Sunday, 29 Sep 2024
AstroG.in

ഭാഗ്യം തെളിഞ്ഞ് ഐശ്വര്യത്തിന് എന്നും ഇങ്ങനെ ചെയ്യുക

ജ്യോതിഷരത്നം വേണു മഹാദേവ്
ഭൗതികവും ആത്മീയവുമായ ഏതു കാര്യവും തടസം കൂടാതെ പൂർത്തീകരിക്കുവാൻ വിഘ്നേശ്വരനെ ആദ്യം സ്തുതിച്ചേ മതിയാവൂ. പഞ്ചഭൂതങ്ങളിൽ പൃഥ്വിതത്വമായ ഭൂമിയുടെ അധിപതി ഗണേശ ഭഗവാനാണ്. അതിനാൽ ഭൂമിയിൽ ഏറ്റവും പെട്ടെന്ന് അനുഗ്രഹിക്കുന്ന ഭഗവാൻ ഗണേശനാണെന്ന് വിശ്വസിക്കുന്നു.

ശിവശക്തി വിവാഹത്തിന് തടസം നീങ്ങാൻ ആദിഗണപതിയെ പൂജിച്ചതായി പുരാണങ്ങൾ പറയുന്നു. ശിവപുത്രനായ ഗണപതിക്ക് മുമ്പേ പ്രപഞ്ചപ്പൊരുളായ ആദിമൂല ഗണപതി ഉണ്ടെന്നറിയുക. അതുകൊണ്ട് കലികാല ദോഷങ്ങൾക്ക് വരെ ശമനമേകാൻ മഹാഗണപതിയെ വണങ്ങിയാൽ മതി. യജ്ഞാദി ദേവകർമ്മങ്ങൾ പോലും ആദ്യപൂജ ഗണപതിക്ക് നൽകാതെ വിജയിക്കില്ല. ഏതു കർമ്മം ചെയ്താലും ഏതു ദേവിയെയും ദേവനെയും പൂജിച്ചാലും ആദ്യപൂജ ഗണപതിക്കു തന്നെ നൽകണം. നമ്മുടെ നിത്യ പ്രാർത്ഥനയിലും ഈ വിധി പാലിക്കണം. ഏത് കർമ്മവും, ഏത് ദിവസവും തുടങ്ങുന്നത് ഗണപതിയിൽ നിന്നാവണം. തടസങ്ങളെല്ലാം നീങ്ങിപ്പോകുന്നത് അനുഭവിച്ചറിയാം.

രാവിലെ ഉറക്കമുണർന്ന് കിടക്കയിൽ കിടന്നു കൊണ്ടു തന്നെ മനസിൽ ഗണപതി ഭഗവാൻ്റെ രൂപം ചിന്തിക്കുക. നന്നായി ഉറങ്ങാൻ കഴിഞ്ഞതിന് നന്ദി പറയുക; ദിവസം തടസങ്ങൾ ഇല്ലാതെ ശുഭകരമാക്കാനും ഭഗവാനോട് പ്രാർത്ഥിക്കുക. തുടർന്ന് കുളിച്ച് ശുദ്ധമായി പൂജാമുറിയിൽ വിളക്കു തെളിക്കണം. എന്നിട്ട് ഓം ഗം ഗണപതയേ നമ: ജപത്തോടെ പ്രാർത്ഥന തുടങ്ങുക. ഇഷ്ടദേവനെ പ്രാർത്ഥിക്കും മുമ്പേ ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തണം ഗണപതിയുടെ ചിത്രത്തിന് മുന്നിൽ ഗണപതി രൂപം സ്മരിച്ച് ഓം ഗം ഗണപതയെ നമ: എന്ന മൂലമന്ത്രം മന്ത്രം ജപിച്ച് ഭഗവാന് പൂക്കളർപ്പിക്കുന്നതായി സങ്കല്പിച്ച് അർച്ചന നടത്താം. ഗണേശ ഗായത്രി ജപവും ഉത്തമമാണ്. പൂജാ സമയത്ത് കൽക്കണ്ടം, ശർക്കര കഷണം, ലഡ്ഡു, മോദകം, ഉണ്ണിയപ്പം, ഇലയട തുടങ്ങി ഏതെങ്കിലും മധുരം ഭഗവാന് സമർപ്പിക്കുന്നത് നല്ലതാണ്.

ഗണേശ ഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
വക്ര തുണ്ഡയെ ധീമഹി
തന്നോ ദന്തി പ്രചോദയാത്

ശേഷം നിത്യകർമ്മങ്ങളിലേക്ക് പ്രവേശിക്കാം. വീട്ടിൽ പാചകം തുടങ്ങും മുമ്പ് ഓം ഗം ഗണപതയെ നമ: ജപിക്കണം. വിറകടുപ്പ് ഉള്ളവരാണെങ്കിൽ ആദ്യം അൽപ്പം വിറക് കത്തിച്ച് ഏതാനും നാളികേരപ്പൂളുകൾ നെയ്യിൽ മുക്കി ഓം ഗം ഗണപതയേ നമ: മന്ത്രം ചൊല്ലി അതിൽ സമർപ്പിക്കണം. വിറകടുപ്പ് ഇല്ലെങ്കിൽ പൂജാ സ്ഥാനത്തോ കന്നിമൂലയിലോ ശുദ്ധിയും വൃത്തിയുമുള്ള ഒരു സ്ഥലത്തോ ഒരു തീച്ചട്ടിയിൽ അല്പം തീ കൂട്ടി അതിൽ നാളികേരപൂള് ഭഗവാനെ സങ്കൽപ്പിച്ച് സമർപ്പിക്കാം.

രാത്രി ഉറങ്ങും മുമ്പ് അറിഞ്ഞോ, അറിയാതെയോ
വന്നു പോയ തെറ്റുകൾക്ക് ഗണപതി ഭഗവാനോട് ക്ഷമ പറയണം. ദു:സ്വപ്നങ്ങളില്ലാതെ സുഖമായി ഉറങ്ങാനും അഭീഷ്ടസിദ്ധികൾക്കും പ്രാർത്ഥിക്കണം. ഇങ്ങനെ ചെയ്യുന്നവരുടെ ഭവനത്തിൽ ഗണപതിയുടെ ദൃഷ്ടി പതിയുകയും ദാമ്പത്യ കലഹം, മംഗല്യതടസം, കുട്ടികളുടെ പഠന വിഷമങ്ങൾ എന്നിവ അകന്ന് ഐശ്വര്യം കരഗതമാകും.

ജ്യോതിഷരത്നം വേണു മഹാദേവ്, +91 984 747 5559

error: Content is protected !!