ഭസ്മം ധരിച്ചാൽ മഹാദേവന്‍ രക്ഷിക്കും; ശ്രീകണ്ഠേശ്വരന് ദിവസം മുഴുവൻ ഘൃതധാര
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ശിവഭഗവാന് ഏറ്റവും പ്രിയങ്കരമായ വഴിപാട് ധാരയാണ്.
പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ചെയ്യാവുന്ന ഏറ്റവും പ്രധാന നേർച്ചയാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ ജലത്തില്‍ ദര്‍ഭകൊണ്ട് തൊട്ട് മന്ത്രം ജപിക്കുന്നു. ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂര്‍ച്ചത്തിലൂടെയും ശിവലിംഗത്തില്‍ ജലം ഇടമുറിയാതെ വീഴുന്നു. ഇതാണ് ഈ ചടങ്ങിന്റെ രീതി. ഇങ്ങനെ ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ഫലങ്ങളും കണക്കാക്കപ്പെടുന്നു. യോഗ്യനായ കര്‍മ്മിയെക്കൊണ്ട് ചെയ്യിച്ചാല്‍ നല്ല ഫലപ്രാപ്തി ഉണ്ടാകും. ശിവരാത്രിക്ക് ചില മഹാശിവ ക്ഷേത്രങ്ങളിൽ ജലധാര കാണില്ല. മുഴുവൻ സമയവും ഘൃതധാര
നടക്കുന്നത് കാരണമാണ് ജലധാരയും മറ്റും ഒഴിവാക്കുക. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ശിവരാത്രിക്ക് 24 മണിക്കൂറും ഘൃതധാര നടക്കുന്നു. അന്ന് പുലർച്ചെ മുതൽ പിറ്റേന്ന് പുലർച്ചെ വരെയാണ് നെയ്യ് ധാര. ഈ ദിവസം മറ്റ് ധാരകളൊന്നും നടത്തില്ല. 2024 മാർച്ച് 8 വെള്ളിയാഴ്ചയാണ് മഹാശിവരാത്രി.
ശിവരാത്രി ദിവസം ഭഗവാന് ഭസ്മാഭിഷേകം ധാര ഇവ നടത്തുന്നത് ഇഷ്ടകാര്യ സിദ്ധിക്കും രോഗശാന്തിക്കും കാര്യവിജയത്തിനും പാപശാന്തിക്കും ശ്രേഷ്ഠമാണ്.
ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമായ ശിവരാത്രി നാളില്‍ ശിവലിംഗത്തില്‍ അഭിഷേകം ചെയ്ത ഭസ്മം ധരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ പൂര്‍വ്വജന്മാര്‍ജ്ജിത ദുരിതങ്ങളും പാപങ്ങളുമകന്ന് സൗഖ്യം ഉണ്ടാകും. എപ്പോഴും ഭസ്മം ധരിക്കുന്ന വ്യക്തിയെ മഹാദേവന്‍ കാത്തുരക്ഷിക്കും.
ശിവരാത്രി നാളിൽ ശിവന് ഭസ്മാഭിഷേകം വഴിപാടായി
നടത്തുന്നത് ശിവപ്രീതിക്ക് തികച്ചും ഗുണകരമാണ്. വിശേഷദിനങ്ങളില്‍ കലശ പൂജയായും ഭസ്മാഭിഷേകം ക്ഷേത്രങ്ങളില്‍ ചെയ്യാറുണ്ട്. സാധാരണ എന്നും രാവിലെ അഭിഷേക ചടങ്ങിന് ശേഷം ഭസ്മവും അഭിഷേകം ചെയ്യുന്നു. ഇങ്ങനെ ശിവലിംഗത്തില്‍ സ്പര്‍ശിച്ച ഭസ്മം നിത്യേന ധരിക്കുന്നത് രോഗശാന്തി, പാപശാന്തി, കാര്യവിജയം എന്നിവയ്ക്ക് നല്ലതാണ്. തിങ്കളാഴ്ചകളില്‍ 12 പ്രാവശ്യം ഭസ്മാഭിഷേകം വഴിപാടായി നടത്തുന്നത് അഭീഷ്ടസിദ്ധിയേകും.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+919447020655
Story Summary: Benefits of Gee Dhara and Bhasmabishekam to Lord Shiva on Shiva Ratri