Saturday, 23 Nov 2024
AstroG.in

പൈങ്കുനി ഉത്രം നോറ്റാൽ ഐശ്വര്യം, കാര്യവിജയം, വിവാഹം, നല്ല ദാമ്പത്യം

ജ്യോതിഷരത്നം വേണു മഹാദേവ്

എട്ട് മഹാവ്രതങ്ങളിൽ ഒന്നാണ് പൈങ്കുനി ഉത്രമെന്ന് സക്ന്ദപുരാണം പറയുന്നു. സൂര്യൻ മീനം രാശിയിൽ നിൽക്കുമ്പോൾ വെളുത്തപക്ഷത്തിലെ ഉത്രം നക്ഷത്രത്തിൽ പൈങ്കുനി ഉത്രം സമാഗതമാകുന്നു. പൈങ്കുനി എന്നത് മാർച്ച് – ഏപ്രിൽ മാസങ്ങളിൽ വരുന്ന തമിഴ് മാസമാണ്. മിക്കവാറും പൗർണ്ണമിയും ഉത്രവും ഒത്തുവരുന്ന ഈ ദിവസം അതിവിശേഷമാണ്. ശിവപാർവതിമാരുടെ തൃക്കല്യാണവും സുബ്രഹ്മണ്യനും ദേവസേനയും തമ്മിലുള്ള തിരുമണവും നടന്നത് പൈങ്കുനി ഉത്രത്തിനാണത്രേ. ശബരിമല ശ്രീഅയ്യപ്പന്റെ ജന്മനാളുമാണ് പൈങ്കുനി ഉത്രം. അങ്ങനെ പല കാരണങ്ങളാൽ വിശേഷപ്പെട്ട ഈ ദിവസം ഇത്തവണ 2021 മാർച്ച് 28 നാണ്.

ഹിമവൽ പുത്രിയായ പാർവതീ ദേവി, തപസ് മുടക്കി ശിവനെ സ്വന്തമാക്കിയ ഈ ദിവസം കല്യാണവ്രതം എന്ന പേരിലാണ് പ്രസിദ്ധം. സുബ്രഹ്മണ്യൻ ദേവസേനയെ പരിണയിച്ച ദിവസമായതിനാലാണ് തെന്നിന്ത്യയിൽ ഈ ദിവസം ഏറെ പവിത്രമായത്. കേരളത്തിൽ വിവിധ തരത്തിലാണ് പൈങ്കുനി ഉത്രം വിശേഷമാകുന്നത്. അയ്യപ്പന്റെ ജന്മദിനം ആയതിനാൽ ശബരിമല ആറാട്ട് പൈങ്കുനി ഉത്രത്തിനാണ്. ഇതിനൊപ്പം ഇവിടുത്തെ എല്ലാ മുരുക ക്ഷേത്രങ്ങളിലും പൈങ്കുനി ഉത്രം പ്രധാനമാണ്.

പഴനിയിൽ 10 ദിവസത്തെ ഉത്സവം പൈങ്കുനി ഉത്രം വരുന്ന സമയത്താണ്. അന്നാണ് അവിടുത്തെ തേരോട്ടം. തലേന്ന് പൂരത്തിനാണ് പഴനിയാണ്ടവന് തിരുമണം. തിരുച്ചെന്തൂരിൽ ശ്രീമുരുകനും വള്ളിയും തമ്മിലും തിരുപ്രം കുണ്ഡത്ത് സുബ്രഹ്മണ്യനും ദേവസേനയും തമ്മിലുമുള്ള തിരുമണം ആഘോഷിക്കുന്നത് ഈ ദിവസമാണ്. അങ്ങനെ പലതരത്തിൽ പ്രധാനപ്പെട്ട ഈ ദിവസം പൂർണ്ണമായ ചിട്ടകളോടെ, ഉപവാസത്തോടെ വ്രതമെടുത്താൽ മോഹസാഫല്യം തീർച്ചയാണ്.

പൈങ്കുനി ഉത്രവ്രതത്തിന് തലേദിവസം മുതല്‍ മത്സ്യമാംസാദികൾ വര്‍ജ്ജിച്ച് ലഘുഭക്ഷണം കഴിക്കണം. വ്രതദിവസം രാവിലെ കുളിച്ച് ശുദ്ധി വരുത്തിയ ശേഷം സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തണം. ദർശന വേളയിലും പ്രദക്ഷിണം ചെയ്യുമ്പോഴും ഓം വചത്ഭുവേ നമ: എന്ന സുബ്രഹ്മണ്യ മൂലമന്ത്രം നിരന്തരം ജപിക്കണം. തിരിച്ച് വീട്ടിലെത്തി സുബ്രഹ്മണ്യ സ്തോത്രം പാരായണം ചെയ്യണം. പകല്‍ ഉറങ്ങരുത്. വൈകിട്ട് വീണ്ടും കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം നടത്തണം. പിറ്റേന്ന് രാവിലെ കുളിച്ച് വ്രതനിഷ്ഠയോടെ ക്ഷേത്രത്തിലെത്തി മുരുക ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പാരണമീട്ടാം.

വിവാഹം നടക്കാതെ വിഷമിക്കുന്നവരും ദാമ്പത്യ വിഷമങ്ങളും സന്താനങ്ങൾ കാരണം സങ്കടം അനുഭവിക്കുന്നവരും പൈങ്കുനി ഉത്ര വ്രതം അനുഷ്ഠിച്ച് സുബ്രഹ്മണ്യപ്രീതി നേടിയാല്‍ എല്ലാ ദുരിതങ്ങളും അകലും. ഐശ്വര്യവും സന്തോഷവുമുള്ള ജീവിതം, സന്താനങ്ങൾക്ക് ശ്രേയസ്, സന്താനഭാഗ്യം, കാര്യവിജയം, മംഗല്യഭാഗ്യം, പ്രണയ സാഫല്യം തുടങ്ങിയവ ലഭിക്കും. ജീവിതത്തിൽ ബന്ധങ്ങളുടെ പ്രാധാന്യവും മൂല്യവും വിളബരം ചെയ്യുന്ന ദിവസമായി പൈങ്കുനി ഉത്രത്തെ കണക്കാക്കാം.

കല്യാണ വ്രതമെടുത്തിട്ടാണ് വിഷ്ണു ഭഗവാന് ലക്ഷ്മി ദേവിയെയും ബ്രഹ്മദേവന് സരസ്വതിയെയും വള്ളിക്കും ദേവസേനയ്ക്കും മുരുകനെയും സീതയ്ക്ക് രാമനെയും ജാംബവതിക്ക് ശ്രീകൃഷ്ണനെയും അഗസ്ത്യന് ലോപമുദ്രയെയും ഇന്ദ്രന് ഇന്ദ്രാണിയെയും ലഭിച്ചതെന്ന് പുരാണങ്ങൾ പറയുന്നു.

ഓരോ ആഗ്രഹസാഫല്യത്തിനും പൈങ്കുനി ഉത്രത്തിന് ശ്രീമുരുകനെ ഭജിക്കുന്നവർ ഇനി പറയുന്ന മന്ത്രങ്ങൾ 108 തവണ വീതം ജപിക്കുന്നത് നല്ലതാണ്.

ദാമ്പത്യ വിജയം: ഓം വചത്ഭുവേ നമ:
ആയുർബലം: ഓം സനൽക്കുമാരായ നമ:
ഭാഗ്യവർദ്ധന: ഓം നീലകണ്ഠാത്മജായ നമ:
കർമ്മവിജയം: ഓം കുമാരായ നമ:
രോഗശാന്തി : മയൂര വാഹനായ നമ:
വിദ്യാ ഗുണം : ഓം വിശാഖായ നമ:

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847475559

Story Summary: Significance of Panguni Uthiram

error: Content is protected !!