മംഗല്യ ഭാഗ്യത്തിനും ഉദര രോഗ ശാന്തിക്കും ഉദയനാപുരത്തപ്പന് അപൂർവ വഴിപാട്
പി.എം. ബിനുകുമാർ
ശ്രീകോവിലിന് ആറു പ്രദക്ഷിണം വച്ച് തുമ്പപ്പൂ മാലയും നാരങ്ങാമാലയും സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മംഗല്യസിദ്ധി ലഭിക്കുന്ന ദിവ്യ സന്നിധിയാണ് ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
ആചാരാനുഷ്ഠാനപരമായി ധാരാളം പ്രത്യേകതകൾ ഉള്ള ഈ ശ്രീമുരുക ക്ഷേത്രത്തിലെ മറ്റൊരു അപൂർവ വഴിപാടാണ് വഴുതനങ്ങാ ഓലൻ. ഉദര സംബന്ധമായ രോഗങ്ങൾ ശമിക്കാൻ അനേകായിരം ഭക്തർ ഈ വഴിപാട് നടത്തുന്നു. ചന്ദനമുഴുക്കാപ്പ്, പഞ്ചാമൃതം, വെള്ളനിവേദ്യം, പൂവൻ പഴം, തൃമധുരം എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന വഴിപാടുകൾ .
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റർ വടക്കു മാറി വൈക്കം – എറണാകുളം വഴിക്ക് അടുത്തുള്ള ഈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വിശേഷങ്ങളിലൊന്നായ തൈപ്പൂയം 2022 ജനുവരി 18 നാണ്.
തൈപ്പൂയ കാവടി നാൾ രാവിലെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് ഉദയനാപുരത്ത് പാൽകാവടി എത്തിക്കുന്നത്. വൈക്കം ക്ഷേത്ര മേൽശാന്തിയുടെ നിവേദ്യ ശേഷം വൈക്കത്തപ്പന്റെ പാൽകാവടി തന്ത്രി ഉദയനാപുരത്തപ്പന് അഭിഷേകം നടത്തും. കാവടികളിൽ നിറച്ചു കൊണ്ടുവരുന്ന പാലാണ് ബിംബത്തിൽ അഭിഷേകം ചെയ്യുന്നത്.
ആഘോഷപൂർവമാണ് പാൽ കാവടിയും പഞ്ചാമൃത കാവടിയും കളഭ കാവടിയും ഇളനീർ കാവടിയും കുങ്കുമക്കാവടിയും എണ്ണക്കാവടിയും മറ്റും ഉദയനാപുരം ക്ഷേത്രത്തിൽ എത്തിച്ചേരുക. പൂജകൾക്ക് ശേഷം കാവടി അഭിഷേകം നടത്തുകയാണ് ആചാരം. രാത്രി ധാരാളം ഭസ്മ കാവടികൾ സംഘം സംഘമായി വാദ്യമേളങ്ങളോടെ എത്തിച്ചേരും. തൈപ്പൂയ കാവടി ദിവസം ഉദയനാപുരം ക്ഷേത്രം വക ആയിരം കുടം പ്രാതൽ വൈക്കത്തപ്പന് വഴിപാടായി സമർപ്പിക്കാറുണ്ട്.
ഉദയനാപുരത്തപ്പന് പീഠമുൾപ്പെടെ ആറടിയോളം ഉയരമുണ്ട്. കുമാരനെല്ലൂരിൽ സുബ്രഹ്മണ്യ സ്വാമിയെ കുടിയിരുത്താനും ഉദയനാപുരത്ത് കാർത്തായനി ഭഗവതിയെ പ്രതിഷ്ഠിക്കാനും ചേരരാജാവ് ഒരോ ക്ഷേത്രങ്ങൾ നിർമ്മിച്ചു. എന്നാൽ കാർത്തായനി ദേവി കുമാരനെല്ലൂരിൽ ഇരുന്നു. തുടർന്ന് സുബ്രഹ്മണ്യനെ ഉദയനാപുരത്ത് പ്രതിഷ്ഠിച്ചു. കുമാരനെല്ലൂർ ദേവിക്ക് വേണ്ടി നിത്യവും ദീപാരാധനയ്ക്ക് മുൻപ് ഇവിടെ ഭഗവതി സേവ നടത്താറുണ്ട്. വൈക്കത്തപ്പന്റെ മകനാണ് ഉദയനാപുരം സുബ്രഹ്മണ്യൻ എന്നാണ് സങ്കല്പം. അത് പ്രകാരം വൈക്കം ക്ഷേത്രവുമായി ബന്ധപ്പെട്ട പല ചടങ്ങുകളിലും ഉദയനാപുരത്തപ്പനും പ്രാധാന്യമുണ്ട്.
വൃശ്ചിക മാസത്തിലെ രോഹിണി നാൾ ആറാട്ടായി 10 ദിവസത്തെ ഉത്സവം നടക്കുന്നു. ആറാട്ടിന്റെ തലേ ദിവസമാണ് പ്രസിദ്ധമായ ഉദയനാപുരം തൃക്കാർത്തിക ദർശനവും കാർത്തിക വിളക്കും. പുത്രനായ ഉദയനാപുരത്തപ്പൻ വൃശ്ചികമാസത്തിൽ തൃക്കാർത്തിക മഹോത്സവത്തിന്റെ രോഹിണി ആറാട്ട് ദിനത്തിൽ കൂടിപ്പൂജയ്ക്ക് പിതാവായ വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് യാത്രയാവുന്നതും, വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ആറാട്ട് ദിവസം പിതാവായ തിരു വൈക്കത്തപ്പൻ കൂടിപ്പൂജയ്ക്ക് പുത്രനായ സുബ്രഹ്മണ്യ സന്നിധിയിൽ വരുന്നതും മറ്റെങ്ങും കാണാനാവാത്ത അപൂർവ സംഗമം ആണ്. ഈ ദിനങ്ങളിൽ അച്ഛനെയും മകനെയും ഒരുമിച്ചിരുത്തി തന്ത്രിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. ഭക്തിസാന്ദ്രമായ ചടങ്ങാണ് ഉദയനാപുരത്തപ്പന്റെ കൂടിപൂജ വിളക്ക്.
വൈക്കത്തെ കീഴ്ശാന്തിയാണ് ഉദയനാപുരത്തെ മേൽശാന്തി. ഗണപതി, ദക്ഷിണാമൂർത്തി എന്നിവരാണ് ഉപദേവതകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലാണ് ക്ഷേത്രം.
പി.എം. ബിനുകുമാർ,
+919447694053
Story Summary : Special offerings to Udayanapuram Subramanya Swamy for Solving Marriage obstacles and Gastric problems
Copyright 2022 Neramonline.com. All rights reserved