Friday, 22 Nov 2024
AstroG.in

പൂജവയ്പ്, പൂജയെടുപ്പ്, വിദ്യാരംഭം; അറിയേണ്ടതെല്ലാം

അനില്‍ വെളിച്ചപ്പാടന്‍
കന്നിമാസത്തിൽ ശുക്ലപക്ഷത്തിൽ, വെളുത്ത വാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലത്ത് ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറുനാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിദ്യാരംഭത്തിന്
ഉത്തമമായ വിജയദശമി. ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന്റെ തലേദിവസമായിരിക്കും വിജയദശമി. ചില വര്‍ഷങ്ങളില്‍ വിജയദശമി വരുന്നത് അടുത്ത മാസത്തിലുമാകാം. 2015 ൽ വിജയദശമി തുലാം മാസത്തിലായിരുന്നു. 2018 ൽ വിദ്യാരംഭവും തുലാം മാസത്തിലായിരുന്നു. 2019 നു വിദ്യാരംഭം കന്നിമാസത്തിലായിരുന്നു. ഇത്തവണ നവരാത്രി ആരംഭം തന്നെ തുലാമാസത്തിലാണ്. അതിനുശേഷം വരുന്ന പൂജവയ്പ്പ്, മഹാനവമി, ആയുധപൂജ, പൂജയെടുപ്പ്, വിദ്യാരംഭം, വിജയദശമി എന്നിവയെല്ലാം ഈ വർഷം തുലാമാസത്തിലാണ്.

എന്തുകൊണ്ട് തുലാമാസത്തിൽ?
ഈരണ്ടുപർവ്വം വരികിലർക്കമാസേ…. എന്ന
പ്രമാണ പ്രകാരം കന്നിയിൽ രണ്ട് കറുത്ത വാവുകൾ സംഭവിച്ചതിനാൽ മുഹൂർത്തവിഷയങ്ങളിലെ വിശേഷകർമ്മങ്ങൾ അടുത്ത മാസമായ തുലാത്തിൽ ചെയ്യേണ്ടതാണ്. കേന്ദ്രഭാവത്തിലെ ബുധ – ശുക്ര സ്ഥിതിയും രണ്ടാം ഭാവത്തിലെ വ്യാഴസ്‌ഥിതിയും
ഈ മൂന്ന് ഗ്രഹങ്ങൾക്കും മൗഢ്യമോ ബലക്കുറവോ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ ഇത് സാരസ്വതയോഗകാലവും വിദ്യാരംഭത്തിന് അത്യുത്തമവും ആകുന്നു (“ശുക്രവാക്പതി സുധാകരാന്മജൈ…… സരസ്വതീരിതാ”). നിർഭാഗ്യവശാൽ ഇങ്ങനെയൊരു ഗ്രഹസ്‌ഥിതി ഈ വർഷമില്ല. ബുധന് മൗഢ്യമുള്ളപ്പോൾ വിദ്യാരംഭ ദിനത്തിൽ ഒഴികെ വിദ്യാരംഭം ചെയ്യാൻ പാടുള്ളതല്ല.
2020 ഒക്ടോബർ 31, തുലാം 15 രാത്രി 11.16 വരെ ബുധമൗഢ്യമുണ്ട്.

പൂജവയ്പ്പ് അഷ്ടമി തിഥിയിൽ
പൂജവയ്ക്കുന്നത് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസവും പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാണ്. പൂജയെടുപ്പ് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും നാലാം ദിവസമാണ്. ക്ഷേത്രങ്ങളിൽ പൂജവയ്പ്പ്, വിദ്യാരംഭം എന്നിവ ചെയ്യാൻ അത്ര അനുകൂലമല്ലാത്ത
സാഹചര്യമായതിൽ വിദ്യാർത്ഥികൾ സ്വന്തം വീട്ടിൽ പുസ്തകങ്ങൾ പൂജവയ്ക്കണം.

ഏത് പ്രായത്തില്‍ വിദ്യാരംഭം നടത്താം?
രണ്ടര വയസ്സ് കഴിഞ്ഞാല്‍ ശുഭമുഹൂര്‍ത്തത്തില്‍ വിദ്യാരംഭം നടത്താമെന്നാണ് മിക്ക ആചാര്യന്മാരും‌
നിർദ്ദേശിക്കുന്നത്. ബുദ്ധി ഉറച്ചുവരുമ്പോള്‍ പഠിക്കുന്ന ശീലങ്ങള്‍ക്ക്‌ അടുക്കും ചിട്ടയുമുണ്ടാകും എന്നതാണ് അതിന്‍റെ നല്ല വശം. അതിനാല്‍ രണ്ടരവയസ്സ് മുതല്‍ വിദ്യാരംഭം നടത്താം. വിദ്യാരംഭം നടത്തിയാൽ ചിട്ടയായ പഠനം ബുദ്ധിപരമായി അവർക്ക് നൽകാൻ രക്ഷകർത്താക്കൾ ശ്രമിക്കണം.ചിട്ടയായ വിദ്യാഭ്യാസം ഒരു വ്യക്തിയെ നല്ല മനുഷ്യരാക്കി മാറ്റും.

എന്താണ് വിദ്യാരംഭം?
വരദയും കാമരൂപിണിയുമായ വിദ്യാദേവതയെ പ്രീതിപ്പെടുത്തുന്നത് വിദ്യാലാഭം കാംക്ഷിക്കുന്നവര്‍ക്ക് അത്യന്താപേക്ഷിതമാണ്. നമ്മുടെ സാംസ്കാരിക ബോധത്തിന് അടിത്തറയിടുന്നത് സരസ്വതീ ഉപാസനയിലൂടെയാണ്. സരസ്വതീ കടാക്ഷമുള്ള ആചാര്യനോ ശ്രീവിദ്യാ ഉപാസകനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നല്‍കാന്‍ അര്‍ഹതയുള്ളവരാണ്. എന്നാല്‍ പരസ്പരം ഷഷ്ഠാഷ്ടമം വരുന്ന കൂറുകാര്‍ എഴുതിക്കാൻ പാടില്ല (മേടം – വൃശ്ചികം കൂറുകള്‍ തമ്മിലും, തുലാം – ഇടവം എന്നീ കൂറുകള്‍ തമ്മിലും
ഈ ദോഷം പറയാൻ പാടില്ല.)

വിജയദശമിക്ക് മുഹൂർത്തം നോക്കണ്ട
വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെ വീട്ടിലും ക്ഷേത്രങ്ങളിലും കുഞ്ഞുങ്ങളെ എഴുത്തിനിരുത്താം. മറ്റ് ദിവസങ്ങളില്‍ മുഹൂര്‍ത്തം നോക്കി വിദ്യാരംഭം നടത്താം. വീട്ടിൽ അല്ലെങ്കിൽ സരസ്വതി ക്ഷേത്രങ്ങള്‍, ഗണപതിക്ഷേത്രങ്ങള്‍, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങള്‍, ദക്ഷിണാമൂര്‍ത്തിസങ്കല്പമുള്ള ക്ഷേത്രങ്ങള്‍, സരസ്വതി പൂജകളും ദക്ഷിണാമൂര്‍ത്തി പൂജകളും കൊണ്ട് പ്രസാദിച്ചു നില്‍ക്കുന്ന ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ വിദ്യാരംഭം നടത്തുന്നത് ഐശ്വര്യദായകമാണ്. നിത്യപൂജയുള്ള പവിത്രമായ ക്ഷേത്രത്തില്‍ ചെയ്യുന്ന കര്‍മ്മഫലം മറ്റെവിടെയും ലഭിക്കില്ല. അതിനാൽ മന്ത്രോച്ചാരണം കൊണ്ട് മുഖരിതമായ ക്ഷേത്രാങ്കണത്തില്‍ നടത്തുന്ന ശുഭകര്‍മ്മമാകും എപ്പോഴും അത്യുത്തമം.
ഓഫീസുകളിലും കച്ചവട താല്പര്യത്തോടെ നടത്തുന്ന സ്ഥാപനങ്ങളിലും പ്രത്യേകം ഒരുക്കുന്ന ഓഡിറ്റോറിയങ്ങളിലും വിദ്യാരംഭം കുറിക്കരുത്. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ സ്വന്തം വീട്ടിൽ തന്നെ വിജയദശമി ദിവസമായ ഒക്ടോബർ 26 തിങ്കൾ രാവിലെ 06.30 മുതല്‍ 09.00 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ വിദ്യാരംഭം നടത്തുന്നതാണ് കുഞ്ഞിന്റെയും രക്ഷിതാക്കളുടെയും സുരക്ഷയ്ക്ക് ഉത്തമം.

വിദ്യാരംഭം എങ്ങനെ വേണം ?
ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍
നിറച്ച അരിയില്‍ കുഞ്ഞിന്റെ വിരല്‍പിടിച്ച് ഹരിശ്രീഗണപതയെനമ: എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതുന്നതാണ് വിദ്യാരംഭം. മദ്യപന്മാരെക്കൊണ്ടും നല്ല പരിചയം ഇല്ലാത്തവരെക്കൊണ്ടും മോശം സ്വഭാവക്കാരെ
കൊണ്ടും വിദ്യാരംഭം കുറിപ്പിക്കരുത്.

വീട്ടിൽ വിദ്യാരംഭം നടത്തുമ്പോൾ നിലവിളക്ക് കൊളുത്തി, ഗണപതിയൊരുക്ക് വച്ച്, പാത്രത്തില്‍ അരിയും നാണയവുമിട്ട്, വിരല്‍ പിടിച്ച് ആദ്യാക്ഷരങ്ങള്‍ കുറിപ്പിക്കാവുന്നതാണ്. കുഞ്ഞുങ്ങളെ ക്ഷേത്രത്തില്‍ തന്നെ വിദ്യാരംഭം ചെയ്യിക്കണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല.

ക്ഷേത്രത്തില്‍ നടത്തുമ്പോൾ
ക്ഷേത്രത്തില്‍ രക്ഷിതാക്കൾ ആവശ്യപ്പെടുന്ന ഉത്തമ വ്യക്തികളെക്കൊണ്ട് ചില ക്ഷേത്രഭാരവാഹികളും ശാന്തിക്കാരും എഴുത്തിനിരുത്താറില്ല. ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ അറിവിൽ കൊല്ലം ജില്ലയിലെ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ മാത്രമാണ് രസീത് എഴുതി ഭക്തർക്ക് അവരുടെ ബന്ധുവിനെക്കൊണ്ട് വിദ്യാരംഭം കുറിപ്പിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കാറുള്ളത്.

പൂജവയ്പ്പ്, പൂജയെടുപ്പ്, വിദ്യാരംഭം
2020 ഒക്ടോബര്‍ 23, 1196 തുലാം 07 വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവയ്ക്കാം. കാരണം, വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസം പൂജവയ്ക്കേണ്ടതാണ്. എന്നാല്‍ അങ്ങനെ വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന് മുമ്പുള്ള ദിവസം പൂജവയ്ക്കാൻ എടുക്കണം. മുന്‍കാലങ്ങളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഈ വര്‍ഷവും പൂജയെടുപ്പ് കഴിഞ്ഞ വർഷത്തെപ്പോലെ നാലാം ദിവസമാണ്. 2020 ഒക്ടോബര്‍ 26 തിങ്കളാഴ്ചയാണ് വിജയദശമി. അന്ന് രാവിലെയാണ് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. വിദ്യാരംഭത്തിന് രാവിലെ 6.30 മുതൽ 09.00 വരെ ശുഭപ്രദം. ആദ്യയാത്രയുടെ ആരംഭത്തിൽ മാത്രമാണ് രാഹുകാലം പൊതുവെ നോക്കാറുള്ളത്. അതിനാൽ വിദ്യാരംഭ കാലത്ത് രാഹുകാലം നോക്കേണ്ടതില്ല.

മുഹൂര്‍ത്ത നിയമങ്ങള്‍
കുജനിവാരങ്ങളോ ബുധമൗഢ്യമോ പാടില്ല. അഷ്ടമത്തില്‍ ചൊവ്വയോ, രണ്ടില്‍ പാപനോ, അഞ്ചില്‍ പാപനോ ഉള്ള രാശികള്‍ പാടില്ല. ശുഭനക്ഷത്രം ആയിരിക്കണം. അങ്ങനെ വരുമ്പോൾ
ഈ വര്‍ഷത്തെ വിദ്യാരംഭം ഉത്തമ മുഹൂർത്തത്തിൽ ഉൾപ്പെടുത്താനാവില്ല. എന്നാൽ വിജയദശമി ആയതിനാൽ മുഹൂർത്തദോഷം ചിന്തിക്കേണ്ടതില്ല.

വിദ്യാരംഭത്തിന് തിരുവാതിരയും ഊണ്‍നാളുകളായ അശ്വതി, രോഹിണി, മകയിരം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി (16 എണ്ണം) എന്നീ നക്ഷത്രങ്ങളിലും വിദ്യാരംഭം നടത്താം. നവമിതിഥിയും കൊള്ളാം.

രാത്രിയെ മൂന്നായി ഭാഗിച്ചാല്‍ അതിന്‍റെ ആദ്യ രണ്ടു ഭാഗങ്ങളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം രാശികളും, ബുധന് മൗഢ്യം ഉള്ളപ്പോഴും, മുഹൂര്‍ത്ത രാശിയുടെ അഷ്ടമത്തില്‍ ചൊവ്വ ഉള്ളപ്പോഴും, രണ്ടിലും അഞ്ചിലും പാപന്മാര്‍ ഉള്ളപ്പോഴും തിങ്കൾ, ചൊവ്വ, ശനി ദിവസവും ജന്മനക്ഷത്രവും വിദ്യാരംഭത്തിന് വര്‍ജ്ജ്യങ്ങളാകുന്നു. വിദ്യാരംഭത്തിന്‍റെ അടുത്ത ദിവസം സാദ്ധ്യായ ദിവസവും ആയിരിക്കണം.

ജന്മനക്ഷത്രം കൊള്ളാമോ?
ക്ഷേത്രത്തില്‍ വച്ച്, സകലപൂജാദികര്‍മ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്‍റെ ജന്മനക്ഷത്രം വര്‍ജ്ജ്യമല്ല. മാത്രവുമല്ല, ഈ വര്‍ഷത്തെ വിദ്യാരംഭ മുഹൂര്‍ത്തം അത്യുത്തമം അതിനാല്‍ ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ ഈ വര്‍ഷം ചതയം നക്ഷത്രക്കാര്‍ക്കും വിദ്യ ആരംഭിക്കാം.

വീട്ടിലെ പൂജാരീതി
ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വയ്ക്കണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തികവും ഇടണം (വ്യത്യസ്തമായി ചെയ്യുന്നവരുമുണ്ട്). നടുക്ക് സരസ്വതീദേവിക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിക്കും ദക്ഷിണാമൂര്‍ത്തിക്കും പൂജ വേണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ സമര്‍പ്പിക്കാം. വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്രം തുറക്കുമ്പോൾ മുതല്‍ പൂജവയ്ക്കാം. ക്ഷേത്രങ്ങളില്‍ പൂജവയ്ക്കുന്നവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും നടത്തണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ചടങ്ങുകൾ പരിമിതമായിരിക്കാം.

ദേവിയുടെ മന്ത്രങ്ങള്‍ അറിയാത്തവര്‍ ഈ ദിവസങ്ങളില്‍ ഗായത്രീമന്ത്രം ജപിക്കുന്നത് അത്യുത്തമമാണ്. 108 വീതം രാവിലെയും വൈകിട്ടും
കുളിച്ച് ശുദ്ധമായി ഭക്തിയോടെ ഗായത്രീ മന്ത്രം ജപിക്കാം. ക്ഷേത്രദര്‍ശനസമയത്തും ജപിക്കാം.

ഗായത്രീമന്ത്രം
ഓം ഭൂര്‍ ഭുവ സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്

(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത്‌ മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാല്‍ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).

സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രം
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ

സരസ്വതീദേവിയുടെ ധ്യാനം
യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദ്ദേവൈ:
സദാ പൂജിതാ സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ
ശ്രീ മഹാസരസ്വത്യെ നമഃ”

സരസ്വതീദേവിയുടെ മൂലമന്ത്രം
ഓം സം സരസ്വത്യെ നമഃ

സരസ്വതീഗായത്രി
ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്ര്യെ ധീമഹി
തന്വോ സരസ്വതി: പ്രചോദയാത്

(സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രമോ ധ്യാനമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കില്‍ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്.
വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാന്‍ തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാര്‍ച്ചനകള്‍ക്കായി മിക്ക കര്‍മ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന മന്ത്രമാണ്.)

വിദ്യാലാഭമന്ത്രം
ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:
അമീഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം

തീയതികള്‍
2020 ഒക്ടോബര്‍ 23 (1196 തുലാം 07) വെള്ളി: ദുർഗ്ഗാഷ്ടമി (ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവയ്പ്പ്)
2020 ഒക്ടോബര്‍ 24 (1196 തുലാം 08) ശനി: മഹാനവമി, ആയുധപൂജ (വൈകിട്ട്)
2020 ഒക്ടോബര്‍ 26 (1196 തുലാം 10) തിങ്കൾ: വിജയദശമി, പൂജയെടുപ്പ് (രാവിലെ), പൂജയെടുപ്പിനുശേഷം വിദ്യാരംഭം.
പൂജ വയ്പ്പ് ഒക്ടോബർ 23 വെള്ളി, വൈകിട്ട്
പൂജയെടുപ്പ്, വിദ്യാരംഭം ഒക്ടോബർ 26 തിങ്കൾ
രാവിലെ 06.30 മുതൽ 09.00 വരെ ശുഭകരം

പൂജയെടുപ്പ് ദിവസം ചെയ്യേണ്ടത്
പൂജയെടുപ്പ് ദിവസം പൂജ വച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണയും നല്‍കി വാങ്ങണം. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഇരുന്ന് മണ്ണിലോ അരിയിലോ
ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്നമസ്തു
എന്നും പിന്നെ അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്‍ന്ന്, ദേവിയുടെ അനുവാദവും ആശീര്‍വാദവും വാങ്ങണം.
ഏവര്‍ക്കും നവരാത്രി, വിജയദശമി ആശംസകള്‍.

അനില്‍ വെളിച്ചപ്പാടന്‍
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
കരുനാഗപ്പള്ളി, കൊല്ലം-ജില്ല

91 9497 134 134
ഫോൺ : 0476-296 6666.
Visit: https://uthara.in/
Follow: https://www.facebook.com/anilvelichappadan
Like: https://www.facebook.com/uthara.astrology/

(വിദ്യാരംഭത്തിനുള്ള മുഹൂര്‍ത്തം എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്‍റെ വെബ്സൈറ്റില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്:
https//uthara.in/muhoortham/
ലേഖനം പൂർണ്ണമായി വായിക്കാൻ:
https://uthara.in/vidyarambham-2020/ )

error: Content is protected !!