Saturday, 23 Nov 2024
AstroG.in

പൊങ്കാല ഇടുന്നവർ നിശ്ചയമായും അറിയേണ്ട 9 കാര്യങ്ങൾ

മംഗള ഗൗരി
ആറ്റുകാൽ ഭഗവതിക്ക് 10 ദിവസത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി 17 ശനിയാഴ്ച തുടങ്ങി. ഫെബ്രുവരി 25 ഞായറാഴ്ച കാലത്ത് 10.30 നാണ് പൊങ്കാല അടുപ്പിൽ അഗ്നി പകരുക ; ഉച്ചയ്ക്ക് 3.30 ന് പൊങ്കാല നിവേദ്യം നടക്കും. പൊങ്കാല ഇടുന്നവർ അറിയേണ്ട 9 പ്രധാന കാര്യങ്ങൾ:

1
പൊങ്കാലയിടുന്നവർ തലേദിവസം കർശനമായി വ്രതമെടുക്കണം. മത്സ്യമാംസാദികളും ശാരീരിക ബന്ധവും ഉപേക്ഷിച്ച് ദേവീപ്രീതികരമായ മന്ത്രങ്ങൾ,
സ്തുതികൾ ജപിച്ച് വേണം വ്രതം.മാസമുറ കഴിഞ്ഞ് ഏഴാം ദിവസം കഴിഞ്ഞ് പൊങ്കാല ഇടാം. പുലയും വാലായ്മയും ഉള്ളവര്‍ പൊങ്കാലയിടരുത്. മരിച്ച് 16 വരെയാണ് പുല. ജനിച്ച് 11 വരെ വാലായ്മയാണ്. പ്രസവിച്ച സ്ത്രീക്ക് ആറുമാസത്തിനോ കുഞ്ഞിന്റെ ചോറൂണിനു ശേഷമോ പൊങ്കാലയിടാം.

2
പൊങ്കാലയ്ക്ക് പുത്തന്‍ മണ്‍കലം തന്നെ വേണം. പൊങ്കാലയ്ക്ക് ഒരിക്കല്‍ ഉപയോഗിച്ച പാത്രം വീണ്ടും ഉപയോഗിക്കരുത്. പൊങ്കാല ഇടുന്നവർ കാപ്പുകെട്ട് കഴിഞ്ഞ് പൊങ്കാലയ്ക്ക് മുൻപായി ഒരിക്കലെങ്കിലും ആറ്റുകാലമ്മയെ കണ്ടു വന്ദിക്കണം. ഇങ്ങനെ ചെയ്താൽ ആഗ്രഹസാഫല്യവും അഷ്‌ടൈശ്വര്യങ്ങളും ലഭിക്കും.

3
ക്ഷേത്രം ട്രസ്റ്റ് അനുശാസിക്കുന്ന പ്രകാരം ക്ഷേത്ര പരിസരത്തും നഗരത്തിന്റെ പല ഭാഗങ്ങളിൽ എവിടെയും പൊങ്കാല സമർപ്പിക്കാം. ഭക്തിപൂർവം എവിടെയിരുന്നും ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിക്കുന്ന പൊങ്കാല ഗൃഹ ഐശ്വര്യത്തിനും ധനധാന്യസമൃദ്ധിക്കും സന്താന സൗഖ്യത്തിനും സല്‍സന്താനലാഭത്തിനും നല്ലതാണ്.
സ്വന്തം വീട്ടുമുറ്റത്ത് ദേവിയെ സങ്കല്പിച്ച് ശുദ്ധമാക്കിയ സ്ഥലത്ത് പൊങ്കാല സമർപ്പിക്കാം.

4
പൊങ്കാലയ്ക്ക് അടുപ്പു കത്തിക്കുമ്പോള്‍ പൂര്‍ണ്ണമായും ആറ്റുകാലമ്മയിൽ മനസ്‌ അര്‍പ്പിക്കണം. അപ്പോൾ മുതൽ നിവേദ്യം കഴിയും വരെ സര്‍വ്വമംഗള മാംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ തുടങ്ങിയ സ്തുതികൾ, ഇഷ്ടമുള്ള മറ്റ് മന്ത്രങ്ങള്‍,ദേവീ മഹാത്മ്യം ലളിതാസഹസ്രനാമം എന്നിവ ജപിക്കുന്നത് നല്ലതാണ്.

5
പൊങ്കാലയിടാന്‍ തേങ്ങ തിരുമ്മുന്നതും ശര്‍ക്കര അരിയുന്നതും പൊങ്കാല സമയത്താവുന്നതാണ് നല്ലത്. പൊങ്കാലയ്ക്ക് ഒരുക്ക് തയ്യാറാക്കി ശേഷം അടുപ്പ് കത്തിക്കും മുമ്പ് മറ്റൊരു ക്ഷേത്രത്തിലും പോകരുത്.

6
പൊങ്കാല തിളച്ചു തൂകണം. അത് കിഴക്കോട്ടായാല്‍ നല്ലത്. ഇപ്രകാരമുള്ള തിളച്ചുമറിയല്‍ വരാനിരിക്കുന്ന അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാല്‍ ഇഷ്ടകാര്യം ഉടന്‍ നടക്കും. വടക്കോട്ടായാല്‍ കാര്യം നടക്കാന്‍ ഒരല്പം താമസമെടുക്കും. പടിഞ്ഞാറായാലും കുഴപ്പമില്ല. എന്നാല്‍ തെക്കോട്ടു തൂകിയാല്‍ ദുരിതം മാറിയിട്ടില്ല പ്രാര്‍ത്ഥനയും പൂജയും നന്നായി വേണം എന്ന് മനസിലാക്കണം.

7
പൊങ്കാല തിളച്ച ശേഷം വേണമെങ്കിൽ ആഹാരം കഴിക്കാം. പൊങ്കാല നേദിക്കും വരെ ജലപാനം പോലും നടത്താവർ ധാരാളമുണ്ട്. ആരോഗ്യം അനുവദിക്കുന്നത് പോലെ ചെയ്യുക. എല്ലാം ആറ്റുകാൽ അമ്മ മാത്രം എന്ന പ്രാർത്ഥനയില്‍ ആഹാരത്തിന് ഒരു സ്ഥാനവും ഇല്ല.

8
പൊങ്കാലയിടുമ്പോള്‍ കത്തിച്ചുവയ്ക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞാലുടന്‍ പുഷ്പംകൊണ്ട് അണയ്ക്കാം. പൊങ്കാലച്ചോറ് ബാക്കിവരാതെ നോക്കണം. വന്നാല്‍ പ്രസാദമായി മറ്റുള്ളവര്‍ക്ക് നല്‍കാം. അല്ലെങ്കിൽ ഒഴുക്കു വെള്ളത്തിലിടണം.

9
വെള്ള, പാല്‍പ്പായസം, ശര്‍ക്കരപ്പായസം, മണ്ടപ്പുറ്റ്, തെരളി എന്നിവയാണ് പൊങ്കാലയുടെ കൂടെ സമർപ്പിക്കുന്ന നിവേദ്യങ്ങളിൽ പ്രധാനം. ഭക്തരുടെ ഇഷ്ടമാണ് മുഖ്യം. ഇഷ്ടമുള്ള ഏതു വഴിപാടും ഇതിന്റെ കൂടെ സമര്‍പ്പിക്കാം. ശിരോരോഗങ്ങൾക്ക് ഒറ്റമൂലിയാണ് മണ്ടപ്പുറ്റ്.

10
പൊങ്കാലയിട്ട കലങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി പാചകത്തിന് ഉപയോഗിക്കരുത്. അത് വൃത്തിയാക്കി അരിയിട്ടു വയ്ക്കണം. എന്നും ചോറിനുള്ള അരിക്കൊപ്പം ഇതില്‍ നിന്ന് ഒരുപിടി അരികൂടി ഇട്ടാൽ അന്നത്തിന് മുട്ടുണ്ടാകില്ല എന്ന് വിശ്വാസം.

Story Summary: Attukal Pongala Customs

Copyright 2024 Neramonline.com. All rights reserved

error: Content is protected !!