Friday, 20 Sep 2024
AstroG.in

ഭയവും തടസവും അലച്ചിലും മാറ്റി അഭിവൃദ്ധി തരും രാജഗോപാലമന്ത്രം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

രാജഗോപാലമന്ത്രം എന്താണ് ? എങ്ങനെയാണ് , എപ്പോഴാണ്, എത്ര തവണയാണ് ചെല്ലേണ്ടത് ? എത്ര രാജഗോപാലമന്ത്രങ്ങൾ ഉണ്ട് ? ആർക്കാണ് ഈ മന്ത്രജപം പ്രയോജനം ചെയ്യുന്നത് ? ശ്രീകൃഷ്ണ പ്രീതി മാത്രമാണോ ഈ മന്ത്രജപത്തിലൂടെ ലഭിക്കുന്നത്. രാജഗോപാല മന്ത്രത്തെക്കുറിച്ച് ഇങ്ങനെ ധാരാളം സംശയങ്ങൾ ഭക്തർക്കുണ്ട്. ആദ്യം മന്ത്രം പറഞ്ഞു തരാം :

കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താനാം അഭയങ്കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനയ സ്വാഹ

ഇതാണ് പ്രശസ്തമായ രാജഗോപാലമന്ത്രം. അത്ഭുത ശക്തിയുള്ള ശ്രീകൃഷ്ണ മന്ത്രമാണിത്. നിത്യേന ഈ മന്ത്രം ജപിക്കുന്നവരുടെ ഭയപ്പാടുകളും ദുരിതങ്ങളും അലച്ചിലുകളും മാറും. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം കൊണ്ട് വിദ്യാസംബന്ധമായ പുരോഗതിക്ക് വളരെയേറെ പ്രയോജനപ്പെടുകയും ചെയ്യും. മാത്രമല്ല ഔദ്യോഗിക രംഗത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും തടസ്സങ്ങളും അകലാനും ഇത് നല്ലതാണ്. തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ ലഭിക്കാനും തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകാനും ഈ മന്ത്രം നല്ലതാണ്. ഏതൊരു വിഷയത്തിലെയും തടസ്സം അകലാൻ ഇത്രയും നല്ല മറ്റൊരു ശ്രീകൃഷ്ണ മന്ത്രമില്ല. കർമ്മം ചെയ്യുന്നതിന് വേണ്ട പ്രാപ്തി ലഭിക്കുന്നതിനും ഉത്തമമാണ്. കലാരംഗത്തെ തടസ്സം മാറാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും പ്രകടനത്തിൽ പുരോഗതി ഉണ്ടാകാനും കൂടുതൽ ആൾക്കാരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനും രാജഗോപാലമന്ത്രം സഹായിക്കും.

രാവിലെയും വെെകിട്ടും ഈ മന്ത്രം ജപിക്കാം. തുളസിയുടെയോ രുദ്രാക്ഷത്തിന്റെയോ ജപമാല ഉപയോഗിച്ച് 108 പ്രാവശ്യം ജപിക്കാം. അത്രയും കൂടുതൽ ജപിക്കാൻ സാധിക്കാത്തവർ
36 പ്രാവശ്യമോ 28 പ്രാവശ്യമോ 21 പ്രാവശ്യമോ ജപിച്ചാൽ മതി. കൃഷ്ണനെ മനസ്സിൽ സങ്കല്പിച്ച് നെയ് വിളക്ക് കൊളുത്തി ജപിക്കുന്നതാണ് ഏറ്റവും നല്ലത്.

അരയാലിൻ ചുവട്ടിലോ തുളസിത്തറയ്ക്ക് സമീപമോ ഇരുന്ന് ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകും. ഇത് ജപിക്കാൻ ഗുരുപദേശം നിർബന്ധമില്ലെങ്കിലും അതാണ് കൂടുതൽ നല്ലത്. സാധിക്കുന്നില്ലെങ്കിൽ തെറ്റു കൂടാതെ ശ്രദ്ധിച്ച് ജപിക്കണം. ജപ വേളയിൽ തുളസി മാല ധരിക്കുന്നത് ഏറ്റവും നല്ലതാണ്. കൃഷ്ണനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് തുളസിമാല ധരിക്കുക തുടർന്ന് ഭക്തിയോടെ ജപിക്കുക. രാജഗോപാലമന്ത്രത്തിൽ പ്രശസ്തമായ ഈ ഒരു മന്ത്രം മാത്രമേയുള്ളൂ . ഇതു കൂടാതെ ഗോപാല മന്ത്രങ്ങൾ എന്ന വിഭാഗം ഉണ്ട് . അതിൽ ധാരാളം മന്ത്രങ്ങളുണ്ട്. 64 എണ്ണം എന്നും 84 എന്നും 121 എന്നും പല രീതിയിലുള്ള ആചാര സമ്പ്രദായങ്ങളുണ്ട്. സുദർശന ഹോമം പോലെയുള്ള മാന്ത്രിക പരിഹാര ഹോമങ്ങളിൽ നെയ് ഹോമിക്കുന്നതിനും കടലാടിച്ചമത ഹോമിക്കുന്നതിനും ഈ മന്ത്രം ഉപയോഗിക്കാറുണ്ട്. നെയ് ഹോമിക്കുന്നതിലൂടെ ബുദ്ധി വർദ്ധിക്കും. വിദ്യാ പുരോഗതിയും കർമ്മ പുരോഗതിയും ഉണ്ടാകുമെന്നും വിശ്വാസം. കടലാടി എന്ന ചെടിയുടെ കമ്പ്, അതായത് കടലാടിച്ചമത ഹോമിക്കുന്നത് ശത്രുദോഷം, ദൃഷ്ടിദോഷം എന്നിവ മാറുന്നതിന് ഏറെ ഫലപ്രദമാണ്. സുദർശന ഹോമത്തിനൊപ്പമാണ് ഇത്തരം കർമ്മങ്ങൾ ചെയ്യുന്നത്.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)

error: Content is protected !!