Saturday, 21 Sep 2024
AstroG.in

പൂജവയ്പ്പ്, ആയുധ പൂജ, പൂജയെടുപ്പ്,വിദ്യാരംഭം ; അറിയേണ്ടതെല്ലാം

അനിൽ വെളിച്ചപ്പാട്

2023 ഒക്ടോബര്‍ 22 (1199 തുലാം 5) ഞായറാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെയ്ക്കാം. വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണ് പൂജവെയ്ക്കേണ്ടത്. അങ്ങനെ വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന് മുമ്പുള്ള ദിവസം പൂജവെയ്ക്കാൻ എടുക്കണം. പലപ്പോഴും അങ്ങനെ സംഭവിച്ചിക്കാറുണ്ട്. എന്നാൽ ഈ വർഷം കൃത്യം ദിവസങ്ങളിലാണ് ഇവയെല്ലാം ചെയ്യേണ്ടത്.

2023 ഒക്ടോബര്‍ 24 (1199 തുലാം 7 ചൊവ്വാഴ്ചയാണ് വിജയദശമി. അന്ന് രാവിലെ ക്ഷേത്രാചാരങ്ങള്‍ പ്രകാരം പൂജയെടുക്കാം. തുടർന്ന് 7:53 വരെയും 10:04 ന് ശേഷവും മുഹൂർത്ത പ്രകാരം വൃശ്ചികം രാശി ഒഴിവാക്കി വിദ്യാരംഭം നടത്താം. 07:54 മുതൽ 10:04 വരെ ഒഴിവാക്കണമെന്ന് സാരം. എന്നാൽ വിജയദശമി ദിവസം വിദ്യാരംഭത്തിന് ഈ മുഹൂർത്ത നിയമം ബാധകമല്ല. ദക്ഷിണാമൂർത്തി, സരസ്വതി പൂജ എന്നിവയാൽ ദേവചൈതന്യം നിറഞ്ഞു നിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച് ഈ ദിവസം
മുഹൂർത്ത ഗണനം നടത്തേണ്ടതില്ല.

വിജയദശമിക്ക് മുഹൂര്‍ത്തം നോക്കണ്ടാ
കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂര്‍ത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളില്‍ മുഹൂര്‍ത്ത ഗണനം നടത്തിയും വിദ്യാരംഭം നടത്താം. സരസ്വതി ക്ഷേത്രങ്ങള്‍, ഗണപതിക്ഷേത്രങ്ങള്‍, ദക്ഷിണാമൂര്‍ത്തിസങ്കല്പമുള്ള ക്ഷേത്രങ്ങള്‍, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിൽ വിദ്യാരംഭം നടത്തുന്നതാണ് ഐശ്വര്യദായകം. സ്വന്തം വീട്ടിലും ഈ ദിവസം രാവിലെ 7:53 വരെയും 10:04 ന് ശേഷവും ഈ വര്‍ഷത്തെ വിദ്യാരംഭം ചെയ്യാവുന്നതാണ്. കച്ചവട പ്രചരണ താല്പര്യം ലക്ഷ്യമാക്കി ഓഫീസുകളിലും മറ്റ് ചില സ്ഥലങ്ങളിലും നടത്തപ്പെടുന്ന വിദ്യാരംഭം ഒഴിവാക്കണം. വിദ്യാരംഭത്തിന് മാത്രം തയ്യാറാക്കുന്ന സ്ഥലങ്ങൾ, ഓഫീസുകൾ, ആഡിറ്റോറിയം എന്നിവ കഴിയുമെങ്കിൽ ഒഴിവാക്കണം. നിത്യപൂജയുള്ളതും പവിത്രവുമായ ക്ഷേത്രത്തില്‍ ചെയ്യുന്ന കര്‍മ്മഫലങ്ങളൊന്നും മറ്റെവിടെയും ലഭിക്കില്ല. മന്ത്രോച്ചാരണങ്ങള്‍ കൊണ്ട് മുഖരിതമായ ക്ഷേത്രാങ്കണത്തില്‍ വച്ച് നടത്തുന്ന ഒരു ശുഭകര്‍മ്മം അത്യുത്തമം ആയിരിക്കും.

ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍ നിറച്ച
അരിയില്‍ കുഞ്ഞിന്റെ വിരല്‍പിടിച്ചും സ്വര്‍ണ്ണമോതിരം കൊണ്ട് നാവിലും “ഹരിശ്രീ ഗണപതയെ നമഃ ” എന്ന് എഴുതുന്നതാണ് വിദ്യാരംഭം. സരസ്വതീകടാക്ഷമുള്ള ആചാര്യനോ ശ്രീവിദ്യാ ഉപാസകനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നല്‍കാന്‍ അര്‍ഹതയുള്ളവരാണ്. എന്നാല്‍ പരസ്പരം ഷഷ്ഠാഷ്ടമം വരുന്ന കൂറുകാര്‍ എഴുതിക്കാൻ പാടില്ല (മേടം – വൃശ്ചികം ഈ കൂറുകള്‍ തമ്മിലും, തുലാം – ഇടവം എന്നീ കൂറുകള്‍ തമ്മിലും ഈ ദോഷം പറയാനും പാടില്ല.

വിജയദശമി കണക്കാക്കുന്നത് എങ്ങനെ ?
കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറുനാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ദിവസം ഏതൊരാള്‍ക്കും വിദ്യാരംഭത്തിന് ഉത്തമമാകുന്നു. എന്നാല്‍ ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന്റെ തലേദിവസമായിരിക്കും വിജയദശമി. ചില വര്‍ഷങ്ങളില്‍ വിജയദശമി വരുന്നത് തുലാം മാസത്തിലുമാകാം. ഇത്തവണ അങ്ങനെയാണ്. പൂജ വയ്ക്കുന്നത് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ടും, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു.

ഏത് പ്രായത്തില്‍ വിദ്യാരംഭം നടത്താം?
രണ്ടരവയസ് കഴിഞ്ഞ് വിദ്യാരംഭം നടത്തുന്നതാണ് ഉചിതമെന്ന് കരുതുന്ന ആചാര്യന്മാരാണ് കൂടുതലും ഉള്ളത്. ബുദ്ധി ഉദിച്ചുവരുമ്പോള്‍ പഠിക്കുന്ന ശീലങ്ങള്‍ക്ക്‌ അടുക്കും ചിട്ടയുമുണ്ടാകുമെന്നതാണ് അതിന്‍റെ നല്ല വശം. അതിനാല്‍ രണ്ടരവയസ്സ് മുതല്‍ വിദ്യാരംഭം നടത്താം. വിദ്യാരംഭം നടത്തിയാൽ ചിട്ടയായ പഠനം ബുദ്ധിപരമായി അവർക്ക് നൽകാനും രക്ഷകർത്താക്കൾ ശ്രമിക്കണം. എന്തെന്നാൽ, ചിട്ടയായ വിദ്യാഭ്യാസം ഒരു വ്യക്തിയെ നല്ല മനുഷ്യനാക്കി മാറ്റുകതന്നെ ചെയ്യും.

വിദ്യാരംഭത്തിന് സ്വീകരിക്കാവുന്ന മുഹൂര്‍ത്തം ?
വിജയദശമി ദിവസം മുഹൂര്‍ത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളില്‍ മുഹൂര്‍ത്ത ഗണനം നടത്തിയും വിദ്യാരംഭം നടത്താം. ഇതിന് തിരുവാതിരയും ഊണ്‍നാളുകളായ അശ്വതി, രോഹിണി, മകയിരം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി (17 എണ്ണം) എന്നീ നക്ഷത്രങ്ങളിലും മുഹൂര്‍ത്തം എടുക്കാം. നവമി തിഥിയും കൊള്ളാം. രാത്രിയെ മൂന്നായി ഭാഗിച്ചാല്‍ അതിന്‍റെ ആദ്യ രണ്ട് ഭാഗങ്ങളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികളും, ബുധഗ്രഹത്തിന് മൗഢ്യം ഉള്ളപ്പോഴും, മുഹൂര്‍ത്തരാശിയുടെ അഷ്ടമത്തില്‍ ചൊവ്വ ഉള്ളപ്പോഴും, രണ്ടിലും അഞ്ചിലും പാപന്മാര്‍ ഉള്ളപ്പോഴും, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ജന്മനക്ഷത്രവും വിദ്യാരംഭത്തിന് വര്‍ജ്ജ്യങ്ങളാകുന്നു. ക്ഷേത്രത്തില്‍ വെച്ച്, സകലപൂജാദികര്‍മ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്‍റെ ജന്മനക്ഷത്രം വര്‍ജ്ജ്യമല്ല. വിജയ ദശമി ദിവസവും ജന്മനക്ഷത്രം നോക്കേണ്ടതില്ല.

പൂജ വയ്ക്കുന്ന രീതി എന്താണ് ?
ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തികവും ഇടണം (വ്യത്യസ്തമായി ചെയ്യുന്നവരും ഉണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ സമര്‍പ്പിക്കാം. വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെക്കാം. ക്ഷേത്രങ്ങളില്‍ പൂജവെക്കുന്നവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും നടത്തേണ്ടതാകുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ചടങ്ങുകളൊക്കെ പരിമിതമായിരിക്കാം. ആകയാൽ സർക്കാർ നിർദ്ദേശം പാലിക്കേണ്ടതാണ്.

ദേവിയുടെ മന്ത്രങ്ങള്‍ അറിയാത്തവര്‍ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം. ക്ഷേത്രദര്‍ശനസമയത്തും ജപിക്കാവുന്നതാണ്.

ഗായത്രീമന്ത്രം
ഓം ഭൂര്‍ ഭുവ സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്

(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത്‌ മാത്രമല്ല,
നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാല്‍ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).

സരസ്വതി പ്രാര്‍ത്ഥനാമന്ത്രം
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ”

സരസ്വതി ധ്യാനം
യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദ്ദേവൈ:
സദാ പൂജിതാ സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ
ശ്രീ മഹാസരസ്വത്യെ നമഃ

സരസ്വതി മൂലമന്ത്രം
ഓം സം സരസ്വത്യെ നമഃ

സരസ്വതീഗായത്രി
“ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്ര്യെ ധീമഹി
തന്വോ സരസ്വതി: പ്രചോദയാത്”

സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രമോ ധ്യാനമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കില്‍ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്.

വിദ്യാലാഭമന്ത്രം
വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാം. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാന്‍ തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാര്‍ച്ചനകള്‍ക്കായി മിക്ക കര്‍മ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന ഈ മന്ത്രമാണ്:

ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:
അമീഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം

പൂജയെടുക്കേണ്ടത് എങ്ങനെ ?
2023 ഒക്ടോബര്‍ 24 (1199 തുലാം 7 ) വിജയദശമി നാൾ രാവിലെ പൂജാദികർമ്മങ്ങൾക്കുശേഷം പൂജയെടുക്കാം. പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണ നല്‍കി വാങ്ങണം. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഇരുന്ന് മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മഃ അവിഘ്നമസ്തു എന്നും പിന്നെ അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്‍ന്ന് ദേവിയുടെ അനുവാദവും ആശീര്‍വാദവും വാങ്ങി വീടുകളിലേക്ക്‌ മടങ്ങണം.

പൂജവയ്പ്പ്
2023 ഒക്ടോബര്‍ 22 (1199 തുലാം 5) ഞായറാഴ്ച: ദുർഗ്ഗാഷ്ടമി (ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെയ്പ്പ്)

ആയുധപൂജ
2023 ഒക്ടോബര്‍ 23 (1199 തുലാം 6) ബുധനാഴ്ച: മഹാനവമി, ആയുധപൂജ (വൈകിട്ട്)

പൂജയെടുപ്പ്, വിദ്യാരംഭം
2023 ഒക്ടോബര്‍ 24 (1199 തുലാം 7 ചൊവ്വാഴ്ച: വിജയദശമി, പൂജയെടുപ്പ് (രാവിലെ), പൂജയെടുപ്പിനുശേഷം വിദ്യാരംഭം.

ഏവര്‍ക്കും നവരാത്രി, വിജയദശമി ആശംസകള്‍ നേര്‍ന്നുകൊണ്ട്,

അനിൽ വെളിച്ചപ്പാട്
ഉത്തരാ അസ്ട്രോ റിസർച്ച് സെന്റർ
കരുനാഗപ്പള്ളി, കൊല്ലം
Visit: https://uthara.in/

error: Content is protected !!