Monday, 25 Nov 2024
AstroG.in

പുല – വാലായ്മയ്ക്ക് ഉത്തമം നാട്ടാചാരം ; ആശങ്കയ്ക്ക് കാരണം തെറ്റിദ്ധാരണ

ജോതിഷി പ്രഭാസീന, സി പി
ഒരാൾ മരിച്ചാൽ ഉറ്റ ബന്ധുക്കൾ പാലിക്കുന്ന അശുദ്ധിക്ക് പുല എന്നു പറയുന്നു. പതിനഞ്ച് ദിവസം മരണാന്തര കർമ്മങ്ങൾ കഴിച്ച് പതിനാറാം ദിവസം പിണ്ഡം വച്ച് പതിനേഴാം നാൾ പിതൃവിനെ സ്വർഗ്ഗത്തിലേക്ക് ഉദ്വസിച്ച ശേഷമേ ക്ഷേത്ര ദർശനം പാടുള്ളൂ എന്നാണ് പൊതുവേയുള്ള നാട്ടാചാരം. പതിനാറ് രാത്രി കഴിഞ്ഞാൽ പുല വിടും. എന്തായാലും പുല ആചരിക്കുന്നത് സമുദായ, നാട്ടാചാര പ്രകാരമാണ്. ബ്രാഹ്മമണർക്ക് സാധാരണ 10 ദിവസമാണ് പുല. 11–ാം ദിവസവും 12 ദിനവും 16 ദിനവും പുല ആചരിക്കുന്നവർ ഉണ്ട്. ഇവയിലൊന്നും ഏകീകരണമില്ല. അവരവരുടെ സമുദായ ആചാരപ്രകാരം ചെയ്യുകയേ മാർഗ്ഗം ഉള്ളൂ.

ബന്ധുത്വം ചിലർ മാതൃവഴിക്ക് മാത്രം കണക്കാക്കും. ആ രീതിയിൽ പിന്നോട്ട് ഏഴ് തലമുറ വരെ പിന്നോട്ടും മുന്നോട്ടും രക്തബന്ധുത്വം വരുന്നവരുടെ മരണത്തിന് പുല ആചരിക്കും. ചിലർ പിതൃവഴിക്കും മാതൃവഴിക്കും ഇത് നോക്കാറുണ്ട്. എന്നാൽ ഗാരൂഢപുരാണ പ്രകാരം എല്ലാ ജാതിക്കാർക്കും മരണത്താലോ ജനനത്താലോ ഏർപ്പെടുന്ന അശുദ്ധി പത്ത് ദിവസം മാത്രമാകുന്നു. ജനനം മൂലം ഉണ്ടാകുന്ന അശുദ്ധിയെ വാലായ്മ എന്നു പറയുന്നു. മനുസ്മൃതി പ്രകാരം മാതാപിതാക്കൾക്ക് മാത്രം ബാധിക്കുന്ന പത്ത് ദിവസത്തെ അശുദ്ധിയാണ് വാലായ്മ. മറ്റുള്ളവർക്ക് അത് ബാധകമല്ല എന്നർത്ഥം.

പുല-വാലായ്മ ആചരണങ്ങളിലെ തെറ്റിദ്ധാരണകൾ കാരണം പലരും ആശങ്കാകുലരാകാറുണ്ട്. പിതാവ്, പിതാമഹൻ തുടങ്ങി പിന്നോട്ടും പുത്രൻ, പൗത്രൻ തുടങ്ങി മുന്നോട്ടും ആറു തലമുറ കഴിഞ്ഞ് ഏഴാമത്തേതിൽ പുല അവസാനിക്കുന്നു എന്ന് മനുസ്മൃതി പറയുന്നു.

പല്ല് മുളയ്ക്കുന്നതിന് മുൻപ് കുട്ടി മരിച്ചാൽ തത്ക്കാല സ്‌നാനം കൊണ്ട് തന്നെ പുല തീരും. എല്ലാ ജാതിയിലും ബാല്യാവസ്ഥയിൽ അഞ്ചു വയസ്സിനു മേൽ മരണം സംഭവിച്ചാൽ മൂന്നുദിവസം പുല ആചരിക്കണം. ശിഷ്യൻ മരിച്ചാൽ ഗുരുവിന് ഒന്നര ദിവസത്തെ പുലയുണ്ട്. ഗുരുവിന്റെ വിയോഗത്തിൽ ശിഷ്യന് മൂന്നു ദിനരാത്രങ്ങൾ പുലയാണ് വിധി പ്രകാരമുള്ളത്. എങ്കിലും ഗുരു മാതാപിതാക്കൾക്ക് തുല്യനാകയാൽ പത്ത് ദിവസത്തെ പുല ആചരിക്കണം. വിവാഹം നിശ്ചയിക്കപ്പെട്ട സ്ത്രീയോ പുരുഷനോ മരിച്ചാൽ പങ്കാളിയാകേണ്ടയാൾക്ക് മൂന്നു ദിവസം പുല വേണം. അന്യദേശത്ത് മരണം സംഭവിച്ച അടുത്ത ബന്ധുവിന്റെ വിയോഗം 10 ദിവസം കഴിഞ്ഞാണ് അറിയുന്നതെങ്കിൽ 3 ദിവസം പുലയുണ്ട്. ആറുമാസം കഴിഞ്ഞാണ് അറിയുന്നതെങ്കിൽ ഒന്നര ദിവസവും ഒൻപത് മാസം കഴിഞ്ഞാണ് എങ്കിൽ ഒരു ദിവസവും ഒരു വർഷം കഴിഞ്ഞാണെങ്കിൽ അറിഞ്ഞ നിമിഷം സ്‌നാനം ചെയ്താൽ പുല മാറും.

പുല ഉള്ളപ്പോൾ പിണ്ഡകർത്താവായ ആൾ എഴുന്നേറ്റുചെന്ന് ഒരാളെ എതിരേൽക്കുക, അഭിവാദനം ചെയ്യുക ആശീർവദിക്കുക, മൈഥുനം ചെയ്യുക, ബ്രാഹ്മണന്ദാനം, ഭോജനം, ഇവ നൽകുക മദ്യം മാംസ ഭുക്തി ഇവ ഒഴിവാക്കണം. ദേഹശുദ്ധി പാലിക്കണം. തറയിൽ പായ വിരിച്ച് ഒറ്റയ്ക്ക് കിടന്നുറങ്ങണം.

മരണം നടന്ന ഗൃഹത്തിൽ നിന്നും ഭക്ഷണം കഴിച്ചാൽ പുല ബാധിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും പലരും ആശയക്കുഴപ്പത്തിലാണ്. മരണാശൗചത്തിൽ അവിടുത്തെ അന്നം പത്ത് ദിവസത്തേക്ക് കഴിക്കരുത് എന്നും അന്നം ഭക്ഷിച്ചാൽ പത്ത് ദിവസവും, ആ ഗൃഹത്തിൽ വസിച്ചാൽ മൂന്നു ദിവസവും പുല വേണം എന്ന് മനുസ്മൃതിയിൽ പറയുന്നു. പിതാവ്, പിതാമഹൻ, മാതാവ്, മാതൃപിതാവ്, സ്വന്തം സഹോദരൻ, സഹോദരി, സന്താനം ഇവർ മരിച്ചാൽ പത്ത് ദിവസവും രണ്ടാം പരിധിയിൽപ്പെട്ട പിതൃസഹോദരൻ, മാതൃസഹോദരൻ ഇവർ മരിച്ചാൽ മൂന്നു ദിവസവും മാത്രമേ പുല ആചരിക്കേണ്ടതുള്ളൂ. സന്യാസ ജീവിതം നയിച്ച ബന്ധു മരിച്ചാൽ പുല ആചരിക്കേണ്ട ആവശ്യമില്ല. യുക്തിപരമായ ചിന്തയിൽ പുല എന്നത് മരിച്ചവരുമായി ജീവിച്ചിരിക്കുന്നവർക്കുള്ള മാനസിക അടുപ്പത്തെ ആശ്രയിച്ച് സ്വീകരിക്കുന്നതാവും ശുഭം. ആ രീതിയിൽ വളരെ അടുത്ത സുഹൃത്ത് മരിച്ചാലും പുല നല്ലതാണ്.

പുല – വാലായ്മകളെക്കുറിച്ച് മനു സ്മൃതി, ഗാരുഢ പുരാണം എന്നിവയിലെ കാഴ്ചപ്പാടുകളുമാണ് ഇവിടെ പറഞ്ഞത്. കാലം, ദേശം കുലാചാരം, ഇവയ്ക്കനുസരിച്ച് ആചാരങ്ങളിലും ആചാര ദിനങ്ങളിലും മാറ്റം വരാം.

ജോതിഷി പ്രഭാസീന, സി പി
മൊബൈൽ : 9961442256

Email ID : prabhaseena cp@gmail.com

Story summary: Rules of defilement ( Pula and Valayma coustom ) a case of birth or death observation

Copyright 2024 Neramonline.com. All rights reserved

error: Content is protected !!