Monday, 30 Sep 2024
AstroG.in

ബുധനാഴ്ചത്തെ ചന്ദ്രഗ്രഹണം ആർക്കെല്ലാം ദോഷം ചെയ്യും?

2019 ജൂലൈ 16 ചൊവ്വാഴ്ചകഴിഞ്ഞ് 17 ബുധനാഴ്ചപിറക്കുന്ന രാത്രിയിൽ ഉത്രാടം നക്ഷത്രം ഒന്ന്, രണ്ട് പാദങ്ങളിൽ സംഭവിക്കുന്ന കേതുഗ്രസ്ത ചന്ദ്രഗ്രഹണം കാർത്തിക, ഉത്രം, മൂലം, പൂരാടം, ഉത്രാടം,നക്ഷത്രക്കാർക്ക് ദോഷം ചെയ്യും. ദാമ്പത്യ പ്രശ്നങ്ങൾ, മന:ക്ലേശം,  കലഹം, യാത്രാദുരിതം, രോഗം, ശാരീരിക ബുദ്ധിമുട്ടുകൾ, തൊഴിൽതടസ്സം, ജോലി ഭാരം, അകാരണ ഭയം എന്നിവ ഗ്രഹണത്തെ തുടർന്ന് ഈ നക്ഷത്രക്കാർക്ക് അനുഭവിക്കേണ്ടി വന്നേക്കാം. ഹിതകരമല്ലാത്തവരുമായുള്ള സഹവാസം, കൊടുക്കൽ വാങ്ങൽ തുടങ്ങിയവ ഒഴിവാക്കുക. 
ചന്ദ്രനെ രാഹു കേതുക്കൾ  ഗ്രസിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം  സംഭവിക്കുന്നത്. ജൂലൈ 17 രാത്രി ഒരു മണി 13 മിനിട്ടിന് നടക്കുന്ന ചന്ദ്രഗ്രഹണം കേരളത്തിൽ കാണാം. അതിനാൽ  ഇവിടെ ആചരണീയവുമാണ്. ഗ്രഹണം മുതല്‍ മൂന്നു ദിവസം യാതൊരു ശുഭ കര്‍മ്മങ്ങളും നടത്തരുത്. നല്ല കാര്യങ്ങൾക്കൊന്നും  മുഹൂര്‍ത്തം എടുക്കാന്‍ പാടില്ല. സൂര്യഗ്രഹണത്തില്‍ ഗ്രഹണാരംഭവും  ചന്ദ്രഗ്രഹണത്തില്‍ ഗ്രഹണത്തിന്റെ അവസാനവും പുണ്യ മുഹൂര്‍ത്തങ്ങളാണ്. ഈ സമയത്ത് തീര്‍ത്ഥ സ്നാനം, ജപം, ഹോമം, മന്ത്രോപാസന, ആത്മീയ സാധന ഇവയ്ക്ക് ശ്രേഷ്ഠമാണ്. ഈ സമയത്ത് തുടങ്ങി വയ്ക്കുന്ന ഈശ്വരോപാസന പെട്ടെന്ന് ഫലം തരും. 
ഗ്രഹണത്തിന്റെ ഫലങ്ങള്‍ ഒരു വര്‍ഷക്കാലത്തെക്കോ അടുത്ത ഗ്രഹണം വരെയോ നിലനില്‍ക്കും. 1I95 ധനു 9, 2019 ഡിസംബർ 26 ന് സൂര്യഗ്രഹണം സംഭവിക്കുന്നതിനാല്‍ ഈ ഗ്രഹണത്തിന്റെ ഫലങ്ങള്‍ അന്ന് വരെ മാത്രമേ നിലനില്‍ക്കൂ.
സൂര്യ ചന്ദ്രന്മാരുടെ മധ്യത്തില്‍ ഭൂമി വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിച്ചാണ് ഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണം പൗര്‍ണമി തിഥിയില്‍ മാത്രമേ സംഭവിക്കയുള്ളൂ. വെളുത്ത വാവിന്റെ  അവസാനം രാത്രിയില്‍ വന്നാലെ ഗ്രഹണം ദൃശ്യമാകൂ. ഇത്തവണ ഗ്രഹണാരംഭവും   ഗ്രഹണ മധ്യവും അവസാനവും രാത്രിയിലാണ്.  ഉത്രാടം നക്ഷത്രത്തില്‍ രാത്രി 1.13 ന് ഈശാനകോണില്‍  ഗ്രഹണ സ്പര്‍ശവും 03.10 ന് ഗ്രഹണ മധ്യവും വെളുപ്പിന് 05.07 ന് വായു കോണില്‍  ഗ്രഹണ മോക്ഷവും നടക്കും. 

ചന്ദ്രഗ്രഹണം ആര്‍ക്കൊക്കെ അനുകൂലവും പ്രതികൂലമാകും?

ജനിച്ച കൂറില്‍ ഗ്രഹണം വന്നാല്‍ ദ്രവ്യ നാശവും ശരീര ക്ലേശവും രണ്ടാം കൂറില്‍ മുറിവുകളും മൂന്നില്‍ ഐശ്വര്യവും നാലില്‍ ദേഹപീഡയും അഞ്ചില്‍ മനോദുഖവും ആറില്‍ സുഖവും ഏഴില്‍  ദാമ്പത്യ ക്ലേശവും എട്ടില്‍  മൃത്യു ഭയവും ഒന്‍പതില്‍ അഭിമാന ക്ഷതവും പത്തില്‍  സുഖാനുഭവങ്ങളും പതിനൊന്നില്‍ ധനലാഭവും പന്ത്രണ്ടില്‍ ധന നാശവും ഫലമാകുന്നു. 
ഇപ്പോള്‍ ചന്ദ്ര ദശയോ അപഹാരമോ അനുഭവിച്ചു വരുന്നവര്‍ക്കും ദോഷഫലങ്ങളുണ്ടാകാം.പൊതുവില്‍ ഇപ്രകാരം ആണെങ്കിലും സ്വന്തം ജാതക ഗ്രഹനിലയില്‍ ഇപ്പോള്‍ചന്ദ്രന്‍ അനുകൂലമായവര്‍ക്കും  നക്ഷത്ര ദശാപഹാരം അനുകൂലമായവര്‍ക്കും വലിയ ദോഷാനുഭവങ്ങള്‍ക്ക് സാധ്യതയില്ല. 

പൊതുദോഷ പരിഹാരങ്ങൾ? 

ഗ്രഹണം തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ പരമശിവനെയും ദുര്‍ഗയെയും ഉപാസിക്കുക.  ശിവ സ്തുതികളും ദേവീ സ്തുതികളും കീര്‍ത്തനങ്ങളും മന്ത്രങ്ങളും ജപിക്കുക. ഗ്രഹണ സമയം ക്ഷേത്രങ്ങള്‍ അടയ്ക്കുന്നതിനാല്‍ അന്നേരം ക്ഷേത്ര ദര്‍ശനം സാധ്യമാകില്ല. രാവിലെ ശിവ ദര്‍ശനവും ദുര്‍ഗാ  ദര്‍ശനവും നാഗക്ഷേത്ര ദര്‍ശനവും നടത്തി കഴിവിനൊത്ത വഴിപാടുകള്‍ ചെയ്ത് പ്രാര്‍ഥിക്കുക. ഗ്രഹണത്തിന് മൂന്നു യാമം, നാലര മണിക്കൂര്‍ മുന്‍പ് മുതല്‍  ഭക്ഷണം ഒഴിവാക്കണം. ഗ്രഹണ സ്പര്‍ശ സമയത്ത് കുളിച്ച് ഭസ്മം ധരിച്ച് ഗ്രഹണം കഴിയും വരം പഞ്ചാക്ഷരി  ജപിക്കുന്നതും ഉത്തമമാണ്.  

ചന്ദ്രഗ്രഹണഫലം ഒരോ കൂറുകാർക്കും:

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
ഈ കൂറുകാരെ ഈ ഗ്രഹണ ഫലമായി ദാമ്പത്യക്ലേശം, മന:സുഖക്കുറവ്, അനാരോഗ്യം. ദ്രവ്യനാശം, , കാര്യനാശം, യാത്രാക്‌ളേശം കുടുംബത്തിൽ അസ്വസ്ഥത തുടങ്ങിയവയുണ്ടാകാം.  ശിവക്ഷേത്രത്തിൽ അർച്ചനയും ജലധാരയും നടത്തുക. 

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽ തിരുവോണം, അവിട്ടം ആദ്യപകുതി)
കർമ്മതടസ്സം, ധനനഷ്ടം സ്ഥാനഭ്രംശം, സ്വജനപീഡ, അനാരോഗ്യം. പണമിടപാടുകൾ വളരെ ശ്രദ്ധയോടെ മതി, വിശ്വസിച്ചിരുന്ന മേഖലകളിൽ നിന്ന് അപ്രതീക്ഷിത തിരിച്ചടി വരാതെ സൂക്ഷിക്കുക. ശിവക്ഷേത്രത്തിലോ  , ദേവിക്ഷേത്രത്തിലോ പുഷ്പാഞ്ജലി നടത്തുക. 

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ)
അപ്രതീക്ഷിത ധനലാഭം.പക്ഷേ  ചെലവ് വർദ്ധിക്കും, ശത്രു ജയം. അംഗീകാരം, പദവി. സഹോദരങ്ങളെയും സഹായ സ്ഥാനത്തുള്ളവരെയും കണ്ണടച്ച് വിശ്വസിക്കണ്ട. തൊഴിൽ തടസ്സ സാദ്ധ്യത. സാമ്പത്തിക ലാഭം, തൊഴില്‍ നേട്ടം, ആഗ്രഹ സാഫല്യം മുതലായവ പ്രതീക്ഷിക്കാം. വിഷ്ണുവിന് നെയ്‌വിളക്ക് വയ്ക്കുന്നതും ശിവന്  കൂവളമാല ചാർത്തുന്നതും ഗ്രഹണ ദോഷം തീർക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്തൃട്ടാതി, രേവതി)
പൊതുവേ എല്ലാ കാര്യങ്ങളിലും അനുകൂല ഫലം. ചില അപ്രതീക്ഷിത പ്രശ്നങ്ങൾ വന്നാലും ഈശ്വരാനുഗ്രഹത്താൽ സന്തോഷകരമായി പരിണമിക്കും .ധനവരവ് കൂടും. വീടും വാഹനവും വാങ്ങാൻ  നല്ല സമയം. തൊഴിലിൽ പുരോഗതി .  ശിവന് ധാര നടത്തിയാൽ നന്ന് .

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
മന:ശാന്തി കുറയാം. ആരോഗ്യ ശ്രദ്ധ വേണം, കർമ്മ മാന്ദ്യം സ്വയം മാറ്റുക.മാനഹാനിക്ക് ഇടവരാം. മന:ക്‌ളേശം ഉണ്ടാകും.  ബന്ധങ്ങളിൽ അകൽച്ചയ്ക്ക് സാദ്ധ്യത. . കാര്യങ്ങൾക്ക് വിഘ്നം . ശിവന് ധാര  രുദ്രാഭിഷേകം, വിഷ്ണുവിന് പാൽപ്പായസം ദോഷപരിഹാരമാകും .

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി)
ധന നേട്ടം ,സുഖാനുഭവം ,യാത്രകൾ കൊണ്ട് ഗുണം.വീഴ്ചകള്‍, ക്ഷതങ്ങള്‍, മുറിവുകള്‍ മുതലായവയ്ക്ക് സാധ്യതയുള്ളതിനാല്‍ വാഹന ഉപയോഗം, സാഹസിക പ്രവര്‍ത്തനങ്ങള്‍ മുതലായവ പരിമിതപ്പെടുത്തുന്നത് നല്ലതാണ്. വൈദ്യുതി, യന്ത്രം, വാഹനം മുതലായവയുമായി ഇടപെടുമ്പോള്‍ കൂടുതല്‍ ജാഗ്രതയും സംരക്ഷണവും സ്വീകരിക്കുക.ശത്രുക്കൾ കൂടും. അപവാദം കേൾക്കും. അലസത, ഓർമ്മക്കുറവ്, ഉൽക്കണ്ഠ തുടങ്ങിയ ദോഷാനുഭവങ്ങളുണ്ടാകാം.  ശിവന് അർച്ചനയാണ് ദോഷപരിഹാരം.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
ദാമ്പത്യ പ്രശ്നങ്ങൾ, ക്ഷമ ശീലമാക്കുക, പേരുദോഷം കേൾക്കാതിരിക്കാൻ ജാഗ്രത പുലർത്തുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.ദാമ്പത്യത്തിലും വ്യക്തി ബന്ധങ്ങളിലും വൈഷമ്യം വരാവുന്നതാകയാല്‍ കോപ സംസാരം, എടുത്തുചാട്ടം മുതലായവ നിയന്ത്രിച്ച് ക്ഷമാ സ്വഭാവം നിലനിര്‍ത്തുക. സാഹസികത യിൽ നിന്നും മാറി നിൽക്കണം. , സ്വജനവിരോധം, അപമാനം, അനാരോഗ്യം  . മനസ്‌സ്  അസ്വസ്ഥമാകും. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കണം.   ശിവന്, കൂവളമാല, ശ്രീകൃഷ്ണന് പാൽപ്പായസം, നാഗദേവതകൾക്ക് നൂറും പാലും വഴിപാടുകൾ ചെയ്യുക.

കർക്കടകക്കൂറ് (പുണർതം അവസാനപാദം പൂയം, ആയില്യം)
കുടുംബത്തിൽ സ്വസ്ഥത നിലനിറുത്തുക ,രോഗ സാദ്ധ്യത ,മന: സുഖക്കുറവ്. എങ്കിലും ചില സുഖാനുഭവങ്ങൾ പ്രതീക്ഷിക്കാം. സ്ഥാനമാനങ്ങൾ സാമ്പത്തികനേട്ടം ദാമ്പത്യജീവിതത്തിൽ ക്‌ളേശങ്ങൾ. ശിവക്ഷേത്രത്തിൽ അർച്ചന, കൂവളമാല, ദേവിക്ക് , നെയ്‌വിളക്ക് വഴിപാടുകൾ പരിഹാരമാണ്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാൽ)
അപവാദം കേൾക്കാൻ ഇടവരുത്തരുത് .കുടുംബസ്വസ്ഥത നിലനിറുത്തുക.മനോദു:ഖത്തിനിടവരാംസുഖാനുഭവങ്ങളും ഐശ്വര്യവും ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ വിഷമം, ഉൽക്കണ്ഠ,  എന്നിവയുണ്ടാകാം.  ശിവന് , ജലധാര, നാഗരാജാക്ഷേത്രത്തിൽ നൂറും പാലും വഴിപാട് നടത്തുന്നത് പരിഹാരമാണ്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽ, അത്തം,ചിത്തിര ആദ്യപകുതി)
അപ്രതീക്ഷിത സുഖാനുഭവം, ധന ഇsപാടിൽ ശ്രദ്ധ വേണം, ധൈര്യക്കുറവ്. ശാരീരികവും മാനസികവുമായ ക്‌ളേശാനുഭവങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായി അകൽച്ചക്ക് ഇടവരാം. ചെലവുകൾ വർദ്ധിക്കും. പരീക്ഷകളിൽ തിരിച്ചടി. ശിവന്  ജലധാര,  ശ്രീകൃഷ്ണന്  തൃക്കൈവെണ്ണ, ദേവിക്ക്  കുങ്കുമർച്ചന എന്നിവ ദോഷപരിഹാരമാകും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
ഗ്രഹണഫലം സമ്മിശ്രം.  അത്ഭുതകരമായി പല പ്രശ്നങ്ങളിൽ നിന്നും മുക്തി നേടും.വീട്ടിൽ  ധനസമൃദ്ധി, മംഗള കർമ്മങ്ങൾ, തൊഴിൽ അഭിവൃദ്ധി, സഹോദര ഗുണം, ശാരീരിക വിഷമങ്ങൾ ഉണ്ടാകും. ചില ബന്ധുക്കളുമായി അകലാം. വാഹനം വാങ്ങും. വീടിനു വേണ്ടിയും പണച്ചെലവ് വരാം. ശിവന് അർച്ചന, ദേവിക്ക് കുങ്കുമാർച്ചന എന്നിവ ദോഷപരിഹാരമാകും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
ഈ കൂറുകാർക്ക്  ഗ്രഹണഫലം  സമ്മിശ്രമാണ്. ഐശ്വര്യം, കാര്യസിദ്ധി,  പരീക്ഷാവിജയം,  തുടങ്ങിയ ഗുണഫലങ്ങളുണ്ടാകും.വ്രണം, ധനനഷ്ടം, കുടുംബത്തിൽ അസ്വസ്ഥത. അമിതമായ ചിലവുകള്‍,  സാമ്പത്തിക നഷ്ടം തുടങ്ങിയ ദോഷാനുഭവങ്ങൾക്കും ഇടയുണ്ട്. ശിവന് അർച്ചന, മുരുകന് പഞ്ചാമൃതം വഴിപാടുകൾ നടത്തുന്നത് ദോഷങ്ങൾ കുറയ്ക്കും.

 –ജ്യോതിഷാചാര്യൻ  ശ്രീനിവാസ ശർമ്മ മെബൈൽ: +91 9961033370

error: Content is protected !!