Tuesday, 8 Oct 2024
AstroG.in

പ്രണയവും മന:പൊരുത്തവും ജന്മാന്തരബന്ധം

ജ്യോതിഷരത്നം വേണു മഹാദേവ്

സ്ത്രീ പുരുഷൻമാർക്ക് നിർവ്യാജമായ അന്യോന്യം അനുരാഗം ഉണ്ടായാൽ അത് മന: പൊരുത്തം എന്നു പറയുന്നു. ഇത് മറ്റുള്ള എല്ലാ പൊരുത്തത്തേക്കാളും ഫലപ്രദവും ശോഭനവും ആണ്. മറ്റുള്ള പൊരുത്തങ്ങൾ ഒന്നും ഇല്ലെങ്കിലും മന:പ്പൊരുത്തം ഉണ്ടെങ്കിൽ അവർ തമ്മിലുള്ള ബന്ധം സുഖകരമായിത്തന്നെയായിരിക്കും.

മന:പ്പൊരുത്തം ഇല്ലാതെ മറ്റു പൊരുത്തങ്ങൾ ഉണ്ടായാൽ ജീവിതം സുഖപ്രദമായിരിക്കുകയില്ല . ഈ തത്വം നല്ലതു പോലെ ചിന്തിച്ചു വേണം വിവാഹം ചെയ്യിക്കേണ്ടത്. മാനസീകമായ ആനുകൂല്യങ്ങൾക്ക് വല്ല കാരണവശാലും വിരുദ്ധത സംഭവിക്കാൻ ഇടയുണ്ടെങ്കിൽ ആ വിവാഹം നടത്തരുത്. ഇത് സംബന്ധിച്ച ജ്യോതിഷ പ്രമാണം താഴെ:

(ദമ്പത്യോശ്ചാന്യോന്യം സക്തി: ശുഭദാ വിശേഷത:
പ്രോക്താ പാണിഗ്രഹണം നൃണാ മത്യർത്ഥം ചിന്തനീയം സ്വാൽ – ഇതി)

തനിക്കു ഏതൊരു സ്ത്രീയിലാണോ നിർവ്യാജമായ ആസക്തിയുള്ളത് എന്ന് അറിവുള്ളവർ ആ സ്ത്രീയെ തന്നെ നിശ്ചയമായും വിവാഹം ചെയേണ്ടതാണ്. ഇത് പരിശുദ്ധമായ മനോവൃത്തിയുള്ളവർക്ക് മാത്രമേ യോജിക്കുകയുള്ളൂ , മൃഗീയ ചേതോവികാരങ്ങൾക്ക് കീഴ്പെടുന്നവർക്ക് ഈ തത്വം യോജിക്കുകയില്ല.

(യസ്യാം മന: സമാസക്തം താമേവ വിവഹേൽ ബുധ:
സർവ്വാനു ഗുണഭംഗേപി മനോനുഗുണതാധികാ ഇതി)

ഒമ്പതാം ഭാവാധിപനെ കൊണ്ട് ജാതകന്റെ കഴിഞ്ഞ ജന്മവൃത്താന്തങ്ങളും അഞ്ചാം ഭാവം കൊണ്ട് വരാൻ പോകുന്ന ജന്മത്തിലെ കാര്യങ്ങളും പറയണം. അതാത് ഭാവാധിപൻമാരുടെ ജാതിയും ഭാവാധിപൻ നിൽക്കുന്ന രാശിയുടെയോ ഭാവാധിപനെ ദൃഷ്ടി ചെയ്യുന്ന ഗ്രഹത്തിന്റെയോ ദേശത്തെയും പറയണം

വിവാഹബന്ധം ജീവിതത്തിൽ മാത്രമല്ല മരണ ശേഷവും പിൻതുടരും. തമ്മിൽ അനുരാഗമില്ലാത്തവർ വിവാഹിതർ ആകുന്നത് മാനസികമായി കഠിന വേദന സൃഷ്ടിക്കും. അനുരാഗവും മന:പൊരുത്തവും ഉള്ള സ്ത്രീ – പുരുഷ ജാതകങ്ങളിൽ മാനസിക അടുപ്പത്തിന് കാരണമാകുന്ന ഗ്രഹസ്ഥിതികൾ ഒന്നോ അതിലധികമോ ആയിരിക്കും. അവർക്ക് മറ്റ് എല്ലാ പൊരുത്തങ്ങളുടെയും അഭാവത്തിലും വിവാഹ ജീവിതത്തിൽ പ്രവേശിക്കാം.

മുൻജന്മബന്ധം സൂചിപ്പിക്കുന്ന പൊരുത്തങ്ങൾ

1 ലഗ്നാലോ, ചന്ദ്രാലോ സമസപ്തമം വരിക

2 ചന്ദ്രലഗ്നവും ലഗ്നവുമായി പരസ്പരം ഏഴാം രാശിയിൽ വരിക (ഭാവം)

3 ഏഴാം ഭാവാധിപൻ പൂർണ്ണദൃഷ്ടിയോ വിശേഷ ദൃഷ്ടിയോ ചെയ്യുന്ന രാശിയിൽ സ്ത്രീയോ
പുരുഷനോ ജനിക്കുക

4 ലഗ്നാലോ ചന്ദ്രാലോ ഏഴാം ഭാവത്തിന്റെ ത്രികോണരാശിയായ 3, 11 ഭാവങ്ങളിൽ സ്ത്രീപുരുഷൻമാരുടെ പരസ്പര രാശികൾ വരിക

5 ഏഴാം ഭാവാധിപൻ നിൽക്കുന്ന രാശിയിലോ ഏഴാം ഭാവാധിപൻ അംശിച്ച രാശിയിലോ മറ്റേയാളുടെ ജാതകത്തിന്റെ ലഗ്നമോ ചന്ദ്രലഗ്നമോ വരിക

6 ലഗ്നത്തിന്റെ നവാംശം എത്രയാണെന്ന് നോക്കിയിട്ട്
ആ സംഖ്യ ഏഴാം ഭാവത്തിന്റെ നവാംശകം തുടങ്ങുന്ന രാശിയിൽ നിന്നും ഏത് രാശിയിൽ വരുന്നുവോ ആ രാശിയിൽ സ്ത്രീയോ പുരുഷനോ ജനിക്കുക.

ഇത്തരം ജാതകഘടന (രമരമണീയ ഭാവം) ഉണ്ടെങ്കിലേ മുജന്മ ബന്ധത്തെപ്പറ്റി പറയാനാകൂ. മറ്റു പൊരുത്തങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ യോഗജാതർ തമ്മിൽ വിവാഹിതരായാൽ പരസ്പരമുള്ള അനുരാഗത്താൽ പ്രേമൈക്യമായി ജീവിക്കുവാനും മരണാനന്തരവും ഇതേ സ്നേഹം നിലനിർത്താനും ആത്മാക്കൾ പോലും വേർപെടാതിരിക്കാനും ഇടയാകുന്നു

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847475559

Story Summary: Importance of Harmony of minds in horoscope matching

error: Content is protected !!