Saturday, 23 Nov 2024
AstroG.in

ബുധനെ പ്രീതിപ്പെടുത്തിയാൽ ബുദ്ധി, വിദ്യാവിജയം, മത്സരപരീക്ഷാ ജയം

ജ്യോതിഷി സുജാത പ്രകാശൻ

ബുദ്ധിക്കും വിദ്യയ്ക്കും അധിപതിയാണ് നവഗ്രഹങ്ങളിൽ ഒന്നായ ബുധൻ. മാതുലകാരകനായ ബുധൻ കാലപുരുഷന്റെ വാക്കാണ്. ബുദ്ധി, ജ്ഞാനം, വിദ്യ എന്നിവയ്ക്കു കാരണഭൂതനായി വിളങ്ങുന്ന ബുധനെ വിദ്യാകാരൻ, വാണീകാരകൻ, എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. സ്വയമായിട്ടുള്ള വ്യക്തിത്വം കുറഞ്ഞ ഗ്രഹമാണ് ബുധൻ. അതുകൊണ്ട് ബുധന് പാപഗ്രഹങ്ങളുടെ യോഗം പാപത്വവും ശുഭഗ്രഹങ്ങളുടെ യോഗം ശുഭത്വവും നൽകുന്നു. രാശിചക്രത്തിൽ മിഥുനം, കന്നി രാശികളുടെ ആധിപത്യം ബുധനാണ്. ഉച്ചക്ഷേത്രം കന്നിയും നീചക്ഷേത്രം മീനവും ആകുന്നു.

ബുദ്ധിശാലിത്വമാണ് ബുധന്റെ പ്രധാന ധർമ്മം. ആയതിനാൽ ജാതകത്തിൽ ബുധന്റെ ബലത്തിന് വളരെ പ്രാധാന്യം അർഹിക്കുന്നു. നിരുപണശക്തിയും വിവേചനബുദ്ധിയും യുക്തിസഹമായി ചിന്തിക്കുവാനും വാദിക്കുവാനും വിശദീകരിക്കുവാനും വേണ്ടുന്നതിന് ജാതകത്തിൽ ബുധന്റെ അനുകൂലസ്ഥിതി കൂടിയേ തീരൂ. നിയമപണ്ഡിതന്മാർക്കും കോടതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്കും ബുധന്റെ അനുകൂലസ്ഥിതി ശുഭഫലത്തെ നൽകുന്നു. മരതകമാണ് ബുധന്റെ രത്നം. വിദ്യാ പുരോഗതിക്കും ബുദ്ധി ശക്തി വർദ്ധിക്കുന്നതിനും മരതക രത്‌നധാരണം ഒരുപരിധിവരെ ഗുണകരമാണ്.
ബുധപ്രീതിക്കായി ശ്രീകൃഷ്ണനെ ഭജിക്കാവുന്നതാണ്. ജാതകത്തിൽ ബുധൻ ബലവാനും അനുകൂല സ്ഥിതനും ആണെങ്കിൽ വിദ്യാഭ്യാസത്തിലും മത്സരപരീക്ഷകളിലും ഉന്നത വിജയം നേടാൻ ജാതകന് സാധിക്കുന്നതാണ്. ബുധന്റെ കവടി സംഖ്യ 4 ആണ്.

ബുധദോഷ ശാന്തിക്ക് ശ്രീകൃഷ്ണസ്തുതി, ബുധഗ്രഹ സ്തോത്രം, ബുധഗായത്രി, എന്നിവ ജപിക്കുന്നത് ഉത്തമം. ബുധനാഴ്ച വ്രതമെടുത്ത് ബല, അതിബല മന്ത്രം ജപിക്കുന്നതും ബ്രഹ്മീഘൃതം സേവിക്കുന്നതും ബുദ്ധിയെ പ്രചോദിപ്പിക്കും. ബുധനാഴ്ച ദിവസം കുട്ടികൾ മത്സ്യവും മാംസവും ഉപേക്ഷിച്ച് വിദ്യാധിരാജ്ഞിയായ താരാ ദേവിയെ ഉപാസിക്കുന്നതും ത്രിപുരസുന്ദരി ഉപാസന നടത്തുന്നതും പഠന മികവ് നല്‍കും. ബുധ ദോഷങ്ങൾ മാറുന്നതിനും വിദ്യാവിജയത്തിനും ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ജപിക്കേണ്ട മന്ത്രങ്ങള്‍

ബുധദോഷ പരിഹാരത്തിന്

ഓം സം സം വരദേ വരദേ
ഹ്രീം കാരാത്മികായൈ നമ:

ഷോഡശ മഹാമന്ത്രം
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ശ്രീകൃഷ്ണ മൂലമന്ത്രം
ഓം ക്ലീം കൃഷ്ണായ നമ:
(ദിവസവും കുറഞ്ഞത് 108 തവണ ജപിക്കണം)

ബുധഗ്രഹ സ്തോത്രം
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം

ബുധഗായത്രി
ഓം ഗജ ധ്വജായ വിദ്മഹേ
ശുക ഹസ്തായ ധീമഹി
തന്നോ ബുധ: പ്രചോദയാത്

ജ്യോതിഷി സുജാത പ്രകാശൻ,
ശങ്കരം, കാടാച്ചിറ, കണ്ണൂർ
വാട്സാപ്പ് : 9995960923,
Email: Sp3263975@gmail.com

Story Summary: Budha Graha Characteristics, Effects and Benefits of worshipping


error: Content is protected !!