Saturday, 23 Nov 2024
AstroG.in

മകം തൊഴുന്ന മക്കൾക്ക് ചോറ്റാനിക്കര അമ്മ മംഗളം ചൊരിയുന്നത് വലതുകൈയ്യാൽ

മംഗള ഗൗരി
പ്രഭാതത്തിൽ സരസ്വതിയായും മദ്ധ്യാഹ്‌നത്തിൽ ദുർഗ്ഗയായും രാത്രിയിൽ മഹാലക്ഷ്മിയായും ഭഗവതിയെ പൂജിക്കുന്ന ചോറ്റാനിക്കര ക്ഷേത്രം വിശ്വപ്രസിദ്ധമായ മകം തൊഴൽ മഹോത്സവത്തിന് ഒരുങ്ങി. 2023 മാർച്ച് 6 തിങ്കളാഴ്ചയാണ് ആദിപരാശക്തിയായ ശ്രീ രാജരാജേശ്വരി സർവാനുഗ്രഹദായിനിയായി മാറുന്ന കുംഭമാസത്തിലെ മകം. ദേവീപ്രീതി കര്‍മ്മങ്ങള്‍ക്ക് ഏറ്റവും നല്ല ദിവസമാണ് കുംഭമാസത്തിലെ മകം എന്ന് കരുതുന്നു. പരമഭക്തനായ വില്വമംഗലം സ്വാമിയാർക്ക് ചോറ്റാനിക്കര അമ്മ വിശ്വരൂപ ദര്‍ശനം നല്‍കിയ പുണ്യ ദിവസവുമാണിത്. ഈ ദിവസം ചോറ്റാനിക്കര അമ്മയുടെ ദർശനം നേടാൻ കഴിഞ്ഞാൽ ശത്രുദോഷശാന്തി, മംഗല്യ ഭാഗ്യം, സന്താനഭാഗ്യം, രോഗശമനം, സർവ്വാഭീഷ്ടസിദ്ധി തുടങ്ങി എല്ലാം തന്നെ കരഗതമാകും.

സൗമ്യദേവതയായും ഉഗ്രമൂർത്തിയായും രണ്ടു ശ്രീകോവിലുകളിൽ വാഴുന്ന ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം തേടി ദിനം തോറും ആയിരക്കണക്കിന് ഭക്തരാണ് വരുന്നത്. മഹാശക്തിയെ സൗമ്യ ഭാവത്തിൽ ആദിപരാശക്തി സങ്കല്പത്തിൽ മേൽക്കാവിലമ്മയായി ആരാധിക്കുമ്പോൾ ഉഗ്രരൂപിണിയായ ഭദ്രകാളിയെയാണ് കീഴ്ക്കാവിൽ ആരാധിക്കുന്നത്. മേൽക്കാവിലമ്മയെ വെള്ള വസ്ത്രം അണിയിച്ച് വിദ്യാദേവതയായ മൂകാംബികയായി, സരസ്വതിയായി പ്രഭാതത്തിലും, ചുവന്ന വസ്ത്രം ചാര്‍ത്തി ഭദ്രകാളിയായി ഉച്ചയ്ക്കും നീല വസ്ത്രമണിഞ്ഞ് ദുരിത നാശിനിയായ ദുര്‍ഗ്ഗയായി വൈകിട്ടും പൂജിക്കുന്നു. പുറമെ മഹാലക്ഷ്മിയായും ശ്രീപാര്‍വ്വതിയായും ഈ ഭഗവതിയെ സങ്കല്പിക്കപ്പെടുന്നു. അങ്ങനെ മൊത്തം അഞ്ചു ഭാവങ്ങളുമുള്ളതിനാലാണ് ചോറ്റാനിക്കര അമ്മ രാജരാജേശ്വരിയാകുന്നത്.

കുംഭ മാസത്തിലെ രോഹിണിനാളില്‍ കൊടിയേറി ഉത്രം നാളില്‍ ആറാട്ടോടെ സമാപിക്കുന്ന രീതിയിലാണ് ഇവിടെ ഉത്സവം. അതിനിടയിലാണ് ഏഴാം ദിവസമായ മകത്തിന് സർവാഭരണ വിഭൂഷിതയായി അണിയിച്ചൊരുക്കിയ ശേഷമുള്ള ദേവീദർശനം വരുന്നത്. മകം തൊഴല്‍ എന്ന് പ്രസിദ്ധമായ ഈ ദർശനം സർവ്വാഭീഷ്ടദായകമായി പണ്ടു പണ്ടേ ഭക്തർ വിശ്വസിക്കുന്നു. മകംതൊഴലിന് മുമ്പ് അമ്മ ചോറ്റാനിക്കര ഓണക്കുറ്റി ചിറയിലെ തീര്‍ത്ഥക്കുളത്തില്‍ ആറാട്ട് നടത്തും. ഉത്സവസമയത്ത് ദിവസവും ആറാട്ട് നടത്തുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. അന്ന് ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാല്‍ പിന്നെ നട തുറക്കുന്നത് മകം തൊഴലിനാണ്. ദിവ്യമായ തങ്കഗോളകയാണ് മകം തൊഴല്‍ ദിവസം ദേവിക്ക് ചാര്‍ത്തുന്നത്. സാധാരണ ദിവസങ്ങളില്‍ ദേവി ഇടതുകൈ കൊണ്ടാണ് ഭക്തരെ അനുഗ്രഹിക്കുക. പക്ഷേ മകം തൊഴല്‍ ദിവസം ദേവിക്ക് ചാര്‍ത്തുന്നത് വലതുകൈ കൊണ്ട് അനുഗ്രഹിക്കുന്ന തങ്കഗോളകയാണ്. അതായത് മകം തൊഴൽ ദിവസം ദേവി ഭക്തരെ അനുഗ്രഹിക്കുന്നത് വലതു കൈയ്യാലാണ്. വരാഭയ മുദ്രകളോടെ, നാലു തൃക്കൈകളോടെ ദേവി ദര്‍ശനം തരും. ഈ ദിവ്യ മുഹൂര്‍ത്തത്തില്‍ ദേവീസന്നിധി അമ്മേ നാരായണ, ദേവീ നാരായണാ ജപങ്ങളാലും മണിനാദങ്ങളാലും മുഖരിതമാകും. അന്ന് ശ്രീകോവിലില്‍ തെളിയുന്നത് മുഴുവനും നെയ് വിളക്കുകളായിരിക്കും. വിശേഷപ്പെട്ട ആഭരണങ്ങളും പട്ടുടയാടകളും കൊണ്ട് ദേവീ സര്‍വ്വാലങ്കാര വിഭൂഷിതയുമായിരിക്കും.

എല്ലാ ജീവിത ദുരിതങ്ങള്‍ക്കും പരിഹാരമേകുന്ന ചോറ്റാനിക്കര അമ്മ മാനസികരോഗങ്ങളും സ്വഭാവ ദൂഷ്യങ്ങളും വരെ സുഖപ്പെടുത്തും എന്നാണ് വിശ്വാസം. ഇതിനു വേണ്ടിയാണ് ചോറ്റാനിക്കരയിൽ ഭജനമിരിക്കലും ബാധയൊഴിക്കലും നടത്തുന്നത്. വ്രത നിഷ്ഠയോടെ പഞ്ചഗവ്യവും തീര്‍ത്ഥവും സേവിച്ച് നാമ ജപത്തോടെ ദേവിയെ ആരാധിച്ച് ക്ഷേത്രസന്നിധിയില്‍ കഴിയുന്ന ആചാരമാണ് ഭജനമിരിപ്പ്. കാര്യസിദ്ധിക്കും ശത്രുദോഷ, ദൃഷ്ടിദോഷ, ദുരിതശാന്തിക്കും ഉത്തമമാണിത്. 1,3,7,11,41 തുടങ്ങിയ ദിനങ്ങള്‍ ഭജനം ഇരിക്കാറുണ്ട്. ബാധാദോഷങ്ങള്‍ മാറുന്നതിന് ചോറ്റാനിക്കര ഏറെ പ്രസിദ്ധമാണ്. ഇവിടെ ഭജനമിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ അതി ശക്തമായ ബാധദോഷങ്ങളും ദുരിതങ്ങളും നീങ്ങും. ഇത് അത്ഭുതകരമായ ഒരു സത്യമാണ്. വളരെ പഴക്കമുള്ള ഗൗരമേറിയ ബാധകള്‍ പോലും ഇവിടെ ഉറഞ്ഞുതുള്ളി ഒഴിഞ്ഞ് പോകുന്നു. ശത്രുദോഷ ശാപദോഷ ദൃഷ്ടിദോഷങ്ങള്‍ക്ക് ഇവിടെ ചെയ്യാവുന്ന ഏറ്റവും പ്രധാന വഴിപാടാണ് ഗുരുതി സമര്‍പ്പണം. എല്ലാ ദിവസവും രാത്രിയില്‍ കീഴ്കാവിൽ നടക്കുന്ന ഈ ചടങ്ങ് ദേവിയുടെ പ്രത്യക്ഷ സാന്നിദ്ധ്യമായി അനുഭവപ്പെടും.

Story Summary: Chottanikkara Makam 2023 : Date, Significance and special rituals on Makam Thozhal ( worship on the Makam day)


error: Content is protected !!