Sunday, 6 Oct 2024
AstroG.in

പൗർണ്ണമി പൂജ നാളെ; ദാമ്പത്യദുരിതംശമിക്കും, ഐശ്വര്യം വർദ്ധിക്കും

ജ്യോതിഷരത്നം വേണു മഹാദേവ്

ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇടവമാസത്തിലെ പൗർണ്ണമി ശിവശക്തി പ്രധാനമാണ്. ഉമാ മഹേശ്വര പ്രധാനമായതിനാൽ ഈ ദിവസം വ്രതം നോൽക്കുന്നതും ശിവ, ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നതും ദാമ്പത്യ ജീവിതത്തിലെ വിഷമങ്ങൾ പരിഹരിക്കുന്നതിനും വിവാഹതടസങ്ങൾ മാറുന്നതിനും വിശേഷാൽ നല്ലതാണ്. 2023 ജൂൺ 4 ഞായറാഴ്ചയാണ്
ഇത്തവണ ജ്യേഷ്ഠ മാസത്തിലെ പൗർണ്ണമി. ഓരോ മാസവും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.

എല്ലാ വെളുത്തവാവ് ദിവസവും ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ചന്ദ്രദശാകാല അനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതം ഉത്തമമാണ്. പൗർണ്ണമിനാൾ വ്രതം നോൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും. മന:ശുദ്ധി, ശരീര ശുദ്ധി ഇവ പാലിച്ച് ഭഗവതിയെ ധ്യാനിച്ച് ദേവീപ്രീതികരമായ മന്ത്രങ്ങളും സ്തുതികളും ലളിതസഹസ്രനാമവും മറ്റും ചൊല്ലണം. ലളിതസഹസ്രനാമം മുഴുവൻ ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമെങ്കിലും ചൊല്ലണം. നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം; ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം; ആയിരം ശിവനാമത്തിനു തുല്യമാണ് ഒരു ദേവിനാമമെന്ന് ദേവീഭക്തർ വിശ്വസിക്കുന്നു. മാതൃ സ്വരൂപിണിയാണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകല പാപവും കഴുകിക്കളയുന്നു. ദേവീകടാക്ഷ മാഹാത്മ്യം ആർക്കും തന്നെ വിവരിക്കാൻ കഴിയില്ല.

പൗർണ്ണമിവ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. മന:ശുദ്ധി, ബ്രഹ്മചര്യം, ആഹാരശുദ്ധി എന്നിവ പാലിക്കണം.
ലഹരി വസ്തുക്കൾ ഉപേക്ഷിക്കണം. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം. സന്ധ്യക്ക്‌ നിലവിളക്ക് കത്തിച്ച് ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക.

പൗർണ്ണമി വ്രത ഫലം
ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്.

ചിങ്ങം……………കുടുംബഐക്യം
കന്നി………. …….സമ്പത്ത് വർദ്ധന
തുലാം……………വ്യാധിനാശം
വൃശ്ചികം……….സത്കീർത്തി
ധനു……………….ആരോഗ്യവർദ്ധന
കുംഭം…………….ദുരിതനാശം
മീനം…………….. ശുഭചിന്ത വർദ്ധനവ്
മേടം…………….. ധാന്യവർദ്ധന
ഇടവം…………….വിവാഹതടസ്സ മുക്തി
മിഥുനം………….പുത്രഭാഗ്യത്തിനും
കർക്കടകം…… ഐശ്വര്യവർദ്ധന

ദീർഘ സുമംഗലീ മന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:

ദേവീ പ്രാർത്ഥനാ മന്ത്രം
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

ഓം ആയുര്‍ദേഹി
ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി

ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീ ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ….

ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017

Story Summary: Significance of Powrnami Vritham

error: Content is protected !!