Tuesday, 24 Sep 2024
AstroG.in

ഭദ്രകാളിയെ ഉപാസിക്കാൻ നിഷ്ഠയും നിവേദ്യവും വേണ്ട; ആർക്കും സമ്പത്തും ആയുസും തരും

പ്രൊഫ. കെ. വാസുദേവനുണ്ണി

ദേവീമാഹാത്മ്യത്തിൽ ദേവീ ഉപാസനയ്ക്ക് ചില നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. അർഗ്ഗളം, കവചം, കീലകം തുടങ്ങിയവ ജപിക്കണം ദേഹശുദ്ധി, മനഃശുദ്ധി, വ്രതശുദ്ധി തുടങ്ങിയവ പാലിക്കണം തുടങ്ങിയവയാണ് അത്. തന്ത്രശാസ്ത്രത്തിൽ പാണ്ഡിത്യമുള്ളവർക്കും തന്ത്രശാസ്ത്രം ഗുരുവിൽനിന്ന് അഭ്യസിച്ചവർക്കും ദേവിയുടെ ഉപാസന വിധിപ്രകാരം നടത്താം. എന്നാൽ ഭദ്രകാളിയുടെ പൂജയിലും ഉപാസനയിലും ഇങ്ങനെയുള്ള നിയമങ്ങൾ ഒന്നുമില്ലെന്ന് ഭദ്രകാളി മാഹാത്മ്യത്തിൽ പറയുന്നു. ദാരുകനിഗ്രഹ ശേഷം കോപം ശമിച്ച കാളി പാർവ്വതീ പരമേശ്വരന്മാരെ വണങ്ങുമ്പോൾ ഭഗവാൻ പുത്രിയായ ഭദ്രകാളിയോട് പറയുന്നു: ചിരംഞ്ജീവിയായാലും, നിനക്കു മംഗളം; എല്ലാ ലോകത്തിനും വരദയും സർവ്വസാധികയുമായി നീ എന്നും എന്നോടൊപ്പം വാഴുക. ജനങ്ങളുടെ എല്ലാവിധ പാപങ്ങളും അകറ്റൂ. ദുർജ്ജനങ്ങളെ വധിച്ച് ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശുദ്രൻ എന്നിങ്ങനെയുള്ള ഭേദങ്ങളില്ലാതെ എല്ലാവർക്കും ആരാധ്യയായി അവരവരുടെ ക്ഷേത്രങ്ങളിൽ വസിക്കുക. അവർ എന്തു തന്നാലും നീ സ്വീകരിക്കണം.

ഇത് കേട്ട കാളി അച്ഛനോട് ഒരു സംശയം ചോദിച്ചു. ഞാൻ ഒരു സ്ത്രീയായതുകൊണ്ട് ജനങ്ങൾ ബഹുമാനിക്കുമോ, പരിഹസിക്കില്ലേ ? അപ്പോൾ ഭഗവാൻ പറയുന്നു: അഹേ ശാന്തം! എന്റെ പുത്രിയെ ആരാണ് അപമാനിക്കുക. അങ്ങനെ അപമാനിക്കുന്ന മൂഢന് വംശനാശം വരും. മനുഷ്യരെല്ലാവരും നിന്നെ പരദേവതയായി സങ്കല്പിച്ച് പാല്, നെയ്യ്, തൈര്, പായസം, വെള്ളച്ചോറ് തുടങ്ങിയവ നൽകി പൂജിക്കും. നിന്റെ കഥ ചൊല്ലി നൃത്തം ചെയ്യും. അങ്ങനെ ചെയ്യുന്നവരുടെ എല്ലാ അഭിലാഷങ്ങളും നീ നിറവറ്റി നൽകണം. ചിലർ കാലധർമ്മമനുസരിച്ച് മദ്യവും മാംസവും നൽകി പൂജിക്കും. അവർക്കും ആഗ്രഹിക്കുന്നത് നീ നൽകണം. ദാരുകന്റെ തല എന്നും നിന്റെ കയ്യിലിരിക്കട്ടെ. അങ്ങനെയുള്ള വിഗ്രഹത്തെ ഭക്തർ നിത്യവും പൂജിക്കും. മാസത്തിലോ വർഷത്തിലോ ഉത്സവാവസരങ്ങളിലോ ഭക്തർക്ക് സൗകര്യം പോലെ നിന്നെ പൂജിക്കാം. അവരുടെ ആദ്ധ്യാത്മികവും ആധിദൈവികവും ആധിഭൗതികവുമായ മൂന്നുവിധ ദുഃഖങ്ങളെയും നീ അകറ്റണം. സന്താനങ്ങളും സമ്പത്തുമുണ്ടായി അവരെല്ലാം ദീർഘകാലം സുഖമായി ജീവിക്കണം.

സാക്ഷാൽ മഹാദേവന്റെ വാക്കുകളിൽ നിന്ന് തന്നെ ഭദ്രകാളിയുടെ പൂജാക്രമത്തിലെ സവിശേഷത നമുക്ക് ഗ്രഹിക്കാം. അതായത് കാളിമാതാവിന് ആരിലും ഒരു ഭേദവുമില്ല. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ ശൂദ്രൻ, ചണ്ഡാളൻ, സ്ത്രീ, പുരുഷൻ ഇങ്ങനെ യാതൊരു ഭേദവുമില്ലാതെ ആർക്കും എപ്പോഴും ദേവിയെ പൂജിക്കാം. മാസം തോറുമോ കൊല്ലത്തിൽ ഒരിക്കൽ വിശേഷമായോ കഴിയുമെങ്കിൽ ദിവസവുമോ ആകാം. അതിന് പ്രത്യേക നിവേദ്യമൊന്നും അവശ്യമില്ല. അവരവർ കഴിക്കുന്നത് തന്നെ ദേവിക്കും സമർപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. ഭക്തിയോടെ പ്രാർത്ഥിക്കുകയും കഴിവിനൊത്ത വിധം എന്തും സമർപ്പിച്ച് പൂജിക്കുകയും ചെയ്താൽ ഭദ്രകാളി സർവ്വാഭീഷ്ടദായിനിയാണ്. വിശിഷ്ടവും പ്രസിദ്ധവുമായ ഒന്നിലധികം സ്തുതികൾ ഭദ്രകാളീ മാഹാത്മ്യത്തിൽ അടങ്ങിയിരിക്കുന്നു.

ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായംപോലെ വിശിഷ്ടമാണ് ഭദ്രകാളീ മാഹാത്മ്യം ഒൻപതാം അദ്ധ്യായം ഒന്നുമുതൽ ഇരുപത്തൊൻപതുവരെയുള്ള ശ്ലോകങ്ങളടങ്ങിയ സ്തുതി. ദാരുകനെ വധിച്ച് കോപം ശമിക്കാതെ അട്ടഹസിക്കുന്ന ഭദ്രകാളിയെ അനുനയിപ്പിക്കാൻ ശിവന്റെ ഉപദേശപ്രകാരം ദേവന്മാർ സ്തുതിക്കുന്ന ഭാഗമാണിത്. ക്ഷേമത്തിനും ശത്രുദോഷം പരിഹരിക്കാനും ആഗ്രഹ സാഫല്യത്തിനും പൂർവ്വികമായ പാപങ്ങൾ നശിക്കുന്നതിനും ആർക്കും ജപിക്കാവുന്ന സ്‌തോത്രരത്‌നമാണിത്. ഇത് പതിവായി ജപിച്ചാൽ സകല ദോഷങ്ങളും അകലുകയും ആപത്തുകളും വിഘ്‌നങ്ങളും ഇല്ലാതാകും. ഐശ്വര്യവും സന്തോഷവും കൈവരും. പ്രത്യേക ഫലസിദ്ധിക്ക് ഇതിലെ ചില ശ്ലോകങ്ങൾ ജപിക്കാറുണ്ട്. അതിൽ ചിലത്:

ഐശ്വര്യം, ശത്രുനാശം

ദേവി പ്രസീദ ദനുജാന്തകരി പ്രസീദ
കാളി പ്രസീദ കമനീയതനോ പ്രസീദ
ഭദ്രേ പ്രസീദ ഭവനേത്രഭവേ പ്രസീദ
മായേ പ്രസീദ മഹനീയതമേ പ്രസീദ

ആത്മരക്ഷ, ശത്രുനാശം

യാ സൃജ്യത്യഖിലാൻ ലോകാൻ
യാ ച രക്ഷതി താനിമാൻ
യാ പുനസ്‌സംഹരത്യന്തേ
നമസ്തസ്യൈ നമോ നമഃ

ബുദ്ധി, വിദ്യാഭിവൃദ്ധി

അന്തർബ്ബഹിശ്ച യാ ദേവീ
വിശ്വേഷാമഭിവർത്തതേ
അദ്വൈതം വസ്തുതത്ത്വം യാ
നമസ്തസൈ്യ നമോ നമഃ

ഭയനാശം
ഭദ്രകാളി മഹാദേവി
ഭദ്രതേ രുദ്രനന്ദിനി
യാ നസ്‌സന്ത്രായസേ നിത്യം
നമസ്തസൈ്യ നമോ നമഃ

കൊച്ചി, സപര്യ ബുക്‌സ് പ്രസിദ്ധീകരിച്ച ഭദ്രകാളി മാഹാത്മ്യം എന്ന പുസ്തകത്തിൽ ഭദ്രകാളിയുടെ ആരാധനാവിധികൾ, ധർമ്മദൈവമായും ജ്യോതിഷ പരമായും ഭദ്രകാളിയെ ആരാധിക്കുന്നതിന്റെ വിശദാംശങ്ങൾ, ആരാധിച്ചവരുടെ അത്ഭുതകരമായ അനുഭവങ്ങൾ എന്നിവയെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്. വില 320 രൂപ. സപര്യ ബുക്സിന്റെ ഫോൺ: 0484– 2577007, 91 8547515253

പ്രൊഫ. കെ. വാസുദേവനുണ്ണി

Story Summary: Benefits of Bhadrakali Upasana

error: Content is protected !!