Sunday, 19 May 2024
AstroG.in

ഭദ്രകാളിയുടെ ചിത്രം വീട്ടിൽ വയ്ക്കാമോ?

ജ്യോതിഷാചാര്യൻ കെ.ദേവീദാസ്
ഭദ്രകാളീ ഭഗവതിയെ പൊതുവേ രൗദ്രമൂർത്തിയായാണ് കേരളത്തിൽ സങ്കല്പിച്ച് ആരാധിക്കുന്നത്. എന്നാൽ വാസ്തവത്തിൽ അഭദ്രങ്ങൾ അകറ്റി മംഗളവും സൗഖ്യവും തരുന്ന മംഗളരൂപിണിയാണ് ഭദ്രകാളി. എങ്കിലും ഈ ദേവതയുടെ രൂപഭാവങ്ങൾ കാരണമാകാം പലരുടെയും സംശയമാണ് ഈ ചോദ്യം: ഭദ്രകാളിയുടെ ചിത്രം വീട്ടിൽ വയ്ക്കാമോ?

തീർച്ചയായും ആരാധിക്കാം: ശരിക്കും ആരാണ് കാളി എന്നറിയാത്തത് കൊണ്ട് മാത്രമാണ് ഈ സംശയം.
വെറും ശത്രു സംഹാരിണി മാത്രമല്ല കാളീ മാതാവ്. അതിനെക്കാൾ ഏറെ ഭക്തവത്സലയും പുത്രവത്സലയും ആണ് അമ്മ. നിരാശ്രയരായ തന്റെ മക്കളെ കാത്ത് രക്ഷിക്കുന്നതിനാണ് അമ്മ ശത്രു സംഹാരിണിയായി മാറുന്നത്.

ഇവിടെ നമ്മൾ അറിയേണ്ടത് ആരാണ് കാളി എന്നാണ്? ഭദ്രകാളി അവതാരത്തെപ്പറ്റി രണ്ടു കഥകളാണ് ഉള്ളത്. രണ്ടിലും കാളി ശിവ പുത്രിയാണ്. ഒന്ന്: ബ്രഹ്മാവിൽ നിന്നും വരം നേടി സകലരെയും ദ്രോഹിച്ച് മദിച്ച ദാരികൻ എന്ന അസുരനെ വധിക്കുന്നതിന് ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ചവൾ. രണ്ട് : ദക്ഷന്റെ യാഗാഗ്നിയിൽ സതി ദേഹത്യാഗം ചെയ്തപ്പോൾ ക്രുദ്ധനായി മാറിയ ശ്രീ പരമേശ്വരൻ പ്രതികാരത്തിനായി സ്വന്തം ജട പറിച്ച് നിലത്തടിച്ച് സൃഷ്ടിച്ചവൾ. അങ്ങനെ കാലത്തെ ജയിച്ചവളാണ് കാളി. ഈ കാളിയെ ദുർഗ്ഗയുടെ അഥവാ പാർവ്വതിയുടെ ഭയാനക ഭാവമായി ദേവീ മാഹാത്മ്യത്തിൽ സങ്കല്പിക്കുന്നു.

അതെ; ശിവപുത്രിയായി മഹാദേവന്റെ തൃക്കണ്ണ് തുറന്ന് അവതരിച്ചവളാണെങ്കിലും സാക്ഷാൽ ശ്രീ പാർവ്വതി തന്നെയാണ് ഭദ്രകാളി. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടെയും മാതാവായി കാളിയെ ആരാധിക്കുന്നു. തന്റെ മക്കൾക്ക് എന്തെങ്കിലും ദോഷം സംഭവിച്ചാൽ ഒരമ്മയും സഹിക്കില്ല. അതുതന്നെയാണ് കാളിയുടെയും പ്രത്യേകത. തന്നെ ആശ്രയിക്കുന്ന എല്ലാ മക്കളെയും അമ്മ സംരക്ഷിക്കും. അവർക്ക് തെറ്റുകൾ സംഭവിച്ചാൽ തിരുത്തി നേർവഴിക്ക് കൊണ്ടുവരും. അവരെ ദ്രോഹിക്കുന്നവരോട് അമ്മ പൊറുക്കുകയുമില്ല. അപ്പോഴത്തെ അമ്മയുടെ രൂപമാണ് സകലരെയും ഭയപ്പെടുത്തുന്നത്. അർദ്ധനഗ്നമായ ദേഹം, നാക്ക് പുറത്തേക്ക് തള്ളിയിരിക്കുന്നു. അതിനൊപ്പം ദംഷ്ട്ര, അറുത്തെടുത്ത ദാരികശിരസ് കൈയിൽ, അസ്ഥിമാല ആഭരണം, ത്രിശൂലം, പള്ളിവാൾ, ഡമരു, കങ്കാളം എന്നിവ ആയുധങ്ങൾ, ശിരസിലെ ജഡയെ അലങ്കരിക്കുന്നത് നാഗഫണങ്ങൾ …. ഏതൊരാളെയും ഭയപ്പെടുത്തുന്ന ഈ രൂപം പക്ഷേ ദുഷ്ട നിഗ്രഹത്തിനായി അമ്മ കൈകൊണ്ടതാണെന്ന് ആരും ഓർക്കുന്നില്ല. കാലങ്ങളായി, പരമ്പരാഗതമായി ഈ രൂപം വച്ച് ആരാധിച്ചാണ് നമ്മൾ കുലവും കുലധർമ്മവും സന്തതി പരമ്പരകളെയും സംരക്ഷിക്കുന്നത്.

ദ്രീഭദ്രകാളിയുടെ സംരക്ഷണം ഉള്ളിടത്ത് യാതൊരു ദുഷ്ട ശക്തികളും കടക്കില്ല. ആ ഗൃഹത്തിൽ, ആ തറവാട്ടിൽ ഉള്ളവർ എന്നും അമ്മയുടെ സംരക്ഷണ വലയത്തിൽ തന്നെയായിരിക്കും. അടിയുറച്ച ഭദ്രകാളി ഭക്തർക്ക് സാമ്പത്തികവും ഐശ്വര്യവും സർവ്വ മംഗളങ്ങളും ദേവി കൊണ്ടുവന്നു തരും. കൂടാതെ ഇവരെ ആഭിചാരം, കൂടോത്രം പോലുള്ളവയൊന്നും ബാധിക്കുകയുമില്ല. ഭദ്രകാളി ഭക്തരുടെ മരണം അനായാസം സംഭവിക്കും എന്നും വിശ്വസിക്കപ്പെടുന്നു. അതിനാൽ ഒരിക്കൽക്കൂടി തീർത്തു പറയാം ഭദ്രകാളിയുടെ ചിത്രം വീട്ടിൽ വച്ച് ആരാധിക്കുക തന്നെ ചെയ്യാം. അമ്മ എപ്പോഴും നമ്മെ കാത്തു രക്ഷിക്കും.

ഭരണി നക്ഷത്രം, ചൊവ്വാഴ്ചകൾ, അമാവാസി എന്നിവ ഭദ്രകാളിയെ ഭജിക്കാൻ ഏറെ നല്ലതാണ്.

ഭദ്രകാളി മൂലമന്ത്രം
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമ:

പ്രാർത്ഥനാ മന്ത്രം
1
നമ: ത്രൈലോക്യ ജനനി നമ: ത്രൈലോക്യവാസിനി
സംരക്ഷ മാം മഹാകാളി ജഗദാനന്ദദായിനി
2
മഹാകാളി നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി
ഭദ്രകാളി നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ

ജ്യോതിഷാചാര്യൻ കെ.ദേവീദാസ് ,
+91 8848873088

error: Content is protected !!