Friday, 20 Sep 2024
AstroG.in

ബുധനാഴ്ച ഒരു പിടി അവിലിൽ സാമ്പത്തിക ക്ലേശങ്ങൾ അകലും

ജ്യോതിഷ രത്നം വേണു മഹാദേവ്

ഒരു പിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി .. ഗുരുവായൂർ കണ്ണനെ തേടി….

കൊടിയ ദാരിദ്ര്യത്തിന്റെ പാരമ്യത്തിൽ കഴിയുമ്പോൾ ഭാര്യയുടെ ആഗ്രഹപ്രകാരം ഒരു പിടി അവിലുമായ് സതീർത്ഥ്യനായ ഭഗവാനെ കാണാൻ ദ്വാരകയിൽ എത്തിയ സുദാമാവ് എന്ന കുചേലന്റെ മനസാണ് ഈ വരികൾ പാടുന്നത്.

കിഴി കെട്ടുക എന്ന് കേൾക്കുമ്പോൾ ഒരു പിടി അവിൽക്കിഴിയുമായി സതീർത്ഥ്യനെ കാണാനെത്തിയ കുചേലനെയാണ് ഓർക്കുക. ആ അവിൽ പൊതിയാൽ അദ്ദേഹത്തിന്റെ ദാരിദ്ര്യം നീങ്ങിയ കഥ എല്ലാവർക്കും പരിചിതവുമാണ്. ഭഗവാനെ കണ്ടപ്പോൾ എല്ലാം മറന്ന്, ഒന്നും ആവശ്യപ്പെടാതെ തിരിച്ചുപോയ കുചേലന് ഈ ലോകത്തുള്ള സർവൈശ്വര്യങ്ങളും നൽകി ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിച്ച ദിവസമാണ് ധനുവിലെ പുണ്യ ദിനങ്ങളിൽ ഒന്നായ കുചേല ദിനം. ധനുവിലെ ആദ്യത്തെ ബുധനാഴ്ചയാണ് ശ്രീകൃഷ്ണൻ കുചേലനെ കുബേരനാക്കി മാറ്റിയ പുണ്യ ദിനം. ഈ വർഷം ഡിസംബർ 16 ന് ആണ് കുചേലദിനം വരുന്നത്. ദാരിദ്ര്യം നീങ്ങി സമ്പൽ സമൃദ്ധിയുണ്ടാകാൻ കുചേല ദിനത്തിൽ അവിൽ കിഴി കെട്ടി ശ്രീകൃഷ്ണസ്വാമിക്ക് സമർപ്പിക്കുന്ന വഴിപാട് മിക്ക വിഷ്ണു, ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലുമുണ്ട്.

സതീർത്ഥ്യനായ സുദാമാവ് ദൂരെ നിന്നും വരുന്നത് മാളിക നിന്ന് കണ്ട ഭഗവാൻ ഓടിയെത്തി ആശ്ലേഷിച്ച്, സ്വീകരിച്ചു. സുദാമാവ് കൊന്നു വന്ന അവൽ ഭക്ഷിച്ച് കൂട്ടുകാരനെ അയാൾപോലും അറിയാതെ ഋണമുക്തനാക്കി; കാൽകഴുകിച്ചൂട്ടി; കുശലം പറഞ്ഞു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് താൻ ആവശ്യപ്പെടാതെ തന്നെ തന്റെ സങ്കടങ്ങൾ അറിഞ്ഞ് ഭഗവാൻ അനുഗ്രഹിച്ച് കുബേരനാക്കിയ യാഥാർത്ഥ്യം സുദാമാവ് മനസിലാക്കിയത്.

ഈ അവസ്മരണീയ സംഭവത്തിന്റെ ഓർമ്മ പുതുക്കൽ ആണ് എല്ലാ വർഷവും ആചരിക്കുന്ന കുചേല അവൽ ദിനം. അതിനാൽ ഈ ദിനത്തിൽ അവിൽക്കിഴി ഭഗവാന് വഴിപാടായി സമർപ്പിക്കുന്നതിലൂടെ ദാരിദ്ര്യം നീങ്ങുമെന്ന് മാത്രമല്ല കുടുംബത്തിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുെമെന്നും വിശ്വസിക്കുന്നു.

കുചേലദിനം ഏറ്റവും വിപുലമായി ആചരിക്കുന്നത് ഗുരുവായൂരിലാണ്. കുചേലദിനത്തില്‍ ഗുരുവായൂരപ്പന് ആയിരങ്ങള്‍ അവില്‍നിവേദ്യം വഴിപാടായി സമർപ്പിക്കും. ഈ ദിവസം അവിൽ ദാനമായി നല്‍കുന്നതും ഉത്തമമാണെന്നാണ് വിശ്വാസം. എന്നാൽ ഇത്തവണ കോവിഡ് മഹാമാരി കാരണം ഗുരുവായൂരിൽ കുചേല ദിനാചരണം ഭക്തർക്ക് പ്രവേശനമില്ലാതെ വെറും ചടങ്ങ് മാത്രമായാണ് നടക്കുക.

ദിവസവും ഒരു നാണയം നീക്കിവച്ച് കുചേലദിനത്തിൽ ക്ഷേത്ര ദർശനം നടത്തുന്ന അവസരത്തിൽ ശ്രീകൃഷ്ണന് കിഴികെട്ടി സമർപ്പിക്കുന്നത് ദാരിദ്ര്യദുഃഖം നീങ്ങാനും ധനധാന്യ വർദ്ധനയ്ക്കും ഉത്തമമാണെന്നും വിശ്വസിക്കപ്പെടുന്നു. എപ്പോഴെങ്കിലും നേർന്ന വഴിപാട് മറന്നുവെങ്കിൽ ഒരു പിടി നാണയം കിഴികെട്ടി വഴിപാട് നേർന്ന ഭഗവാന്റെ അല്ലെങ്കിൽ ഭഗവതിയുടെ ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് പരിഹാരമാണ്. തെറ്റു പണം എന്ന സങ്കല്പത്തിൽ മൂന്ന് തവണ ഉഴിഞ്ഞു വേണം സമർപ്പിക്കാൻ.

ജ്യോതിഷ രത്നം വേണു മഹാദേവ്,
+91 984 747 5559

error: Content is protected !!