Saturday, 23 Nov 2024
AstroG.in

പൊങ്കാലയ്ക്ക് പുത്തൻ മൺകലം വേണം;
കിഴക്കോട്ട് തൂകിയാൽ ഇഷ്ടകാര്യസിദ്ധി ഉടന്‍

പി.എം. ബിനുകുമാർ
ലക്ഷക്കണക്കിന് ഭക്തർ വ്രത്രം നോറ്റ് മനം നിറയെ മന്ത്രങ്ങളുമായി കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് മാർച്ച് 7 ചൊവ്വാഴ്ച കാലത്ത് 10.30 ന് പണ്ടാര അടുപ്പിൽ അഗ്നി പകരും; ഉച്ചയ്ക്ക് 2.30 നാണ് നിവേദ്യം.

പൊങ്കാല ഇടുന്നവർ അറിയേണ്ട 21 കാര്യങ്ങൾ:

1
ഭക്തിയും വ്രത്ര ശുദ്ധിയുമാണ് പൊങ്കാല സമർപ്പണത്തിലെ പുണ്യം. സ്വന്തം കഴിവിനൊത്ത വിധം വ്രതമെടുക്കാം. കാപ്പു കൊട്ടുന്നതു മുതലുള്ള 9 ദിവസം മത്സ്യമാംസാദികളും ശാരീരിക ബന്ധവും ഉപേക്ഷിച്ച് ദേവീ മന്ത്രജപത്തോടെ എന്നും ക്ഷേത്ര ദർശനം നടത്തി വ്രതമെടുക്കുന്നതാണ് ശ്രേഷ്ഠം. അതിന് കഴിയാത്തവർ ഈ രീതിയിൽ 7, 5, 3 ദിവസം വ്രതമെടുക്കണം. അതിനും പറ്റിയില്ലെങ്കിൽ തലേന്നെങ്കിലും വ്രത്രെടുക്കണം. മാസമുറ കഴിഞ്ഞ് ഏഴാം ദിവസം പൊങ്കാല ഇടാം.

2
പുലയും വാലായ്മയുമുള്ളവര്‍ പൊങ്കാലയിടരുത്. പൊങ്കാലയുടെ പരിസരത്തോ ക്ഷേത്രപരിസരത്തോ വരരുത്. അങ്ങനെ ചെയ്താല്‍ ഭക്തർ തയ്യാറാക്കുന്ന നിവേദ്യം അശുദ്ധമാകും. ശുദ്ധമല്ലാത്ത നിവേദ്യം ദേവി സ്വീകരിക്കില്ല. പ്രീതിക്കു പകരം അപ്രീതിയാകും ഫലം. മരിച്ച് 16 വരെ പുലയും ജനിച്ച് പതിനൊന്നു വരെയും വാലായ്മയാണ്. പ്രസവിച്ച സ്ത്രീക്ക് ആറുമാസത്തിനോ കുഞ്ഞിന്റെ ചോറൂണിനു ശേഷമോ പൊങ്കാലയിടാം.

3
ആറ്റുകാലമ്മയ്ക്ക് ജാതിയും മതവുമില്ല. ഭക്തിയാണ് പ്രധാനം. ആര്‍ക്കും ഇവിടെ പൊങ്കാലയിടാം. പുരുഷന്മാര്‍ പൊങ്കാലയിടുന്നതില്‍ തെറ്റില്ല. പണ്ട് പുരുഷന്മാരും പൊങ്കാല സമര്‍പ്പിക്കുമായിരുന്നു. സ്ത്രീകളുടെ ശബരിമല എന്ന വിശേഷണം ലഭിച്ചതോടെ അതി പ്രധാന നേര്‍ച്ചയായ പൊങ്കാല സ്ത്രീകള്‍ക്കു മാത്രമായി മാറി.

4
പൊങ്കാലയ്ക്ക് മണ്‍കലം തന്നെ ഉപയോഗിക്കണം. പുത്തന്‍ മണ്‍കലം തന്നെയാണ് വേണ്ടത്. ദേവിസവിധത്തില്‍ ആത്മസമര്‍പ്പണം ചെയ്യുന്നതിന്റെ പ്രതീകമാണ് പുത്തന്‍മണ്‍കലത്തിലെ പൊങ്കാല. ഇതിന് മംഗളപൊങ്കാല എന്നു പറയും. മണ്ണ് ശരീരത്തെയും കലം താഴികക്കുടത്തെയും സൂചിപ്പിക്കുന്നു. ശരീരമാകുന്ന കലത്തിലാണ് പൊങ്കാല സമര്‍പ്പിക്കേണ്ടത്. അതിനാലാണ് മണ്‍കലം തന്നെ വേണമെന്നു പറയുന്നത്. ഞാന്‍ എന്ന ഭാവം നിശേഷം കളഞ്ഞ് ആത്മസമര്‍പ്പണം
നടത്തുന്നതിന്റെ പ്രതീകമായാണ് കലത്തിനടിയില്‍ തീ കൂട്ടുന്നത്.

5
പൊങ്കാലദിവസം ആറ്റുകാലമ്മയെ കണ്ടു വന്ദിച്ചാല്‍ അഷ്‌ടൈശ്വര്യങ്ങളും ലഭിക്കും.

6
പൊങ്കാലയിടാന്‍ തേങ്ങ വീട്ടില്‍ നിന്നും തിരുമ്മിക്കൊണ്ടുപോകുന്നത് ശരിയല്ല. തേങ്ങ തിരുമ്മുന്നതും ശര്‍ക്കര അരിയുന്നതും പൊങ്കാല സമയത്താവുന്നതാണുത്തമം. ദേവിയുടെ സന്നിധിയില്‍ ചെയ്യുന്നതിന്റെ ഫലം തലേന്ന് ചെയ്യുന്നതുകൊണ്ട് കിട്ടില്ല. പൊങ്കാലദിവസം വീട്ടില്‍ രാവിലെ ചെയ്യുന്നതിന് കുഴപ്പമില്ല.

7
പൊങ്കാലയ്ക്ക് തയ്യാറാക്കിവച്ചശേഷം അടുപ്പ് കത്തിക്കുംമുമ്പ് മറ്റൊരു ക്ഷേത്രത്തിലും പോകരുത്. പൂര്‍ണ്ണമായും ദേവിയില്‍ മനസ്‌ സര്‍പ്പിക്കണം. നിവേദ്യം കഴിയുംവരെ ദേവി പ്രാര്‍ത്ഥനയുമായി കഴിയണം.

8
പൊങ്കാലയ്ക്ക് അടുപ്പുകത്തിക്കുമ്പോള്‍ സര്‍വ്വമംഗളങ്ങൾക്കുമായി ദേവിയെ സങ്കല്പിച്ച് സര്‍വ്വമംഗള മാംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോസ്തുതേ
എന്നു ജപിക്കണം. പൊങ്കാല പാകമായാല്‍ തിളയ്ക്കുന്നതുവരെ ഇഷ്ടമുള്ള മന്ത്രങ്ങള്‍ ജപിക്കുന്നത് നല്ലതാണ്. ദേവീ മഹാത്മ്യം, ലളിതാസഹസ്രനാമം, അഷ്ടോത്തരം ഇവ ജപിക്കുന്നതാണ് ഏറ്റവും ഉത്തമം.

9
പൊങ്കാല അരി ഇടുമ്പോള്‍ ഭക്തിയാദരപൂര്‍വ്വം ദേവിയെ മനസ്സില്‍ സ്മരിച്ച് ദേവീമന്ത്രം ജപിക്കണം. ദേവീപ്രസീദ, ദേവീ പ്രസീദ എന്ന് ചൊല്ലിയാല്‍ മതി. അല്ലെങ്കില്‍ സര്‍വ്വമംഗള മാംഗല്യേ…

10
പൊങ്കാല തിളച്ചു തൂകണം. അത് കിഴക്കോട്ടായാല്‍ ഏറെ നന്ന്. ഇപ്രകാരമുള്ള തിളച്ചുമറിയല്‍ വരാനിരിക്കുന്ന അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാല്‍ ഇഷ്ടകാര്യം ഉടന്‍ നടക്കും. വടക്കോട്ടായാല്‍ കാര്യം നടക്കാന്‍ ഒരല്പം താമസമെടുക്കും. പടിഞ്ഞാറായാലും കുഴപ്പമില്ല. എന്നാല്‍ തെക്കോട്ടു തൂകിയാല്‍ ദുരിതം മാറിയിട്ടില്ല. പ്രാര്‍ത്ഥനയും പൂജയും നന്നായി വേണം.

11
പൊങ്കാല തിളച്ച ശേഷം ആഹാരം കഴിക്കുന്നതാണ് ഉത്തമം. ഇക്കാര്യം പൊങ്കാല ഇടുന്ന ആളിന്റെ മനസ്സു പോലെയും ആരോഗ്യം അനുവദിക്കുന്നതു പോലെയും ആകാം. ചിലർ പൊങ്കാല നേദിക്കും വരെ ജലപാനം പോലും നടത്തില്ല. ആത്മീയ സംതൃപ്തിയും അമ്മയ്ക്കുള്ള അര്‍പ്പണവുമായാണ് പൊങ്കാല ഇടുന്നതെങ്കില്‍ ദേവിക്ക് നേദ്യം അര്‍പ്പിക്കുന്നതു വരെ വിശപ്പോ ദാഹമോ വെയിലോ ചൂടോ ഒന്നും പ്രശ്‌നമാകില്ല എന്നാണ് അവരുടെ ചിന്ത. സര്‍വ്വവും ദേവി എന്ന ചിന്തയില്‍ ആഹാരത്തിന് ഒരു സ്ഥാനവും ഉണ്ടാകില്ല.

12
പൊങ്കാലയിടുമ്പോള്‍ കത്തിച്ചുവയ്ക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞാലുടന്‍ പുഷ്പം കൊണ്ട് അണയ്ക്കാം.

13
പൊങ്കാല ദിവസമല്ലാതെയും ആറ്റുകാലില്‍ പൊങ്കാലയിടാം. പക്ഷേ ക്ഷേത്രത്തിലിടുന്ന പൊങ്കാല ഭക്തജനങ്ങള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം. ഇത് ഫലം വര്‍ദ്ധിപ്പിക്കും.

14
101 അടുപ്പില്‍ ഒരേ സമയത്ത് അഗ്നിജ്വലിപ്പിക്കാന്‍ ഒരാള്‍ക്കു പ്രായോഗികമായി സാധിക്കില്ല. മുഹൂര്‍ത്തമായ 10. 30 ന് പ്രധാനകലത്തില്‍ അഗ്നിജ്വലിപ്പിക്കുക. ബാക്കി പിന്നീട് ജ്വലിപ്പിക്കുക. 101 കലം പൊങ്കാല ഒരേ സമയത്ത് അടുപ്പില്‍ വയ്ക്കണമെന്നില്ല. എന്നാല്‍ നിവേദ്യസമയത്ത് 101 കലവും അടുത്തടുത്തു വച്ച് നിവേദിക്കണം.

15
വെള്ള, പാല്‍പ്പായസം, ശര്‍ക്കരപ്പായസം, മണ്ടപ്പുറ്റ്, തെരളി എന്നിവയാണ് പൊങ്കാലയുടെ കൂടെ സമർപ്പിക്കുന്ന നിവേദ്യങ്ങളിൽ പ്രധാനം. ഭക്തരുടെ ഇഷ്ടമാണ് മുഖ്യം. ഭക്തര്‍ക്ക് ഇഷ്ടമുള്ള ഏതു വഴിപാടും ഇതിന്റെ കൂടെ സമര്‍പ്പിക്കാം. ശിരോരോഗ സംബന്ധിയായ ഒരൊറ്റ മൂലിയാണ് മണ്ടപ്പുറ്റ്.

16
പൊങ്കാല ദിവസം സ്വന്തം വീട്ടുമുറ്റത്ത് ദേവിയെ സങ്കല്പിച്ച് ശുദ്ധമാക്കിയ സ്ഥലത്ത് അടുപ്പില്‍ പൊങ്കാലയിടുന്നതും ദേവിക്ക് സമര്‍പ്പിക്കുന്നതും ഗൃഹ ഐശ്വര്യത്തിനും സന്താനസൗഖ്യത്തിനും നല്ലതാണ്.

17
പൊങ്കാലയ്ക്കുശേഷം ക്ഷേത്രം നല്‍കുന്നതോ സംഘാടകരോ സ്ഥാപനങ്ങളോ നല്‍കുന്നതോ ആയ അന്നദാനം സ്വീകരിക്കുന്നതില്‍ തെറ്റില്ല. മറ്റുള്ളവര്‍ നല്‍കുന്ന ആഹാരത്തിൽ ശുദ്ധമായതെന്തും കഴിക്കാം. ഇവിടെ മനസ്സിന്റെ തൃപ്തിക്കാണ് പ്രാധാന്യം.

18
ധനധാന്യസമൃദ്ധിയും സന്താനസൗഖ്യവും സല്‍സന്താനലാഭവുമാണ് പൊങ്കാലയുടെ ഫലം.

19
ഒരിക്കല്‍ ഉപയോഗിച്ച പാത്രം വീണ്ടും പൊങ്കാലയ്ക്ക് ഉപയോഗിക്കരുത്. അതുകൊണ്ടുകൂടിയാണ് പുത്തന്‍ മണ്‍കലം തന്നെ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.

20
പൊങ്കാലയിട്ട കലങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി പാചകത്തിന് ഉപയോഗിക്കരുത്. വീട്ടില്‍ കൊണ്ടു പോയി കലത്തില്‍ മണ്ണിട്ട് തുളസിയോ പിച്ചിയോ നടണം. അല്ലെങ്കില്‍ പൊങ്കാലയ്ക്കുശേഷം കലം കഴുകി വൃത്തിയാക്കി അതില്‍ അരിയിട്ടു വയ്ക്കണം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതില്‍നിന്ന് ഒരുപിടി അരികൂടി അതിലിടണം. അന്നത്തിന് മുട്ടുണ്ടാകില്ല.

21
പൊങ്കാലച്ചോറ് ബാക്കിവരാതെ നോക്കണം. വന്നാല്‍ പ്രസാദമായി മറ്റുള്ളവര്‍ക്ക് നല്‍കാം. എന്നാല്‍ അഴുക്കുചാലിലോ കുഴിയിലോ ഇടുകയോ വെട്ടിമൂടുകയോ ചെയ്യരുത്. ഒഴുക്കുവെള്ളത്തിലിട്ടാല്‍ അത് മീനിന് ആഹാരമാകും.

പി.എം. ബിനുകുമാർ
+919447694053

(ആറ്റുകാൽ ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നൽകിയ വിവരങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയത് )
Story Summary: Attukal Pongala 2023:
Date, Significance and all you need to know


error: Content is protected !!