Saturday, 23 Nov 2024
AstroG.in

പേരും പെരുമയും ഐശ്വര്യവും സമ്മാനിക്കുന്ന ഷഷ്ഠിവ്രതം ഇതാ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ധനുമാസത്തിലെ വെളുത്ത പക്ഷ ഷഷ്ഠി നാളില്‍ സുബ്രഹ്മണ്യസ്വാമിയെ ഉപാസിച്ചാൽ പേരും പെരുമയും ഐശ്വര്യവും ലഭിക്കും. 2022 ജനുവരി 8 നാണ് ഈ ഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം എന്നാണ് ഈ ഷഷ്ഠി സംബന്ധിച്ച ഐതിഹ്യം. സുബ്രഹ്മണ്യപ്രീതിക്കുള്ള ഏറ്റവും പ്രശസ്തവും അത്ഭുതഫല സിദ്ധിയുള്ളതുമായ വ്രതമാണ് ഷഷ്ഠിവ്രതം. ഷഷ്ഠി ദിവസം ചെയ്യുന്ന ഏത് പ്രാർത്ഥനയ്ക്കും ക്ഷിപ്രഫലസിദ്ധിയുണ്ട്.

ബ്രഹ്മാവിനെ അപമാനിച്ചതിന്റെ പാപ പരിഹാരത്തിന് സുബ്രഹ്മണ്യൻ നാഗരൂപത്തിൽ വർഷങ്ങളോളം തപസ്‌ ചെയ്തു. ദുഃഖിതയായ പാർവ്വതി ദേവി ശിവ ഭഗവാന്റെ നിർദ്ദേശപ്രകാരം 108 ഷഷ്ഠി വ്രതം നോറ്റ് ധ്യാനത്തിൽ മുഴുകി. അമ്മയുടെ ദുഃഖവും വ്രതചര്യയും കണ്ട മുരുകൻ തപസ്‌ അവസാനിപ്പിച്ച് വിഷ്ണുവിന്റെ അനുഗ്രഹത്താൽ സ്വരൂപം സ്വീകരിച്ച് കൈലാസത്തിലേക്ക് തിരിച്ചുചെന്നു എന്ന് വിശ്വാസം. അന്നു മുതൽ സുബ്രഹ്മണ്യപ്രീതിക്ക് ഷഷ്ഠിദിനം വ്രതം സ്വീകരിക്കുവാൻ ശിവൻ നിർദ്ദേശിച്ചു.

ഷഷ്ഠി വ്രതം നോൽക്കുന്നവർ തലേദിവസം മുതൽ വ്രതം തുടങ്ങണം. ഷഷ്ഠി ദിവസം പൂർണ്ണ ഉപവാസം ഏറ്റവും ഉത്തമം. സാധിക്കുന്നവർ അങ്ങനെ ചെയ്യുക. പറ്റാത്തവർ യഥാശക്തി അനുഷ്ഠിക്കുക. പഴവർഗ്ഗങ്ങൾ മാത്രമായോ, ലഘുഭക്ഷണം എന്ന രീതിയിലോ വ്രതം ആചരിക്കാം. മത്സ്യമാംസാദി ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കണം. ജലപാനം വരെ ഒഴിവാക്കി പൂർണ്ണ ഉപവാസമായി വ്രതം എടുക്കുന്നവർ ധാരാളമുണ്ട്. ഈ ദിനം പരമാവധിസമയം ക്ഷേത്രത്തിൽ തന്നെ കഴിയണം. മുരുകമന്ത്രങ്ങൾ, സ്തോത്രങ്ങൾ ജപിക്കുക. സ്‌കന്ദപുരാണം പാരായണം ഉത്തമം.

ഷഷ്ഠിനാളിൽ തുടങ്ങി 27 ദിവസം ഓം വചത്ഭുവേന നമഃ എന്ന മൂലമന്ത്രം 108 വീതം രണ്ട് നേരം ജപിച്ചാൽ കാര്യസിദ്ധിയാണ് ഫലം. അന്ന് തുടങ്ങി 28 ദിവസം 84 വീതം രണ്ട് നേരം ഓം സ്‌കന്ദായ നമഃ എന്ന മന്ത്രം ജപിച്ചാൽ ശത്രുദോഷ ശാന്തിയുണ്ടാകും. ഭാഗ്യം തെളിയുന്നതിന് ഈ ദിവസം തുടങ്ങി 41 ദിവസം 64 തവണ വീതം രണ്ട് നേരം ഓം ഇന്ദ്രായ നമഃ ജപിക്കണം. ഓം സനത്കുമാരായ നമഃ എന്ന മന്ത്രം ഷഷ്ഠി ദിവസം മുതൽ 108 തവണ വീതം 2 നേരം 41 ദിവസം ജപിച്ചാൽ ഭാഗ്യം തെളിയുന്നതിനും കാര്യവിജയത്തിനും ഗുണകരം.

സുബ്രഹ്മണ്യപ്രീതിക്ക് നടത്താവുന്ന വഴിപാടുകൾ ഇനി പറയുന്നവയാണ്: ധനാഭിവൃദ്ധിക്ക് നെയ്‌വിളക്ക്, ഭാഗ്യവർദ്ധനവിന് ത്രിമധുരം, ദൃഷ്ടിദോഷങ്ങൾ മാറാൻ നാരങ്ങാമാല, രോഗശാന്തിക്ക് പാൽ അഭിഷേകം, കാര്യവിജയത്തിന് മഞ്ഞപ്പട്ട് ചാർത്തൽ, അംഗീകാരം, ജനനേതൃത്വം ലഭിക്കാൻ കളഭാഭിഷേകം, പാപങ്ങൾ ശമിക്കാൻ ഭസ്മാഭിഷേകം, കാര്യവിജയത്തിന് കാവടി.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary : Significance and Benefits of Dhanu Masa Shashi Vritham
Copyright 2022 Neramonline.com. All rights reserved

error: Content is protected !!