Sunday, 29 Sep 2024
AstroG.in

പ്രദോഷം, അമാവാസി, ധനു സംക്രമം; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2023 ഡിസംബർ 10 – 16)
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

2023 ഡിസംബർ10 ന് തുലാക്കൂറ് ചോതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ വൃശ്ചികത്തിലെ കറുത്തപക്ഷ പ്രദോഷം, അമാവാസി, ധനു രവിസംക്രമം എന്നിവയാണ്. വാരം തുടങ്ങുന്ന ഞായറാഴ്ച തന്നെയാണ് പ്രദോഷ വ്രതം. ശിവപാർവതി പ്രീതിക്ക് വ്രതമെടുക്കാൻ ഉത്തമാണ് ഈ ദിവസം. അന്ന് ഉപവസിച്ച് വൈകിട്ട് പ്രദോഷപൂജയിൽ പങ്കെടുത്താൽ അഭീഷ്ടങ്ങളെല്ലാം സാധിക്കും. ശിവപഞ്ചാക്ഷരിയും മൃത്യുഞ്ജയ മന്ത്രവും കഴിയുന്നത്ര തവണ ജപിക്കുന്നത് നല്ലതാണ്. ഡിസംബർ 12 നാണ് വൃശ്ചികത്തിലെ കറുത്തവാവ്. ഈ ദിവസം പിതൃക്കൾക്ക് ബലിതർപ്പണം, പുരാണ പാരായണം, അന്നദാനം, തിലഹോമം ഇവ നടത്തുന്നത്
നല്ലതാണ്. ഉച്ചയ്ക്കുമാത്രം ഊണ് കഴിക്കാം. രാവിലെയും, വൈകിട്ടും മിതാഹാരം ഭക്ഷിക്കുക. 1199 വൃശ്ചികം 30, 2023 ഡിസംബർ 16 ന് ശനിയാഴ്ച പകൽ 4 മണിക്ക് മകര കൂറിൽ തിരുവോണം നക്ഷത്രം രണ്ടാം പാദത്തിൽ ധനു രവിസംക്രമം നടക്കും. അടുത്ത ദിവസമാണ് ധനു മാസം തുടങ്ങുക. ഡിസംബർ 16 ന് അവിട്ടം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സാമ്പത്തിക ബാധ്യതകൾ തീർക്കും. ചിരകാലമായുള്ള ആഗ്രഹങ്ങൾ പലതും സഫലമാകും. വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തും. ബിസിനസ് വിപുലമാക്കും. കലാ, സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർ മികച്ച ചില നേട്ടങ്ങൾ കൈവരിക്കും. നവീനമായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. പ്രിയപ്പെട്ട വ്യക്തികളുമായി ഒന്നിക്കും. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. ചതിയിൽ പെടരുത്. പ്രതികൂല സാഹചര്യങ്ങൾ എന്നും നിലനിൽക്കില്ലെന്ന് മനസ്സിലാക്കണം. സംവാദത്തിൽ നിന്നും ഒഴിഞ്ഞു മാറും. ഓം ശരവണ ഭവ: ദിവസവും 108 ഉരു വീതം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
തൊഴിൽരംഗത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ആഗ്രഹങ്ങൾ പലതും സാധിക്കും. കൃഷിയിൽ നിന്നും ആദായം വർദ്ധിക്കും. ബിസിനസ് ലാഭകരമാകും. കലാകായികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ഭൂമി വാങ്ങും. സന്താനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടതു ചെയ്യും. ശരിയായ തീരുമാനങ്ങൾ എടുക്കും. ദാമ്പത്യ ജീവിതത്തിൽ നല്ല മാറ്റങ്ങൾ സംഭവിക്കും. നിയമവിരുദ്ധമായ കാര്യങ്ങൾ ഒന്നും ചെയ്യരുത്. ഓം ഗം ഗണപതയേ നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ബന്ധുമിത്രാദികളിൽ നിന്ന് അകമഴിഞ്ഞ രീതിയിൽ സഹായസഹകരണങ്ങൾ ലഭിക്കും. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. സുഖസൗകര്യങ്ങൾ വർദ്ധിക്കും. കുടുംബസ്വത്ത് ലഭിക്കും. സാഹിത്യ പ്രവർത്തകർക്ക് അംഗീകാരവും പ്രശസ്‌തിയും കിട്ടും. രോഗങ്ങൾ മാറും. ആരോഗ്യം മെച്ചപ്പെടും. വിദേശത്ത് കഴിയുന്നവർക്ക് വളരെ നല്ല സമയമാണ്. സാമ്പത്തികമായും തൊഴിൽ രംഗത്തും ഉയർച്ചയുണ്ടാകും. ബിസിനസ്സ് അല്ലെങ്കിൽ ഓഫീസുമായി ബന്ധപ്പെട്ട സമ്മർദ്ദം ആരോഗ്യത്തെ ബാധിക്കാതെ നോക്കണം. സ്നേഹം പ്രകടിപ്പിക്കാൻ കഴിയും. എന്നും ഓം നമോ നാരായണായ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
തൊഴിൽരംഗത്ത് അഭിമാനാർഹമായ പുരോഗതിയും നേട്ടങ്ങളും കരസ്ഥമാക്കും. ബുദ്ധിപരമായ നീക്കങ്ങൾ നടത്തി തടസ്സങ്ങൾ മറികടക്കും. ആഗ്രഹിച്ച രീതിയിൽ ഉപരിപഠനത്തിന് സാഹചര്യങ്ങൾ വരും. സ്വജനങ്ങൾ സാമ്പത്തികമായി സഹായിക്കും. വിനോദയാത്രയ്ക്ക് അവസരം ലഭിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. അല്ലെങ്കിൽ അറ്റകുറ്റപ്പണി തുടങ്ങും. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടും. ഔദ്യോഗിക രംഗത്ത് തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കണം. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
വരുമാനം വർദ്ധിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന സമയമാണ്. തൊഴിൽ രംഗത്ത് ഉന്നത സ്ഥാനമാനങ്ങൾ തേടിവരും. ഭാരിച്ച ചുമതലകൾ ഏറ്റെടുക്കും. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. വീട്ടിലെ മുതിർന്നവർക്ക് രോഗശാന്തി ലഭിക്കും. സംയുക്ത സംരംഭങ്ങളിൽ പണം മുടക്കും. വിവാഹം ആലോചിച്ച് ഉറപ്പിക്കും. സ്വത്ത് തർക്കത്തിൽ വിജയം കൈവരിക്കും. കലാ സാഹിത്യ രംഗത്ത് ശ്രദ്ധിക്കപ്പെടും. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. നിർത്തിവച്ച ജോലികൾ പുനരാരംഭിക്കും. ഓം നമഃ ശിവായ ദിവസവും ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധവേണം. കുടുംബസ്വത്ത് വീതം വച്ചു കിട്ടും. കൃഷിയിൽ ആദായം വർദ്ധിക്കും. ജീവിതപങ്കാളിയുമായി ഉണ്ടായിരുന്ന തെറ്റിദ്ധാരണയും അഭിപ്രായഭിന്നതകളും മാറും. പുതിയ വാഹനം സ്വന്തമാക്കും. ജോലി കിട്ടാൻ സാധ്യതയുണ്ട്. ഭൂമിക്രയവിക്രയത്തിന് പറ്റിയ സയമാണ്. ആഗ്രഹിച്ച ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും കിട്ടും. അമിതമായി ചെലവഴിക്കുന്നത് ഒഴിവാക്കണം. ക്ഷമ അത്യാവശ്യമാണ്. മാനസിക പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ വീതം ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
തൊഴിൽ രംഗത്ത് നേട്ടങ്ങളുണ്ടാകുന്ന സമയമാണ്. ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ നടത്തും. വിനോദ യാത്രയ്ക്ക് പദ്ധതിയിടും. സൽകർമ്മങ്ങൾക്ക് അംഗീകാരം കിട്ടും. പരിശ്രമത്തിലൂടെ പ്രതീക്ഷിച്ചതിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കും. സങ്കടങ്ങൾ നീങ്ങും. ആഗ്രഹങ്ങൾ പലതും നിറവേറ്റും. സ്ഥാനമാനങ്ങൾ ലഭിക്കും. സാഹിത്യ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെടും. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആസൂത്രണം ചെയ്തതു പോലെ കാര്യങ്ങൾ നടക്കില്ല. ഓം ശ്രീം നമഃ എന്നും ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. രാഷ്ട്രീയ, സാമൂഹ്യരംഗത്ത് ഉന്നതസ്‌ഥാനങ്ങൾ കരസ്ഥമാക്കും. ആഗ്രഹിച്ച തൊഴിൽ മാറ്റത്തിന് സാദ്ധ്യതയുണ്ട്. ബിസിനസ് വിപുലീകരിക്കും. മുടങ്ങിക്കിടന്ന ജോലികൾ പുനരാരംഭിക്കും. പരീക്ഷയിൽ ഉന്നതവിജയം നേടും. ഭൂമി വിൽപന നടക്കും. അടുത്ത ഒരു വ്യക്തിയുമായുള്ള ഭിന്നത കാരണം പ്രശ്നങ്ങൾ ഉണ്ടാകാം. പങ്കാളിയെ സംശയിക്കരുത്. മാനസിക പിരിമുറുക്കം വർദ്ധിക്കാം. ദിവസവും ഓം ഹം ഹനുമതേ നമഃ 108 ഉരു ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
പല മാർഗ്ഗങ്ങളിലൂടെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. സഹോദരങ്ങളിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ ലഭിക്കും. ദിനചര്യയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തും. ആരോഗ്യം മെച്ചപ്പെടും. ഗൃഹത്തിൽ ഐശ്വര്യം വർദ്ധിക്കും. വിദേശത്ത് ആഗ്രഹിച്ച ജോലി ലഭിക്കാൻ സാധ്യതയുണ്ട്. രാത്രി വൈകി വീട്ടിലെത്തുന്ന ശീലം പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ദാമ്പത്യത്തിൽ തെറ്റിദ്ധാരണ പൂർണ്ണമായും ഇല്ലാതാകാൻ കഴിയും. സർപ്പദേവതകളെ പ്രീതിപ്പെടുത്തുന്നതിന് വഴിപാടുകൾ കഴിപ്പിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
മനസ്സമാധാനം ലഭിക്കും. മികച്ച നിക്ഷേപം നടത്തും. ആഗ്രഹിച്ച ജോലി ലഭിക്കും. സന്തോഷം വർദ്ധിക്കും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കും. കർമ്മരംഗത്ത് പ്രതീക്ഷിച്ച ഉയർച്ചയും വളർച്ചയും ഉണ്ടാകും. മത്സരപരീക്ഷയിൽ മികച്ച വിജയം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി യാത്ര വേണ്ടി വരും. കുറുക്കുവഴികളിലൂടെ ലാഭം പ്രതീക്ഷിച്ച് നിക്ഷേപങ്ങൾ നടത്തരുത്. കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ദിവസവും 108 തവണ വീതം ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
കർമ്മരംഗത്ത് അനുകൂലമായ ചില മാറ്റങ്ങളുണ്ടാകും. ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ജോലി അന്വേഷിക്കുന്നവർക്ക് സമയം ഗുണകരമാണ്. തടസം മാറും. നല്ല അനുഭവങ്ങൾ ധാരാളമായി ഉണ്ടാകും. ശമ്പളകുടിശിക ലഭിക്കും. പൊതു പ്രവർത്തകർക്ക് ജനപ്രീതി നേടാനാകും. എതിർപ്പുകൾ തരണം ചെയ്യാൻ കഴിയും. കുടുംബാംഗങ്ങളുമായി കലഹിക്കരുത്. പുതിയ ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത കൂടുതലാണ്. ജോലിയിൽ മുന്നേറുന്നതിൽ‌ പ്രശ്‌നങ്ങൾ‌ നേരിടാം. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും 108 ഉരു ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
പൊതുവേ സന്തോഷവും സമാധാനവും നിറഞ്ഞ കാലഘട്ടമാണ്. വാഹനം മാറ്റി വാങ്ങും. ശുഭചിന്തകൾ ഗുണം ചെയ്യും. പുതിയ ജോലി ലഭിക്കും. ജീവിതത്തിൽ നല്ല പുരോഗതി ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വിവാഹതടസ്സങ്ങൾ നീങ്ങും. പ്രശസ്‌തിയും അംഗീകാരവും ലഭിക്കും. സ്ഥലംമാറ്റം സാധ്യമാവും. ഭാഗ്യക്കുറി, ഓഹരി വിപണിയിൽ നേട്ടം ഇവ ലഭിക്കും. അശ്രദ്ധ സാമ്പത്തിക നഷ്‌ടത്തിന് കാരണമാകും. പ്രണയ ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, സമയം വളരെ നല്ലതാണ് ദിവസവും 108 തവണ ഓം നമഃ ശിവായ ജപിക്കുക.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

error: Content is protected !!