Friday, 20 Sep 2024
AstroG.in

പെട്ടെന്ന് വിവാഹം നടക്കാനും ദാമ്പത്യകലഹം തീരാനും 12 തിങ്കളാഴ്ചവ്രതം മതി

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ദാമ്പത്യഭദ്രതയ്ക്കും ഇഷ്ടവിവാഹ ലബ്ധിക്കും വിവാഹ തടസം മാറുന്നതിനും ഉമാമഹേശ്വര പ്രീതി ഏറെ ഫലപ്രദമാണ്. പാർവ്വതീസമേതനായി മഹാദേവനെ ആരാധിക്കുന്ന പവിത്രമായ സങ്കല്പമാണ് ഉമാമഹേശ്വര സങ്കല്പം. ഇതിലുപരിയാണ് അർദ്ധനാരീശ്വര സങ്കല്പം. പകുതി മഹാദേവനും പകുതി ശ്രീപാർവ്വതിയുമായ രൂപം പുരുഷപ്രകൃതി സംയോഗത്തിന്റെ പ്രതീകമാണ്. ശ്രീപാർവ്വതി ശിവന്റെ മടിയിൽ ഇരിക്കുന്നതാണ് ഉമാ മഹേശ്വര സങ്കല്പം. സ്വയംവര പാർവതിയാണ് മറ്റൊരു ശിവ പാർവ്വതീ സങ്കല്പം. ശിവനെ വരിക്കാൻ വരണമാല്യവുമായി സമീപിക്കുന്ന ദേവീരൂപമാണിത്. മംഗല്യ സിദ്ധിക്കാണ് ഈ രൂപത്തിൽ ദേവിയെ ആരാധിക്കുന്നത്.

ഇത്തരത്തിലുള്ള ശിവപാര്‍വ്വതീ പ്രീതി നേടാൻ സഹായിക്കുന്ന ഏറ്റവും ഉത്തമമായ കർമ്മമാണ് തിങ്കളാഴ്ച വ്രതാനുഷ്ഠാനം. അതിരാവിലെ കുളിച്ച് വെളുത്തവസ്ത്രം ധരിച്ച് ഭസ്മം ധരിച്ച് ഓം നമ:ശിവായ എന്ന മന്ത്രം ജപിച്ച് കഴിവിനൊത്ത വിധം ശിവഭജനം ചെയ്യുക. ജലപാനം വരെ ഒഴിവാക്കി പൂർണ്ണ ഉപവാസം സ്വീകരിച്ചാൽ വ്രതം പൂർത്തിയാക്കിയാൽ എത്രയും പെട്ടെന്ന് ഫലം ലഭിക്കും. ആരോഗ്യപരമായി സാധിക്കാത്തവര്‍ ഒരിക്കലൂണായി വ്രതമെടുക്കണം. സന്ധ്യയ്ക്ക് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കണം. യോഗ്യരായ സജ്ജനങ്ങള്‍ക്ക് ദക്ഷിണ നൽകി തീര്‍ത്ഥം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം.

ശിവപുരാണ പാരായണം, ശിവസഹസ്രനാമജപം എന്നിവ നല്ലതാണ്. ശിവക്ഷേത്രത്തിൽ തിങ്കളാഴ്ച 3 നേരവും പൂജയിൽ പങ്കടുക്കുന്നത് നന്നായിരിക്കും. ജലധാര, ഭസ്മാഭിഷേകം, കൂവളത്തിലകൊണ്ട് അര്‍ച്ചന എന്നിവ വഴിപാടായി നടത്തണം. 12 തിങ്കളാഴ്ച വ്രതമെടുക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും ശിവനും പാര്‍വ്വതിയും പരിഹരിക്കും. വിവാഹതടസം അനുഭവിക്കുന്നവര്‍ക്ക് വേഗം വിവാഹം നടക്കാൻ തിങ്കളാഴ്ച വ്രതം ഉത്തമമാണ്. ദാമ്പത്യ ഐക്യത്തിനും ദാമ്പത്യകലഹം അകലാനും ഇഷ്ടകാര്യ വിജയത്തിനും ഇഷ്ട വിവാഹലബ്ധിക്കും തിങ്കളാഴ്ച വ്രതപുണ്യം സഹായിക്കും. വ്രതം എടുക്കുമ്പോൾ മന:ശുദ്ധിയുണ്ടാകണം. വ്രതവിധിയിൽ ഏറ്റവും പ്രധാനം ഇത് തന്നെയാണ്. മന‌സിനെയും ചപല വികാരങ്ങളെയും അടക്കി നിറുത്തി ഏകാഗ്രമായി പരംപൊരുളിനോട് കുറച്ചു നേരം ചേര്‍ന്നു നില്ക്കുമ്പോള്‍ ലഭിക്കുന്ന ഈശ്വര ചൈതന്യമാണ് വ്രതപുണ്യം.

വ്രതമെടുക്കുന്നവർ ബ്രഹ്മചര്യം പാലിക്കണം. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ശാരീരിക ബന്ധം ഒഴിവാക്കുക മാത്രമല്ല. വിഷയ ചിന്തകളും സംസാരവും വരെ ഒഴിവാക്കണം. വെറുതെ ഉപവസിച്ചത് കൊണ്ട് മാത്രം യാതൊരു കാര്യവുമില്ല. സദ് ചിന്ത, പരമാവധി പ്രാര്‍ത്ഥന, തികഞ്ഞ ശ്രദ്ധ എന്നിവ ഉണ്ടെങ്കിലേ വ്രതം കൊണ്ട് പൂർണ്ണ ഫലമുണ്ടാകൂ. ശ്രദ്ധയില്ലാതെ ചെയ്യുന്ന 1000 മന്ത്രജപത്തേക്കാൾ ശ്രദ്ധയോടെ ചെയ്യുന്ന എട്ട് മന്ത്രജപത്തിന് അസാമാന്യ ശക്തിയുണ്ട്. മന്ത്രങ്ങള്‍ ഗുരുമുഖത്ത് നിന്നും സ്വീകരിക്കുന്നതും സ്‌തോത്രങ്ങളും സ്തുതികളും തെറ്റുകൂടാതെ ചൊല്ലുന്നതും വ്രതത്തിനോടൊപ്പം ചെയ്യാവുന്നതാണ്. സ്‌തോത്രങ്ങള്‍ക്ക് മന്ത്രോപദേശം നിര്‍ബന്ധമില്ല.

– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

error: Content is protected !!