Sunday, 22 Sep 2024
AstroG.in

പ്രദോഷപൂജയിൽ നന്ദിയോട് സങ്കടം പറഞ്ഞാൽ അതിവേഗം സദ്ഫലം

ജ്യോതിഷരത്നം വേണുമഹാദേവ്
ശിവഭഗവാന്റെ വാഹനമാണ് നന്ദികേശ്വരൻ. എല്ലാം കളഞ്ഞ് ഈ എരുതിന്റെ പുറത്തേറിയാണ് ഭഗവാൻ ശ്രീ പരമേശ്വരൻ വിശ്വമെങ്ങും സഞ്ചരിക്കുന്നത്. ക്ഷേത്രങ്ങളിൽ ശിവനോടൊപ്പം ആരാധിക്കപ്പെടുന്ന ഋഷഭരൂപിയായ നന്ദിദേവനെ പൂജിച്ചാൽ അതിവേഗം ആഗ്രഹസിദ്ധി ലഭിക്കുമെന്നത് മിക്ക ശിവഭക്തരുടെയും അത്ഭുതകരമായ അനുഭവമാണ്. എല്ലാ ശിവ ക്ഷേത്രങ്ങളിലും ഭഗവാന്റെ നേരെ മുന്നിലായാണ് ഭൂതഗണങ്ങളുടെ നായകനായ നന്ദിയുടെ സ്ഥാനം.

ശിവപൂജകളിൽ ഏറ്റവും വിശേഷപ്പെട്ട പ്രദോഷ പൂജാവേളയിൽ നന്ദികേശ്വര ആരാധനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പാലാഴിമഥന സമയത്ത് വിഷബാധയിൽ നിന്നും പ്രപഞ്ചത്തെ രക്ഷിച്ച ശിവഭഗവാന്റെ ക്ഷേമം അന്വേഷിക്കാൻ സകല ദേവഗണങ്ങളും കൈലാസത്തിലെത്തി. തന്റെ ആരോഗ്യത്തിന് ദോഷമൊന്നും സംഭവിച്ചിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്താൻ ഭഗവാൻ ആനന്ദ താണ്ഡവ നടനമാടിയത് നന്ദിയുടെ കൊമ്പുകൾക്ക് മദ്ധ്യേ കയറിനിന്നാണ്. വിശ്വനാഥന്റെ ഈ ലീല കണ്ട് പ്രപഞ്ചം സന്തോഷിച്ചു. എല്ലാ ജീവജാലങ്ങളും പരമേശ്വരന്റെ ആനന്ദതാണ്ഡവത്തിൽ ലയിച്ചു.

ഇങ്ങനെ ലോകം ഒന്നടങ്കം ശിവനെ ശ്രദ്ധയോടെ ഭക്തിയോടെ സ്തുതിച്ച സമയമാണ് പ്രദോഷം. കൈലാസത്തിൽ ആദ്യമായി ഭഗവാൻ താണ്ഡവം ആടിയ സന്ധ്യ ത്രയോദശിയും ശനിയാഴ്ചയും ഒത്തുവന്നത് ദിവസം ആയിരുന്നു. അതിനാൽ ത്രയോദശിനാളിൽ വരുന്ന പ്രദോഷം പ്രധാനവും ശനിയും ത്രയോദശിയും ഒത്തുവരുന്ന ദിവസം അതിവിശിഷ്ടവുമായി മാറി.

പ്രദോഷമെന്ന് കേൾക്കുമ്പോൾ ശ്രീപരമേശ്വരനൊപ്പം നന്ദിയും ഓർമ്മയിലെത്തും. പ്രദോഷ പൂജാ സമയത്ത് നന്ദിയെയും വണങ്ങുന്നതിനും ആരാധിക്കുന്നതിനും രണ്ട് കാരണങ്ങളുണ്ട്. ആദ്യ കാരണം പാലാഴിയിൽ നിന്നും വിഷപ്പുക വമിച്ചപ്പോൾ ദേവഗണം അഭയം തേടി ഓടിയെത്തിയത് കൈലാസത്തിലാണ്. അപ്പോൾ അവരെ തടഞ്ഞ് വൈകിപ്പിക്കാതെ ശിവ ഭഗവാനെ ദർശിക്കാൻ അവസരം കൊടുത്തു. രണ്ടാമത് ശിവൻ പ്രദോഷ വേളയിൽ നൃത്തമാടിയത് നന്ദിയുടെ കൊമ്പുകൾക്കിടയിലാണ്. അതുകൊണ്ടാണ് നന്ദിയെ കൊമ്പുകൾക്കിടയിലൂടെ വണങ്ങി ശിവ ദർശനം നേടണമെന്ന് പറയുന്നത്. തങ്ങളുടെ കുറവുകളും വിഷമങ്ങളും നന്ദികേശ്വരനെ അറിയിച്ചാൽ, അദ്ദേഹം അത് ശ്രീപരമേശ്വരന്റെ സമക്ഷമെത്തിച്ച് പരിഹാരം നേടിക്കൊടുക്കുമെന്നും ഭക്തർ വിശ്വാസിക്കുന്നു.

ശിവദർശനം തേടിയെത്തുന്നവർ നന്ദിയുടെ കാതിൽ രഹസ്യമായി സങ്കടം ഉണർത്തിക്കുന്നത് ഇത് കാരണമാണ്. എന്തുതന്നെയായാലും പ്രദോഷ സമയത്ത് നന്ദിയെ വണങ്ങുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. നന്ദിയെ ഈശ്വര തുല്യമായാണ് പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. ശിവനെ ജീവനായും ശ്വാസമായും നന്ദി കരുതുന്നു. അതുകൊണ്ടാണ് ശിവനെ വലംവച്ച് വണങ്ങുന്നവർ ശിവനും നന്ദിക്കും കുറുകെ കടക്കരുത് എന്ന് പറയുന്നത്.

പ്രദോഷവേളയിൽ നന്ദികേശ്വരനെ പ്രത്യേകം സ്മരിക്കുന്നതും പുഷ്പമാല്യങ്ങൾ സമർപ്പിക്കുന്നതും ഉത്തമമാണ്. മാത്രമല്ല പ്രദോഷ വേളയിൽ ഭഗവാൻ നന്ദികേശ്വരന്റെ കൊമ്പുകൾക്ക് ഇടയിൽ നിന്ന് നൃത്തമാടുന്നതുകൊണ്ട് ആ സമയത്ത് നന്ദിദേവന് ചെയ്യുന്ന പൂജ ശിവഭഗവാനിലേക്ക് നേരിട്ട് ചെന്നുചേരുന്നു എന്നും സങ്കല്പിക്കപ്പെടുന്നു. നന്ദിക്ക് അഭിഷേകവും ദീപാരാധനയും ചെയ്യാനാവില്ല. എങ്കിലും കറുകമാല ചാർത്തി മൺചിരാതിൽ നെയ്യ് ദീപം കത്തിച്ച് നന്ദിയെ വണങ്ങി സങ്കടം ഉണർത്തിക്കാം. തീർച്ചയായും നല്ല ഫലമുണ്ടാകും. പ്രദോഷ വേളയിൽ പരമശിവനേയും നന്ദിയേയും ഒന്നിച്ച് വണങ്ങിയാൽ എല്ലാ നന്മകളും കൈവരും; സന്തോഷവും സമൃദ്ധിയും ഉണ്ടാകുമെന്നും പുരാണം പറയുന്നു.

ജ്യോതിഷരത്നം വേണുമഹാദേവ്,
+91 9847475559

error: Content is protected !!