പ്രാണന് ബലം നൽകി മൃത്യുവിനെഅതിജീവിക്കാൻ എന്നും ഇത് ജപിക്കാം
മംഗള ഗൗരി
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും ജപിക്കുന്നത് നന്നായിരിക്കും. വളരെ ശക്തിയുള്ള മന്ത്രമായതിനാൽ ജപിക്കുന്നവർ ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. ഈ ജന്മത്തിൽ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണ് ഇവിടെ മൃത്യുഞ്ജയ മന്ത്രത്തിൽ പ്രാര്‍ത്ഥിക്കുന്നത്. അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. അതു പോലെ തനിക്കും സംഭവിച്ച് തന്നെ മുക്തിയിലേക്ക് നയിക്കേണമേ എന്നാണ് പ്രാർത്ഥന.
ശിവ ധ്യാനം
നമഃ ശിവാഭ്യാം
നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ട
വപുര്‍ധരാഭ്യാം നാഗേന്ദ്രകന്യാം
വൃഷകേതനാഭ്യാം നമോ നമഃ
ശങ്കര പാര്‍വതിഭ്യാം
മഹാമൃത്യുഞ്ജയമന്ത്രം
ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.
ചുരുക്കിപ്പറഞ്ഞാൽ മരണഭയത്തില്‍ നിന്നും മുക്തിയേകുന്ന മന്ത്രമാണ് ഇത്. ഭഗവാന്‍ ശിവനെ സംഹാര ദേവനായാണ് സങ്കല്പിക്കുന്നത്. അതിനാല്‍ മരണത്തില്‍ നിന്നും മുക്തിയേകാന്‍ ശിവന് മാത്രമേ കഴിയൂ എന്നാണ് വിശ്വാസം. രോഗ ദുരിതബാധിതരായി കഴിയുന്നവർ പ്രത്യേകിച്ച് ഈ മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്. രോഗബാധിതരായി കഴിയുന്നവരുടെ ബന്ധുക്കള്‍ ഈ മന്ത്രം ജപിക്കുകയും മൃത്യുഞ്ജയ
ഹോമം നടത്തുകയും ചെയ്താൽ പ്രിയപ്പെട്ടവരെ മരണവക്ത്രത്തില്‍ നിന്നും രക്ഷിക്കാനാകും.
ക്ഷമാപണ മന്ത്രം
കരചരണകൃതം വാ കായജം വാ
കര്‍മ്മജം വാ ശ്രവണ നയനജം വാ
മാനസം വാ അപരാധം വിഹിതം
അവിഹിതം വാ സര്‍വമേതത്
ക്ഷമസ്വ ശിവ ശിവ കരുണാബ്‌ധേ
ശ്രീ മഹാദേവ ശംഭോ
ശിവമന്ത്രങ്ങൾ ജപിച്ച ശേഷമുള്ള ക്ഷമാപണമന്ത്രമാണ് ഈ ധ്യാനം. നമ്മുടെ എല്ലാ തെറ്റുകുറ്റങ്ങളും പാപങ്ങളും പൊറുത്ത് അനുഗ്രഹം ചൊരിയണേ എന്ന് ശിവ ഭഗവാനോട് പ്രാര്‍ത്ഥിക്കുന്ന അതിശക്തമായ ഈ മന്ത്രം മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ച ശേഷം ജപിക്കുന്നത് വളരെ നല്ലതാണ്. ദിവസവും ശിവഭജനം നടത്തന്നവർ ജപം അവസാനിപ്പിക്കുന്ന സമയത്ത് പ്രത്യേകിച്ച് ഇത് ജപിക്കുന്നത് നല്ലതാണ്.
Story Summary: Significance of Maha Mrityunjaya Mantra Japam