Friday, 20 Sep 2024
AstroG.in

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം
ഒഴിയാൻ ഇത് എന്നും രാത്രിയിൽ ജപിക്കൂ

ജ്യോതിഷാചാര്യൻ കെ ദേവീദാസ്

പേടിക്കാതെ ഉറങ്ങാനും ഉറക്കത്തിൽ ദുഃസ്വപ്നം കണ്ട് ഞെട്ടി ഉണരാതിരിക്കാനും പരമ്പരാഗതമായി അമ്മയോ അമ്മൂമ്മയോ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുന്ന ശ്ലോകമാണ് അർജ്ജുനപ്പത്ത്. മഹാഭാരത കഥയിലെ വില്ലാളിവീരനും ഭഗവാൻ ശ്രീകൃഷ്ണന്‍റെ പ്രിയമിത്രവുമായ അർജ്ജുനന്‍റെ 10 നാമങ്ങൾ അഥവാ പര്യായങ്ങളാണ് ഇതിൽ ഉള്ളത്. കുട്ടികൾ ഈ നാമങ്ങൾ ഉറങ്ങാൻ നേരം ജപിച്ചു കൊണ്ട് കിടക്കുക. ദുഃസ്വപ്നങ്ങൾ കാണില്ല. ഉറക്കത്തിൽ പേടിച്ചു നിലവിളിക്കില്ല. കുഞ്ഞുങ്ങൾക്ക് ഈശ്വരവിശ്വാസം ഉണ്ടാകുന്നതിന് ചൊല്ലിപ്പിക്കുന്നത് നല്ലതാണ്. ഭയം ഒഴിയാനും ദുഃസ്വപ്ന നാശത്തിനും മുതിർന്നവർക്കും ഇത് എന്നും ഉറങ്ങും മുൻപ് ചൊല്ലാം.

ജീവിത വിജയത്തിന് ഏതൊരു കുഞ്ഞും ധർമ്മനിഷ്ഠരായി, നിർഭയരായി വളരേണ്ടത് അനിവാര്യമാണ്. ആറു മാസമാകുമ്പോൾ മുതൽ പരജീവികളിൽ നിന്നുള്ള ഭയം ഓരോ കുഞ്ഞിനെയും
ബാധിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. അത്തരം ഭീതികൾ ഒഴിവാക്കി ചെറുബാല്യത്തിൽ തന്നെ കുഞ്ഞുങ്ങളിൽ നിർഭയതയുടെ വിത്തുപാകി, ഈശ്വരാധിഷ്ഠിതമായ ധൈര്യം പകരുകയാണ് ഇത്തരം കർമ്മങ്ങളുടെ ലക്ഷ്യം. എന്നാൽ അർജ്ജുനപ്പത്ത് തെറ്റുകൂടാതെ ചൊല്ലാൻ ഇപ്പോൾ പലർക്കും അറിയില്ല. വാമൊഴിയായി പകർന്നു കിട്ടുന്നതിനാലും അർത്ഥം മനസിലാകാത്തതു കൊണ്ടുമാകാം പലരും ഇതിലെ വാക്കുകൾ പലതും തെറ്റായി ചൊല്ലുന്നത്. ഈ പിഴവ് തീർത്ത് അർത്ഥം
കൂടി പറഞ്ഞു കൊടുത്ത് കുട്ടികളെ പഠിപ്പിക്കണം.
അത് വളരുന്ന കുഞ്ഞുങ്ങൾക്ക് എല്ലാ നന്മയുമേകും.

അർജുനപ്പത്ത്

അർജ്ജുനൻ ഫൽഗുനൻ
പാർത്ഥൻ വിജയനും,
വിശ്രുതമായപേർ പിന്നെ കിരീടിയും, ശ്വേതാശ്വനെന്നും ധനഞ്ജയൻ
ജിഷ്ണുവും, ഭീതീഹരം സവ്യസാചി
ബിഭത്സുവും, പത്തുനാമങ്ങളും
ഭക്ത്യാ ജപിക്കലോ
നിത്യഭയങ്ങളകന്നുപോം നിശ്ചയം

അർജ്ജുനൻ എന്ന പദത്തിന്‍റെ അർത്ഥം വെളുപ്പ് നിറമുള്ളവൻ എന്നാണ്. ഫൽഗുണൻ, ഫാൽഗുണ മാസത്തിൽ ജനിച്ചവൻ. പാർത്ഥന്‍റെ പൊരുൾ പൃഥയുടെ പുത്രൻ എന്നാണ്. കുന്തിയുടെ ശരിയായ പേരാണ് പൃഥ; ഭോജരാജാവിന്‍റെ അതായത് കുന്തി ഭോജന്‍റെ വളർത്തുമകളായതിനാൽ കുന്തി എന്ന് അറിയപ്പെട്ടു. എല്ലാ ആയോധന വിദ്യയിലും സമർത്ഥനായി വിജയം വരിച്ചവനായതിനാൽ അർജ്ജുനൻ വിജയനായി. അച്ഛന്‍റെ അതായത് ദേവേന്ദ്രന്‍റെ കിരീടമണിഞ്ഞവൻ കിരീടി – ദേവേന്ദ്രൻ മകന്റെ മികവ് മനസ്സിലാക്കി സന്തോഷത്തോടെ ദേവസിംഹാസനത്തിൽ ഇരുത്തി കിരീടം ചൂടിച്ചു എന്ന് ഐതിഹ്യം. വെളുപ്പു നിറമുള്ള കുതിരയെ വാഹനമാക്കിയവനായതിനാൽ ശ്വേതവാഹനൻ. യുധിഷ്ഠിരൻ രാജസൂയ യജ്ഞത്തിൽ നാല് അനുജന്മാരെയും നാലു ദിക്കിലേക്ക് പണം ശേഖരിക്കാൻ അയച്ചപ്പോൾ വടക്കോട്ട് പോയ അർജ്ജുനൻ കൂടുതൽ രാജ്യങ്ങൾ കീഴടക്കി ഏറ്റവും കൂടുതൽ ധനം നേടിയതിനാൽ ധനഞ്ജയനായി. ശത്രുക്കൾ എപ്പോഴും പേടിയോടെ കണ്ടവൻ ആയതുകൊണ്ട് അർജുനനെ ബീഭത്സു എന്ന് വിളിച്ചു. ഇരുകൈയ്യിലും വില്ലേന്തി ഒരേസമയം രണ്ടു ലക്ഷ്യങ്ങളിൽ ഉന്നം വെച്ച് അമ്പെയ്യാൻ കഴിവ് ഉള്ളവനായതിനാലാണ് സവ്യസാചി എന്ന് വിളിക്കുന്നത്. വിഷ്ണുവിന്റെ അവതാരമായ കൃഷ്ണന് ഏറ്റവും പ്രിയങ്കരനായതിനാൽ ജിഷ്ണുവായി. ഭഗവാൻ വിഷ്ണുവിന്‍റെ പര്യായവുമാണ് ജിഷ്ണു – ഇതാണ് അർജുനപ്പത്തിലെ ഒരോ പദങ്ങളുടെയും അർത്ഥം.

അർജുനപ്പത്ത് സംസ്കൃതം

അർജുനഃ ഫൽഗുനോ ജിഷ്ണുഃ
കിരീടി ശ്വേതവാഹനഃ
ബീഭത്സുർവ്വിജയഃ പാർത്ഥഃ
സവ്യസാചി ധനഞ്ജയഃ
പാർത്ഥസ്യൈതാനി നാമാനി
ത്രസിന്ധ്യം യഃ പഠേന്നരഃ
തസ്യ സർവ്വഭയം നാസ്തി
സർവ്വത്ര വിജയീ ഭവേൽ

ജ്യോതിഷാചാര്യൻ കെ. ദേവീദാസ് ,91 884 887 3088

error: Content is protected !!