ഭർത്തൃ കുടുംബവുമായുള്ള
അഭിപ്രായ ഭിന്നത മാറാൻ….
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നത മാറാൻ പ്രയോജനപ്പെടുന്ന രണ്ടു ശിവപാർവതി മന്ത്രങ്ങൾ പറഞ്ഞു തരാം. ഈ രണ്ടു മന്ത്രങ്ങളും ദമ്പതികൾ തമ്മിലുളള കലഹം മാറി പരസ്പര ഐക്യവും സ്നേഹവും സൗഹാർദ്ദവും വർദ്ധിപ്പിക്കുന്നതിന് ഏറെ ഉത്തമമാണ്. ഇവിടെ ആദ്യം പറയുന്ന മന്ത്രജപം ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കും എന്നു മാത്രമല്ല കുടുംബാംഗങ്ങൾ തമ്മിലുള്ള യോജിപ്പിനും നല്ലതാണ്. മിക്ക ദാമ്പത്യ കലഹത്തിന്റെയും അടിസ്ഥാന കാരണം വീട്ടുകാരുമായുള്ള അഭിപ്രായ വ്യത്യാസമാകാം. അതു കൊണ്ട് വീട്ടുകാരുമായി രമ്യതയിൽ പോകേണ്ടത് അത്യാവശ്യമാണ്. അതിന് ഉപയുക്തമാകുന്ന മന്ത്രമാണിത്. നിത്യവും 38 തവണ വീതം രണ്ടുനേരം ജപിക്കുക. ശ്രദ്ധയോടും ഭക്തിയോടും കൂടി പാർവതീ യുക്തനായ ശിവനെ സങ്കല്പിച്ച് വേണം ഈ പറയുന്ന മന്ത്രം ജപിക്കേണ്ടത്: ജപ വേളയിൽ ചുവന്ന വസ്ത്രം ധരിക്കുന്നത് ഉത്തമം.
ഓം നമോ ഭഗവതേ
നീലകണ്ഠായ ശാന്തായ
രുദ്രായ പാർവതീപതേ
ഗൃഹസ്ഥായ ചിദാനന്ദാത്മനേ
സൗഭാഗ്യദായിനേ നമ:
പ്രസിദ്ധമായ അശ്വാരൂഡ മന്ത്രമാണ് ദാമ്പത്യ വിഷമം പരിഹരിക്കാൻ സഹായിക്കുന്ന മറ്റൊരു മന്ത്രം. ദാമ്പത്യ വിജയത്തിനും ഒത്തൊരുമയ്ക്കും വിവാഹ ജീവിതത്തിലെ കലഹമുക്തിക്കും അശ്വാരൂഡ മന്ത്രജപം സഹായിക്കും. അപാരമായ ആകർഷണ ശക്തിയുള്ള ഈ മന്ത്രജപം വിവാഹതടസം മാറുന്നതിനും പ്രേമസാഫല്യം നേടുന്നതിനും ജപിക്കാവുന്നതാണ്. ദിവസവും 108 തവണ വീതം ജപിക്കുക. പാർവതീ ദേവിയുടെ മന്ത്രമാണിത്; ദേവിയെ സങ്കല്പിച്ച് ജപിക്കണം. ചൊവ്വ, വെള്ളി ദിനങ്ങിൽ ചുവന്ന വസ്ത്രം ധരിച്ച് നെയ് വിളക്ക് കൊളുത്തി വച്ച് ജപിച്ചാൽ പെട്ടെന്ന് കാര്യസിദ്ധിയുണ്ടാകും. ഇതാണ് അശ്വാരൂഡ മന്ത്രം:
അശ്വാരൂഡ മന്ത്രം
ഓം ആം ഹ്രീം ക്രോം
ഏഹ്യേഹി പരമേശ്വരി സ്വാഹാ
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ | +91 9847575559
Story Summary: Powerful Shiva Parvati Mantras for solving marital issues