Friday, 5 Jul 2024
AstroG.in

ഭയാശങ്കകൾ, കടബാദ്ധ്യത, ശത്രു ശല്യം അകറ്റാൻ ഭദ്രകാളിയെ ഇങ്ങനെ ഭജിക്കാം

മംഗള ഗൗരി
ദേവീഭാഗവതത്തിൽ പറയുന്ന ആദിപരാശക്തിയുടെ
മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് കാളി. പഞ്ചഭൂതങ്ങളിൽ അഗ്നിയോടാണ് വേദങ്ങൾ കാളിയെ ഉപമിക്കുന്നത്. ഉപാസകർ പ്രകൃതിയെ കാളിയായി സങ്കൽപിക്കുന്നു. ദശമഹാവിദ്യകൾ, സപ്തമാതാക്കൾ, നവദുർഗ്ഗ എന്നിവരിൽ മുഖ്യ കാളിയാണ്.

ദേവീ മഹാത്മ്യത്തിൽ ദുർഗ്ഗയുടെ രൗദ്രഭാവമാണ് കാളി. കാളിസഹസ്രനാമത്തിൽ ഭഗവതിയെ കാലഭൈരവന്റെ ഭാര്യയായി അവതരിപ്പിക്കുന്നു. കാളിയുടെ വിവിധ അതാരങ്ങളിൽ ഐശ്വര്യവും അറിവുമേകുന്ന രാജസ, സാത്വിക ഭാവങ്ങളിലും ഭദ്രകാളി ആരാധിക്കുന്നു. നവരാത്രിയുടെ ഏഴാം ദിവസത്തിൽ ദേവിയെ കാലരാത്രി മാതാവായി ആരാധിക്കുന്നു. മഹാമാരിയുടെ പ്രതീകമായ കഴുതയാണ് കാലരാത്രിയുടെ വാഹനം.

മധുകൈടഭൻമാർ, രക്തബീജൻ, ചണ്ഡമുണ്ഡൻമാർ, ദാരികൻ, രുരു തുടങ്ങിയവരെ നിഗ്രഹിക്കുവാൻ അവതരിച്ച ഉഗ്രരൂപിയാണ് പുരാണങ്ങളിൽ ഭഗവതി. കാളി എന്നാൽ കാളുന്നവൾ, കറുത്തവൾ, രാത്രി തുടങ്ങി അർത്ഥം ധാരാളമുണ്. അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരുത്തുന്നവൾ എന്ന് കാളിയെ താന്ത്രികർ വിശേഷിപ്പിക്കുന്നു.

കാലത്തിന്റെ അതായത് സമയത്തിന്റെ ദേവിയാണ് കാളീസങ്കല്പം. ഭദ്രം അഥവാ മംഗളം നല്കുന്നവൾ എന്നാണ് ഭദ്രകാളിയുടെ അർത്ഥം. ജീവജാലങ്ങളെ പോറ്റി വളർത്തുന്നവളും ഒപ്പം സംഹരിക്കുന്നവളുമായ പ്രകൃതിയാണ് കാളിയെന്ന് ഉപാസകർ വിശ്വസിക്കുന്നു. സർവ്വദുഃഖങ്ങളും ദുരിതങ്ങളുമകറ്റി ജീവിത വിജയം നൽകുന്ന പ്രപഞ്ചത്തിന്റെ അമ്മ. ശത്രുദോഷ ശാന്തിക്കും തമോഗുണ വിഷയങ്ങൾക്കുമാണ് ഭക്തർ ഭദ്രകാളിയെ കൂടുതൽ ആശ്രയിക്കുന്നത്. ജാതകത്തിൽ ഉത്തമ യോഗങ്ങളുണ്ടായിട്ടും അനുഭവ യോഗം ഇല്ലാത്തവർ ധാരാളമാണ് ഇതിന് കാരണം ശതുദോഷമാണ്.

ചിലർ എതിരാളിയുടെ വളർച്ച തടസപ്പെടുത്താനും പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനും കാളീമന്ത്രം കൊണ്ട് ദുർമന്ത്രവാദം ചെയ്യാറുണ്ട്. ഈ ദോഷം മാറുന്നതിനും മഹാകാളിയെയാണ് ഉപാസിക്കേണ്ടത്. ശത്രുദോഷങ്ങൾ അകറ്റി ദുരിതവും ദുഃഖവും മാറ്റി സന്തോഷകരമായ ഒരു ജീവിതം ലഭിക്കാൻ ഭദ്രകാളി വ്രതമെടുക്കുന്നത് ഏറെ നല്ലതാണ്. പാപശാന്തി, രോഗശാന്തി, കടബാധ്യത മാറുക, പ്രേമസാഫല്യം, ഇഷ്ടവിവാഹലബ്ധി, സന്താനഭാഗ്യം, ഉദ്യോഗവിജയം, വിദ്യാലാഭം, ചൊവ്വാ ദോഷം പരിഹാരം എന്നിവയ്ക്കെല്ലാം കാളീ മന്ത്ര ജപം പ്രയോജനപ്രദമാണ്.

ധ്യാനശ്ലോകം
കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേടകപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച ഭൂതപ്രേത
പിശാചമാതൃ സഹിതാം മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീമീശ്വരീം

മൂലമന്ത്രം
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമ:

ഭദ്രകാളിയുടെ പ്രശസ്തമായ ധ്യാനശ്ലോകമാണിത്.
കറുത്തനിറം, മൂന്നു കണ്ണുകൾ, വാൾ, പരിച, തലയോട്ടി എന്നിവയും കൈയിൽ ദാരിക ശിരസുമേന്തി ഭൂതപ്രേത പിശാചുക്കളുടെ മദ്ധ്യത്തിൽ നില്ക്കുന്നവളും വേതാളത്തിന്റെ മുകളിൽ ഇരിക്കുന്നവളും എന്നതാണ് ഈ ധ്യാനത്തിലെ സങ്കല്പം. ഈ രീതിയിൽ മനസിൽ സങ്കല്പിച്ച് ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ എന്ന് 124 പ്രാവശ്യം രണ്ടു നേരം 16 ദിവസം ജപിക്കണം.
ധ്യാനശ്ലോകം മൂന്നു പ്രാവശ്യം വീതം മൂലമന്ത്ര ജപത്തിന്
മുൻപും അവസാനവും ജപിക്കുക. ഭയാശങ്കകൾ മാറി അസാമാന്യ ധൈര്യമുണ്ടാകും. ശത്രുദോഷം ക്ഷയിക്കും. ദേവീകടാക്ഷം ഉണ്ടാകും. കാർത്തിക, രോഹിണി,, മകം നക്ഷത്രങ്ങളും ചൊവ്വ, വെള്ളി ദിവസങ്ങളും പഞ്ചമി, പൗർണ്ണമി, അഷ്ടമി തിഥികളും ജപാരംഭത്തിന് ഉത്തമമാണ്. മന്ത്രോപദേശം സ്വീകരിച്ച് ശ്രദ്ധയോടെ ജപിക്കുക.

Story Summary: Significance and Benefits of
Bhadrakali Worship


error: Content is protected !!