Monday, 30 Sep 2024
AstroG.in

മംഗല്യഭാഗ്യത്തിന് സാരി സമര്‍പ്പണം;
ശത്രു ദോഷം ഒഴിയാൻ കുങ്കുമാഭിഷേകം

കണ്ണന്‍പോറ്റി
ലക്ഷക്കണക്കിന് ഭക്തർ സ്വന്തം കൈകളാൽ പാകം ചെയ്ത പൊങ്കാല നിവേദ്യം സമര്‍പ്പിക്കുന്നതിലൂടെ വിശ്വപ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ
വിശേഷപ്പെട്ട വഴിപാടുകളാണ് സാരി സമർപ്പണവും കുങ്കുമാഭിഷേകവും. മംഗല്യഭാഗ്യത്തിനാണ് ദേവിക്ക് സാരി സമര്‍പ്പിക്കുന്നത്. കുങ്കുമാഭിഷേകമാകട്ടെ
മനശ്ശാന്തിക്കും ശത്രുതാദോഷ പരിഹാരത്തിനുമായി നടത്തുന്ന വഴിപാടാണ്.

ആറു മാസത്തിനുള്ളിലോ ഒരു വര്‍ഷത്തിനുള്ളിലോ വിവാഹം നടക്കണം എന്നു നേര്‍ന്ന ശേഷമാണ് വഴിപാടായി സര്‍വ്വാഭീഷ്ടപ്രദായിനിയായ ആറ്റുകാൽ
അമ്മയ്ക്ക് അണിയുന്നതിനായി സാരി സമര്‍പ്പിക്കുന്നത്. ചിലര്‍ നേർച്ച നടത്തി വിവാഹ ശേഷമാണ് വഴിപാട് സമര്‍പ്പിക്കുന്നത്. ശ്രീകോവിലിന് മുന്‍വശത്തെ പ്രധാന കവാടത്തിനടുത്ത ഗോപുരത്തിന്റെ മുകള്‍ഭാഗത്ത് കാണുന്ന ദേവി വിഗ്രഹത്തിൽ അണിയിക്കുന്നതിനാണ് സാരി സമര്‍പ്പിക്കുക. 50 രൂപയും സാരിയും ക്ഷേത്രത്തിൽ
സമര്‍പ്പിക്കണം. ഇത് ബുക്കിംഗാണ്. രാവിലെ 5 മണി മുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് അമ്മയെ സാരി മാറ്റി അണിയിക്കും. അവസാനം ഉടുപ്പിക്കുന്ന സാരി അടുത്ത ദിവസം രാവിലെയാണ് മാറുന്നത്. ദീര്‍ഘമാംഗല്യത്തിന് താലി സമര്‍പ്പിക്കുന്നത് ഇവിടുത്തെ മറ്റൊരു സുപ്രധാന വഴിപാടാണ്. ചുവന്ന പട്ടുസാരിയും സ്വര്‍ണ്ണത്താലിയും ആണ് സമര്‍പ്പിക്കേണ്ടത്’. മുൻപ് ഈ വഴിപാട് കൂടുതല്‍ നടത്തിയിരുന്നത് തമിഴ്‌നാട്ടിൽ നിന്നും തെക്കൻ പ്രദേശങ്ങളിൽ നിന്നും തൊഴാൻ വരുന്നവരാണ്. ഇപ്പോൾ ഇതിന്റെ ഫലസിദ്ധി കേട്ടറിഞ്ഞ് മറ്റുള്ളവരും ഈ വഴിപാട് ധാരാളമായി നടത്താറുണ്ട്. ദേവിയെ അണിയിച്ച ശേഷം ഈ സാരികൾ ആറ്റുകാൽ ദേവസ്വം ലേലം ചെയ്ത് നൽകും. ഇത് സ്വന്തമാക്കുന്നവർ വീടുകളിൽ കൊണ്ടുപോയി പൂജാമുറിയിൽ ദിവ്യമായി സൂക്ഷിക്കും.

രാവിലെ ഏഴുമണി കഴിഞ്ഞ് ശ്രീബലിക്ക് ശേഷമാണ് കുങ്കുമാഭിഷേകം നടത്തുന്നത്. ശ്രീകോവിലിന് പുറത്ത് സോപാനത്തില്‍ അഭിഷേകപൂജയ്ക്ക് അഭിഷേക വിഗ്രഹം എടുത്തുവച്ച ശേഷം പഞ്ചഗവ്യ അഭിഷേകം നടത്തും. തുടര്‍ന്നാണ് കുങ്കുമാഭിഷേകം. നേരത്തെ രസീതെടുത്തും കുങ്കുമാഭിഷേകം നടത്താം. അഭിഷേകം ചെയ്ത കുങ്കുമപ്രസാദം എപ്പോള്‍ വേണമെങ്കിലും ലഭിക്കും.

ബാധാ ഉപദ്രവങ്ങളില്‍ നിന്നും രക്ഷനേടുന്നതിനാണ് വെടിവഴിപാട്. ഓരോരുത്തരും ക്ഷേത്രത്തിൽ വരുമ്പോൾ അവരെ ചുറ്റിപ്പറ്റിയുള്ള ബാധകള്‍ പുറത്ത് നില്‍ക്കുമെന്നും തീയും ശബ്ദവും ഉപയോഗിച്ച് അവരെ ഒഴിവാക്കുന്നു എന്ന വിശ്വാസമാണ് വെടിവഴിപാടിന്റേത്. അന്തരീക്ഷശുദ്ധിക്ക് വേണ്ടിയും വെടിവഴിപാട് നടത്തുന്നുണ്ട്. ദേവീക്ഷേത്രങ്ങളില്‍ വെടിവഴിപാടിന് പ്രാധാന്യം കൂടുതലാണ്.

കണ്ണന്‍പോറ്റി, + 91 9995129618
(ആറ്റുകാൽ മുന്‍ മേല്‍ ശാന്തി )

Story Summary: Attukal Pongala 2023: Significance and Benefits of offering Sari, Kumkumam to Attukal Amma


error: Content is protected !!