Saturday, 23 Nov 2024
AstroG.in

ബാബയുടെ ഉധി മാഹാത്മ്യം;
വിജയദശമിക്ക് സമാധി പൂജ

പി. ഹരികൃഷ്ണൻ
പരിപാവനവും അത്ഭുത ശക്തിയുള്ളതുമാണ് ഷിർദ്ദി സായിബാബയുടെ ഉധി അഥവാ ഭസ്മം. ബാബ തന്നെ അരുളിച്ചെയ്തിട്ടുണ്ട് : എന്റെ ഉധി കൈയ്യിലെടുത്ത് പ്രാർത്ഥിച്ചാൽ മതി നിങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെല്ലാം മാറും. ഒന്നിലും ആസക്തിയില്ലാതെ എല്ലാം ഹരിപാദങ്ങളിൽ സമർപ്പിച്ച് നാം സ്വന്തം കർമ്മം നിർവ്വഹിക്കണം. അങ്ങനെ ചെയ്താൽ കഷ്ടപ്പാടുകളിൽ നിന്നും മോചിതരായി പരമാനന്ദം അനുഭവിക്കും.

ദക്ഷിണയായി തനിക്ക് കിട്ടുന്ന പണത്തിൽ കൂടുതലും ബാബ ധാർമ്മിക കാര്യങ്ങൾക്ക് ചെലവിടുമായിരുന്നു. ബാക്കിയുള്ള പണം കൊണ്ട് വിറക് വാങ്ങും. ഈ വിറക് കെടാജ്വാലയായി സൂക്ഷിച്ചിരുന്ന ധൂനിയിൽ ഇടുക ആയിരുന്നു പതിവ്. ഈ ധൂനിയിലെ വെണ്ണീറാണ് ഉധി. ഷിർദ്ദിയിൽ എത്തുന്ന ഭക്തർക്ക് ദർശനം കഴിഞ്ഞ് മടങ്ങുന്ന വേളയിൽ ബാബ തന്നെ ഉധി ധാരാളമായി വാരിക്കൊടുക്കുമായിരുന്നു.

ലോകത്ത് കാണപ്പെടുന്നതെല്ലാം വെന്തു വെണ്ണീറാകുന്ന ക്ഷണിക വസ്തുക്കളാണ്. പഞ്ചഭൂത നിർമ്മിതമായ ഈ ദേഹം എല്ലാ ജീവിത വ്യാപാരങ്ങളും അവസാനിപ്പിച്ച് ഒരു നാൾ ചാരമായി മാറും. സ്വന്തം ദേഹവും ഒരിക്കൽ ഇത് പോലെ വെണ്ണീറാക്കപ്പെടും എന്ന് ഓർമ്മിപ്പിക്കുകയാണ് ബാബ ഉധിയിലൂടെ ചെയ്യുന്നത്. ബ്രഹ്മം മാത്രമാണ് ശാശ്വതസത്യം , ജഗത് എന്നത് മിഥ്യയാണ്. ലോകത്തുള്ള യാതൊന്നും തന്നെ – മകൻ, അച്ഛൻ , ഭാര്യ തുടങ്ങിയ ബന്ധങ്ങളൊന്നും തന്നെ – സത്യത്തിൽ നമുക്ക് സ്വന്തമല്ല. ഈ ലോകത്തേക്ക് നമ്മൾ ഒറ്റയ്ക്ക് വരുന്നു. തിരിച്ച് പോകേണ്ടതും ഒറ്റയ്ക്കാണ് എന്ന് ഉധിയിലൂടെ ഭഗവാൻ പറയുന്നു.

ബാബയുടെ ദിവ്യമായ ഉധി അനേകം ആളുകളെ ശാരീരികവും മാനസികവുമായി സുഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഭക്തരുടെ കാതിൽ ഭഗവാൻ ഇതിലൂടെ ആവർത്തിച്ച് പറയുന്ന തത്വം സത്യവും മിഥ്യയും തമ്മിലെ വ്യത്യാസമാണ്. അയഥാർത്ഥമായതിൽ, മായയിൽ നിസംഗത്വം വളർത്താൻ ഉധി, ദക്ഷിണ എന്നിവയിലൂടെ ബാബ പഠിപ്പിച്ചു. ഉധി വിവേചന ബുദ്ധിയും ദക്ഷിണ നിസംഗത്വവും ബോധ്യപ്പെടുത്തുന്നു. ഈ ഗുണങ്ങൾ രണ്ടും ആർജ്ജിക്കാതെ ജീവിതമാകുന്ന കടൽ നീന്തിക്കയറാൻ നമുക്ക് കഴിയില്ല. അതുകൊണ്ടാണ് ബാബ ദക്ഷിണ ചോദിച്ചു വാങ്ങിയത്; വിടവാങ്ങുമ്പോൾ ഭക്തർക്ക് ഉധി പ്രസാദം നൽകിയത്. ചിലരുടെ നെറ്റിയിൽ ബാബ ഉധിതൊട്ടു കൊടുക്കുമായിരുന്നു. ചിലരെ ശിരസ്സിൽ കൈ വച്ച് അനുഗ്രഹിക്കുമായിരുന്നു. അത്തരം ചില സന്ദർഭങ്ങളിൽ ആഹ്ലാദ ചിത്തനായി ബാബ പാടുമായിരുന്നു. ഉധിയെക്കുറിച്ചുള്ള അത്തരത്തിലുള്ള ഒരു പാട്ട് ഇതാ: രമ്തേ രാം ആവോജി ആവോജി ! ഉധിയാം കി ഗോ നിയാം ലാവോജി. ഈ വരികളുടെ അർത്ഥം : ലീലാനിരതനായ രാമാ വരൂ വരൂ ! ചാക്കു കണക്കിന് ഉധി കൊണ്ടു വരൂ – എന്നാണ്. സുവ്യക്തമായും അതിമധുരമായും ബാബ പാടുമായിരുന്നു.

ഈ പറഞ്ഞ ഉധിയുടെ ആദ്ധ്യാത്മിക വശങ്ങൾക്കൊപ്പം അതിന് ഭൗതികമായ പ്രാധാന്യവുമുണ്ട്. ആരോഗ്യം, ഐശ്വര്യം, സ്വാതന്ത്ര്യം, മന:ശാന്തി തുടങ്ങി മറ്റനേകം ഭൗതിക നേട്ടങ്ങൾ കൈവരിക്കാൻ ഉധി സഹായിക്കുന്നു. അങ്ങനെ ബാബയുടെ ഉധി നമുക്ക് ആദ്ധ്യാത്മികവും ലൗകികവുമായ എല്ലാ നേട്ടങ്ങളും നൽകുന്നു.

ഉധിയുടെ അത്ഭുത സിദ്ധികൾ വർണ്ണിക്കുന്ന ഒട്ടേറെ സംഭവങ്ങൾ സായി സച്ചരിതത്തിലുണ്ട്. അതിൽ ഒന്നായ പ്ലേഗ് രോഗം ബാധിച്ച പെൺകുട്ടിയെ സുഖപ്പെടുത്തിയ സംഭവം കൂടി ഇവിടെ പറയാം: ഒരിക്കൽ ബാന്ദ്രയിലുള്ള ഒരു ഭക്തന് , മറ്റൊരു സ്ഥലത്ത് താമസിക്കുന്ന മകൾക്ക് പ്ലേഗ് രോഗം ബാധിച്ചതായി വിവരം കിട്ടി. അക്കാലത്ത് മാരകമായ വ്യാധിയായിരുന്നു പ്ലേഗ്. ആ സമയത്ത് ഈ ഭക്തന്റെ കൈവശമുണ്ടായിരുന്ന ഉധി തീർന്നിരുന്നു. ബാബയുടെ ലീലകൾ ലോകത്തെ അറിയിച്ച നാനാ സാഹേബ് ചന്ദോർക്കറുടെ അടുത്തേക്ക് ഈ ഭക്തൻ കുറച്ച് ഉധി തരാൻ ആവശ്യപ്പെട്ട് ഒരാളെ പറഞ്ഞയച്ചു. ഭാര്യയുമൊത്ത് കല്യാണിലേക്ക് പോകാനായി താനാ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ നിരത്തിൽ വച്ചാണ് നാനാ സാഹേബിന് സന്ദേശം ലഭിച്ചത്. അപ്പോൾ ചന്ദോർക്കറുടെ കൈവശം ഉധി ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം ഒന്ന് നിന്ന ശേഷം വഴിയിൽ നിന്ന് ഒരു നുള്ള് പൊടിയെടുത്ത് ബാബയെ ധ്യാനിച്ച് ഉധിയാണെന്ന് സങ്കല്പിച്ച് ജപിച്ചു. എന്നിട്ട് ആ മകളെ രക്ഷിക്കണേയെന്ന് പ്രാർത്ഥിച്ച് ഭാര്യയുടെ നെറ്റിയിൽ പൊടി തേച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കലശലായിക്കൊണ്ടിരുന്ന ഭക്തന്റെ മകളുടെ വിഷപ്പനി ആ നിമിഷം കുറഞ്ഞു തുടങ്ങി. അധികം വൈകാതെ ആ മകൾ രോഗമുക്തയുമായി . ഉധി മാഹാത്മ്യം വിവരിക്കുന്ന അനേകായിരം സംഭവങ്ങൾ ഇതു പോലെയുണ്ട്. ബാബയുടെ സമാധിക്ക് ശേഷവും ഇത്തരം അത്ഭുത ലീലകൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.

സായിബാബ കാരുണ്യക്കടലാണ്. ഭക്തരെ അവർ എവിടെയായിരുന്നാലും ഒരിക്കലും ബാബ കൈവിടില്ല. അത്ഭുതകരമായ ശക്തി വിശേഷങ്ങളുള്ള ബാബയുടെ ഉധി പ്രസാദം ഏത് ദുർഘടങ്ങളിൽ നിന്നും ഭക്തരെ കാത്ത് രക്ഷിക്കും. ഈ ഉധി നമുക്ക് നെറ്റിയിൽ ചാർത്താം. ഒപ്പം തൊട്ട് നാവിൽ വയ്ക്കാം. അല്ലെങ്കിൽ ജലത്തിൽ കലർത്തി തീർത്ഥമായി സേവിക്കാം. രോഗം ഉള്ളവർക്ക് നിത്യവും ഉധി പ്രസാദമായി ഉപയോഗിക്കാം. ഈ കർമ്മത്തിലൂടെ ദുരിതങ്ങൾക്ക് ബാബ തന്നെ ശമനം ഉണ്ടാക്കും. അപ്പോഴും ഏതൊരാളും പ്രാരബ്ധ കർമ്മം അനുഭവിച്ചേ തീരൂ. ഭൂമിയിൽ പിറന്ന ആർക്കും തന്നെ അതിനെ മറികടക്കാൻ കഴിയില്ല. അത് പ്രകൃതി നിയമം. സായി മന്ദിറുകളിലേക്ക് ദക്ഷിണ അയച്ചു കൊടുത്താൽ തപാലിൽ ഉധി പ്രസാദം ലഭിക്കും.
ഓം സായിറാം

(2022 ഒക്ടോബർ 5 വിജയദശമി നാൾ ലോകമെങ്ങും ഷിർദ്ദി സായിബാബയുടെ നൂറ്റി നാലാമത് സമാധി പൂജ ആചരിക്കുകയാണ് )

Story Summary: Miracles of Udi (Vibhuti) of Shri Shirdi Sai

error: Content is protected !!