Friday, 22 Nov 2024
AstroG.in

പ്രേമസാഫല്യത്തിന് ഇത് ചെയ്യുക

ഏറ്റവും  ഉദാത്തമായ പ്രണയമാണ് ശ്രീകൃഷ്ണന്റെയും രാധയുടെയും. പരസ്പരം കുറ്റപ്പെടുത്തലുകൾ ഇല്ലാതെ കണ്ടും കേട്ടും മനസ്സിലാക്കിയും അനുഭവിച്ചും അറിയുന്നതാണ് അവർണ്ണനീയവും അത്യാഗാധവുമായ രാധാകൃഷ്ണ പ്രേമം. കൃഷ്ണൻ എപ്പോഴും പ്രണയലോലുപനാണ്. മന്ദസ്മിതത്തോടെയല്ലാത്ത കൃഷ്ണ രൂപമില്ല. സ്നേഹിക്കുന്നവർക്കും പ്രണയിക്കുന്നവർക്കും മാത്രമല്ല ആശ്രയിക്കുന്നവർക്കെല്ലാം അതേ പടി സ്നേഹവും സന്തോഷവും ആഗ്രഹസാഫല്യവും തിരിച്ചുനല്കി സന്തോഷിപ്പിക്കുന്നവനാണ് ശ്രീകൃഷ്ണ പരമാത്മാവ്. ശ്രീകൃഷ്ണ പ്രേമം അറിയുന്നതിനും അനുഭവിക്കുന്നതിനും പ്രായമില്ല, സൗന്ദര്യമില്ല, വലിപ്പച്ചെറുപ്പമില്ല. തന്റെ കൃഷ്ണനെക്കുറിച്ച് എല്ലാം അറിയാവുന്നവളാണ് രാധ. കണ്ണന്റെ ചെറുപ്പവും വലിപ്പവും മഹാത്മ്യവുമെല്ലാം.   പക്ഷേ രാധയ്ക്ക് അതൊന്നും ഒരു പ്രശ്നമേ അല്ല. കാരണം രാധ മറ്റൊന്നും അറിയുന്നേ ഇല്ല. ഭഗവാന്റെ പ്രേമം മാത്രമേ അവർക്കറിയൂ. രാധ സ്നേഹിച്ചത് മറ്റെന്നിനെയുമല്ല; കൃഷ്ണനെ മാത്രമാണ്. ഭഗവാന് രാധ കഴിഞ്ഞേ മറ്റാരും ഉള്ളൂ.  കൃഷ്ണൻ മറ്റൊരാളെ സ്നേഹിക്കുന്നുവെന്ന് രാധ ഒരിക്കലും പരാതി പറയാത്തതിന് കാരണവും അതു തന്നെ. ആരെ പ്രണയിച്ചാലും കൃഷ്ണന്റെ മനസ്സിൽ രാധയോടുള്ള പ്രണയം മറ്റാരോടും ഇല്ല. ഇതും രാധയ്ക്ക് അറിയാം. ഈ പരസ്പര ധാരണ  തന്നെയാണ് രാധാ കൃഷ്ണ പ്രണയത്തെ ഉദാത്തമാക്കുന്നത്. രാധ കൃഷ്ണൻമാർ അറിഞ്ഞ, അനുഭവിച്ച പ്രണയം  അതേ സന്തോഷത്തോടെ അതേ ആർദ്രതയോടെ അതേ സരളതയോടെ സ്വന്തം  ജീവിതത്തിലും അനുഭവിക്കാൻ നമുക്ക് ഭഗവാൻ കൃഷ്ണന്റെയും രാധയുടെയും അനുഗ്രഹം  അത്യാവശ്യമാണ്.  പ്രത്യേകിച്ച് പ്രണയബദ്ധരായവർക്ക് . വൈതരണികളും വെല്ലുവിളികളുമെല്ലാം അതിജീവിച്ച് പ്രേമം സഫലമാക്കുവാൻ അവരെ സഹായിക്കുന്ന ഒരു മന്ത്രമുണ്ട്: ശ്രീകൃഷ്ണ രാധികാ മന്ത്രം.  ഈ മന്ത്രം ചൊല്ലി ശ്രീകൃഷ്ണനെ ആരാധിച്ചാൽ എത്ര സംഘർഷം നിറഞ്ഞ പ്രേമമാണെങ്കിലും തടസ്സങ്ങളെല്ലാം മറികടന്ന് പ്രേമസാഫല്യമുണ്ടാകും. 

പ്രണയബദ്ധരല്ലാത്തവർക്കാകട്ടെ  അഗ്രഹിക്കുന്ന വിവാഹം ലഭിക്കും. ധാരാളം വിവാഹാലോചനകള്‍ വന്നിട്ടും  ഒന്നും നടക്കാത്തവര്‍ക്ക് നല്ല ബന്ധം ലഭിക്കുന്നതിനും ഈ മന്ത്രം സഹായിക്കും. കുടുംബ ജീവിതത്തില്‍ എപ്പോഴും കലഹവും അഭിപ്രായ ഭിന്നതയും അസ്വാരസ്യവും  നേരിടുന്നവരെ അതെല്ലാം പരിഹരിച്ച്   രമ്യതയിലാകുന്നതിനും സഹായിക്കുന്നതാണ് അപാര  വശ്യശക്തിയുള്ള  ശ്രീകൃഷ്ണ രാധികാ മന്ത്രം: 

ഓം നാരായണായ ശ്രീകൃഷ്ണഗോപാലമൂര്‍ത്തയേ 

കേശവായ ഔഷിവന്ദിതായ രാമാര്‍ച്ചിതാബ്ജരൂപീണേ 

സൂര്യായ  മാധവായ ശ്രീം ശ്രീം 

വാസുദേവായ രാമായ നിത്യായ മംഗളായ ശ്രീം ശ്രീം

പ്രമദാര്‍ച്ച്യായ ജ്ഞാനായ രാധികാപ്രിയായ

സനാതനായ  ശ്രീം  നമഃ  

ഓം നമോ ഭഗവതേ നാരായണായ 

സത്യായ മംഗല്യമൂര്‍ത്തയേ

മാര്‍ഗ്ഗസ്ഥായ മഹതേ

ഹൃദ്ദേശ അധിഷ്ഠിതായ 

ദീപ്‌ത്രേ ജ്യോതി രൂപായശത്രുസംഹാരരൂപായ 

ശംഭുപ്രിയായ ശത്രുവംശവിഘാതിനേ 

ഗോ ഗോപ ഗോപീജന പ്രിയംകരായ

സര്‍വ്വായനമഃ 

നിത്യേന പ്രഭാതത്തിലും സന്ധ്യയ്ക്കും ശ്രീകൃഷ്ണനെയും രാധയെയും സ്മരിച്ച്    6 പ്രാവശ്യം വീതം ശ്രീകൃഷ്ണ രാധികാ മന്ത്രം ജപിക്കണം. ശ്രീകൃഷ്ണന് പ്രധാന്യമുള്ള അഷ്ടമി രോഹിണി, വിഷു, ബുധനാഴ്ച എന്നീ  ദിവസങ്ങളിൽ തുടങ്ങി 41 ദിവസം ജപിക്കുന്നത് ഉത്തമം. മന്ത്രോപദേശം നേടിയാല്‍ പെട്ടെന്ന് ഫലം ലഭിക്കും.  ശ്രദ്ധയോടെ തെറ്റില്ലാതെ ചൊല്ലാൻ കഴിയുമെങ്കിൽ ഗുരുപദേശം വേണമെന്നില്ല. അതിന് കഴിയുന്നില്ലെങ്കിൽ  ഗുരുമുഖത്തുനിന്ന് സ്വീകരിച്ച് ഗുരു പറയുന്ന രീതിയില്‍ ജപിക്കണം. നാലു പേരോട്ചോദിച്ച് നല്ല ഗുരുവാണെന്ന് ബോദ്ധ്യം വന്നശേഷമേ ഗുരുവിനെ തിരഞ്ഞെടുക്കാവൂ. 

– പുതുമന മഹേശ്വരൻ നമ്പൂതിരി, 

Mobile#: +91 9447 020 655

error: Content is protected !!