Saturday, 23 Nov 2024
AstroG.in

പ്രഭാത സൂര്യൻ വാമനൻ; ഇക്കാലം ആദിത്യോപാസനയ്ക്ക് അത്യുത്തമം

വേദാഗ്നി അരുൺ സൂര്യഗായത്രി
സൂര്യാരാധനയ്ക്ക് ഏറ്റവും ഉത്തമമായ ദിനങ്ങളാണ് ആദിത്യഭഗവാൻ ഉച്ചത്തിലും പരമോച്ചത്തിലും
വരുന്ന മേടമാസവും സ്വക്ഷേത്രത്തിൽ ബലവാനായി നിൽക്കുന്ന ചിങ്ങവും. കള്ളക്കർക്കടകത്തിലെ
കാറ്റും കോളുമെല്ലാം പോയി ആവണി പിറക്കുന്നത്
സൂര്യഭഗവാൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നതോടെയാണ്. അപ്പോൾ പ്രകൃതിയും ഉണർന്നെഴുന്നേൽക്കും. ഉന്മേഷവും ഉത്സാഹവും പ്രതീക്ഷയും തുടർന്നുള്ള ഓരോ അരുണോദയത്തിലും ഓരോ മനസിലും നിറയും. പിന്നെ അത്തച്ചമയവും വിനായക ചതുർത്ഥിയും പൊന്നോണവും വരും. അതോടെ നമ്മുടെ ഉത്സവ വർഷവും തുടങ്ങും. അതുകൊണ്ടു തന്നെ ഉത്സാഹത്തോടെ, ഭക്തിയോടെ സൂര്യഭഗവാനെ സ്മരിച്ചും പ്രാർത്ഥിച്ചും
വേണം ചിങ്ങത്തിലെ ഒരോ ദിവസവും പിന്നിടാൻ.

ഓംരം രവയേ നമ:
ഓം ആദിത്യായനമ:
ഓം സൂര്യായ നമഃ

പ്രപഞ്ചത്തിന്റെ അധിപൻ സൂര്യനാണ്. കശ്യപ മഹർഷിയുടേയും അദിതിയുടെയും പുത്രനായ സൂര്യന്റെ വാഹനം അശ്വങ്ങൾ വഹിക്കുന്ന തേരാണ്‌.
ഭൂമിയും ഗ്രഹങ്ങളും സൂര്യന് ചുറ്റും നിരന്തരം
സഞ്ചരിച്ച് രാത്രിയും പകലുമുണ്ടാക്കുന്നു. സൂര്യന്റെ ഊർജ്‌ജമില്ലാതെ ഈ പ്രപഞ്ചത്തിൽ യാതൊന്നിനും നിലനിൽപ്പില്ല. ഒരു സൃഷ്ടി കർമ്മവും നടക്കില്ല. അങ്ങനെ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന
പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ പ്രധാനപ്പെട്ട
നാമം ആദിത്യന്‍ എന്നാണ്. ആദിത്യന്‍ എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍ എന്നാണ്. ആദിയിൽ
ഉണ്ടായവൻ എന്നും അർത്ഥമുണ്ട്. അദിതിയുടെ മകനാണ് വിഷ്ണുവിൻ്റെ അഞ്ചാമത്തെ അവതാരമായ വാമനന്‍. അതായത് സൂര്യന്‍ മഹാവിഷ്ണു തന്നെ എന്ന് അർത്ഥം. സൂര്യനാരായണൻ എന്നും ഭഗവാനെ പറയുന്നുണ്ടല്ലോ. സംജ്ഞയും ഛായയുമാണ് സൂര്യ പത്നിമാർ. ഏഴ് വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിലാണ് സൂര്യന്റെ സഞ്ചാരം. അരുണനാണ് തേരാളി.
നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാന ഗ്രഹം സൂര്യനാണ്. എല്ലാ ഗ്രഹങ്ങളെയും നിയന്ത്രിക്കുന്ന സൂര്യനെ എല്ലാ ദേവന്മാരും ഗ്രഹങ്ങളും പ്രദക്ഷിണം വയ്ക്കുന്നു. സൂര്യനെ ഉപാസിക്കാതെ ആർക്കും തന്നെ നിലനിൽപ്പില്ലെന്ന് സാരം.

അതുകൊണ്ടാണ് പ്രഭാതത്തില്‍ ഉണര്‍ന്നാലുടൻ നമ്മൾ സ്നാനം ചെയ്ത് സൂര്യാരാധന നടത്തുന്നത്. ശരീരത്തിനും മനസ്സിനും ആരോഗ്യവും ഐശ്വര്യവും ജീവിതത്തില്‍ പ്രദാനം ചെയ്യാന്‍ സൂര്യനല്ലാതെ മറ്റാർക്കും കഴിയില്ല. സൂര്യനെ എന്നും രാവിലെയും വൈകുന്നേരവും സ്മരിച്ചു സ്തുതിക്കുന്നവരുടെ ജീവിതം മേൽക്കുമേൽ അഭിവൃദ്ധിപ്പെടും. ഒരു പ്രത്യേക തേജസ് അങ്ങനെയുള്ളവരിൽ ദൃശ്യമാകും.
പ്രഭാത സൂര്യനെ വാമനനായും, പ്രദോഷ സൂര്യനെ വരുണനായുമാണ് സ്മരിക്കേണ്ടത്, ദര്‍ശിക്കേണ്ടത്.

എന്തായാലും വെളിച്ചത്തിന്റെയും ചൂടിന്റെയും നിയന്താവു സൂര്യന്‍ തന്നെയാണ്. സൂര്യന്റെ ശക്തിയാല്‍ എല്ലാ ജീവരാശികളും നിലനില്‍ക്കുന്നു, വളരുന്നു, ശക്തി ആർജ്ജിക്കുന്നു. സൂര്യനില്‍ നിന്നും അടര്‍ന്നുവീണ ഭൂമിയും, ഭൂമിയിലെ സകല ജീവജാലങ്ങളും സൂര്യന്റെ നിയന്ത്രണത്തിലാന്നെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏത് ആരാധന രീതികളിലും വെച്ച് അത്യുന്നമായ സ്ഥാനം സൂര്യാരാധനയ്ക്ക് ലഭിച്ചത് ഇതിനാലാന്നെന്ന് നിസംശയം പറയാം. സൂര്യദേവനെ പ്രകീർത്തിക്കുന്ന ഗായത്രി മന്ത്രം മന്ത്രങ്ങളുടെ രാജാവായതും അതി
ശ്രേഷ്ഠമായതും അതിനാലാണ്. മനുഷ്യശരീരം വിവിധ ഊര്‍ജ്ജങ്ങളുടെ കേന്ദ്രമായതിനാലാണ് പ്രഭാത
സൂര്യകിരണങ്ങള്‍ മനുഷ്യ ശരീരത്തിന്‌ അനിവാര്യമാണെന്ന്‌ ശാസ്‌ത്രം പറയുന്നത്. വായു, ജലം, ഭൂമി, അഗ്നി അതായത് ഊര്‍ജ്ജം, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്‌
ശരീരം. അതിനാല്‍ ശരീരത്തിനുണ്ടാകുന്ന എന്ത്‌
ദോഷങ്ങളും ഈ അഞ്ച്‌ ഭൂതങ്ങളാല്‍ ഭേദമാക്കാന്‍ കഴിയും, സൂര്യ കിരണങ്ങള്‍ ഇതില്‍ ഒന്നാണ്‌. സൂര്യകിരണത്തിലെ വൈറ്റമിൻ ഡി രോഗ
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മുഖ്യഘടകമാണ്. ഇതിന്റെ അഭാവവും കുറവും പലതരം രോഗങ്ങള്‍ക്ക്
കാരണമാകും. നേത്ര രോഗങ്ങള്‍, മഞ്ഞപ്പിത്തം, കുഷ്‌ഠം, മനോദൗർബല്യം എന്നിവയ്‌ക്കെല്ലാം
സൂര്യ പ്രകാശത്താല്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് ഋഗ്വേദം പറയുന്നു. സൂര്യൻ നിറങ്ങളുടെ മാത്രമല്ല, 7 സ്വരങ്ങളുടെയും കാരകനാണ്.
ഉറക്കത്തില്‍ നിന്നും എല്ലാവരെയും ഉണര്‍ത്തുന്നത്‌ സൂര്യനാണ്‌. സൂര്യന്‍ കാരണമാണ്‌ നമ്മൾ ജോലി ചെയ്യുന്നതും സജീവമായിരിക്കുന്നതും. സൃഷ്ടിയുടെ ഉല്പന്നമായ എല്ലാ ജീവജാലങ്ങളെയും ഭൗതികവും മാനസികവും ആത്മീയവുമായ ദൗര്‍ബല്യങ്ങള്‍ നീക്കം ചെയ്‌ത്‌ ആരോഗ്യത്തോടെ ദീര്‍ഘനാള്‍ ജീവിക്കാന്‍ സൂര്യന്‍ സഹായിക്കുന്നു. അതിരാവിലെ കുളിച്ച്‌ സൂര്യദേവനോട്‌ പ്രര്‍ത്ഥിക്കുന്നവര്‍ക്കും സൂര്യസ്‌നാനം ചെയ്യുന്നവര്‍ക്കും ശരീരത്തില്‍ സൂര്യകിരണങ്ങള്‍ പതിക്കാന്‍ അനുവദിക്കുന്നവര്‍ക്കും പലതരം അസുഖങ്ങളില്‍ നിന്നും മുക്തരാകാന്‍ കഴിയും കൂടാതെ ബുദ്ധിശക്തി വര്‍ദ്ധിക്കുമെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

കൊണാർക്കിലെ സൂര്യ ക്ഷേത്രം വിശ്വ പ്രസിദ്ധമാണ്.
കേരളത്തിൽ കോട്ടയം ജില്ലയിലെ കടത്തുരുത്തിയിൽ ഇരവിമംഗലത്ത് ഒരു സൂര്യ ക്ഷേത്രമുണ്ട്. മാവേലിക്കരയിൽ മാന്നറിനടുത്ത് ഇരമത്തൂറിൽ 700 വർഷം പഴക്കമുള്ള ഒരു സൂര്യക്ഷേത്രമുണ്ട്.
സൂര്യനാരായണ സങ്കല്പത്തിൽ സൂര്യനെ പൂജിക്കുന്ന ചില ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. കതിരൂരിൽ
മുഖ്യപ്രതിഷ്ഠ സൂര്യനാരായണനാണ്.
പനയന്നാർകാവ്, താഴത്തങ്ങാടി തളി, തൃപ്രങ്ങോട്, പത്മനാഭപുരം, പാഞ്ഞാൾ എന്നിവിടങ്ങളിൽ സൂര്യനാരായണ പ്രതിഷ്ഠകളുണ്ട്.

സൂര്യദേവൻ്റെ അനുഗ്രഹത്തിന് എന്നും രാവിലെ
സൂര്യ ഭഗവാനെ തൊഴുതു വണങ്ങി സൂര്യഗായത്രി ജപിക്കുക. നവഗ്രഹ സ്തോത്രം പതിവായി ജപിക്കുന്നതും നല്ലതാണ്. ഏവർക്കും സൂര്യദേവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ……

സൂര്യഗായത്രി
ഓം ഭൂർഭുവ: സ്വ:
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധീയോ യോന പ്രചോദയാത്

നവഗ്രഹ സ്‌തോത്രം

സൂര്യന്‍
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വ പാപഘ്‌നം
പ്രണതോസ്മി ദിവാകരം

ചന്ദ്രന്‍
ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മകുടഭൂഷണം

ചൊവ്വ
ധരണീഗര്‍ഭസംഭൂതം വിദ്യുത്
കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം
തം മംഗളം പ്രണമാമ്യഹം

ബുധന്‍
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം

വ്യാഴം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

ശുക്രന്‍
ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

രാഹു
അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം

കേതു
പലാശപുഷ്പസങ്കാശം
താരകാഗ്രഹ മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം
നമ: സൂര്യായ സോമായ മംഗളായ ബുധായ ച ഗുരുശുക്ര ശനിഭ്യശ്ച രാഹവേ കേതവ നമ:

(മന്ത്രോപദേശത്തിനും സംശയപരിഹാരത്തിനും ബന്ധപ്പെടാം: വേദാഗ്നി അരുൺ സുബ്രഹ്മണ്യം
സൂര്യഗായത്രി + 91 960 5002 047

തിരുവനന്തപുരം പാളയം ഹനുമാൻ സ്വാമിക്ഷേത്രത്തിൽ മേൽശാന്തി)

error: Content is protected !!