ഭദ്രകാളി അഷ്ടോത്തര ജപം ഭയവും ശത്രുദോഷവും ദൃഷ്ടിദോഷവുമകറ്റും
മംഗള ഗൗരി
ഭദ്രകാളി സംബന്ധമായ ഉപാസനകളിൽ ഏറ്റവും ഫലപ്രദമാണ് ദേവിയുടെ അഷ്ടോത്തര ശതനാമാവലി ജപം. അഷ്ടോത്തര ശതനാമാവലി മന്ത്രങ്ങളാൽ
ദേവിയെ ഉപാസിച്ചാൽ ശത്രുദോഷം, ദൃഷ്ടിദോഷം ശാപദോഷം എന്നിവയെല്ലാം ശമിക്കും. അകാരണമായ ഭയം ഉൾപ്പെടെ എല്ലാവിധ ഭയപ്പാടുകളും മാറും. നമ്മുടെ ഉയർച്ചയിലും ഐശ്വര്യത്തിലും അസൂയപ്പെടുന്നവരുടെ ദൃഷ്ടി ദോഷം അഥവാ കൺദോഷം മൂലമുണ്ടാകുന്ന ദുരിതങ്ങൾ മാറുന്നതിനും ഭദ്രകാളി അഷ്ടോത്തര ജപം പരിഹാരമാണ്. അതുപോലെ തന്നെ നമുക്ക് എതിരായി ചെയ്യുന്ന ആഭിചാരം, കൂടോത്രം തുടങ്ങിയ മാരണ കർമ്മങ്ങൾക്കും ജോലി സംബന്ധമായ ശത്രുദോഷങ്ങൾ ഒഴിയാനും മികച്ച പരിഹാരമാണിത്. ശ്രദ്ധയോടെ ഭക്തിയോടെ ജപിക്കുക. മന്ത്രോപദേശം നിർബ്ബന്ധമുള്ള കാര്യമല്ല. ചൊവ്വ, വെള്ളി ദിവസങ്ങൾ ആദ്യമായി ജപം തുടങ്ങാൻ പറ്റിയതാണ്. എത്ര കാലം വേണമെങ്കിലും ഇത് തുടർച്ചയായി ജപിക്കാം. നിത്യവും ജപിക്കാനും നല്ലതാണ്.
ചൊവ്വ, വെള്ളി, മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി മകരച്ചൊവ്വ ദിവസങ്ങളിൽ ജപം മുടക്കരുത്. അതിവേഗം ഫലസിദ്ധി ലഭിക്കും എന്നതാണ് ഭദ്രകാളി അഷ്ടോത്തര ജപത്തിന്റെ പ്രത്യേകത. ഇത് ജപിക്കുന്നതിന് മുൻപ് ഭദ്രകാളി ധ്യാനം കൂടി ജപിക്കുക വളരെ ഗുണപ്രദമായി കരുതുന്നു. ആദിപരാശക്തിയെ നവദുർഗ്ഗാ ഭാവങ്ങളിൽ ആരാധിക്കുന്ന നവരാത്രി ദിനങ്ങൾ ഭദ്രകാളി ഭഗവതിയെ ആരാധിക്കാൻ ഏറ്റവും ഉത്തമമായ ദിവസങ്ങളാണ്. ഇതിൽ ഒരു ദിവസം തുടങ്ങി 12, 21, 41 ദിവസങ്ങളിൽ തുടർച്ചയായി പ്രത്യേക കാര്യസാദ്ധ്യത്തിന് ജപിക്കുക ശ്രേഷ്ഠമാണ്. ഭദ്രകാളി ക്ഷേത്രദർശനം നടത്തിയ ശേഷം ജപിക്കുന്നത് ക്ഷിപ്രഫലസിദ്ധിക്ക് ഏറെ നല്ലതാണ്ട. ക്ഷേത്രത്തിൽ വച്ചുള്ള അഷ്ടോത്തര ജപത്തിന് അപാര ഫലസിദ്ധിയുണ്ടെന്ന് വിശ്വസിക്കുന്നു. പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളി
അഷ്ടോത്തര ശതനാമാവലി കേൾക്കാം:
എല്ലാ മൂർത്തികൾക്കും അഷ്ടോത്തര ശതനാമാവലി പ്രചാരത്തിലുണ്ട്. ക്ഷേത്രങ്ങളിൽ പൂജാകർമ്മങ്ങൾക്ക് മുഖ്യമായും ഉപയോഗിക്കുന്നത് മൂലമന്ത്രം, അഷ്ടോത്തര ശതനാമാവലി എന്നിവയാണ്. 108 എന്ന സംഖ്യയുടെ മഹത്വം പ്രസിദ്ധമാണ്. ഭഗവത് നാമങ്ങളും മന്ത്രങ്ങളും കുറഞ്ഞത് 108 തവണ ജപിക്കുന്നതാണ് ഉത്തമമായി കണക്കാക്കുന്നത്. എന്നും ഇഷ്ടദേവതയുടെ സഹസ്രനാമങ്ങൾ ജപിക്കാൻ സമയ പരിമിതിയും മറ്റ് അസൗകര്യങ്ങളും ഉള്ളവർക്ക് ആശ്രയിക്കാവുന്നത് അഷ്ടോത്തര ശതനാമാവലിയെയാണ്. ഏതാനും മിനിട്ടുകൾക്കകം ജപം പൂർത്തിയാക്കി ഇഷ്ടദേവതയുടെ സാന്നിദ്ധ്യം മനസിൽ ഉറപ്പിക്കാം.
അഷ്ടോത്തര ജപം എല്ലാ അഹിതങ്ങളും ജീവിതത്തിൽ നിന്നും അകറ്റും. ഈശ്വരാധീനം അറിയാതെ നമുക്ക് ചുറ്റുമുണ്ടാകും. പതിവായി അഷ്ടോത്തരം ജപിക്കുക ഒരു രക്ഷ തന്നെയാണ്. കഠിനനിഷ്ഠകളില്ലാതെ ആർക്കും ഇത് ജപിക്കാം. അർത്ഥം മനസിലാക്കി ജപിക്കാൻ ശ്രദ്ധിക്കുക.
Story Summary: Significance Of Bhadrakali Ashtotharam