Tuesday, 7 May 2024
AstroG.in

പൗർണ്ണമി പൂജ ചൊവ്വാഴ്ച; ദാരിദ്ര്യം ശമിക്കും, ഐശ്വര്യം വർദ്ധിക്കും

ജ്യോതിഷരത്നം വേണു മഹാദേവ്

ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്. ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച് ഇടവമാസത്തിലെ പൗർണ്ണമി വ്രതം വിവാഹതടസങ്ങൾ മാറുന്നതിന് വിശേഷാൽ നല്ലതാണ്. ഇത്തവണത്തെ പൗർണ്ണമിക്ക് ഒരു പ്രത്യേകത ഉള്ളത് രണ്ടു തവണ വെളുത്ത വാവ് വരുന്നു എന്നതാണ്. ഇടവം 16 ന് ആയിരുന്നു ആദ്യ പൗർണ്ണമി .

എല്ലാ ക്ഷേത്ര ആചാരങ്ങൾക്കും ശുഭകർമ്മങ്ങൾക്കും എടുക്കുന്നത് മാസത്തിൽ രണ്ടാമതായി വരുന്ന പൗർണ്ണമിയാണ്. ക്ഷേത്ര ആചാരങ്ങൾ എന്നതിൽ ദേവീ ക്ഷേത്രങ്ങളിൽ നടക്കുന്ന പൗർണ്ണമി പൂജ, പൗർണ്ണമി പൊങ്കാല എന്നിവ വരും. പിതൃകർമ്മങ്ങൾ, മാന്ത്രിക കർമ്മങ്ങൾ എന്നിവയ്ക്ക് ആദ്യ പൗർണ്ണമി എടുക്കും.
ഒരു സൗരമാസത്തിൽ 2 പൗർണ്ണമി വന്നാൽ സംസർപ്പം കാരണം ആ ദിവസം ദോഷകരമായി കരുതി എല്ലാ മുഹൂർത്തങ്ങൾക്കും ചിലർ വർജ്ജിക്കാറുണ്ട്.

എല്ലാ വെളുത്തവാവ് ദിവസവും ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ അത്യുത്തമമാണ് ഈ വ്രതാചരണം. പൗർണ്ണമി നോൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും.

നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം; ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം; ആയിരം ശിവനാമത്തിനു തുല്യമാണ് ഒരു ദേവിനാമമെന്ന് ദേവീഭക്തർ വിശ്വസിക്കുന്നു. മാതൃ സ്വരൂപിണിയാണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകല പാപവും കഴുകിക്കളയുന്നു. ദേവീകടാക്ഷ മാഹാത്മ്യം ആർക്കും തന്നെ വിവരിക്കാൻ കഴിയില്ല.

മന:ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് ഈ ദിവസം ഭഗവതിയെ ധ്യാനിച്ച് ദേവീപ്രീതികരമായ മന്ത്രങ്ങളും സ്തുതികളും ലളിതസഹസ്രനാമവും മറ്റും ചെല്ലുന്നത് ഉത്തമമാണ്. ലളിതസഹസ്രനാമം മുഴുവൻ ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനമെങ്കിലും ചൊല്ലണം.

പൗർണ്ണമീവ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. മന:ശുദ്ധി, ബ്രഹ്മചര്യം, ആഹാരശുദ്ധി എന്നിവ പാലിക്കണം. ലഹരി വസ്തുക്കൾ ഉപേക്ഷിക്കണം. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം. സന്ധ്യക്ക്‌ നിലവിളക്ക് കത്തിച്ച് ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക.

പൗർണ്ണമി വ്രത ഫലം
ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്.

ചിങ്ങം മാസത്തിലെ പൗർണമിവ്രതം കുടുംബഐക്യത്തിനും കന്നിയിലെ സമ്പത്ത് വർദ്ധനയ്ക്കും തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിനും വൃശ്ചികത്തിലെ വ്രതം സത്കീർത്തിയും ധനുമാസത്തിലെ വ്രതം ആരോഗ്യവർദ്ധനയ്ക്കും കുംഭമാസത്തിലെ വ്രതം ദുരിതനാശത്തിനും മീനമാസത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിക്കുന്നതിനും മേടമാസത്തിലെ വ്രതം ധാന്യവർദ്ധനയും ഇടമാസത്തിലെ വ്രതം വിവാഹതടസം മാറുന്നത്തിനും മിഥുനമാസത്തിലെ വ്രതം പുത്രഭാഗ്യത്തിനും കർക്കിടകമാസത്തിലെ വ്രതം ഐശ്വര്യവർദ്ധനയ്ക്കും കാരണമാവുന്നു……

ദീർഘ സുമംഗലീ മന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:

ദേവീ പ്രാർത്ഥനാ മന്ത്രം
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

ഓം ആയുര്‍ദേഹി
ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി

ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീ ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ….

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Significance of Powrnami Vritham


error: Content is protected !!