Wednesday, 26 Jun 2024
AstroG.in

ബുധനാഴ്ച ഇടവത്തിലെ ശുക്ല പ്രദോഷം; സമ്പത്ത്, സൗഭാഗ്യം, ആയുരാരോഗ്യം ഫലം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ഉമാ മഹേശ്വരന്മാരെ ഭജിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് കറുത്ത പക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശിയിലെ പ്രദോഷസന്ധ്യാ വേളകൾ. സമ്പൽസമൃദ്ധി, പുത്രപൗത്രാദി സൗഭാഗ്യം, ആയുരാരോഗ്യം തുടങ്ങിയവയാണ് പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിന്റെ ഫലങ്ങൾ. പാർവ്വതിദേവിയെ സന്തോഷിപ്പിക്കാൻ ശിവൻ താണ്ഡവമാടുന്ന ഈ വേളയിൽ സകല ദേവഗണങ്ങളും കൈലാസത്തിൽ എത്തും എന്നാണ് വിശ്വാസം. ഈ ദിവസത്തെ ശങ്കര പാർവതീ പ്രാർത്ഥനകൾക്കും വ്രതാനുഷ്ഠാനത്തിനും അത്ഭുതകരമായ ഫലസിദ്ധി പറയാം. 2024 ജൂൺ 19 ബുധനാഴ്ച ഇടവത്തിലെ ശുക്ലപക്ഷ പ്രദോഷമാണ്.

പാർവതീദേവിയും സുബ്രഹ്മണ്യനും ഗണപതി ഭഗവാനും ശിവ ഭൂതഗണങ്ങളും മാത്രമല്ല മറ്റ് ദേവതകളും മഹർഷിമാരും ദിവ്യത്മാക്കളുമെല്ലാം ഭഗവാന്റെ നൃത്തം കണ്ട് സ്തുതിക്കുന്നു. അത്ര മഹനീയമാണ് പ്രദോഷ സമയം. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശിവൻ ഏറെ സന്തോഷവാനാകുന്നത് പ്രദോഷ സന്ധ്യയിലാണ്. അപ്പോൾ ഭക്തർ എന്ത് ചോദിച്ചാലും ദേവദേവൻ കനിഞ്ഞ് അനുഗ്രഹിക്കുമെന്ന് ആചാര്യന്മാർ പറയുന്നു.

കാലകാലനാണ് ശിവൻ. അതായത് കാലന്റെ പോലും കാലൻ. മനുഷ്യ ജീവിതത്തിൽ എല്ലാ ദുരിതങ്ങളുടെയും അവസാനം മരണമാണ്. കാലനാണ്, യമധർമ്മനാണ് മരണത്തിന്റെ ദേവൻ. കാലനെ പോലും നശിപ്പിക്കാൻ ശക്തിയുള്ള ദേവനാണ് പരമശിവൻ. അതുകൊണ്ടു തന്നെ മൃത്യു ദോഷം ഉൾപ്പെടെ എല്ലാ ദുരിതങ്ങളും
ദുഃഖങ്ങളും അകറ്റുന്ന ദേവനായി ശിവനെ ഭജിക്കുന്നു. സാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം അല്ലെങ്കിൽ ധർമ്മദേവതാ ദോഷങ്ങൾ എന്നിവയാണ്. ഇതെല്ലാം മാറുന്നതിന് പ്രദോഷദിവസം വ്രതമെടുത്ത് ശിവ പാർവ്വതിമാരെ പ്രാർത്ഥിച്ചാൽ മതി. ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിനമാണ് പ്രദോഷം ആചരിക്കുന്നത്. ശിവപാർവ്വതി ക്ഷേത്രങ്ങളിലെല്ലാം അതിവിശേഷകരമാണ് ഈ ദിവസം. അസ്തമയത്തിന് മുൻപും പിൻപുമായി 3 മണിക്കൂറാണ് പ്രദോഷവേള.

ഒരു മാസത്തിൽ രണ്ടുപക്ഷത്തിലും പ്രദോഷം ഉണ്ട് . രണ്ടും ആചരിക്കാറുണ്ട്. കറുത്തപക്ഷ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. അതിൽ തന്നെ കൃഷ്ണ പക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷ അനുഷ്ഠാനം ശിവപ്രീതിയാൽ എല്ലാ ദുരിതങ്ങളും അലച്ചിലുകളും അവസാനിപ്പിക്കും എന്നാണ് സങ്കല്പം. ശനിയാഴ്ചയും പ്രദോഷവും ചേർന്നു വരുന്ന അപൂർവ്വ പ്രദോഷത്തെ ശനിപ്രദോഷം എന്നാണ് അറിയപ്പെടുന്നത്. ശനിപ്രദോഷ അനുഷ്ഠാന മാഹാത്മ്യം ആചാര്യന്മാർ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രദോഷ വ്രതമെടുക്കുന്നവർ രാവിലെ കുളിച്ച് ഭസ്മം തൊട്ട് വൃത്തിയുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദർശനവും യഥാശക്തി പ്രാർത്ഥനയും വഴിപാടുകളും നടത്തണം. ഓം നമഃ ശിവായ, ശിവ അഷ്ടോത്തര ശതനാമാവലി, ശിവാഷ്ടകം, ഉമാമഹേശ്വര സ്തോത്രം, ദാരിദ്ര്യദു:ഖ ദഹന ശിവസ്തോത്രം, ശങ്കര ധ്യാനപ്രകാരം തുടങ്ങിയ ശിവപ്രീതികരമായ മന്ത്രങ്ങളും സ്തുതികളും പരമാവധി ചൊല്ലണം. പഞ്ചാക്ഷരി മന്ത്രം കഴിയുന്നത്ര തവണ ജപിക്കുന്നത് കൂടാതെ പാർവതീ സമേതനായ ശിവനെ സങ്കല്പിച്ചു കൊണ്ട് ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ശിവ സഹസ്രനാമം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. ഈ പുണ്യ ദിനത്തിൽ യാതൊരു അധാർമ്മിക പ്രവൃത്തികളും ചെയ്യരുത്. മോശം കാര്യങ്ങൾ പ്രവർത്തിക്കുക മാത്രമല്ല ചിന്തിക്കുക പോലും ചെയ്യരുത്. അസ്തമയ സന്ധ്യയിൽ നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും വേണം. പ്രദോഷ ദിവസം മുഴുവൻ മിതമായി സസ്യഭക്ഷണം കഴിക്കുക. പ്രാർത്ഥനയ്ക്കുള്ള സന്ധ്യാസമയമാണ് പ്രദോഷവേള. ഈ സമയത്ത് ക്ഷേത്രത്തിൽ പോയി ഫലമൂലാദികൾ സമർപ്പിച്ച് ധാര നടത്തി പൂജ കണ്ട് തൊഴുകയാണ് പതിവ്. ഇതിൻ്റെ തീർത്ഥം കഴിച്ചാണ് പ്രദോഷവ്രതം മുറിക്കേണ്ടത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കാം. ഏതാണോ സൗകര്യപ്രദമായത് അത് സ്വീകരിക്കാം. മാസന്തോറും ഒരു പ്രദോഷ വ്രതമെങ്കിലും എടുത്താൽ ദുരിതശമനം ഉറപ്പാക്കാം. തുടർച്ചയായി 11 പ്രദോഷ ദിവസം ഭഗവാന്റെ മനോഹരമായ സ്വരൂപ വർണ്ണനയായ ശങ്കര ധ്യാനപ്രകാരം ജപിക്കുകയോ കേൾക്കുകയോ ചെയ്താൽ സർവ്വാഭീഷ്ട സിദ്ധി ഫലം. മണക്കാട് ഗോപൻ ആലപിച്ച ശങ്കരധ്യാന പ്രകാരം കേൾക്കാം :


തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!