദേവി എന്ന പേര് ലഭിച്ചത്.
“ഞാൻ ബ്രഹ്മാവിൻ്റെ മാനസപുത്രിയും സ്കന്ദ ദേവൻ്റെ ധർമ്മപത്നിയുമാണ്. പുത്രനില്ലാത്തവർക്ക് സന്തതിയെയും ഭാര്യയില്ലാത്തവർക്ക് ഭാര്യയെയും, ഭർത്താവില്ലാത്തവർക്ക് ഭർത്താവിനെയും, ധനമില്ലാത്തവർക്ക് ധനത്തെയും, എല്ലാവർക്കും നല്ല കർമ്മഫലത്തെയും നൽകുന്നത് ഞാനാണ് ” എന്ന് ഷഷ്ഠിദേവി പറയുന്നുണ്ട്.
ഷഷ്ഠിവ്രതമെടുക്കുന്നവർ അന്ന് രാവിലെ കുളിച്ച് ശുഭവസ്ത്രം ധരിച്ച് സുബ്രഹ്മണ്യസ്വാമിയുടെ ചിത്രത്തിന് മുന്നിൽ എഴുതിരിയുള്ള നിലവിളക്ക് തെളിച്ച്
“ഓം ഹ്രീം ഷഷ്ഠി ദേവ്യൈ നമഃ” എന്ന മന്ത്രം എട്ടു പ്രാവശ്യം ജപിച്ച ശേഷം ഷഷ്ഠി ദേവി സ്തോത്രം ജപിക്കണം.
ഷഷ്ഠിദേവി സ്തോത്രം
നമോ ദേവീ മഹാദേവീ !
സിദ്ധി ശാന്തി സ്വരൂപിണി!
ദേവീ നിത്യം നമോസ്തു തേ
വരദേ! പുത്രദേ ദേവീ!
ധനദോ തേ നമോ നമ:
സുഖദേ മോക്ഷദേ!ഷഷ്ഠി!
നമസ്തേ ജഗദാംബികേ!
ഷഷ്ഠാംശരൂപം സൃഷ്ട്യർത്ഥം
പൂണ്ട സിദ്ധേ നമോസ്തു തേ!
സിദ്ധയോഗിനിയാം മായേ!
ഷഷ്ഠീ ദേവി! നമോസ്തു തേ!
ശ്രേഷ്ഠയാം കാരദേ! ദേവീ!
പരാദേവീ ! നമോസ്തുതേ!
നമസ്തേ ലോക മാതാവേ!
ബാലാധിഷ്ഠാത്യ ദേവതേ !
കല്യാണദാത്രീ! കല്യാണീ
സർവ്വകർമ്മ ഫലപ്രദേ!
ഭക്തർതൻ മുമ്പിലെന്നെന്നും
പ്രത്യക്ഷപ്പെടുമീശ്വരീ !
കർമ്മമേതിലു മേവർക്കു
പൂജ്യേ! ഷൺമുഖ വല്ലഭേ !
ദേവക്ഷാകാരിണിയാം
ഷഷ്ഠീ ദേവീ ! നമോസ്തു തേ!
ശുദ്ധ സത്താത്മികേ! ദേവീ!
നമസ്തേ ! സർവ്വ വന്ദിതേ!
ഹിംസാ ക്രോധങ്ങളറ്റോളേ!
ഷഷ്ഠീ ദേവീ നമോ ! നമ:
ധനഭാര്യാ പുത്രരേയും
മേകണം മേ സുരേശ്വരീ!
മാനവും ജയവും നൽകി
ശത്രുക്കളെ ഹനിക്ക നീ;
കീർത്തിയും ധർമ്മവും ദേവീ;
നല്കിയാലും മഹേശ്വരീ!
വിദ്യയും സത്പ്രജയേയും
ഭൂവുമേകുക പൂജിതേ!
ശുഭ്രവും ജയവും നൽകൂ !
ഷഷ്ഠി ദേവീ! പണിഞ്ഞിടാം .
കർപ്പൂര ദീപം ഉഴിഞ്ഞ് നമസ്കരിച്ച് തനിക്കും സന്തതികൾക്കും കുടുംബത്തിനും സർവ്വൈശ്യര്യവും ഉണ്ടാകാൻ അകമഴിഞ്ഞ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം.
ജോതിഷി പ്രഭാസീന.സി.പി,
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി ഒ, പിണറായി, കണ്ണൂർ
Email ID prabhaseenacp@gmail.com)