പൊങ്കാലയിട്ട് കഴിഞ്ഞ് ജപിക്കേണ്ട മന്ത്രം;
നിവേദ്യച്ചോറ് വെറുതെ കളയരുത്
ജ്യോതിഷരത്നം വേണു മഹാദേവ്
എല്ലാ മനസ്സിലും ആറ്റുകാൽ അമ്മ മാത്രം. എല്ലാ വഴികളും ആറ്റുകാൽ ക്ഷേത്രത്തിലേക്ക്. ഇന്ന് നഗരം ഉറങ്ങില്ല… എങ്ങും വർണ്ണപ്പൂരം മാത്രം. എവിടെയും മുഴങ്ങുന്നത് അമ്മയുടെ സ്തുതി ഗീതങ്ങൾ മാത്രം. അനന്തപുരിയാകെ പൊങ്കാലക്കലങ്ങൾ നിറഞ്ഞു കഴിഞ്ഞു. ഇനി മണിക്കൂറുകൾ മാത്രം; ഒരു വർഷത്തെ കാത്തിരിപ്പിന് ദിവ്യ സാഫല്യം. ചൊവ്വാഴ്ച അനന്തപുരി മിഴി തുറക്കുന്നത് ആത്മസമർപ്പണത്തിന്റെ അഗ്നി ജ്വാലകൾ പവിത്രമായ പൊങ്കാലയടുപ്പുകൾ ഏറ്റുവാങ്ങുന്ന പുണ്യദർശനത്തിന്. വ്രതം നോറ്റ് മനസ്സും ശരീരവും ശുദ്ധമാക്കിയ അനേക ലക്ഷം ഭക്തർ എല്ലാ സങ്കടങ്ങളും ആറ്റുകാൽ വാഴുന്ന അഭയാംബികയുടെ പാദാരവിന്ദങ്ങളിൽ ഇറക്കി വച്ച് ഇന്ന് അനുഗ്രഹം യാചിക്കും.
മനസ്സിൽ ദേവി മാത്രം
മാർച്ച് 7 ചൊവ്വാഴ്ച രാവിലെ 10:30 നാണ് അടുപ്പുവെട്ടും പൊങ്കാലയും. പൊങ്കാല ഇടുമ്പോൾ മനസ്സിൽ ദേവിമാത്രം ആയിരിക്കണം. കാരണം പൊങ്കാല ആത്മാവിന്റെ പ്രതിരൂപമാണ്. എല്ലാ ചിന്തകളും ഉപേക്ഷിച്ച് ദേവിയുടെ രൂപത്തിൽ മനസ്സർപ്പിച്ച്, ചുണ്ടിൽ ദേവീ നാമങ്ങൾ ജപിച്ചു കൊണ്ടു വേണം പൊങ്കാലയിടാൻ. പൊങ്കാല നാളിൽ അതിരാവിലെ ഉണർന്ന് കുളിച്ച് വിളക്കുകത്തിച്ച് ദേവിയുടെ സ്തോത്ര നാമാദികൾ ചൊല്ലണം. പരദൂഷണം പറയരുത്. മനസാ വാചാ കർമ്മണാ നല്ല കാര്യങ്ങൾ മാത്രം ചെയ്യുക. വ്രതത്തോടെ പൊങ്കാലയിട്ട് ഇടുന്ന സ്ഥലത്തു വച്ചു തന്നെ നേദിപ്പിക്കുകയാണ് വേണ്ടത്.
പൊങ്കാല തലേന്ന്
പൊങ്കാലയുടെ തലേന്ന് പൊങ്കാല തയ്യാറാക്കാൻ വേണ്ടതെല്ലാം തയ്യാറാക്കി വയ്ക്കണം. പുതിയ ചുടുകട്ട ശേഖരിക്കണം. അതു കൊണ്ടുവേണം അടുപ്പു കൂട്ടാൻ. ശുദ്ധമായ കൊതുമ്പോ ചൂട്ടോ ഉപയോഗിക്കാം. എളുപ്പം തീ പടരാൻ ഉണങ്ങിയ ചൂട്ടും കൊതുമ്പുമാണുത്തമം. കൊതുമ്പ് മുറി പൊടിപടലങ്ങൾ കളഞ്ഞ് ഉണക്കിക്കെട്ടി ഉപയോഗിക്കാം. ഉണക്കലരി, നാളികേരം, ശർക്കര, ചെറുപഴം, തേൻ, നെയ്,പഞ്ചസാര, കല്ക്കണ്ടം, ഉണക്കമുന്തിരിങ്ങ അണ്ടിപ്പരിപ്പ് എന്നിവയാണ് പൊങ്കാല ഇടാൻ അത്യാവശ്യമായി വേണ്ടത്. അതും സംഭരിക്കണം.
പൊങ്കാല നാളിൽ
കുളിച്ചു ശുദ്ധമായി പുതുവസ്ത്രമണിഞ്ഞ് പൊങ്കാല സമർപ്പിക്കുന്നതാണ് നല്ലത്. പുതുവസ്ത്രം വേണമെന്ന് നിർബന്ധമില്ല. അലക്കിയ വസ്ത്രം ധരിച്ചാലും മതി. വസ്ത്രത്തിലുപരി മനസ്സിനാണ് പ്രാധാന്യം. വൃത്തിയും ശുദ്ധിയും ശരീരത്തിനുള്ളതുപോലെ മനസ്സിനും വേണം.
പൊങ്കാലയിടും മുമ്പ്
പൊങ്കാലയ്ക്ക് തീ പകരും മുമ്പ് അടുപ്പിനു മുന്നിൽ വിളക്കും നിറനാഴിയും തയ്യാറാക്കി വയ്ക്കണം. ദേവീ സാന്നിധ്യ സങ്കല്പമുള്ളതു കൊണ്ടാണ് നിറനാഴിയും പറയും നിലവിളക്കും വയ്ക്കുന്നത്. അടുപ്പ് തീർത്ഥം തളിച്ച് ശുദ്ധമാക്കണം. നിറനാഴിയും നിലവിളക്കും വയ്ക്കുകയും തീർത്ഥം തളിക്കുകയും ചെയ്യുമ്പോൾ ആ പരിസരത്ത് ഈശ്വര സാന്നിധ്യം ഉണ്ടാകും.
സ്തുതി, നാമജപം
പൊങ്കാല അടുപ്പു കത്തിക്കുമ്പോൾ സർവ്വമംഗളങ്ങളും ഭവിക്കാനായി ദേവിയെ മനസ്സിൽ വിചാരിച്ച് നിരന്തരം ദേവീപ്രസീദ ദേവീ പ്രസീദ എന്ന് ജപിക്കണം. സർവ്വ മംഗളമാംഗല്യേ തുടങ്ങിയ ദേവീ സ്തുതികളോ നാമങ്ങളോ ജപിച്ചാലും മതി. പൊങ്കാല പാകം ആകുമ്പോഴും ദേവീ നാമം ജപിക്കണം. പൊങ്കാല തിളച്ച് തൂകുന്നതു വരെ ഇഷ്ടമുള്ള മന്ത്രങ്ങൾ ജപിക്കുന്നത് നല്ലതാണ്. ലളിതാസഹസ്രനാമ ജപമാണ് ഏറെ ഉത്തമം.
നിലവിളക്ക്, നിവേദ്യം
പൊങ്കാലയിടുമ്പോൾ കത്തിച്ചു വയ്ക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞാലുടൻ പുഷ്പം കൊണ്ട് അണയ്ക്കാം. പൊങ്കാല തയ്യാറാക്കി വച്ച ശേഷം മറ്റ് ക്ഷേത്രങ്ങളിൽ പോകരുതെന്ന് ചിലർ പറയുന്നുണ്ട്. പക്ഷേ പോകുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല. എല്ലാ ശക്തിയും ഒന്നുതന്നെ. പൂർണ്ണമായും ദേവിയിൽ മനസ്സ് അർപ്പിക്കണം എന്ന് മാത്രം.
പൊങ്കാലച്ചോറ് ബാക്കി വരരുത്
പൊങ്കാലച്ചോറ് ബാക്കിവരാൻ പാടില്ല. വന്നാൽ പ്രസാദമായി മറ്റുള്ളവർക്ക് നൽകാം. അഴുക്കുചാലിലോ കുഴിയിലോ ഇടുകയോ വെട്ടിമൂടുകയോ ചെയ്യരുത്. ഒഴുക്കു വെള്ളത്തിലിട്ടാൽ അത് മീനിന് ആഹാരമാകും. ക്ഷേത്രത്തിലോ പൊതുസ്ഥലത്തോ പൊങ്കാലയിടാൻ പറ്റാത്തവർ പൊങ്കാലനാൾ സ്വന്തം വീട്ടുമുറ്റത്ത് ശുദ്ധമായ സ്ഥലത്ത് അടുപ്പൊരുക്കി ദേവിയെ സങ്കല്പിച്ച് പൊങ്കാലയിടുന്നതും ദേവിക്ക് സമർപ്പിക്കുന്നതും, ഗൃഹഐശ്വര്യത്തിനും സന്താനസൗഖ്യത്തിനും അഭീഷ്ട സിദ്ധിക്കും നല്ലതാണ്.
നേദിക്കും മുൻപ് കഴിക്കരുത്
പൊങ്കാല വെന്തു കഴിഞ്ഞ് അടച്ചു വച്ചിട്ട് നേദിക്കും മുൻപ് കഴിക്കുന്നതും ശരിയല്ലെങ്കിലും പൊങ്കാല തിളച്ച് കഴിയുമ്പോൾ തന്നെ സന്നദ്ധസംഘനകൾ ആഹാരം വിളമ്പിത്തുടങ്ങും. നേദിച്ചു കഴിഞ്ഞാൽ ഉടൻ മടങ്ങാനുള്ള തിടുക്കമാകും.പൊങ്കാല തിളയ്ക്കും വരെ ആഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലത് . പൊങ്കാല നേദിച്ച ശേഷം ആഹാരം കഴിക്കാം. കരിക്കോ പഴമോ, പാലോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം അതിനു കഴിയാത്തവർക്ക് പാലോ പഴമോ ചായയോ പോലെ ലഘുവായി എന്തെങ്കിലുമോ കഴിക്കാം.
പൊങ്കാല തൂകുന്ന ദിക്ക്
പൊങ്കാല തിളച്ചു തൂകണം. കിഴക്കോട്ടായാൽ ഏറ്റവും നല്ലത്. ഇത് കുടുംബത്തിന്റെയും വ്യക്തിയുടെയും അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു. ഇഷ്ടകാര്യം ഉടൻ നടക്കുമെന്നു പറയുന്നു. വടക്കോട്ടായാൽ ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഒരല്പം താമസമെടുക്കും. പടിഞ്ഞാറായാലും കുഴപ്പമില്ല. എന്നാൽ തെക്കോട്ട് തൂകിയാൽ ദുരിതം മാറില്ല. ഈശ്വരഭജനം നന്നായി വേണം.
പൊങ്കാലയിട്ട് കഴിഞ്ഞ് ജപിക്കേണ്ട മന്ത്രം
പൊങ്കാലയിട്ട് നിവേദ്യവും കഴിഞ്ഞ് വ്രതം മുറിക്കും മുൻപ് ഇവിടെ പറയുന്ന മന്ത്രം ജപിക്കണം. പൊങ്കാല ഇട്ടപ്പോഴും സമർപ്പണ വേളയിലും എന്തെങ്കിലും വീഴ്ചകൾ അല്ലെങ്കിൽ തെറ്റുകൾ സംഭവിച്ചു പോയി എങ്കിൽ അത് പരിഹരിക്കാൻ ഈ മന്ത്രജപം സഹായിക്കും.
ഓം ദേവി ദേവി മഹാദേവി
അന്നപൂർണ്ണേ മഹാമതേ
നിവേദ്യ സാരമപ്രസന്നം
ക്ഷമ സ്വ: ക്ഷമ സ്വ: ദയാപരേ
പൊങ്കാല ഫലം
ക്ഷേത്രത്തിലിടുന്ന പൊങ്കാല ഭക്തർക്ക് നേരിട്ട് സമർപ്പിക്കാൻ കഴിയില്ല. എന്നാൽ പൊങ്കാല ദിവസം ഭക്തർ നേരിട്ട് സമർപ്പിക്കുന്ന പൊങ്കാല ഫലം വർദ്ധിപ്പിക്കും. സർവൈശ്വര്യവും ധനധാന്യ സമൃദ്ധിയും സന്താനസൗഖ്യവും സൽസന്താന ലാഭവും നൽകും .
പ്രധാനം ഭക്തി
വഴിപാട് എന്നതിനെക്കാൾ ഭക്തരുടെ ഇഷ്ടമാണ് പ്രധാനം. ഭക്തർക്ക് ഇഷ്ടമുള്ള ഏതു വഴിപാടും സമർപ്പിക്കാം. പൊങ്കാലനിവേദ്യം കഴിഞ്ഞശേഷം കുളിക്കണം. കഴിയുമെങ്കിൽ കുളിച്ചു ക്ഷേത്രദർശനം നടത്തുകയും വേണം.
പൊങ്കാല പിറ്റേന്ന്
പൊങ്കാലയുടെ പിറ്റേദിവസം വ്രതമെടുക്കേണ്ട ആവശ്യമില്ല. പൊങ്കാലദിവസം പക്ഷെ പൂർണ്ണമായി വ്രതശുദ്ധി പാലിക്കണം. അന്ന് നിവേദിച്ച ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ക്ഷേത്രത്തിൽ നിന്നും നിവേദിച്ച പ്രസാദം കഴിച്ച് വ്രതം മുറിക്കാം.കുളിച്ച ശേഷം വേണം നിവേദ്യപ്രസാദം കഴിക്കേണ്ടത്.
-ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017
Summary: Attukal Ponkala 2023