പൗർണ്ണമി പൂജ ഞായറാഴ്ച; ദാരിദ്ര്യം ശമിക്കും, ഐശ്വര്യം വർദ്ധിക്കും
മംഗള ഗൗരി
എല്ലാ പൗർണ്ണമിനാളിലും വീട്ടിൽ വിളക്ക് കത്തിച്ച് ആദിപരാശക്തിയെ ഭജിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യത്തിനും ദാരിദ്ര്യദു:ഖനാശത്തിനും ഉത്തമമാണ്. ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിനും ഓരോ ഫലമാണ്. മീനത്തിലെ പൗർണ്ണമി ശുഭാപ്തിവിശ്വാസം നിറയ്ക്കാൻ വിശേഷാൽ നല്ലതാണ്. ഇത്തവണത്തെ മീനത്തിൽ പൗർണ്ണമിതിഥി സന്ധ്യാവേളയിൽ ഉള്ളത് മാർച്ച് 24 ഞായറാഴ്ചയായതിനാൽ ക്ഷേത്രങ്ങളിൽ ഐശ്വര്യപൂജയും പൗർണ്ണമിപൂജയും അന്ന് വൈകിട്ട് നടക്കും. മീനമാസത്തിലെ പൗർണ്ണമിയായ ഫാൽഗുന പൗർണ്ണമി ശിവശക്തി പ്രധാനമാണ്.
പൂർവ്വഫാൽഗുനം(പൂരം) ഉത്തരഫാൽഗുനം(ഉത്രം) എന്നീ നക്ഷത്രങ്ങളിൽ ഏതിലെങ്കിലും പൗർണ്ണമി വരുന്ന മാസമാണ് ഫാൽഗുനം. (കുംഭം -മീനം) ശകവർഷത്തിലെ ഏറ്റവും അവസാന മാസമാണിത്. ഭാരതത്തിലെ ഏറ്റവും വലിയ ഉത്സവമായ ഹോളി ആഘോഷിക്കുന്നത് ഫാൽഗുന പൗർണ്ണമിക്കാണ്. എല്ലാ പൗർണ്ണമിയെയും പോലെ ഈ ദിവസവും ദേവീപ്രധാനമായും, ശിവപ്രധാനമായും അനുഷ്ഠിച്ചു പോരുന്നു. ഈ ദിവസം പാല് നെയ്യ് പഞ്ചഗവ്യം എന്നിവയാൽ ശിവശക്തിമാരെ അഭിഷേകം ചെയ്യുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. നെയ്യ് ചേർന്ന നിവേദ്യങ്ങൾ സമർപ്പിക്കുന്നത് ഏറെ വിശേഷമാണ്. ദേവിക്ക് താമരപ്പൂവ്, താമര മാല എന്നിവ സമർപ്പിക്കുന്നതും പുണ്യദായകമാണ്. എല്ലാ പൗർണ്ണമി വ്രതവും സർവ്വദേവതാപ്രീതികരവും, സർവ്വാഭീഷ്ട സിദ്ധികരവുമാണ്.
ക്ഷേത്രാചാരങ്ങളിൽ വരുന്ന ഐശ്വര്യപൂജ, പൗർണ്ണമി പൂജ, പൗർണ്ണമി പൊങ്കാല എന്നിവ മാർച്ച് 24 ഞായാഴ്ച നടക്കും. എന്നാൽ കാലത്ത് പൗർണ്ണമി തിഥിയുള്ള 2024 മാർച്ച് 25 ന് തിങ്കളാഴ്ചയാണ് പിതൃകർമ്മങ്ങൾ, മാന്ത്രിക കർമ്മങ്ങൾ എന്നിവയ്ക്ക് സ്വീകരിക്കുന്നത്. എല്ലാ വെളുത്തവാവിനും വ്രതം നോൽക്കുന്നത് സർവ്വദോഷ ശമനത്തിന് ഏറെ നല്ലതാണ്. ചന്ദ്രദശാകാല ദോഷങ്ങൾ അനുഭവിക്കുന്നവർക്ക് ആ ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമാണ് ഈ ആചരണം. പൗർണ്ണമി നോൽക്കുന്ന കുട്ടികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും.
മാതൃ സ്വരൂപിണിയാണ് ദേവി. മാതൃപൂജ വ്യക്തിയുടെ സകലപാപവും കഴുകിക്കളയുന്നു. ദേവീകടാക്ഷ മാഹാത്മ്യം അപാരമാണ്. മന:ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് അന്ന് ദേവിയെ ധ്യാനിച്ച് ലളിതസഹസ്രനാമം, ദുർഗ്ഗാമൂലമന്ത്രം ഓം ദും ദുർഗ്ഗായൈ നമഃ, ഏത് ഘോരമായ വിപത്തിൽ നിന്നും കയറ്റുന്ന ആപദുദ്ധാരക ദുർഗ്ഗാ സ്തോത്രം, ലളിതാസഹസ്രനാമ ധ്യാനം, ദുർഗ്ഗാ സപ്തശ്ലോകി, ദുർഗ്ഗാ അഷ്ടോത്തരം തുടങ്ങിയവ ജപിക്കുന്നത് ഗുണം ചെയ്യും.പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ആപദുദ്ധാരക ശ്രീദുർഗ്ഗാ സ്തോത്രം:
പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. മന:ശുദ്ധി, ബ്രഹ്മചര്യം, ആഹാരശുദ്ധി എന്നിവ പാലിക്കണം.
ലഹരി വസ്തുക്കൾ ഉപേക്ഷിക്കണം. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം. സന്ധ്യക്ക് നിലവിളക്ക് കത്തിച്ച് ദേവീനാമങ്ങൾ ഭക്തിയോടെ ജപിക്കുക.
പൗർണ്ണമി വ്രത ഫലം
ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന്
ഓരോ ഫലങ്ങളാണ്
ചിങ്ങം ……………….കുടുംബഐക്യത്തിനും
കന്നി ………………….സമ്പത്ത് വർദ്ധന
തുലാം ……………….വ്യാധിനാശം
വൃശ്ചികം …………..സത്കീർത്തി
ധനു …………………..ആരോഗ്യവർദ്ധന
കുംഭം ………………..ദുരിതനാശം
മീനം …………………..ശുഭചിന്തകൾ വർദ്ധിക്കും
മേടം …………………..ധാന്യവർദ്ധന
ഇടവം …………………വിവാഹതടസം മാറും
മിഥുനം ……………….പുത്രഭാഗ്യം
കർക്കടകം …………ഐശ്വര്യവർദ്ധന
ദീർഘ സുമംഗലീ മന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:
ദേവീ പ്രാർത്ഥനാ മന്ത്രം
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
ഓം ആയുര്‍ദേഹി
ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി
ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീ ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ….
Story Summary: Significance of Powrnami Vritham
Copyright 2024 Neramonline.com. All rights reserved