Sunday, 6 Oct 2024
AstroG.in

ബി. സി 3228 ജൂലൈ 19 ശ്രീകൃഷ്ണന്റെ ജനനത്തീയതി

അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി

കേരളത്തിൽ അഷ്ടമിയും രോഹിണിയും ചേർന്ന് വരുന്ന അഷ്ടമി രോഹിണി ആയും മറ്റു ദേശങ്ങളിൽ അഷ്ടമി പ്രാധാന്യമായതിനാൽ,അതു കൊണ്ട് അവിടങ്ങളിൽ ജന്മാഷ്ടമി അല്ലെങ്കിൽ കൃഷണാഷ്ടമി എന്നു പറയുന്നു.

ഇരുപത്തിയെട്ടാം മഹായുഗത്തിലെ ദ്വാപരയുഗത്തിൽ ആണ് ശ്രീകൃഷ്ണ ഭഗവാന്റെ ജനനമെന്ന് വിഷ്ണുപുരാണത്തില്‍ പരാമര്‍ശിക്കുന്നു. കൃഷ്ണന്‍ 125 വര്‍ഷം ജീവിച്ചതായി ഭാഗവതം ദ്വിതീയസ്‌കന്ധം ആറാം അധ്യായത്തില്‍ പറയുന്നു. ഭാഗവതം രണ്ടാം സ്‌കന്ധം ഏഴാം അദ്ധ്യായത്തിലെ രണ്ടാം ശ്ലോകത്തില്‍ കൃഷ്ണന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോഴാണ് കലി ഭൂമിയില്‍ പ്രവേശിച്ചതെന്നു പറയുന്നു. അതിനു ശേഷമുള്ള കാലം കലിവർഷമായത് അതു കൊണ്ടാണ്. ഭഗവാന്റെ സ്വർഗാരോഹണത്തിന് ശേഷം ആയതിനാൽ കൃഷ്ണ വർഷം എന്നും യുഗങ്ങളെ കണക്കാക്കുമ്പോൾ യുഗാബ്ദം എന്നും പേരുണ്ട്.

3102 ബിസിയില്‍ നിന്ന് 126 വര്‍ഷം പിന്നിലേക്ക് എടുത്താണ് 3228 ൽ കൃഷ്ണ ജനനമെന്നു പറയുന്നതിന്റെ യുക്തി ഇതാണ്. ഇപ്രകാരം ബിസി 3102 ഫെബ്രുവരി 17നും 18നും ഇടയില്‍ ഉജ്ജയിനിയിലെ അര്‍ദ്ധരാത്രിക്കാണ് കലിയുഗാരംഭം എന്ന് ആര്യഭടീയകാരകന്‍ സമര്‍ഥിക്കുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത ഉടനെയല്ല, യുധിഷ്ഠിരന്‍ മഹാപ്രസ്ഥാനത്തിനു പോയ വ്യാഴാഴ്ച മുതല്‍ക്കാണ് കലിയുഗാരംഭം എന്ന് ആര്യഭടീയം.

യുഗാബ്ദം ഇപ്പോൾ 5123

ബി. സി 3228 ജൂലൈ മാസം 19 ആണ് ശ്രീകൃഷ്ണന്റെ ജനനത്തീയതി എന്ന് പ്രശസ്ത ജ്യോതിഷി ഡോ. ബി.വി.രാമനും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ജന്മസ്ഥലം മഥുര, അക്ഷാംശം 27 ഡി 25 മി വടക്ക്, രേഖാംശം 77 ഡി 41 മി. മറ്റൊരു കണക്ക് കലിദിന സംഖ്യയുമായി ബന്ധപ്പെട്ടാണുള്ളത്. ഇന്നത്തെ കലിദിന സംഖ്യ (26.08.2021വ്യാഴം ) 1870987 ആണ്. ഇതിനെ 365.25 കൊണ്ട് ഹരിച്ചാൽ 5122.483 എന്ന് കിട്ടും. അതായത് 5123. ഇതിൽ നിന്നും 2021കുറച്ചാൽ 3102കിട്ടും.

ഗ്രഹസ്ഥിതി

ശുക്രക്ഷേത്രമായ ഇടവലഗ്നത്തില്‍ ജനനം. ലഗ്നത്തിലെ ചന്ദ്രസ്ഥിതി, അവിടേക്ക് ശനിയുടെ ദൃഷ്ടി ഇവ ഭഗവാന്റെ രൂപസൗന്ദര്യത്തെയും കാര്‍മേഘ വര്‍ണത്തേയും സാധൂകരിക്കുന്നു. ഇടവം ലഗ്നത്തിന് 9,10 ഭാവങ്ങളുടെ ആധിപത്യമുള്ള ശനി യോഗകാരകനാകുന്നു. (ഒരു കേന്ദ്ര രാശിയുടെയും ഒരു ത്രികോണ രാശിയുടെയും ആധിപത്യമുള്ള ഗ്രഹം യോഗകാരകനാണ്) ശനി ലഗ്നത്തിലേക്കു കൂടാതെ നാലിലേക്കും ഒന്‍പതിലേക്കും ദൃഷ്ടി ചെയ്യുന്നു.

അവതാരമായി, അവതാരമായി ആനന്ദശായി ദേവൻ
എന്നൊരു കീർത്തനം ഉണ്ട്. ഇത് പാവുമ്പ രാധാകൃഷ്ണൻ ഭംഗിയായി ആലപിച്ചിട്ടുണ്ട്. പണ്ട് കളർകോട് ഇദ്ദേഹം ആയിരുന്നു സപ്താഹ യജ്ഞാചാര്യൻ. ആ സമയത്ത് ആണ് ഈ കീർത്തനങ്ങളുടെ കാസറ്റ് അദ്ദേഹം ഇറക്കിയത്. ഈ കീർത്തനത്തിൽ ഭഗവാന്റെ ഗ്രഹസ്ഥിതി വളരെ ഭംഗിയായി എഴുതപ്പെട്ടിട്ടുണ്ട്.

ബ്രഹ്മശ്രീ വേദാഗ്നി
അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി,

നാഗമ്പള്ളി സൂര്യഗായത്രിമഠം
ഒടിസി ഹനുമാൻ ക്ഷേത്രം, ചേർത്തല കാർത്യായനി ക്ഷേത്രം മുൻ മേൽശാന്തി
+91 9447384985, +91 9605002047

Story Summary: Lord Sree Krishna and Krishnavarsham or Yugabdam


error: Content is protected !!