ഭക്തരുടെ പൊങ്കാലയും ക്ഷേത്രത്തിലെ പൊങ്കാലയും തമ്മിലുള്ള വ്യത്യാസം?
ഗൗരി ലക്ഷ്മി
ആറ്റുകാൽ ഭഗവതിക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കാൻ ഭക്തർക്ക് ഓരോ വർഷവും ലഭിക്കുന്ന ഒരേയൊരു പുണ്യ അവസരമാണ് 10 ദിവസത്തെ ഉത്സവത്തിൻ്റെ ഭാഗമായി കുംഭമാസത്തിലെ പൂരം നാളിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാല. ഭക്തർ നേരിട്ട് സമർപ്പിക്കുന്ന പൊങ്കാല അന്ന് ക്ഷേത്രത്തിൽ നിന്ന് നിയോഗിക്കുന്ന ശാന്തിക്കാർ വന്ന് നേദിച്ചു തരും. ക്ഷേത്രത്തിലിടുന്ന പൊങ്കാല ഭക്തർക്ക് നേരിട്ട് സമർപ്പിക്കാനാകില്ല. അത് തയ്യാറാക്കുന്നതും നേദിക്കുന്നതും ശാന്തിക്കാരാണ്. അത് പണം അടച്ചും നിവേദ്യ വസ്തുക്കൾ എത്തിച്ചും ക്ഷേത്രത്തിൽ എല്ലാ ദിവസവും നടത്താം. 101 കലം പൊങ്കാല, 51 കലം പൊങ്കാല, തുടങ്ങിയവ നടത്താൻ 1100, 700 രൂപയാണ് യഥാക്രമം ഒടുക്കേണ്ടത്. നിവേദ്യ വസ്തുക്കൾ എത്തിച്ച് 101 കലം പൊങ്കാല, 51 കലം പൊങ്കാല ഇടാൻ 150, 75 രൂപയാണ് യഥാക്രമം ഒടുക്കേണ്ടത്. പൊങ്കാല, വെള്ള, ശർക്കര പായസം, മണ്ടപ്പുറ്റ്, മോദകം തുടങ്ങിയവ എല്ലാം നിവേദ്യമായി നടത്താം. എന്നും രാവിലെ 8:30 ന് പന്തീരടി പൂജയുടെ ഭാഗമായി ഇത് വഴിപാടായി നിവേദിച്ച് നൽകും. പൊങ്കാല ദിവസം ഭക്തർ നേരിട്ട് സമർപ്പിക്കുന്ന പൊങ്കാല ഫലം വർദ്ധിപ്പിക്കും എന്ന് പൊതുവേ വിശ്വസിക്കുന്നു. സർവൈശ്വര്യവും ധനധാന്യ സമൃദ്ധിയും സന്താന സൗഖ്യവും സൽസന്താന ലാഭവുമാണ് പൊങ്കാലയുടെ ഫലം.
പൊങ്കാല സമർപ്പിക്കുന്നവർ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
1 വ്രതമെടുത്ത് പൊങ്കാലയിടണം
2 പൊങ്കാലയിടുന്നവർ മാത്രം വ്രതമെടുത്താൽ മതി
3 എല്ലാവരും വ്രതമെടുത്താൽ കുടുംബാഭിവൃദ്ധി
4 പുതുവസ്ത്രം ധരിച്ച് പൊങ്കാലയിടുന്നത് നല്ലത്
5 പുതിയ മൺകലത്തിൽ പൊങ്കാലയിടണം
6 കിഴക്ക് ദർശനമായി പൊങ്കാലയിടുന്നത് ഉത്തമം
7 തെക്കുവശം ദർശനമായി പൊങ്കാല ഇടരുത്
8 പൊങ്കാലയിട്ട കലത്തിൽ പാചകമരുത്
9 അടുപ്പ് തെളിക്കും മുമ്പ് ഗണപതിക്കൊരുക്കണം
10 മാസമുറ തുടങ്ങി 7 രാത്രി കഴിഞ്ഞ് പൊങ്കാല ഇടാം
11 പൊങ്കാല കിഴക്കോട്ട് തൂകിയാൽ സദ്ഫലം
12 പൊങ്കാല നേദിച്ച ശേഷം ആ പ്രസാദം കഴിക്കണം
13 പൊങ്കാല ദിവസം ആറ്റുകാൽ ദർശനം നിർബന്ധമില്ല
14 അടുപ്പു തെളിക്കുമ്പോൾ ദേവീമന്ത്രം ജപിക്കണം
15 പുല – വാലായ്മയുള്ളവർ പൊങ്കാല ഇടരുത്