ബിസിനസ് വിജയത്തിനും ധനം നിലനിൽക്കാനും സുദർശന ഹോമം
സുരേഷ് ശ്രീരംഗം
വിഷ്ണു ഭഗവാൻ എപ്പോഴും കൈയിൽ ധരിച്ചിരിക്കുന്ന ദിവ്യായുധമാണ് സുദർശനം. അതിതീക്ഷ്ണമായ സൂര്യതാപം കുറയ്ക്കുന്നതിന് മകൾ സംജ്ഞയ്ക്ക് വേണ്ടി വിശ്വകർമ്മാവ് സൂര്യനെ കടഞ്ഞപ്പോൾ ഉണ്ടായ സൂര്യരേണുക്കൾ കൊണ്ടാണ് സുദർശനം സൃഷ്ടിച്ചതെന്ന് പുരാണങ്ങൾ പറയുന്നു. ആയിരം ആരങ്ങളുള്ള (പല്ലുകൾ) സദാ കറങ്ങിക്കൊണ്ടിരിക്കുന്ന സുദർശനം വിശ്വകർമ്മാവ് മഹാവിഷ്ണുവിന് നൽകി. പ്രപഞ്ച സംരക്ഷണത്തിനും ശത്രുഹിംസയ്ക്കും ഭഗവാൻ ഉപയോഗിക്കുന്ന സുദർശനത്തെ ചക്രായുധം എന്നും അറിയപ്പെടുന്നു. മറ്റൊരായുധത്തിനും വെല്ലാനാകാത്ത ചക്രായുധം യഥാർത്ഥത്തിൽ കാലചക്രം തന്നെയാണ്. സുദർശനം വലതു കൈയിൽ ധരിച്ചിരിക്കുന്നത് കൊണ്ടാണ് ശ്രീഹരിയെ ചക്രപാണിയെന്നും ചക്രായുധൻ എന്നും മറ്റും ഭക്തർ കീർത്തിക്കുന്നത്. സുദർശനം എന്ന പേരിൽ തന്നെയുണ്ട് അതിന്റെ അർത്ഥം. സുദർശനം = നല്ല ദൃഷ്ടി. ഏതെങ്കിലും ദോഷ ദൃഷ്ടികൾ നമ്മളെ സ്വാധീനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നു എങ്കിൽ സുദർശന മൂർത്തിയുടെ ആയിരം പല്ലുള്ള ചക്രം കൊണ്ട് അവ അറുത്തുനീക്കി ഈശ്വരന്റെ ശുഭദൃഷ്ടി നമ്മളിലേക്ക് ലഭ്യമാക്കുകയാണ് സുദർശന പൂജയുടെ ലക്ഷ്യം. എല്ലാ ദിവസവും സുദർശനമന്ത്രം ചൊല്ലുന്നത് നല്ലതാണ്. അതിന് പറ്റിയില്ലെങ്കിൽ വ്യാഴാഴ്ചകളിൽ മാത്രം ജപിക്കുന്നതും ആഗ്രഹസിദ്ധിക്ക് ഉത്തമമാണ്. മന്ത്രോപദേശം വാങ്ങി 108 തവണയാണ് ജപിക്കേണ്ടത്. സമയക്കുറവുള്ളവർ മൂലമന്ത്രം എങ്കിലും ജപിക്കുക.
സുദർശനമൂർത്തിയെ ഉപാസിച്ചാൽ ഏത് കഠിന ദോഷത്തിനും പരിഹാരമുണ്ടാകും. ശത്രുദോഷം, രോഗ ദുരിതങ്ങൾ, വാസ്തുദോഷം, ഗൃഹദോഷം, സ്ഥലദോഷം, കുടുംബ കലഹം , അലസത, ദാരിദ്ര്യം, കാര്യതടസം എന്നിവ മാറാനും ഉദ്യോഗവിജയം, വിദ്യാവിജയം, ധന അഭിവൃദ്ധി, ആരോഗ്യലബ്ധി എന്നിവ ലഭിക്കാനും
ഉത്തമ പരിഹാരമാണ് സുദർശന ഉപാസന.
ഭക്തരെ എല്ലാ ദുരിതങ്ങളിൽ നിന്നും വിഷമതകളിൽ നിന്നും മോചിപ്പിക്കുന്നതാണ് സുദർശന മഹാമന്ത്രജപം, സുദർശന പൂജ, സുദർശനയന്ത്രം, സുദർശന ഹോമം തുടങ്ങിയവ. ആരെയും രക്ഷിക്കുന്നതാണ് സുദർശന മന്ത്രം. ഐശ്വര്യ വർദ്ധനവിനും ബാധോപദ്രവങ്ങളുടെ ശാന്തിക്കും ഉത്തമമാണ് സുദർശനയന്ത്രം. ശത്രുദോഷ ദുരിതം നീങ്ങുന്നതിനും ബിസിനസ് വിജയത്തിനും
ധനം നിലനിൽക്കാനും ഏറ്റവും ഫലപ്രദമായ കർമ്മമാണ് സുദർശനഹോമം. ഒരു വ്യക്തിക്കോ, കുടുംബത്തിനോ പ്രസ്ഥാനത്തിനോ ശക്തമായ ദുരിതം അനുഭവപ്പെട്ടാൽ അത് നീങ്ങുന്നതിന് സുദർശനഹോമം കഴിക്കാം. രാവിലെയോ വൈകിട്ടോ ചെയ്യാം. ഹോമകുണ്ഡത്തിനു സമീപം സുദർശനമൂർത്തിയെ ആവാഹിച്ച് സങ്കൽപ്പിച്ച് പൂജിക്കണം. പിന്നീട് സുദർശനമന്ത്രം കൊണ്ട് അത്തി, ഇത്തി, അരയാൽ, പേരാൽ, പ്‌ളാശ്, കടലാടി, ഹവിസ്, എള്ള്, കടുക്, നെല്ല്, അക്ഷതം, പഞ്ചഗവ്യം, നെയ് എന്നിവ ഹോമിക്കണം. ദോഷദുരിതങ്ങളുടെ ശക്തിയനുസരിച്ച് ഹോമസംഖ്യ എത്ര വേണമെന്ന് കർമ്മിക്ക് നിശ്ചയിക്കാം. ഹോമാനന്തരം സമ്പാതം (നെയ്) സേവിക്കുകയും ഗൃഹത്തിൽ തളിക്കുകയും ചെയ്യണം. ഹോമഭസ്മം, പൂജിച്ച പൂക്കൾ എന്നിവ നേരെ മുറ്റത്ത് ഒരു കുഴിയെടുത്ത് അതിലിട്ടുമൂടുക. പീഠം വിരിക്കുന്നതിന് മഞ്ഞപ്പട്ടും വെളുത്തപ്പട്ടും ഉത്തമമാണ്. തുളസി, താമര മഞ്ഞപ്പൂക്കൾ, എന്നിവ ഉപയോഗിക്കുന്നത് ഏറ്റവും ശ്രേഷ്ഠം.
സുദർശനമൂർത്തി ധ്യാനശ്ലോകം
കല്പാന്തർക്ക പ്രകാശം ത്രിഭുവനമഖിലം
തേജസാപൂരയന്തം
രക്താക്ഷം പിംഗകേശം രിപുകുലഭയദം
ഭീമദംഷ്ട്രാട്ടഹാസം
ചക്രം ശംഖം ഗദാബ്‌ജേ പൃഥതരമുസലം
ചാപപാശാങ്കുശാൻ സ്വൈ:
ബിഭ്രാണം ദോർഭിരാദ്യം മനസിമുരരിപും
ഭാവയേത്ചക്രസംജ്ഞം
(കോടിക്കണക്കിന് സൂര്യതേജസോടു കൂടിയ, മൂന്ന് ലോകങ്ങളിലും പ്രകാശം പരത്തുന്ന, ചക്രം, ശംഖ്, ഗദ, താമര, ഉലക്ക, വില്ല്, പാശം, തോട്ടി എന്നിവ ധരിച്ച, 8 കൈകളുള്ള ചുവന്ന കണ്ണുകളോടെ ശത്രുവംശത്തെ മുഴുവനും ഭയപ്പെടുത്തുന്ന ഭാവത്തിലുള്ള ഉഗ്രമായ ദംഷ്ട്രകളോടു കൂടിയ, അട്ടഹാസത്തോടുകൂടിയ സുദർശനമൂർത്തിയെ ധ്യാനിക്കുന്നു)
മൂലമന്ത്രം
ഓം സഹസ്രാര ഹും ഫട്
(ഉദയത്തിന് മുൻപും അസ്തമയ ശേഷവും 108 തവണ വീതം ജപിക്കുക)
സുദർശനമാലാമന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജനവല്ലഭായ പരായ
പരം പുരുഷായ പരമാത്മനേ പരകർമ്മ
മന്ത്രയന്ത്രതന്ത്ര ഔഷധ
അസ്ത്രശസ്ത്രാണി സംഹര സംഹര
മൃത്യോർ മോചയ: മോചയ:
ഓം നമോ ഭഗവതേ മഹാസുദർശനായ
ദീപ്‌ത്രേ ജ്വാലാ പരിതായ
സർവ്വദിക്‌ക്ഷോഭണകരായ
ബ്രഹ്മണേപരം
ജ്യോതിഷേ ഹുംഫട് സ്വാഹാ
(കുറഞ്ഞത് 12 തവണ ജപിക്കണം)
സുരേഷ് ശ്രീരംഗം, (+91) 944-640-1074