Sunday, 6 Oct 2024
AstroG.in

പ്രാർത്ഥനകൾക്ക് അളവറ്റ ഫലം ലഭിക്കുന്ന സുവർണ്ണ ദിനം മേടപ്പത്ത്

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

ഏറെ ഐശ്വര്യം നിറഞ്ഞതും പുണ്യദായകവും അക്ഷയവുമായ ദിനമാണ് പത്താമുദയം. വിഷു മുതൽ മേടപ്പത്തു വരെയുള്ള നാളുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്. സമൃദ്ധിയും സമ്പത്തും നിറയ്ക്കുന്ന, ഏത് പ്രാർത്ഥനയ്ക്കും അളവറ്റ ഫലം ലഭിക്കുന്നതായ നാളുകളായാണ് ഈ സുവർണ്ണ ദിനങ്ങളെ കരുതുന്നത്.

ഈ ദിവസങ്ങളിൽ, പ്രത്യേകിച്ച് പത്താമുദയ ദിവസം മത്സ്യമാംസാദികൾ ഉപേക്ഷിച്ച് വ്രതാനുഷ്ഠാനത്തോടെ സൂര്യനെ സ്മരിച്ചാൽ കിട്ടുന്ന ഗുണങ്ങൾ നിരവധിയാണ്. ഈ ദിവസം സൂര്യൻ ഉച്ചക്ഷേത്രമായ മേടം രാശിയിൽ നിൽക്കുന്നതിനാൽ അന്ന് സൂര്യഭജനം നടത്തുന്നത് ശ്രേയസ്ക്കരമാണ്. നിശ്ചിത കാലത്തേക്ക് സൂര്യഭജനം തുടങ്ങുന്നതിനും പത്താമുദയദിവസം ഉത്തമാണ്.

ജ്യോതിഷം, വാസ്തു തുടങ്ങിയവയെല്ലാം സൂര്യനെ അടിസ്ഥാനമാക്കിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്ര പൂജകളും അങ്ങനെ തന്നെ. വാസ്തു പുരുഷൻ ഉണർന്നിരിക്കുന്ന എട്ട് ദിവസങ്ങളിലൊന്നുമാണ് പത്താമുദയം. മേടപ്പത്തിന്റെ പ്രാധാന്യം വിവരിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട്. രാവണ വധത്തിന് ശേഷം എല്ലായിടത്തും ശാന്തിയും സമാധാനവും നിറഞ്ഞ് സ്വസ്ഥത ലഭിച്ചതിന്റെ ഓർമ്മയ്ക്ക് ആണെന്ന് ഒരു ഐതിഹ്യം. സമ്പൽസമൃദ്ധിയുടെ പ്രതീകമായി നാം കണക്കാക്കുന്ന കുബേരന്റെ ജന്മദിനമാണ് ഇത് എന്നും പറയുന്നു.

ഏത് സംരംഭത്തിനും മംഗളകരമായ സമാരംഭം കുറിക്കാൻ ഈ ദിനം സർവോത്തമമാണ്. നവ സംരംഭം മാത്രമല്ല, ഗൃഹപ്രവേശം, ഗൃഹനിർമ്മാണ ആരംഭം, തുടങ്ങിയവയ്ക്കും ഉത്തമമായി കണക്കാക്കുന്നു. കർമ്മം ചെയ്യുന്നതിന് മുൻപ് സൂര്യഭഗവാനെ ഒന്ന് സ്മരിച്ച ശേഷം ആരംഭിച്ചാൽ അതിൽ പൂർണ്ണ വിജയം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

നാഗപൂജകൾക്കും വിഷു മുതലുള്ള പത്ത് നാളുകളും പത്താമുദയ ദിവസവും പ്രധാനമാണ്. അന്ന് ഏത് ദേവിദേവന്മാരെ ഭജിച്ചാലും അതിന് പൂർണ്ണമായ ഫലസിദ്ധി പറയപ്പെടുന്നു. വ്രതവും, പൂജകളും, ജപങ്ങളുമായി ഈ ദിനം ചിലവഴിക്കുന്നത് വിജയം നേടാനും ശ്രേയസ്കരവുമാണെന്നാണ് പണ്ഡിതമതം. വിഷു കഴിഞ്ഞ് പത്താമുദയം വരെയുള്ള നാളുകളിൽ രാവിലെയോ വൈകുന്നേരമോ അല്ലെങ്കിൽ രണ്ടു നേരവും സഹസ്രാവർത്തി ഗായത്രി മന്ത്രം ചൊല്ലുന്നതും, പ്രണവ മന്ത്രം, അഷ്ടാക്ഷര മന്ത്രം, പഞ്ചാക്ഷര മന്ത്രം, ആദിത്യ മന്ത്രം എന്നിവയും ഏത് ഇഷ്ടദേവതാ മന്ത്രവും ജപിക്കുന്നതും ഉത്തമം തന്നെ.

രാവിലെ കുളിച്ച് ഈറനോടെ അരയാൽ പ്രദക്ഷിണം വയ്ക്കുന്നത് വിശേഷമാണ്. 21 തവണ പ്രദക്ഷിണം വച്ചാൽ പാപശാന്തി ലഭിക്കും. മാർഗ്ഗ തടസ്സങ്ങൾ മാറാൻ 18 തവണ, കാര്യസാധ്യവും കർമ്മ വിജയവുമാണ് ഉദ്ദേശ്യമെങ്കിൽ 36 തവണ പ്രദക്ഷിണവുമാണ് ആചാര്യന്മാർ വിധിച്ചിട്ടുള്ളത്. ആദിത്യഹൃദയം, സൂര്യ സഹസ്രനാമം മുതലായ വിശേഷ മന്ത്രങ്ങൾ ജപിക്കുന്നതിന് ഈ ദിവസം വളരെ ശ്രേഷ്ഠമാണ്. ഒറ്റയപ്പം സൂര്യഭഗവാന് സമർപ്പിക്കുന്ന രീതിയിൽ അപ്പത്താലം വഴിപാടായി ചെയ്യുന്നതും ചില ദിക്കുകളിൽ പതിവുണ്ട്.

സംശയ നിവാരണത്തിന്
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
നാഗമ്പള്ളി സൂര്യഗായത്രിമഠം

+91 9447384985

( ഒടിസി ഹനുമാൻ സ്വാമി ക്ഷേത്രം, തിരുവനന്തപുരം, ചേർത്തല കാർത്യായനി ക്ഷേത്രം, കൊറ്റംകുളങ്ങര മഹാക്ഷേത്രം തുടങ്ങിയ പ്രസിദ്ധ സന്നിധികളിൽ മേൽശാന്തിയായിരുന്നു ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി )

Story Summary: Importance of Pathamudayam

error: Content is protected !!