Friday, 22 Nov 2024
AstroG.in

ഭദ്രകാളി ശത്രുക്കളെ അകറ്റും; മൂലഭദ്ര കാര്യസിദ്ധിയും ബാലഭദ്ര ഐശ്വര്യവും തരും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ഭദ്രകാളി, ബാലഭദ്ര, മൂലഭദ്ര എന്നിവയെല്ലാം ഒന്നാണോ എന്ന് പലർക്കും സംശയമുണ്ട്. പൊതുവേ പറഞ്ഞാൽ എല്ലാം ഒരേ ശക്തിയുടെ വത്യസ്ത ഭാവങ്ങള്‍, സങ്കല്‍പ്പങ്ങള്‍ എന്നേയുള്ളു. അടിസ്ഥാനപരമായി എല്ലാം ഒന്നുതന്നെയാണ്.

പരാശക്തിയുടെ ഭാവങ്ങളിൽ ഏറ്റവും പ്രധാനം ഭദ്രകാളി സങ്കല്പമാണ്. തമോഗുണവും ഉഗ്രശക്തിയുമുള്ള ദേവിയാണ് ഭദ്രകാളി. ബാലഭദ്രയ്ക്ക് സാത്വികഭാവമാണ്; സൗമ്യ സങ്കല്പമാണ്. രജോഗുണവും അല്പം രൗദ്രഭാവവും ഉള്ള ദേവിയാണ് മൂലഭദ്ര. ശത്രുദോഷശാന്തി, ദൃഷ്ടിദോഷ ശാന്തി, ശത്രുസ്തംഭനം, മാരണം, ഉച്ചാടനം തുടങ്ങിയ കാര്യങ്ങൾക്ക് ഭദ്രകാളിയെ പ്രാർത്ഥിച്ചാൽ മതി; അനുഗ്രഹിക്കും. ബാലഭദ്രയെ ഐശ്വര്യത്തിനും ശാപനിവൃത്തിക്കും പ്രാർത്ഥിക്കാം. മൂലഭദ്രയെ ഭജിക്കുക കാര്യസിദ്ധിക്ക് ഗുണകരമാണ്.

ഭദ്രകാളിക്ക് ഓം ഐം ക്ലീം സൗ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മൂലമന്ത്രമാണ് ഉപയോഗിക്കാറുള്ളത്. അതിൽ ചിലയാളുകള്‍ക്ക് വ്യത്യാസമുണ്ട്. മൂലമന്ത്രത്തില്‍ ഹം എന്ന ബീജാക്ഷരം ചേര്‍ത്താകും അവർ ഉപയോഗിക്കുക. ഓം ഐം ക്ലീം സൗ: ഇല്ലാതെയും ചിലര്‍ ജപിക്കാറുണ്ട്. ഇക്കാര്യത്തില്‍ പല സമ്പ്രദായങ്ങള്‍, പക്ഷാന്തരങ്ങള്‍ ഉണ്ട്. എല്ലാ പൂജാവിധികളും കാര്യങ്ങളും ഏതെങ്കിലും ഒരു ഗ്രന്ഥത്തെ കേന്ദ്രീകരിച്ച് മാത്രമല്ല ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾക്ക് ഒരു ഏകീകൃത രൂപം ഇല്ല എന്ന കാര്യം തിരിച്ചറിയണം. പഴയകാലത്തെ രീതി അനുസരിച്ച്, കൂടുതലും പാരമ്പര്യ രീതികൾ അനുസരിച്ചാണ് പലരും ചെയ്തുവരുന്നത്. ഒരാളില്‍ നിന്ന് ശിഷ്യന്‍ പഠിക്കുന്നു അയാളില്‍ നിന്ന് അടുത്ത ശിഷ്യന്‍ പഠിക്കുന്നു, ഇങ്ങനെ പരമ്പരയായി കൈമാറി കൈമാറിയാണ് കൂടുതൽ പേരും കാര്യങ്ങൾ ചെയ്യുന്നതും പഠിക്കുന്നതും. അതായത് ആരും ഗ്രന്ഥങ്ങളെ കേന്ദ്രീകരിച്ച് മാത്രമല്ല ചെയ്യുന്നത്. ഗ്രന്ഥങ്ങളെ കേന്ദ്രമാക്കി ചെയ്യുന്നത് പില്‍ക്കാലത്ത് വന്ന ക്രമീകരണം മാത്രമാണ്. അതുകൊണ്ടാണ് മന്ത്രങ്ങളിലും കർമ്മങ്ങളിലും വ്യത്യാസം വരുന്നത്.

ഓരോ ആചാര്യന്‍മാരും അവർ പഠിച്ച രീതികളാകും പിൻതുടരുക. ക്ഷേത്രങ്ങളിലാകട്ടെ അവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്ന രീതികള്‍ക്കനുസരിച്ചും അവിടുത്തെ തന്ത്രിയുടെ സമ്പ്രദായ പ്രകാരവുമാണ് പിന്നീടുള്ള പൂജകളും കര്‍മ്മങ്ങളും തീരുമാനിക്കുന്നത്. തന്ത്രി പ്രതിഷ്ഠാ വേളയില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങളും കർമ്മങ്ങളും ചിട്ടപ്പെടുത്തി മേൽശാന്തിക്ക് പകർന്നു കൊടുക്കും. അവർ മന്ത്രങ്ങളും കർമ്മങ്ങളും എത്ര ശക്തമായി പിൻതുടരുന്നുവോ അതനുസരിച്ച് ആ പ്രതിഷ്ഠയ്ക്ക് ചൈതന്യവും ഫലദാനശേഷി വർദ്ധിക്കും. അങ്ങനെ ആ ക്ഷേത്രം കാര്യസിദ്ധിക്ക് പ്രസിദ്ധമാകും. ക്ഷേത്രങ്ങളിൽ പല മന്ത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ഒരു കാര്യത്തിന് വേണ്ടി എന്നില്ല. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം ഇതെല്ലാം മാറുന്നതിന് ഒരോരോ മന്ത്രങ്ങളുണ്ട്.

ഭദ്ര എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി സംരക്ഷണത്തിനു വേണ്ടി ഒരു കവചമായി, കുടുംബത്തിന് മൊത്തമായി ഒരു കാവല്‍ ആയി നിൽക്കുന്ന ദേവത എന്നാണ്. അതുകൊണ്ടു തന്നെ ബാലഭദ്ര, മൂലഭദ്ര, ഭദ്ര എന്നൊക്കെയുള്ള സങ്കല്‍പ്പങ്ങള്‍ ഒരു ധർമ്മ ദൈവം അല്ലെങ്കില്‍ പരദേവത, കുടുംബത്തിനു മൊത്തമായ ഒരു കാവല്‍, സംരക്ഷണം ആയി ആശ്രയിക്കേണ്ട മൂര്‍ത്തി ആയി മാറുന്നു. കുടുംബത്തെ സംബന്ധിച്ച് എല്ലാ കാര്യങ്ങള്‍ക്കും അനുഗ്രഹത്തിനും ഈ മൂർത്തികളെ ഭജിച്ചാൽ മതി. ഭദ്രയും മൂലഭദ്രയും ബാലഭദ്രയും ഒരേ പോലെ ശക്തിയുള്ളതാണ്. ഗുരുവിൽ നിന്ന് ഉപദേശം വാങ്ങി ഈ മൂർത്തികളെ ഭജിക്കുക.

മൂലമന്ത്രം – ബാലഭദ്ര
ഓം ഹ്രീം ഐം ഹ്രീം നമഃ

മൂലമന്ത്രം – മൂലഭദ്ര
ഓം ഹ്രീം ഐം ഹ്രീം ഭം നമഃ

മൂലമന്ത്രം – ഭദ്രകാളി
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655

Story Summary: Bala Bhadra, Moola Bhadra and Bhadrakali, Different forms of Kali Matha

1 thought on “ഭദ്രകാളി ശത്രുക്കളെ അകറ്റും; മൂലഭദ്ര കാര്യസിദ്ധിയും ബാലഭദ്ര ഐശ്വര്യവും തരും

Comments are closed.

error: Content is protected !!