പൈങ്കുനി ഉത്രം ദാമ്പത്യ ദുരിതവും ശനിദോഷങ്ങളും അകറ്റും
മീനമാസത്തില്‍ ഉത്രവും പൗര്‍ണ്ണമിയും ചേര്‍ന്നു വരുന്ന പൈങ്കുനി ഉത്രം മുരുകനും അയ്യപ്പനും ഒരേ പോലെ വിശേഷ ദിവസമാണ്. ഈ ദിവസം നടത്തുന്ന ഉപാസനകള്‍ക്ക് അയ്യപ്പന്റെയും മുരുകന്റെയും അനുഗ്രഹം ലഭിക്കും. ഉത്രവും പൗര്‍ണ്ണമിയും രണ്ടു ദിവസങ്ങളിലായി വന്നാല്‍ ഉത്രം നക്ഷത്ര ദിവസമാണ് ആചരിക്കുന്നത്.
വിവാഹം വൈകുന്നവര്‍ക്കും ദാമ്പത്യ ദുരിതം അനുഭവിക്കുന്നവര്‍ക്കും പൈങ്കുനി ഉത്രത്തിലെ ഉപാസന അതിവേഗം സദ്ഫലം നല്‍കും. ശനി ദുരിതങ്ങള്‍ ഒഴിവാക്കുന്നതിനും പൈങ്കുനി ഉത്ര വ്രതം നല്ലതാണ്. അയ്യപ്പന്റെ ജന്മദിനമായതിനാലാണ് ഫാല്‍ഗുന മാസത്തിലെ പൈങ്കുനി ഉത്രം ശബരിമല ആറാട്ടു ദിവസമായത്. ഈ വര്‍ഷം കോവിഡ് 19 കൊണ്ടു മാത്രമാണ് ഏപ്രിൽ 7 ചൊവ്വാഴ്ച പമ്പയിൽ നടക്കേണ്ട അയ്യപ്പന്റെ ആറാട്ടുത്സവം മുടങ്ങിയത്. മുന്‍ വര്‍ഷങ്ങളില്‍ ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പിറന്നാള്‍ സദ്യ നല്‍കുമായിരുന്നു. ഉദയാസ്തമയ പൂജ, ലക്ഷാര്‍ച്ചന, കളഭാഭിഷേകം, പടിപൂജ എന്നിവയോടെയാണ് ശബരിമലയില്‍ പൈങ്കുനി ഉത്രം ആഘോഷിച്ചു വന്നത്.
സാധാരണ പൈങ്കുനി ഉത്രം ദിവസം എല്ലാ ധര്‍മ്മശാസ്താ ക്ഷേത്രങ്ങളിലും വിശേഷ വഴിപാടുകളും പൂജകളും പതിവാണ്. ഇത്തവണ അതിന് പറ്റാത്തതു കൊണ്ട് ഏപ്രിൽ 7 ന്വീട്ടിലിരുന്ന് ശാസ്താ പ്രീതികരമായ മന്ത്രങ്ങള്‍ ജപിക്കണം. ശനിദോഷ പരിഹാരത്തിനും കാര്യസിദ്ധിക്കും ശാസ്താ ഉപാസന ഉത്തമമാണ്. ശനിയുടെ അധിദേവത കലിയുഗ വരദനായ അയ്യപ്പ സ്വാമിയാണ്. ക്ഷേത്രത്തിൽ നീരാജനം കത്തിക്കുന്നതും എള്ളുപായസം നേദിക്കുന്നതും നീലശംഖുപുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നതും നീലയോ കറുപ്പോ വസ്ത്രം ധരിക്കുന്നതും ശനി ദോഷ നിവാരണത്തിന് നല്ലതാണ്. ദാമ്പത്യ ദുരിതങ്ങള്‍ അനുഭവിക്കുന്ന ദമ്പതികള്‍ പൈങ്കുനി ഉത്രം ദിവസം ഒന്നിച്ചിരുന്ന് പ്രാര്‍ത്ഥിക്കുന്നത് ആശ്വാസമേകും.
പഴനി ഉള്‍പ്പെടെ എല്ലാ മുരുകക്ഷേത്രങ്ങളിലും പൈങ്കുനി ഉത്രം ആഘോഷിക്കാറുണ്ട്. അന്ന് സുബ്രഹ്മണ്യ പ്രീതിക്ക് വ്രതം അനുഷ്ഠിക്കുന്നവര്‍ തലേന്ന് മുതല്‍ മത്സ്യമാംസാദികള്‍ ത്യജിച്ച് ലഘു ഭക്ഷണചര്യ പാലിക്കണം. ഉത്രം ദിവസം പുലര്‍ച്ചെ ഉണര്‍ന്ന് കുളിച്ച് ഭക്തിപൂർവം സുബ്രഹ്മണ്യ മന്ത്രങ്ങള്‍ ജപിക്കണം. പകല്‍ ഉറങ്ങരുത്. വൈകിട്ട് വീണ്ടും കുളിച്ച് മന്ത്രജപം നടത്തണം. അന്ന് മുഴുവന്‍ വ്രതനിഷ്ഠയോടെ കഴിഞ്ഞ് പിറ്റേദിവസം രാവിലെ കുളിച്ച് മുരുകനെ പ്രാര്‍ത്ഥിച്ച് വ്രതം മുറിക്കാം.
മംഗല്യം താമസിക്കുന്നതിൽ വിഷമിക്കുന്നവരും, ദാമ്പത്യ ജീവിതത്തില്‍ ക്ലേശങ്ങള്‍ ഉള്ളവരും, സന്താനദുരിതം അനുഭവിക്കുന്നവരും പൈങ്കുനി ഉത്ര വ്രതമെടുത്ത് സുബ്രഹ്മണ്യ പ്രീതി വരുത്തിയാല്‍ ദുരിതങ്ങൾ അകന്ന് ഐശ്വര്യ പൂര്‍ണ്ണമായ കുടുംബ ജീവിതവും സന്താന സൗഖ്യവും കാര്യ വിജയവും ഉണ്ടാകും.
ശനി ദോഷത്തിൽ നിന്നുള്ള മോചനത്തിന് പൈങ്കുനി ഉത്രം വ്രതമെടുക്കുന്നവര്‍ അയ്യപ്പ മന്ത്രങ്ങളും ദാമ്പത്യ ദുരിതമോചനം ആഗ്രഹിക്കുന്നവർ സുബ്രഹ്മണ്യ മന്ത്രങ്ങളും ജപിക്കണം. കഴിയുന്നത്ര തവണ രാവിലെയും വൈകിട്ടും ജപിക്കുക. അയ്യപ്പ മന്ത്രങ്ങൾ കുറഞ്ഞത്144 തവണ വീതവും സുബ്രഹ്മണ്യ മന്ത്രങ്ങൾ 108 തവണ വീതവും ജപിക്കണം.
അയ്യപ്പമന്ത്രങ്ങൾ
ഭൂതനാഥ സദാനന്ദ
സർവ്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമഃ
ഓം ശാസ്രേ്ത നമഃ (രോഗദുരിതശാന്തി)
ഓം ക്ഷുരികാപാണയേ നമഃ (ശത്രുദോഷശാന്തി)
ഓം വീരബാഹവേ നമഃ (ഭാഗ്യ വർദ്ധന )
ഓം കാലാത്മജായ നമഃ (ഭയംമാറാന്‍)
ഓം സത്യനാഥായ നമഃ (വിദ്യാവിജയം )
ഓം പ്രഭവേ നമഃ ( ആയൂര്‍ബലം)
ഓം ഗോവ് ത്രേ നമഃ (കര്‍മ്മവിജയം)
സുബ്രഹ്മണ്യമന്ത്രങ്ങള്‍
ഷഡാനനം കുങ്കുമരക്ത വർണ്ണം
മഹാമതിം ദിവ്യമയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ
ഓം വചദ്ഭുവേ നമഃ ( ദാമ്പത്യ വിജയം)
ഓം സനല്ക്കുമാരായ നമഃ (ആയൂര്‍ബലം)
ഓം നീലകണ്ഠാത്മജായ നമഃ (ഭാഗ്യ വർദ്ധന)
ഓം കുമാരായ നമഃ (കര്‍മ്മവിജയം) ഓം മയൂരവാഹായ നമഃ (രോഗശാന്തി ) ഓം വിശാഖായ നമഃ (വിദ്യഗുണം )